ADVERTISEMENT

കുരുത്തോലക്കുരുവികൾ, പീലിക്കുരുത്തോല, കുരുത്തോല പെരുന്നാൾ, ഇങ്ങനെ തെങ്ങിന്റെ കുരുന്ന് ഓലയുമായി ചേർത്ത് എത്രയോ പദങ്ങൾ ! പക്ഷേ ദേവീ, എന്താണ് ഈ പേരിൽ ഒരു കുരുത്തോല? ദേവി ജെ.എസ്. കുരുത്തോല എന്ന് മെയിൽ ഐഡിയിൽ കാണുമ്പോൾ പലരും ചോദിച്ചിട്ടുണ്ട്. അതെന്റെ വീട്ടുപേരാണ്. എന്നുവച്ചാൽ അമ്മവീടിന്റെ പേര്. തിരുവനന്തപുരം നഗരം വിട്ട് അല്പം ദൂരെ വക്കം എന്ന ഗ്രാമം. അവിടെയാണ് എന്റെ വേരുകൾ. അവിടെനിന്ന് തലമുറകളായി പിന്തുടരുന്ന ഒരു കുടുംബനാമമൊന്നുമല്ല കുരുത്തോല. അപ്പൂപ്പന്റെ വീട്ടുപേരല്ല. അത് ‘പൂന്ത്യാൻ തൊടി’ എന്നാണ്. എത്ര വിചിത്രമായ ഒരു പേര്! 

കായൽത്തീരത്തായിരുന്നു ആ പഴയ എട്ടുകെട്ട്. വീടിനകത്തുള്ള നടുമുറ്റങ്ങളും വീടിന്റെ നാലു ചുറ്റുമുള്ള ആറ്റു മണൽ വിരിച്ച മനോഹരമുറ്റങ്ങളും കഴിഞ്ഞാൽ ബാക്കി കായലോരപുരയിടം മുഴുവൻ തൊണ്ടു തല്ലുന്ന ‘വാടപ്പുറ’മാണ്. അന്ന് അവർക്ക് കയർ പിരിക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്ന വ്യവസായമുണ്ടായിരുന്നു. കായലിൽത്തന്നെ തൊണ്ടഴുക്കി, കരയിലിരുന്നു തൊണ്ടു തല്ലി ചതച്ച് ചകിരിയാക്കി, കയർ പിരിക്കാനുള്ള വണ്ടികൾ സ്ഥാപിച്ച വൃത്തിയുള്ള വിശാലമായ പാക്കളങ്ങളിൽ ആണ് കയർ നൂർത്തിരുന്നത്. (ഇതൊക്കെ എന്റെ കുട്ടിക്കാല ഓർമകളാണ്. ഇന്നവിടെ കയർ പിരിക്കൽ ഒന്നുമില്ല. ഇന്നത്തെ കുട്ടികൾക്ക്‌ ആ കാഴ്ചയും ഞാൻ പറയുന്ന ഈ വാക്കുകളും തീരെ അപരിചിതമായിരിക്കും). വാടപ്പുറം മുഴുവൻ ചേറ് നിറഞ്ഞു നിറഞ്ഞ് നടന്നാൽ കാല് പൂന്തിപ്പോകും. അതാവാം ആ തറവാടിന് പൂന്ത്യാൻ തൊടി എന്ന പേര് വീണത്.

