മറവി എന്നാൽ ഇങ്ങനെ വേണം !

young-man-forgetting-something-slapping
Representative Image. Photo Credit : Asier Romero / Shutterstock.com
SHARE

ദ്യുമ എന്നെ ഇടയ്ക്ക് സന്ദർശിക്കുന്നത് കുറച്ചു സമയം എന്നോടൊപ്പം കളിച്ചു ചിരിച്ചു വല്ലതും കഴിച്ച്, പോസിറ്റീവ് എനർജി പരസ്പരം പകർന്ന് പോകാനാണ് .

അവൾക്കും എനിക്കും സന്തോഷകരമായ കുറെ മണിക്കൂറുകൾ !

‘‘ദ്യുമ , എന്ത് പേരാണിത് ?’’ ഇപ്പോഴും ഞാൻ അവളെ കളിയാക്കാറുണ്ട്. ഇരട്ട കുട്ടികളിൽ ഒന്നാണവൾ. ഒന്ന് ദ്യുതി, അതിനു ചേരുന്ന ഒരു പേര് കണ്ടുപിടിച്ചതാവാം.

‘ദ്യുതി എന്നാൽ പ്രകാശം. ഈ ദ്യുമ എന്താ’ എന്ന് ഞാൻ ചോദിച്ചാൽ അവൾ ചൊടിക്കും . ‘ദ്യുമയും അത് തന്നെ ,വെളിച്ചം .’ എന്നാണവളുടെ വിശ്വാസം. ഏതായാലും അപൂർവ സുന്ദരമായ ഈ പേരു കാരണം അവൾ ഞങ്ങൾ, കൂട്ടുകാരികളുടെ ഇടയിൽ പോപ്പുലറാണ് .  ഉന്നത ഉദ്യോഗസ്ഥനായ ഭർത്താവ് വിവേകിന്റെ മറവിയെക്കുറിച്ചാണ് അവളുടെ തമാശക്കഥകൾ കൂടുതലും. അതിലും വലിയ തമാശ ഇല്ലതാനും. ഞങ്ങൾ അത് ഓർത്തെടുത്ത് ആവർത്തിച്ചു പറഞ്ഞ് ചിരിക്കാറുണ്ട് .

ഒരു ദിവസം  വിവേക്  നേരത്തെ ഓഫീസിൽ പോയി. തിരക്കിട്ടു പണികൾ തീർത്ത് ജോലിക്കു പോകാനുള്ള  തത്രപ്പാടിലായിരുന്നു ദ്യുമ. അപ്പോഴാണ് ആരോ ബെല്ലടിച്ചത്. സാരി ഉടുത്തിട്ടില്ല. വാതിൽ തുറക്കാനാവുമോ? സമയവും പോകും.  ‘ഓ, നാശം’ എന്ന് പിറുപിറുത്തിട്ട്  അകത്ത് നിന്നവൾ ഉറക്കെ വിളിച്ചു പറഞ്ഞു. ‘വിവേകിനെ അന്വേഷിച്ചാണെങ്കിൽ ഇന്ന് വിവേക് നേരത്തെ ഓഫീസിലേയ്ക്ക് പോയല്ലോ ..’  ഇത് കേട്ടതും ആഗതൻ തിരികെ പോയി. വൈകുന്നേരം വന്നപ്പോഴല്ലേ പുകില് ! വന്നത് വിവേക് തന്നെ ആയിരുന്നു.  ഓഫീസിൽ അത്യാവശ്യം കൊണ്ടു പോകേണ്ട  ഒരു ഫയൽ വച്ച് മറന്നു. അതെടുക്കാൻ വന്നതാണയാൾ .  അകത്തു നിന്നുള്ള അനൗൺസ്‌മെന്റ് കേട്ട്, പിന്നീടൊന്നുമോർക്കാതെ അയാൾ മടങ്ങി പോയത്രേ. സത്യത്തിൽ അവളുടെ ഈ കഥ വിശ്വസനീയമല്ല. പക്ഷേ അവൾ ആണയിട്ടു പറഞ്ഞു .

