ADVERTISEMENT

ലളിതച്ചേച്ചി എന്ന് ഞാൻ വിളിക്കുന്നത് അമ്മയുടെ അടുത്ത കൂട്ടുകാരിയെയാണ്. അവരുടെ അമ്മ മരിക്കുമ്പോൾ അവർക്ക് ഒന്നര വയസ്സായിരുന്നത്രെ. ഇനി അമ്മയില്ല എന്ന് മനസ്സിലാക്കാനുള്ള പ്രായമൊന്നും അപ്പോഴില്ലല്ലോ. എന്നാലും ആ കുഞ്ഞ് അമ്മയെ  കാണാതെ കരഞ്ഞിട്ടുണ്ടാവും പാലിനുവേണ്ടി അലറി വിളിച്ചിട്ടുണ്ടാവും എന്നൊക്കെ അവർ ദുഃഖത്തോടെ പറയാറുണ്ടായിരുന്നു. പിന്നീട് അച്ഛമ്മയും അച്ഛനും വളർത്തിയപ്പോൾ അവർ അമ്മയില്ലാത്ത കുറവ് അറിഞ്ഞില്ല. എങ്കിലും പിൽക്കാലത്തവർക്കു മക്കളുണ്ടായപ്പോൾ, അവർ ഒരുപാട് ഓമനിച്ച്  മക്കളെ വളർത്തുമ്പോൾ തീർച്ചയായും അമ്മയുടെ നഷ്ടം അവരോർത്തിട്ടുണ്ടാവും.

 

സ്വന്തം അമ്മ മരിച്ചപ്പോൾ ആശ്വാസമാണ് തോന്നിയത് എന്ന് എന്റെ അമ്മൂമ്മ പറഞ്ഞിട്ടുണ്ട്. രോഗിയായിക്കഴിഞ്ഞപ്പോൾ അവർക്കു മക്കളെ കണ്ടു കൂടാതായി. അമ്മ കിടക്കുന്ന മുറിയുടെ വാതിൽക്കൽ ചെന്ന് എത്തിനോക്കിയാലുടനെ അമ്മ മകളെ ശകാരിക്കുമായിരുന്നത്രെ. ‘‘ഭാഗ്യം കെട്ടവളേ കടന്നു പോ.. കാണണ്ട എനിക്കു നിന്നെ’’ എന്ന് പൊട്ടിത്തെറിക്കുമായിരുന്നു . അവരുടെ നിരാശയും അമ്മയില്ലാതാകുന്ന മക്കളുടെ നിർഭാഗ്യവും  ഓർത്തുള്ള സങ്കടവുമായിരുന്നു അന്ന് ആ അമ്മയുടെ ദേഷ്യത്തിനു കാരണം. അത് മനസ്സിലാക്കാനുള്ള പ്രായം അന്ന് എന്റെ അമ്മൂമ്മയ്ക്കുണ്ടായിരുന്നില്ല. പിന്നീട് അമ്മയില്ലാത്തതിന്റെ കുറവുകൾ ഒരുപാട് അനുഭവിക്കേണ്ടി 

വന്നപ്പോഴാണ് അമ്മൂമ്മയ്ക്കതു മനസ്സിലായത്‌. 

 

അമ്മയ്ക്ക് 81 വയസ്സ് ആകും വരെ എന്റെ അമ്മ എന്റെ കൂടെയുണ്ടായിരുന്നു. എന്നിട്ടും അമ്മ പോയപ്പോൾ എനിക്കും അനുജത്തിക്കും വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു. വർഷം 11 കഴിഞ്ഞിട്ടും അമ്മയെക്കുറിച്ചു പറഞ്ഞാലുടനെ ആ ശൂന്യത ഞങ്ങളുടെ മനസ്സിൽ നിഴലിക്കും. 

 

മരണത്തെ വളരെ പ്രായോഗികമായും ലാഘവത്തോടെയും നോക്കിക്കണ്ടിട്ടുള്ള പല സുഹൃത്തുക്കളും എനിക്കുണ്ട്.

 

മുഴുക്കുടിയനായ ഭർത്താവിന്റെ മരണത്തിൽ തലതല്ലിക്കരയുന്ന ശാന്തയെക്കണ്ടപ്പോൾ ഞാൻ കരുതി അവൾ കൂടെ മരിക്കുമെന്ന്. കുറേനാൾ കഴിഞ്ഞ് അവളെ  കണ്ടപ്പോൾ അവൾ പറഞ്ഞു .

‘‘ഞാൻ രക്ഷപ്പെട്ടു ചേച്ചീ.’’

‘‘അങ്ങനെയാണോ ?ഞാനോർത്തു നിനക്ക് ഭയങ്കര സങ്കടമായി എന്ന്.’’

‘‘കുടിയും അടിയും കുറെ സഹിച്ചില്ലേ ? ഇനി അത് വേണ്ടല്ലോ. എന്നാലും സങ്കടം തന്നെ. ഏതു കോന്തനായാലും ഒരാൺ തുണയുള്ളത് പെണ്ണിനൊരു ബലമാണ്.’’

 

വളരെ പൊസ്സസ്സീവ് ആയ, പുരുഷമേധാവിത്വത്തിന്റെ വക്താവായ, സ്വാർത്ഥനായ ജീവിതപങ്കാളി പെട്ടെന്ന് മരിച്ചത് സുശീലയ്ക്ക് ഒരു ഷോക്ക് തന്നെയായിരുന്നു. പക്ഷേ പെട്ടെന്നവർ അതിൽ നിന്ന് റിക്കവർ ചെയ്തു. അടിച്ചു പൊളിച്ചു സ്മാർട്ട് ആയി ജീവിക്കാൻ തുടങ്ങി.

