കാത്തിരിക്കുക, കാത്ത് നിൽക്കുക, കണ്ണിലെണ്ണയൊഴിച്ച് നോക്കിയിരിക്കുക, ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണല്ലോ. കാത്ത് കാത്ത് മടുക്കുന്നതും പതിവാണ്.
ആവശ്യമില്ലാത്ത (?) ഒരു സമയ നിഷ്ഠ സ്വഭാവത്തിൽ കലർന്നു പോയ ഒരാളാണ് ഞാൻ. അതിന്റെ ഫലം ഒരുപാട് അനുഭവിച്ചിട്ടുമുണ്ട്. ഇന്നോളം ഞാൻ കാത്ത് നിന്ന് വലഞ്ഞിട്ടുള്ളതല്ലാതെ മറ്റൊരാൾ എനിക്ക് വേണ്ടി കാത്തു നിന്ന ഒരനുഭവം എനിക്കുണ്ടായിട്ടില്ല. അത് കൊണ്ടാണ് ‘ആവശ്യമില്ലാത്ത’ എന്നൊരു വിശേഷണം എന്റെ സമയനിഷ്‌ഠയ്‌ക്ക് ഞാൻ ചേർത്തത് .
സർക്കാർ ജോലിക്കാരായിരുന്ന അച്ഛനും അമ്മയും കൃത്യ സമയത്ത് ഓഫീസിലേയ്ക്ക് പോവുകയും വരികയും ചെയ്യുന്നത് കണ്ടാണ് ഞാൻ വളർന്നത്. എവിടെയെങ്കിലും പോകാൻ തീരുമാനിച്ചാൽ പറഞ്ഞ സമയത്തു തന്നെ ഇറങ്ങണമെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു. അച്ഛൻ നേരത്തെ റെഡിയായതു കാണുമ്പോൾ ബാക്കിയുള്ളവരും തയാറാകാതെ വയ്യല്ലോ. അമ്മ ചിലപ്പോൾ അല്പം വൈകി എന്ന് വരും. ഗൃഹനായികയ്ക്ക് പല ഡ്യൂട്ടികൾ ഉണ്ടാവുമല്ലോ. ഒരു ചെറിയ വഴക്കിന് അത് കാരണമാവുകയും ചെയ്യും. കാലമേറെ കഴിഞ്ഞിട്ടും ആ ശീലം ഞാൻ തുടരുന്നു. മറ്റുള്ളവരെല്ലാം കൃത്യനിഷ്ഠയില്ലാത്തവരും ഞാൻ മാത്രം ഒരു കേമി എന്നുമല്ല പറഞ്ഞു വരുന്നത്. നൂറിൽ തൊണ്ണൂറു പേരും സമയ കൃത്യത പാലിക്കുന്നവർ തന്നെയാവും. ബാക്കി പത്തു മതിയല്ലോ നമ്മുടെ സമയം മിനക്കെടുത്താൻ !
ഇതിന് ഒരുപാടു ഉദാഹരണങ്ങൾ പറയാനാവും. ഈയിടെ ഉണ്ടായ ഒന്നു രണ്ടനുഭവങ്ങൾ പറയട്ടെ.
കുറച്ചു നാൾ മുൻപ് എനിക്ക് ഒരു ഡോക്ടറെ കാണേണ്ട അത്യാവശ്യം വന്നു. കൊറോണക്കാലമാണെങ്കിലും കണ്ടേ പറ്റൂ എന്ന അവസ്ഥ. ഞാൻ ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞു. പിറ്റേന്നത്തേയ്ക്കു തന്നെ അപ്പോയ്ന്റ്മെന്റ് തന്നു .
‘‘ഒമ്പതുമണിക്കു തന്നെ വന്നോളൂ ഇവിടെ കൊറോണ ടെസ്റ്റ് നിർബന്ധമാണ്. അതൊക്കെ കഴിയുമ്പോഴേയ്ക്ക് പത്തു മണിയാകും. അപ്പോഴേയ്ക്ക് ഞാനെത്തും’’ അവർ പറഞ്ഞു.