ആ എട്ടുകെട്ടിനെപ്പറ്റി ഒരുപാടു കഥകൾ പറയാനുണ്ട്. ഞാൻ മുതിർന്ന സ്ത്രീയാകുമ്പോഴും ആ വീട് അങ്ങനെതന്നെ ഉണ്ടായിരുന്നു. അംഗങ്ങൾ വീടുമാറിപ്പോയി കൂടൊഴിഞ്ഞ ആ ഇരുളടഞ്ഞ വീട്ടിൽ അമ്മയുടെ അപ്പച്ചിയെ (അപ്പൂപ്പന്റെ പെങ്ങൾ) കാണാൻ അമ്മയോടൊപ്പം ഞാൻ പോകുമായിരുന്നു. ഭക്തി മൂത്ത് ലേശം വട്ടായിപ്പോയ ഒരു പാവം മൂത്തശ്ശി. കരിഞ്ഞുണങ്ങിയ ഒരു തുളസിക്കതിര് ! നഗരനടുവിൽ താമസം തുടങ്ങിയിട്ടും ഇടയ്ക്കിടെ കുരുത്തോലയിലേക്കു പോകുമ്പോഴെല്ലാം തൊട്ടടുത്തുള്ള  ഈ അപ്പച്ചിയമ്മൂമ്മയെ ഞങ്ങൾ സന്ദർശിച്ചിരുന്നു. പകൽ പോലും  കയറാൻ പേടി തോന്നുന്ന ആ പഴയ കെട്ടിൽ തനിച്ചു പാർത്തിരുന്ന ആ വൃദ്ധയ്ക്ക് ധീരതയ്ക്ക് ഒരു അവാർഡ് കൊടുക്കണമെന്ന് ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട്. കായൽത്തീരത്ത് മിക്ക മുറികളും അടച്ചിട്ട ആളൊഴിഞ്ഞ ഒരു സ്മാരകം പോലെ. ‘പേടിയില്ലേ’ എന്ന ചോദ്യത്തിന് ‘പണവും പണ്ടങ്ങളും ഒന്നുമില്ലാത്ത, സദാസമയവും പ്രാർഥനയും പൂജയും വ്രതങ്ങളുമായിക്കഴിയുന്ന ഈ കിളവിയെ ഒരു കള്ളനും തേടി വരില്ല’ എന്നായിരുന്നു മറുപടി. മാത്രമല്ല, ആരെങ്കിലും പറമ്പിലൂടെ കയറി നടന്നാൽ ഉച്ചത്തിൽ ശകാരവർഷം ചൊരിഞ്ഞ് അവരുടെ ചെവിക്കല്ല് പൊട്ടിക്കും. ‘പിന്നെ ഭൂതപ്രേത പിശാചുക്കളോ’ എന്നു ചോദിച്ചാൽ അവർ പൊട്ടിച്ചിരിക്കും. ‘എന്റെ അച്ഛനും അമ്മയും സഹോദരന്മാരും സഹോദരികളുമായി ഇവിടെ മരിച്ചു മണ്ണടിഞ്ഞ എല്ലാപേരും എന്നോടൊപ്പമുണ്ട്’. ഈ ഉറച്ച പ്രഖ്യാപനം കേട്ട് ദുരാത്മാക്കൾ അഥവാ ഉണ്ടെങ്കിൽത്തന്നെ പേടിച്ചോടും. ചുരുക്കത്തിൽ ‘അവളെപ്പേടിച്ചാരും നേർവഴി നടപ്പീല’ എന്നു തന്നെ. ഇന്നാ വീടില്ല. അവരുടെ കാലശേഷം എപ്പോഴോ അതുപൊളിച്ചു കളഞ്ഞ് മക്കൾ പുരയിടങ്ങൾ ഭാഗം വച്ചു. 

kadhaillayimakal-column-how-this-house-came-to-be-called-kuruthola

കുടുംബ ക്ഷേത്രം, തറവാട് നാമം, സ്ഥാനപ്പേര് ഇതൊക്കെ അമ്മവീട് വഴി നോക്കുന്നതാണ് ഞങ്ങളുടെ പരമ്പര്യം. അങ്ങനെയാണെങ്കിൽ അമ്മുമ്മയുടെ വീട്ടുപേരല്ലേ വരേണ്ടത്? അതും ‘കുരുത്തോല’ അല്ല. അമ്മൂമ്മയുടെ കുടുംബം ‘കാമച്ചൻ വിളാകം’ എന്നാണ് അറിയപ്പെട്ടിരുന്നത്. എനിക്ക് ഓർമ വയ്ക്കുമ്പോൾ ആ പഴയ വീടില്ല. ഭാഗം പിരിഞ്ഞ് എല്ലാവരും മാറിയിരുന്നു. എല്ലാവരും വേറേ വീടുകൾ വച്ചിരുന്നു. എല്ലാത്തിനും പേര് കാമച്ചൻ വിളാകം തന്നെ. ആ കുടുംബം വക കാവും ക്ഷേത്രവുമൊക്കെ ഇപ്പോഴുമുണ്ട്. പേര് അതു തന്നെ.

