ദക്ഷിണകൊറിയ: ആക്ടിങ് പ്രസിഡന്റിനെയും പുറത്താക്കി; പകരം ധനമന്ത്രി ചോയ് സാങ് മോക്ക് സ്ഥാനമേൽക്കും
Mail This Article
സോൾ ∙ ദക്ഷിണകൊറിയയിൽ ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്സുവിനെയും ദേശീയ അസംബ്ലി വോട്ട് ചെയ്തു പുറത്താക്കി (192–0). ഭരണകക്ഷിയംഗങ്ങൾ ഇറങ്ങിപ്പോയതോടെയാണ് പ്രമേയം പാസായത്. ഭരണഘടനാ കോടതി അന്തിമ തീർപ്പ് പ്രഖ്യാപിക്കുന്നതുവരെ പ്രസിഡന്റിന്റെ അധികാരവും ചുമതലയും നീക്കം ചെയ്യും. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ചോയ് സാങ് മോക്ക് പകരം ചുമതലയേൽക്കുമെന്നാണു സൂചന.
പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോലിനെ ഇംപീച്ച് ചെയ്യുകയും തുടർന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തതോടെ രൂപപ്പെട്ട പ്രതിസന്ധി ഇതോടെ രൂക്ഷമായി. ഇംപീച്ച്മെന്റ് പ്രമേയം പാസായതിനെത്തുടർന്ന് യോൽ സ്ഥാനമൊഴിഞ്ഞപ്പോഴാണ് പ്രധാനമന്ത്രി ഹാൻ ഡക്സു ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റത്.
ഇംപീച്ച്മെന്റ് പാസാകാൻ പീപ്പിൾ പവർ പാർട്ടി ആവശ്യപ്പെടുന്നതുപോലെ 300 അംഗസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണ്ടെന്നും കേവലഭൂരിപക്ഷം മതിയെന്നുമുള്ള സ്പീക്കറുടെ നിലപാടാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെങ്കിലും ആക്ടിങ് പ്രസിഡന്റിന്റെ കാര്യത്തിൽ അത്തരം നിബന്ധനയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്.