ജീവിതം ഒരു തമാശ
Mail This Article
ജീവിതത്തിന്റെ അനിശ്ചിതത്വത്തെക്കുറിച്ച് മനുഷ്യൻ പണ്ട് മുതൽക്കേ മനസ്സിലാക്കിയിരുന്നിരിക്കണം. അത് കൊണ്ടാവാം ഇങ്ങനെയുള്ള വാക്യങ്ങൾ ഉണ്ടായത് .
‘മനുഷ്യൻ സങ്കൽപ്പിക്കുന്നു ദൈവം നിശ്ചയിക്കുന്നു’
‘ആഗ്രഹിക്കാനും പ്രതീക്ഷിക്കാനും പരിശ്രമിക്കാനും മാത്രമേ മനുഷ്യന് കഴിയൂ. തീരുമാനങ്ങൾ ഈശ്വരന്റേതാണ്.’
‘പല പല പ്ലാനുകൾ ഇടുന്നു. മനക്കോട്ടകൾ കെട്ടിപ്പൊക്കുന്നു. പക്ഷേ അതെല്ലാം അതേപടി ആവിഷ്‌ക്കരിക്കാൻ ആയെന്നു വരില്ല.’
അത് എന്ത് കൊണ്ടാണ്? പലരുടെയും വിശ്വാസം പലതാണ്.
എല്ലാം തന്നെ നേരത്തെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതനുസരിച്ച് ജീവിതം മുന്നോട്ടു നീങ്ങും. ഒന്നും നമ്മൾ കരുതും പോലെയല്ല. നമുക്ക് ഒന്നും ചെയ്യാനുമാവില്ല.
കർമഫലം എന്നൊന്നുണ്ട്. തലയിലെഴുത്ത്, വിധി ഇതെല്ലാം ഉള്ളത് തന്നെയാണ്. അനുഭവിച്ചേ തീരൂ.
ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഒരു ചാൻസ് മാത്രമാണ്. വേറെ ഒന്നുമല്ല. വിശേഷിച്ചതിൽ ഒന്നും ചെയ്യാനില്ല. ഇതിനോടൊക്കെ പരിപൂർണമായി യോജിക്കാൻ എനിക്ക് കഴിയാറില്ല. അനുഭവങ്ങൾ വച്ചുനോക്കുമ്പോൾ പാടേ തള്ളിക്കളയാനും വയ്യ.
ഈയിടെയായി പലരും മേൽചൊന്ന ആശയങ്ങൾ പങ്കു വച്ചു കൊണ്ടിരിക്കുന്നു. പകർച്ചവ്യാധി, മരണങ്ങൾ, ലോക്ക് ഡൗൺ. വല്ലാത്ത കാലമാണല്ലോ. ഇത്തരം അനുഭവങ്ങളിൽ നിന്നാണല്ലോ അഭിപ്രായങ്ങൾ രൂപം കൊള്ളുന്നത്.
സ്നേഹിച്ച പെണ്ണിനെ കിട്ടിയില്ല. എന്ത് കൊണ്ടെന്ന് എനിക്കറിയില്ല. പക്ഷേ ജയൻ പിന്നെ വിവാഹം കഴിച്ചില്ല. ചെയ്തു കൊണ്ടിരുന്ന ജോലി ,അത് വളരെ നല്ല ഒരു സർക്കാർ ജോലി ആയിരുന്നിട്ടും അവനത് ഉപേക്ഷിച്ചു പോയി. വേറെ ഏതൊക്കെയോ ജോലികൾ ചെയ്തു.
‘‘ഇതെല്ലാം നേരത്തെ വരച്ചിട്ടതാണ് ഏടത്തീ, ആ രേഖയിലൂടെ മാത്രമേ എനിക്ക് നീങ്ങാനാവൂ’’ അവൻ പറയും.
