ട്രംപിന്റെ വിജയത്തിന് ഇന്ന് ഔദ്യോഗിക അംഗീകാരം
Mail This Article
വാഷിങ്ടൻ ∙ നാലു കൊല്ലം മുൻപ് ഇതേ ദിവസം ഡോണൾഡ് ട്രംപിന്റെ അനുയായികൾ പാർലമെന്റ് മന്ദിരം കയ്യേറിയതിന്റെ നടുക്കുന്ന ഓർമകളുമായാണ് യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനം ഇന്ന് നടക്കുന്നത്. അന്ന് പാർലമെന്റ് മന്ദിരം കയ്യേറിയതിന്റെ പഴി കേട്ട ട്രംപ് ഇത്തവണ തകർപ്പൻ തിരഞ്ഞെടുപ്പു വിജയത്തിന്റെ തിളക്കത്തോടെ അധികാരത്തിലേക്കു വീണ്ടുമെത്തുന്നുവെന്ന വ്യത്യാസം മാത്രം.
അടുത്ത യുഎസ് പ്രസിഡന്റായി ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഇന്നത്തെ നടപടിക്രമങ്ങൾക്ക് ആധ്യക്ഷ്യം വഹിക്കുന്നത് അദ്ദേഹത്തോടു പരാജയപ്പെട്ട കമല ഹാരിസാണ്. യുഎസ് വൈസ് പ്രസിഡന്റ് സെനറ്റ് പ്രസിഡന്റ് കൂടിയായതിനാലാണ് ജനപ്രതിനിധി സഭ, സെനറ്റ് സംയുക്ത സമ്മേളനത്തിൽ കമല അധ്യക്ഷയാകുന്നത്.
2020 ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന്റെ വിജയം പ്രഖ്യാപിക്കാനായി 2021 ജനുവരി 6ന് കൂടിയ കോൺഗ്രസ് സംയുക്ത സമ്മേളനം ട്രംപ് അനുകൂലികൾ അതിക്രമിച്ചു കയറി അലങ്കോലപ്പെടുത്തിയത് അമേരിക്കൻ ജനാധിപത്യത്തിന്റെ ശോഭ കെടുത്തി. പുറത്തുനിന്നുള്ളവരുടെ കടന്നുകയറ്റം തടയാനുള്ള സുരക്ഷാക്രമീകരണ, നിയമ പരിഷ്കാരങ്ങളെല്ലാം പിന്നാലെ നടപ്പാക്കിയിരുന്നു.
ബൈഡൻ ജയിച്ചത് അട്ടിമറിയിലൂടെയാണെന്നും തിരഞ്ഞെടുപ്പ് സംവിധാനത്തിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്നും ആരോപിച്ചാണ് കഴിഞ്ഞ തവണ ട്രംപ് പരാജയം അംഗീകരിക്കാതെ ഇടഞ്ഞു നിന്നത്.
ഇന്ന് നടക്കുന്നത്
നവംബർ 5നു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ ജനപ്രിയ വോട്ടിന്റെ അടിസ്ഥാനത്തിൽ ഡോണൾഡ് ട്രംപിന് 312 ഇലക്ടറൽ (പ്രതിനിധി) വോട്ടും കമല ഹാരിസിന് 226 ഇലക്ടറൽ വോട്ടുമാണു ലഭിച്ചത്. 50 സംസ്ഥാനങ്ങളിൽനിന്നും ഡിസ്ട്രിക്ട് ഓഫ് കൊളംബിയ (വാഷിങ്ടൻ ഡിസി)യിൽനിന്നുമുള്ള ഇലക്ടർമാർ ഡിസംബർ 17ന് ഒത്തുകൂടി വോട്ടു ചെയ്തു.
ഈ വോട്ടുകൾ എണ്ണി വിജയികളെ പ്രഖ്യാപിക്കുന്ന ഔദ്യോഗികച്ചടങ്ങാണ് ഇന്നു നടക്കുന്നത്.
മഹാഗണിയിൽ തീർത്ത പ്രത്യേക പെട്ടികളിലാക്കിയാണ് ഇലക്ടറൽ വോട്ടുകൾ സഭയിലെത്തിക്കുന്നത്. ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പു ഫലം ഉറക്കെ വായിച്ചതിനുശേഷം സീൽ പൊട്ടിച്ച് ആ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തും. തുടർന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് വിജയികളെ കമല പ്രഖ്യാപിക്കും.
ഫലം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതോടെ ജനുവരി 20ന് ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായും ജെ.ഡി. വാൻസ് വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
വോട്ടെണ്ണി സ്വന്തം തോൽവി പ്രഖ്യാപനം
∙ എതിർ സ്ഥാനാർഥിയുടെ വിജയം പ്രഖ്യാപിക്കാൻ നിയോഗം ലഭിക്കുന്ന നാലാമത്തെ വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. ജോൺ സി. ബ്രെക്കിൻറിഡ്ജ് (1861), റിച്ചഡ് നിക്സൻ (1961), അൽ ഗോർ (2001) എന്നിവർക്കാണ് വൈസ് പ്രസിഡന്റായും സെനറ്റ് അധ്യക്ഷനായും മുൻപ് ഈ കർമം നിർവഹിക്കേണ്ടി വന്നിട്ടുള്ളത്. യഥാക്രമം ഏബ്രഹാം ലിങ്കൺ, ജോൺ എഫ്. കെന്നഡി, ജോർജ് ബുഷ് ജൂനിയർ എന്നിവരായിരുന്നു വിജയികൾ.
∙ യുഎൻ സെക്രട്ടറി ജനറൽ ആയിരുന്ന ട്രിഗ്വിലിയുടെ ശവസംസ്കാര ചടങ്ങിൽ സംബന്ധിക്കുന്നതിനായി നോർവെയിലായിരുന്നതിനാൽ ഹുബർട്ട് ഹംഫ്രി 1969ൽ ഇതിൽനിന്ന് രക്ഷപെട്ടു. പകരം റിച്ചാർഡ് റസ്സൽ (സെനറ്റ് പ്രോടെം പ്രസിഡന്റ്) റിച്ചാർഡ് നിക്സന്റെ വിജയപ്രഖ്യാപനം നടത്തി.
∙ സ്വന്തം വിജയം പ്രഖ്യാപിക്കാൻ ഭാഗ്യമുണ്ടായ വൈസ് പ്രസിഡന്റുമാർ : ജോൺ ആഡംസ് (1797), തോമസ് ജഫേഴ്സൺ (1801), മാർട്ടിൻ വാൻ ബ്യൂറൻ (1837), ജോർജ് ബുഷ് സീനിയർ (1989).