ഹോളിവുഡിൽ വൻതീപിടിത്തം
Mail This Article
ലൊസാഞ്ചലസ് ∙ ഹോളിവുഡ് സിനിമാ ലോകത്തിന്റെ ആസ്ഥാനവും താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വീടുകളും ഉള്ള ഹോളിവുഡ് ഹിൽസിലെ തീയിൽ വൻ നാശം. ചൊവ്വാഴ്ച തുടങ്ങിയ തീയിൽ 15,000 ഏക്കർ സ്ഥലം പൂർണമായി കത്തി നശിച്ചു. 5 പേർ മരിച്ചു. 10,000 പേരെ ഒഴിപ്പിച്ചു.
മാസങ്ങളായി മഴ ലഭിക്കാത്ത ഉണങ്ങി കിടക്കുന്ന പ്രദേശമായതിനാലും വരണ്ട കാറ്റ് ഉള്ളതിനാലും തീ കൂടുതൽ പ്രദേശത്തേക്കു വ്യാപിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ വീടുകളുള്ള പ്രദേശത്ത് കത്തി നശിച്ചവയിൽ പ്രമുഖ ഹോളിവുഡ് താരങ്ങളുടെ വീടുകളും അവധിക്കാല വസതികളും ഉണ്ട്.
സാന്റാ മോണിക്ക, മലിബു പ്രദേശങ്ങൾക്കിടയിലുള്ള കുന്നുകളിലാണ് തീ ഏറ്റവും നാശം വിതച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണിതെന്ന് ലൊസാഞ്ചലസ് മേയർ കാരേൻ ബാസ് പറഞ്ഞു. താരങ്ങളായ പാരിസ് ഹിൽട്ടൺ, ബില്ലി ക്രിസ്റ്റൽ, ജയിംസ് വുഡ്സ് എന്നിവരുടെ വീടുകൾ പൂർണമായി കത്തി നശിച്ചു. സ്റ്റീവൻ സ്പിൽബർഗ്, ബെൻ അഫ്ലേക്ക്, ടോം ഹാങ്ക്സ് എന്നിവർ ഒഴിപ്പിച്ചവരിൽ ഉൾപ്പെടുന്നു.