എന്റെ കാര്യം നേരത്തെ പറഞ്ഞല്ലോ. ഒമ്പത് എന്ന് പറഞ്ഞാൽ ഒമ്പതിനു തന്നെയെത്തും. എന്റെ മകൾ എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. കാർ പാർക്ക് ചെയ്യാനൊന്നും ഇടമില്ല. എവിടെയോ കൊണ്ടുപോയി പാർക്ക് ചെയ്തിട്ട് അവൾ എന്റെ അടുത്തെത്തി. ഒരു നൂറു ഫോർമാലിറ്റി പൂർത്തിയാക്കി, ടെസ്റ്റ് കഴിഞ്ഞ്, അരമണിക്കൂർ കാത്തിരുന്ന് നെഗറ്റീവ് എന്ന റിസൾട്ടും വാങ്ങി. അടുത്തത് ആശുപത്രിക്കകത്തേയ്ക്കു പ്രവേശിക്കണം. ടെസ്റ്റ് ചെയ്യാത്ത മകൾക്കു കൂടെ വരാനാവില്ല.
‘‘അമ്മ ചെല്ലൂ. ഞാൻ കാറിൽ പോയി ഇരിക്കാം. കഴിയുമ്പോൾ വിളിക്കൂ. ഞാൻ വണ്ടി ഇങ്ങു കൊണ്ടു വരാം.’’ എന്ന് പറഞ്ഞ് അവൾ പോയി. ആശുപതികൾ എനിക്ക് സുപരിചിതമാണ്. ഈ ഡോക്ടറെ അറിയാം. എന്നാലും എനിക്ക് അസ്വസ്ഥത തോന്നി. ഏതായാലും ഞാൻ അകത്തു കയറി, ഡോക്ടറുടെ മുറി കണ്ടു പിടിച്ച് അവിടെ ഉണ്ടായിരുന്ന നഴ്‌സ്മാരോടു വിവരം പറഞ്ഞു. അവർ തെല്ല് അദ്‌ഭുതത്തോടെ എന്നെ നോക്കി പറഞ്ഞു.
‘‘മാഡത്തിനെ കാണാനോ, മാഡം പന്ത്രണ്ടു മണിക്കേ വരൂ.’’
‘‘അല്ല. എന്നോട് പത്തു കഴിയുമ്പോൾ എത്തുമെന്നാണ് പറഞ്ഞത്.’’ ഞാൻ തർക്കിച്ചു.
‘‘ഇല്ല. മാഡത്തിന്റെ ഒപി എന്നും പന്ത്രണ്ടിനാണ് ’’ അവർ ഉറപ്പിച്ചു പറഞ്ഞു .
അവിടെ ചുവരോട് ചേർത്തിട്ടിരിക്കുന്ന കസേരകളിലൊന്നിൽ ഞാനിരുന്നു. മകളെ വിളിച്ച് കാര്യം പറഞ്ഞു ഇവർ ഇങ്ങനെയൊക്കെ പറഞ്ഞാലും ഡോക്ടർ താമസിയാതെ വരും. എന്നോട് പറഞ്ഞതല്ലേ? അതായിരുന്നു എന്റെ വിശ്വാസം. മകൾക്ക് വീട്ടിൽ പോയിട്ട് വരാനുള്ള നേരമുണ്ട്. അവിടെ അവൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാനുണ്ട് പക്ഷേ അവൾ പോയില്ല. എങ്ങാനും ഡോക്ടർ പെട്ടെന്ന് വന്നാലോ? മണിക്കൂറുകൾ രണ്ടു കടന്നു പോയി. ഒടുവിൽ പന്ത്രണ്ടു മണി കഴിഞ്ഞ് പിന്നെയും സമയം കുറേ കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു. ഡോക്ടറെ കണ്ടതും ഞാനടുത്തു ചെന്നു.