‘‘സത്യമാണ് ചേച്ചീ, ഈശ്വരനാണെ. അന്ന് വിവേകിനെ ഞാൻ എന്തൊക്കെ പറഞ്ഞു എന്ന് എനിക്ക് തന്നെ നിശ്ചയമില്ല. സ്വന്തം വീടറിയില്ല. താൻ ആരാണെന്ന്‌ ഓർമയില്ല ഇക്കണക്കിന് വിവേക് എന്നെയും മക്കളെയും മറന്ന് നാട് വിട്ടു പോകുമല്ലോ, എന്നൊക്കെ അന്ന് ഞാൻ അലറി .’’

ദ്യുമയുടെ ആ പ്രവചനം തെറ്റിയില്ല. അവളെയും മക്കളെയും മറന്ന് അയാൾ പോയി. നാട് വിട്ടല്ല എന്ന് മാത്രം.  ഒരു അവധി ദിവസം വിവേകിന്റെ വീട്ടിൽ പോകാനായി എല്ലാവരും ഒരുക്കത്തിലായിരുന്നു. അന്നത്തെ ദിവസം പാചകം ചെയ്യണ്ടല്ലോ എന്നു ദ്യുമ ആശ്വാസിച്ചു.  ‘‘വേഗം റഡിയാകൂ’’ എന്ന് മോനോടും മോളോടും, ‘‘ഡീസൽ അടിച്ചിട്ട് വരട്ടെ ’’ എന്ന് ദ്യുമയോടും പറഞ്ഞിട്ട് വിവേക് കാറെടുത്തു പോയി. മണിക്കൂർ ഒന്നായിട്ടും വിവേകിനെ കാണാനില്ല. ഇതെന്തു പറ്റി ? വണ്ടി കേടായോ ? എങ്കിൽ ഒന്ന് വിളിച്ചു കൂടെ  എന്ന് പറഞ്ഞിട്ട് ദ്യുമ ഫോൺ എടുത്തു. അപ്പോഴതാ വിവേകിന്റെ വിളി വന്നു. അയാൾ ഡീസലടിച്ചിട്ടു നേരെ വീട്ടിലേയ്ക്കു വിട്ടു. അവിടെ ചെന്ന് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ അമ്മ ചോദിച്ചു .

‘‘ദ്യുമയും മക്കളും വന്നില്ലേ ? വരുമെന്നാണല്ലോ ഇന്നലെ അവൾ വിളിച്ചു പറഞ്ഞത്.’’

വിവേക് വായ് പൊളിച്ചു നിന്നു. അപ്പോഴാണ് പറ്റിയ അമളി ഓർക്കുന്നത് .

‘‘ഇനി ഇപ്പോൾ തിരിച്ചു വരണ്ട. നിങ്ങൾ വേറെ ഏതെങ്കിലും വഴിക്കു പോകും. ഞങ്ങൾ ഏതായാലും ഇന്നിനി വരുന്നില്ല .’’  അവൾ പൊട്ടിത്തെറിച്ചു .

‘‘ദ്യുമാ ഞാൻ വരാം’’  വിവേക് പറഞ്ഞു.

‘‘വേണ്ട . ഒരുമണിക്കൂർ ഇങ്ങോട്ട്, പിന്നെ ഒരു മണിക്കൂർ അങ്ങോട്ട്. വൈകുന്നേരം തിരിച്ചു വരണം. വേണ്ട അത്രയും ബുദ്ധി മുട്ടേണ്ട.’’  അവൾ ദേഷ്യം കൊണ്ട് വിറച്ചു .

‘‘പിന്നെ അവിടുന്ന് കഴിച്ചിട്ട് വന്നാൽ മതി . ഞാനിവിടെ ഒന്നും ഉണ്ടാക്കുന്നില്ല .’’ എന്ന് കൂടി പറഞ്ഞ് അവൾ ഫോൺ നിറുത്തി.