പിന്നെ എവിടെനിന്നീ കുരുത്തോല വന്നു ?

കുട്ടിക്കാലത്തുതന്നെ ഞാൻ ചരിത്രഗവേഷണം നടത്തി കണ്ടുപിടിച്ചിരുന്നു. പൂന്ത്യാൻ തൊടിയിൽനിന്നു മാറി താമസിക്കാൻ എന്റെ അപ്പൂപ്പനും അമ്മൂമ്മയും തീരുമാനിച്ചപ്പോൾ, അവരുടെ തന്നെ വകയായ ഒരു വലിയ തെങ്ങിൻപുരയിടത്തിൽ അവർ വീട് വച്ചു. പഴയമട്ടിൽ പടിപ്പുരയും ചാഞ്ഞ മേൽക്കൂരയും തട്ടും അറയും നിരയും നടുമുറ്റവും തെക്കതും വടക്കതുമൊക്കെയുള്ള ഒരു വീട് തന്നെ. ആ പറമ്പിന്റെ പേര് അന്നുതന്നെ കുരുത്തോല എന്ന് തന്നെയായിരുന്നു. അധ്യാപകരായ അപ്പൂപ്പനും അമ്മൂമ്മയും സുന്ദരമായ ആ പേര് മാറ്റിയില്ല. അതിന്നും തുടരുന്നു. ഞങ്ങൾ ആ തറവാട്ടിലെ ചില സന്തതികൾ, ഞാനുൾപ്പെടെ, പേരിൽ ‘കുരുത്തോല’ ചേർത്തു.

ആ നാട്ടിലെ ഏതെങ്കിലുമൊരു വീട്ടിൽ ഒരു കല്യാണത്തിനോ മരണത്തിനോ ചെല്ലുമ്പോൾ ‘ഒരപൂർവ അതിഥി’യായ എന്നെ മനസ്സിലാവാത്ത ആരെങ്കിലും ചോദിക്കും. ‘ഇത്?’. മറ്റാരെങ്കിലും ഉടൻ പരിചയപ്പെടുത്തും. ‘ഇത് കുരുത്തോലയിലെ.....’ വലിയ അഭിമാനമാണ് അപ്പോൾ തോന്നുക. പഠിപ്പും അറിവുമൊക്കെ പിച്ച വച്ചു വരുന്നേ ഉണ്ടായിരുന്നുള്ളൂവെന്ന അക്കാലത്ത് അധ്യാപകനായിരുന്ന അപ്പൂപ്പൻ നാട്ടിലാകെ ബഹുമാന്യനായ ഒരു വ്യക്തിയായിരുന്നു. ‘കുരുത്തോലയിൽ ഗോവിന്ദൻ വാധ്യാർ’ എന്നാണ് അപ്പൂപ്പൻ അറിയപ്പെട്ടിരുന്നത്. 