‘‘അദ്ദേഹത്തോട് സ്നേഹമില്ലാഞ്ഞിട്ടല്ല. നഷ്ടപ്പെട്ടതിൽ സങ്കടമില്ലാതെയുമല്ല. പക്ഷേ ഞാനൊന്നു ശ്വാസം വിടുന്നത് ഇപ്പോഴാണ്. അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ മാത്രം. എന്റേതെല്ലാം ഞാൻ അടക്കി വച്ചു. ഇനി എന്റെ ഇഷ്ടത്തിനൊന്നു ജീവിക്കട്ടെ.’’ അവർ പറയുന്നു.

 

മകൻ മരിച്ചതോടെ ദുഖത്തിന്റെ ആഴങ്ങളിലേക്ക് വീണുപോയ ഒരമ്മ! മരിക്കും വരെ അവർ അതിൽ നിന്ന് കരകയറിയില്ല. കടമകളും കർത്തവ്യങ്ങളുമൊക്കെചെയ്യുമ്പോഴും ദിവസത്തിലൊരിക്കലെങ്കിലും ആ മകനെ ഓർത്തു അവർ കണ്ണീരൊഴുക്കാറുണ്ടായിരുന്നു .

 

കാൻസർ ബാധിച്ച് ഒരുപാട് ചികിത്സകൾക്കും യാതനകൾക്കുമൊടുവിൽ യാത്രയായ ഏക മകന്റെ ശിരസ്സിൽ തലോടി സാറാമ്മ പറഞ്ഞു.

‘‘ഒരുപാടു പൊരുതിയില്ലേ രോഗവുമായി, ഒരുപാടു ചെറുത്തു  നിന്നില്ലേ മരണത്തെ, ഒരുപാടു മല്ലിട്ടില്ലേ വേദനകളോട്... ജയിച്ചില്ലല്ലോ മോനേ... പൊയ്‌ക്കോ .. ഇനി പൊയ്‌ക്കോ.’’ ഒരു തുള്ളി കണ്ണുനീർ പോലും ആ അമ്മയുടെ കണ്ണിൽ നിന്നുതിർന്നില്ല. പക്ഷേ ആ രംഗം കണ്ടുനിന്ന ഞാനുൾപ്പെടയുള്ളവരുടെ കണ്ണിൽ നിന്ന് കണ്ണീർ പെരുമഴയൊഴുകി .

 

എന്റെ മകനെ കാണാൻ വന്ന ഒരു ഡോക്ടർ പറയുകയുണ്ടായി .

‘‘ആക്‌സിഡന്റ് പറ്റിയ ഉടനെ തന്നെ എന്റെ മകൻ മരിച്ചു. അവന്റെ അവയവങ്ങൾ ഞാൻ ദാനം ചെയ്തു. ഒരു കണക്കിന് നന്നായില്ലേ ?സൂരജിനെ ഇങ്ങനെ കണ്ടു കൊണ്ടിരിക്കുകയല്ലേ ദേവി. ഞാനും ഒരമ്മയാണ് .പക്ഷേ എനിക്കിതു കണ്ടു നിൽക്കാൻ വയ്യ.’’

 

ഞാൻ നടുങ്ങി. മരണത്തെ അത്ര ലാഘവത്തോടെ കാണാൻ എനിക്ക്  കഴിഞ്ഞില്ല. വർഷങ്ങളായി മകൻ കിടപ്പിലാണ്. ഞാൻ വല്ലാതെ കഷ്ടപ്പെടുന്നു. എന്നാലും ആ ഡോക്ടറെ പോലെ ചിന്തിക്കാനും പറയാനും എനിക്കാവുന്നില്ല. അച്ഛന്റെ, അമ്മയുടെ ഒക്കെ മരണത്തിൽ സങ്കടം സഹിക്കവയ്യാതെ നിന്ന എന്നോട് പലരും ആശ്വാസവാക്കു പറഞ്ഞു .

‘‘നമ്മളും ഒരിക്കൽ പോകേണ്ടവരാണ് എന്നോർത്ത് സമാധാനിക്കൂ.’’ എന്റെ അനുജന്റെ വേർപാടിൽ ഒരു സുഹൃത്ത് എനിക്കെഴുതി .

 

മരണത്തെക്കുറിച്ച് പുനത്തിലിന്റെ ഒരു കഥയുണ്ട് .

‘എന്റെ ഉമ്മ മരിച്ചപ്പോൾ എനിക്ക് നാലു വയസ്സായിരുന്നു. ഞാനന്ന് കരഞ്ഞില്ല. കാരണം മരണം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ബാപ്പ മരിച്ചപ്പോൾ എനിക്ക് നാൽപ്പത് വയസ്സായിരുന്നു. അന്നും ഞാൻ കരഞ്ഞില്ല. കാരണം അപ്പോഴേയ്ക്കും മരണം എന്താണെന്നു എനിക്ക് അറിയാമായിരുന്നു’ (ഓർമ്മയിൽ നിന്ന് .)

എന്ത് ചെയ്യാം നമുക്ക് ?

എന്തൊക്കെ പറഞ്ഞാലും മരണം ദുഃഖം തന്നെയാണ്. വേർപാട് വേദന തന്നെയാണ്. സങ്കടം തന്നെയാണ്. സഹിക്കുകയല്ലാതെ മറ്റെന്താണ് വഴി ?

 

English Summary: Web Column Kadhaillayimakal, How deaths create different emotions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com