‘‘പിന്നേ.. നിനക്കിഷ്ടമുള്ള ജോലി തെരഞ്ഞെടുത്തു. നിന്റെ താത്പര്യങ്ങൾക്കനുസരിച്ച് ജീവിക്കുന്നു. അതിരുകളില്ലാത്ത സ്വാതന്ത്ര്യവും. എന്നിട്ടും നീ തലവരയെപ്പറ്റി പറയുന്നു’’ ഞാൻ തർക്കിച്ചു .
‘‘അതെല്ലാം തലയിൽ വരച്ചിട്ടുള്ളതാണ് ’’
‘‘ആട്ടെ ആരാണിതൊക്കെ നേരത്തെ കൂട്ടി നിശ്ചയിച്ചു വച്ചത്? കോടാനുകോടി ജനങ്ങളുടെ, എനിക്കും നിനക്കും മാത്രമല്ലല്ലോ, ഓരോരുത്തരുടെയും തലയിൽ വരയ്ക്കാൻ ആർക്കാണാവുക, ഈശ്വരനോ?.’’ ഞാൻ തർക്കം തുടർന്നു .
‘‘ജനനവും മരണവുമൊക്കെ നേരത്തെ കുറിക്കപ്പെട്ടതാണ്.’’
‘‘അതെയതേ. എപ്പോൾ ജനിക്കണം, എവിടെ ജനിക്കണം, എങ്ങനെ ജനിക്കണം ഇതൊക്കെ കുറിച്ച് വച്ചിരിക്കുകയാണ് അല്ലേ? തലയിൽ മരം വീണു മരിക്കണം, വെട്ടിയോ കുത്തിയോ ആരെങ്കിലും കൊല്ലണം, ബോംബു പൊട്ടി മരിക്കണം, ഇത്രയും ദാരുണമായ വിധികൾ നേരത്തെ കരുതി വയ്ക്കാൻ അത്ര ക്രൂരനോ ദൈവം?’’
പക്ഷേ എന്റെ തർക്കങ്ങളൊന്നും വിലപ്പോയില്ല. അവന്റെ വിശ്വാസങ്ങൾ അത്രമേൽ രൂഢമൂലമായിരുന്നു .പൂർവ്വജന്മകർമഫലങ്ങൾ ,വിധി നിശ്ചയങ്ങൾ ,ആയുർദൈർഘ്യം ഇതിനെക്കുറിച്ചെല്ലാം അവൻ ആവേശത്തോടെ പറഞ്ഞു കൊണ്ടിരിക്കും .
അടുത്തത് ചിത്രയുടെ ഊഴമാണ് .
‘‘നമ്മൾ വിചാരിക്കും പോലെ ഒന്നും നടക്കുകയില്ല’’ ചിത്ര പറഞ്ഞു .
‘‘അതെന്താ ,ഒരുപാടു പഠിച്ചില്ലേ ?ജോലിയില്ലേ ?ധാരാളം സ്വത്തുക്കളില്ലേ ?ഇതെല്ലം നീ വിചാരിക്കാതെ നടന്ന കാര്യങ്ങളാണോ ?’’ ഞാൻ ചോദിച്ചു
‘‘ആഗ്രഹിച്ചതുപോലെ നടന്നിരുന്നെങ്കിൽ ഞാനോരു ഡോക്ടർ ആയേനെ .
പിന്നെ എന്തൊക്കെയോ കുറെ പഠിച്ചു .ജോലി വേണമെന്നേ ആശിച്ചുള്ളു. ഈ ജോലി തന്നെ വേണമെന്ന് ആശിച്ചില്ല .’’ ഞാൻ വെറുതെ കേട്ടിരുന്നു .
‘‘എന്ന് വച്ച് ഇപ്പോൾ നിരാശയൊന്നുമില്ല .ഉന്നതമായ ഔദ്യോഗിക പദവിയിലെത്തിയല്ലോ. ഇത് തന്നെ നല്ലത് എന്നിപ്പോൾ തോന്നുന്നു’’ എന്നെയൊന്നു നോക്കി അവൾ ചിരിച്ചു കൊണ്ട് തുടർന്നു .