‘‘ഇപ്പോൾ വരാം. വേഷം മാറട്ടെ.’’ എന്ന് പറഞ്ഞവർ എങ്ങോട്ടോ പോയി. പിന്നെയും സമയം നീങ്ങി. ഒടുവിൽ പി .പി .ഇ കിറ്റോക്കെ ധരിച്ചു ഡോക്ടർ എത്തി. എന്നെ പരിശോധിയ്ക്കാനും മരുന്ന് കുറിക്കാനും എടുത്തത് പതിനഞ്ചു മിനിറ്റ്. അതിനു വേണ്ടി ഞാൻ കാത്തിരിക്കേണ്ടി വന്നതോ, നാലുമണിക്കൂർ !
എനിക്കിപ്പോഴും മനസ്സിലാകാത്തത് പന്ത്രണ്ടു മണിക്കേ എത്തൂ എങ്കിൽ അത് പറയാമായിരുന്നില്ലേ ? എന്നോടെന്തിനാണ് ഒമ്പതിന് വരാൻ പറഞ്ഞത്? അവരെ കാണണമെങ്കിൽ കുറച്ചു നേരം കാത്തിരുന്നേ പറ്റൂ എന്നാണോ? അതോ സമയത്തിന് വരാതെ മുൻപ് പലരും അവരെ പറ്റിച്ചതിൽ നിന്ന് ഒരു പാഠം പഠിച്ചതോ?
ഞങ്ങൾ ഒരു പുതിയ വീട് വാങ്ങിയപ്പോൾ പൂജകൾ നടത്തണമെന്ന് തീരുമാനിച്ചു. ഇതിനു മുൻപൊക്കെ ഏതെങ്കിലും അമ്പലത്തിൽ ഏർപ്പാടാക്കുകയാണ് പതിവ്. എല്ലാം അവർ ചെയ്തോളും പ്രസാദം പോയി വാങ്ങിയാൽ മതി. ഇതിപ്പോൾ വീട്ടിൽ നടത്തുമ്പോൾ എല്ലാം ഞങ്ങൾ ഒരുക്കണം. ഞങ്ങൾക്കാണെങ്കിൽ ഒന്നുമറിയില്ല അനുകൂല മനസുള്ള പൂജാരി എല്ലാം കൊണ്ടു വരാമെന്നേറ്റു. പാല് കാച്ചാനുള്ള പാത്രം മാത്രം ഞങ്ങൾ കരുതി വച്ചാൽ മതി. പറഞ്ഞതു പോലെ വിളക്കുകളും പാത്രങ്ങളുമൊക്കെ ഉച്ചയോടെ എത്തിച്ചു. നാലു മണിക്ക് പൂജാരികൾ എത്തുമെന്നും ഞങ്ങൾ തയാറായിരിക്കണമെന്നും അറിയിക്കുകയും ചെയ്തു.
കൊറോണ പ്രമാണിച്ച് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അയൽക്കാരെയോ ക്ഷണിച്ചിരുന്നില്ല. മകൾ, മരുമകൻ, രണ്ടു മക്കൾ, രണ്ട് അമ്മമാർ, അങ്ങനെ ആറു പേർ കുളിച്ചൊരുങ്ങി നാലു മണിക്കു മുന്നേ തയാറായി. നാലു കഴിഞ്ഞു, അഞ്ചു കഴിഞ്ഞു അവരെ കാണാനില്ല. കാത്തിരുന്ന് എല്ലാവരുടെയും കണ്ണ് കഴച്ചു. ആറു മണിയായപ്പോൾ അവരുടെ കാറ് ഗേറ്റു കടന്നെത്തി. പ്രധാന പോറ്റിയും രണ്ട് അസ്സിസ്റ്റന്റുമാരും കയ്യിൽ പത്തിരുപതു കവറുകളുമായി ഇറങ്ങി. പൂക്കൾ മുതൽ അക്ഷതം വരെ പൂജക്കുള്ള സാധനങ്ങളാണ് കൂടുകളിൽ.