‘വാധ്യാരോ? ഇതെന്താ നമ്മൾ തമിഴരാണോ?’ അന്നത്തെക്കാലത്ത് ആ നാട്ടിൽ അധ്യാപകരെ സാർ എന്നോ മാഷ് എന്നോ ഒന്നും വിളിച്ചിരുന്നില്ല. എന്തായാലും വാക്കിലെ തമിഴ് സ്വാധീനം എന്നെ അദ്‌ഭുതപ്പെടുത്തിയിരുന്നു. ചില തമിഴ് വാക്കുകൾ എന്റെ വീട്ടിൽ ഉപയോഗിച്ചിരുന്നു എന്നതും പല തമിഴ് ആചാരങ്ങളും പുലർത്തിയിരുന്നു എന്നതും ഒരു വ്യത്യസ്തത തന്നെയായിരുന്നു. എന്റെ അമ്മൂമ്മയുടെ വീട്ടിലെ ‘തമിഴത്തത്തെ’ക്കുറിച്ച്‌ ചില കഥകളുമുണ്ടായിരുന്നു. ‘നിനക്ക് ഒരു തമിഴ് കട്ടുണ്ട്. കല്ല് വച്ച ആഭരണങ്ങളും കടും നിറമുള്ള സാരികളും ചുവന്ന പൊട്ടും.’ ചില കൂട്ടുകാർ പറയാറുണ്ടായിരുന്നു. ‘ഞാനൊരു പാതി തമിഴത്തിയാണ്.’ ഞാൻ പൊങ്ങച്ചമടിക്കും. കുരുത്തോല എന്ന വാക്കിനുമില്ലേ ഒരു തമിഴ്ചുവ? തമിഴ് ഭാഷയോടും തമിഴ് സിനിമയോടും തമിഴ് പാട്ടുകളോടും തമിഴ് ആചാരങ്ങളോടും എനിക്ക് അന്നും ഇന്നും കടുകടുത്ത ആരാധനയാണ്. 

kadhaillayimakal-column-devi-j-s-kuruthola-native-name

യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുമ്പോൾ അവിടത്തെ പരമോന്നത പദവിയിലുള്ള ഒരു ഉദ്യോഗസ്ഥൻ ഒരിക്കൽ ചോദിച്ചു. 

‘തമിഴാണോ മാതൃഭാഷ ?’ 

ഞാൻ അന്തം വിട്ടു. 

‘അല്ല സർ. മലയാളി തന്നെ. മലയാളത്തിൽ എംഎ ചെയ്തിട്ടുമുണ്ട്.’ ഞാൻ പറഞ്ഞു. 

കേട്ടു നിന്ന കൂട്ടുകാരി വിളിച്ചു ‘ഏയ് തമിഴ് സുന്ദരീ’.

ഒരു വക്കംകാരൻ പരിചയപ്പെട്ടപ്പോൾ ചോദിച്ചു. ‘വീടെവിടെയാണ്?’

‘തിരുവനന്തപുരം’ എന്ന് ഞാൻ പറഞ്ഞതും അയാൾ ചോദിച്ചു. ‘കുരുത്തോലയിലെ അല്ലേ?’

ആ നാട് വിട്ടു പോന്നിട്ട് എത്രയോ നാളായി. എന്നിട്ടും എന്നെ ആ നാട്ടുകാർ ഇപ്പോഴും ഓർക്കുന്നത് ആ മേൽവിലാസത്തിൽത്തന്നെ. കുരുത്തോല !

അപ്പോൾ ഓർമകൾ തിരിഞ്ഞോടി.

‘കുരുത്തോലയിലെ പെണ്ണായതു കൊണ്ടാണോ നിനക്കീ കുരുത്തോലയുടെ നിറം?’ ഒരു കളിക്കൂട്ടുകാരൻ ചോദിക്കുന്നു. 

‘ഒന്നു പോടാ, എനിക്കത്ര നിറമൊന്നുമില്ല, കളിയാക്കല്ലേ’ എന്ന് പറഞ്ഞെങ്കിലും എന്റെ ഉള്ളിലപ്പോൾ തൈത്തെങ്ങിൽ കുരുത്തോല വിരിഞ്ഞു. 

ആ കുരുത്തോലകൾ എന്നേ വാടിക്കരിഞ്ഞു പോയി. 

എന്നാലും പേരിൽ അത് ഇരുന്നോട്ടെ - ദേവി ജെ.എസ്. കുരുത്തോല !  

Content Summary : Kadhaillayimakal Column - How this house came to be called 'Kuruthola'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com