‘‘വിവാഹവും. അതുപോലെ തന്നെ. മറ്റുള്ളവർ തീരുമാനിച്ചു .നടന്നു ഇങ്ങനെയൊന്നുമല്ല ഞാൻ ആഗ്രഹിച്ചിരുന്നത്.’’
‘‘വേണ്ടായിരുന്നു എന്നിനി ചിന്തിച്ചിട്ട് കാര്യമില്ലല്ലോ’’ ഞാനും ചിരിച്ചു .
‘‘ജീവിതത്തിന്റെ പോക്ക് അങ്ങനെയൊക്കെയാണ് ചേച്ചീ. ചിലകാര്യങ്ങൾ
നമ്മൾ എത്ര ആഗഹിച്ചാലും കഠിനമായി ശ്രമിച്ചാലും നടക്കില്ല. അതെസമയം ചിലത് എത്ര വേണ്ടന്ന് വച്ചാലും ഒഴിവാക്കാൻ പാടുപെട്ടാലും നമ്മുടെ തലയിൽ വന്നു വീഴും .ഇതൊക്കെ ഒരു ചാൻസ് എന്നേ എനിക്ക് പറയാനാവൂ.’’
ഭാഗ്യം ! വിധിയെയും തലയിലെഴുത്തിനേയും അവൾ കൂട്ട് പിടിച്ചില്ലല്ലോ .
‘‘ഒരു കാര്യത്തിലും നിരാശപ്പെട്ടിട്ടു കാര്യമില്ല .നമുക്ക് ഒന്നും ചെയ്യാനാവില്ല. ഇങ്ങനെയങ്ങു ജീവിച്ചു പോകാനേ കഴിയൂ .അതേ മാർഗ്ഗമുള്ളു. ’’
ആലോചിച്ചു നോക്കിയപ്പോൾ അവൾ പറയുന്നത് ശരിയാണ് എന്ന് എനിക്കും തോന്നി. എന്റെ ജീവിതത്തിൽ നടന്നതൊന്നും എന്റെ പ്ലാനുകൾ അനുസരിച്ചായിരുന്നില്ല. നല്ല കാര്യങ്ങൾ ഒരുപടുണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും ഞാൻ ആഗ്രഹിച്ചതു പോലെ ആയിരുന്നില്ല. പലതും വേണ്ടായിരുന്നു എന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുമുണ്ട്. ഒന്നും തടയാനോ ഒഴിവാക്കാനോ എനിക്ക് കഴിഞ്ഞില്ല . നിസ്സഹായയായി, നിശബ്ദം വിധിക്കു കീഴടങ്ങുകയായിരുന്നില്ലേ എന്നും ഞാൻ !
‘‘ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത നാടകമാണെന്നോ ജീവിതം’’ ഭാസ്കരൻ മാഷിന്റെ വരികൾ ഓർത്തുപോകുന്നു .
‘‘ഞാൻ പറയുന്നതേ ശാസ്ത്രമാണ്. അന്ധവിശ്വാസമല്ല’’ എന്ന മുഖവുരയോടെയാണ് ശ്യാം തുടങ്ങിയത് .
‘ദേവിയമ്മേ നമ്മൾ ഓരോരുത്തരും ഓരോ കംപ്യുട്ടറാണ്. നമ്മുടെ ജീവിതത്തിൽ സംഭവിക്കാനുള്ളതെല്ലാം ഏറ്റവും നിസ്സാര കാര്യങ്ങൾ പോലും അതിൽ നേരത്തെ ഫീഡ് ചെയ്തു വച്ചിട്ടുണ്ട്. അതിന്റെ കൺട്രോൾ നമ്മുടെ കയ്യിലല്ല’’
സത്യത്തിൽ എനിക്ക് ചിരിവന്നു. ഞാൻ മറുപടി ആ ചിരിയിലൊതുക്കി. എനിക്ക് അറിയാത്തകാര്യത്തെപ്പറ്റി എന്ത് പറയാനാണ്. ഇതിലും വളരെ വിചിത്രമായ ഒരു വാദമാണ് നവനീതയുടേത് .