‘‘ഈ പൂജയ്ക്കു മുഹൂർത്തമൊന്നുമില്ലേ ?’’ എന്ന ചോദ്യം ഞാൻ ഉള്ളിൽ ഒതുക്കി. എന്നാലും ആരും കേൾക്കാതെ ‘‘എന്താ വൈകിയതെന്നു’’ പ്രധാനിയോടു ചോദിക്കാതിരിക്കാൻ എനിക്കായില്ല. ഇതൊന്നും അത്ര കാര്യമല്ല എന്ന മട്ടിൽ വിശദീകരിച്ച ശേഷം ‘ചടപടാന്ന്’ അവർ ഒരുക്കങ്ങൾ തുടങ്ങി. ഭംഗിയായി പൂജ കഴിഞ്ഞു. നാലു മുതൽ ഏഴു വരെ നടക്കേണ്ടത് ആറു മുതൽ ഒമ്പതു വരെയായി എന്നു മാത്രം. അല്പം വൈകിയാലെന്താ എല്ലാം കേമമായില്ലേ എന്ന മട്ടിൽ പ്രധാനി എന്നെ നോക്കി ചിരിച്ചു .
രാത്രി തന്നെ എല്ലാം വൃത്തിയാക്കി വയ്ക്കണം രാവിലെ നാലുമണിക്ക് ഹോമത്തിനു വരും എന്ന് പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഞെട്ടി. ഞങ്ങൾ മൂന്നു മണിക്കെഴുന്നേറ്റു തയാറായി നിൽക്കുമ്പോൾ എത്ര മണിക്കണോ ഇവരെത്തുക. ഏതായാലും നാലുമണി എന്നത് അഞ്ചരയായി. ഒന്നരമണിക്കൂർ അല്ലേ വൈകിയുള്ളു. തലേന്നത്തെപ്പോലെ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ അവർ ഹോമകുണ്ഡം ജ്വലിപ്പിച്ചു. മൂന്നു നാലു മണിക്കൂർ കാത്തിരിക്കേണ്ടി വന്നു എങ്കിലും എല്ലാം ഭാഗിയായല്ലോ എന്ന് ഞങ്ങളും ആശ്വസിച്ചു .
ഒരിക്കൽ ഒരാൾ എന്നോടു പറയുകയുണ്ടായി. ‘ആർക്കു വേണ്ടിയും പത്തു മിനിറ്റിൽ കൂടുതൽ കാത്തു നിൽക്കരുത്. പിന്നെ നമ്മൾ നമ്മുടെ വഴിക്കു പോകണം. വെറുതെ പാഴാക്കാനുള്ളതല്ല നമ്മുടെ സമയം നഷ്ടപ്പെട്ടാൽ അത് തിരിച്ചു കിട്ടുകയുമില്ല’
കാര്യം ശരിയാണ്. പക്ഷേ മേൽ വിവരിച്ച സംഭവങ്ങളിൽ ഇത് പ്രായോഗികമാണോ? ഡോക്ടറെ കാണാതെ മടങ്ങിയാൽ ആർക്കാണ് നഷ്ടം? പൂജാരി വൈകിയാൽ പൂജ വേണ്ടന്നു വയ്ക്കാനാവുമോ? കാത്ത് നിൽക്കുകയല്ലാതെ നമുക്കു വേറെ വഴിയില്ല. അല്ലെങ്കിൽ തന്നെ കാത്തുകാത്തിരുന്ന് കാലവും കടന്നുപോയി, നമ്മുടെ ജീവിതം തന്നെ തീർന്നു പോവുകയല്ലേ? .
English Summary: Web Column Kadhaillayimakal, Why do people make other people wait?