‘‘എന്റെ ദേവീ, ജീവിതം ഒരു വലിയ ചെസ്സ് ബോർഡാണ്. നമ്മൾ ഓരോരുത്തരും അതിലെ കരുക്കളും. ആ ഭീമാകാരമായ ചെസ്സ് ബോർഡിന് മുന്നിൽ തലപുകഞ്ഞിരിക്കുന്നുണ്ട് വെള്ളത്താടിയും മുടിയുമായി ഒരാൾ, ദൈവം ! പുള്ളിക്ക് തോന്നും പോലെ ഓരോ കരുക്കൾ നീക്കും. അപ്പോൾ ഓരോരുത്തരുടെ ജീവിതഗതി മാറും .. വേണ്ടാന്നു തോന്നുന്ന ചില കരുക്കൾ വെട്ടി മാറ്റും. അതോടെ അവരുടെ ജീവിതം തീരും ’’
എത്ര സുന്ദരമായ ഭാവന. ഞാൻ അതൊന്ന് മനസ്സിൽ സങ്കൽപ്പിച്ചു നോക്കാൻ ശ്രമിച്ചു .
ഞങ്ങളുടെ വിദൂരസ്വപ്നങ്ങളിൽ പോലും കാണാൻ കഴിയാത്ത ഗതിവിഗതികളാണ് എന്നും എന്റെയും മക്കളുടെയും ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരുന്നത്. മാറ്റങ്ങളുടെ തിരയിളക്കങ്ങളിൽ അത്ഭുതപ്പെട്ട് എന്റെ മകൻ എന്നോട് ഒരിക്കൽ ചോദിച്ചു .
‘‘നമ്മുടെയൊക്കെ തലവര ദൈവം പെൻസിൽ കൊണ്ടാണ് എഴുതുന്നത് അല്ലെ ?’’
‘‘അതെന്താ അങ്ങനെ തോന്നാൻ ?’’ അമ്പരപ്പോടെ ഞാൻ ചോദിച്ചു .
‘‘ഇടയ്ക്കു മായ്ച്ചു മായ്ച്ച് എഴുതുന്നുണ്ടാവും. അതല്ലെ ഓർക്കാപ്പുറത്ത് നമ്മുടെ ജീവിതം ഇങ്ങനെ മാറിമറിയുന്നത് !’’
ആ സംശയം എനിക്കിന്നുമുണ്ട്. കാരണം മാറ്റങ്ങൾ ഇന്നും എന്നെ വിടാതെ പിന്തുടരുന്നു. ആകെക്കൂടി നോക്കുമ്പോൾ ദുരൂഹമായ ഒരു പാറ്റേൺ ഓരോ ജീവിതത്തിനുമുണ്ട് എന്ന് തന്നെയാണ് മനസ്സിലാവുക. ആരോടാണ് ഒന്ന് ചോദിക്കുക ! വെള്ളി നാരായം കൊണ്ട് തലയിലെഴുതുന്ന, അതോ ഭാഗധേയങ്ങൾ നിർണയിക്കാനായി മൗസുമായി കമ്പ്യൂട്ടറിൽ നോക്കിയിരിക്കുന്ന അതുമല്ലെങ്കിൽ, ചെസ്സ്‌ബോർഡിൽ കറുപ്പും വെള്ളയും കരുക്കൾ നിരത്തി കളിച്ചു രസിക്കുന്ന, ദൈവത്തിനോടോ ?
English Summary: Web Column Kadhaillayimakal, Fate, Destiny and Reality