‘‘എന്ത്  പറയാനാ ചേച്ചീ.. ഇതാരെങ്കിലും വിശ്വസിക്കുമോ ?’’ കഥ തീർത്ത് അവൾ എന്നോട് ചോദിച്ചു .

അന്ന് പിന്നെ അവൾ ഒന്നുമുണ്ടാക്കിയില്ല. ഒരു പണിയും ചെയ്യാൻ തോന്നിയില്ലത്രെ.. നൂഡിൽസ് ഒക്കെ തട്ടിക്കൂട്ടി മക്കൾക്ക് കൊടുത്തു .

‘‘വൈകുന്നേരമായപ്പോൾ അമ്മ ഉണ്ടാക്കിയതെല്ലാം കെട്ടി പൊതിഞ്ഞു കൊടുത്തതുമായി ആ ഇളിഭ്യച്ചാരെത്തി. ഞാൻ ഒന്നും മിണ്ടിയില്ല . അത്രയ്ക്കു  മടുത്തു ചേച്ചീ. ’’

അവളുടെ മുഖം അപ്പോഴും ദേഷ്യം കൊണ്ട് ചുമന്നു. ഞാനും അമ്പരന്നു പോയി. ചെറിയ ചെറിയ മറവികൾ എല്ലാവർക്കുമുണ്ടാവും. എന്നാലും ഇങ്ങനെയങ്ങ് അബ്സെന്റ മൈൻഡഡ്‌ ആകാമോ ?

‘‘ഒരു കൗൺസിലിങ്ങ് നടത്തിയാലോ ’’ ഞാൻ ചോദിച്ചു .

‘‘ബെസ്റ്റ്. അശ്രദ്ധ. എപ്പോഴും മനസ്സ് മറ്റെവിടെയോ ആണ്. അതിനു കൗൺസിലിങ്ങ് എന്തിന്?’’ എന്നാണവൾ പറഞ്ഞത്.

ഓഫീസിൽ പോകുമ്പോൾ ഓഫീസ്  കഴിഞ്ഞു പോകുന്നതും പിന്നെ തിരിച്ചു വരുന്നതും വിവേകിന്റെ പതിവാണ്  അങ്ങനെയിരിക്കെ ഒരു ദിവസം കാറ് വർക്ക് ഷോപ്പിലായി. അന്ന് വിവേകിന്റെ ഓഫീസിനടുത്ത് ഒരിടം വരെ രണ്ടുപേർക്കും കൂടി പോകേണ്ടതുണ്ടായിരുന്നു. ബസ്സിൽ പോയി വിവേകിന്റെ ഓഫീസിന് അടുത്തിറങ്ങിയിട്ട് വർക്ക് ഷോപ്പിൽ നിന്ന് കാറെടുത്ത് പോകാം എന്നായിരുന്നു പ്ലാൻ. ബസ്സിൽ ദ്യുമ ഇരുന്നതിനു വളരെ പിന്നിലാണ് വിവേക് ഇരുന്നത്. രണ്ടു തവണ അവൾ തിരിഞ്ഞു നോക്കി വിവേകിനെ കണ്ടു. സ്റ്റോപ്പെത്തി അവൾ ഇറങ്ങി. വിവേക് പിന്നിലൂടെ ആദ്യം ഇറങ്ങിയിട്ടുണ്ടാവും എന്ന് കരുതി. വിവേക് ഇല്ല. ബസ്സ് വിട്ടുപോവുകയും ചെയ്തു. ഇനി എന്ത് ചെയ്യും. അവൾ മെല്ലെ വിവേകിന്റെ ഓഫീസിലേക്കു നടന്നു .  അപ്പോഴതാ ഒരു ഓട്ടോ പാഞ്ഞു വരുന്നു. അവളുടെ അടുത്തു വന്നു അത് നിർത്തി. വിവേക് ഇറങ്ങി .  സ്റ്റോപ്പെത്തിയപ്പോൾ ഇറങ്ങാൻ മറന്നത്രെ. അടുത്ത സ്റ്റോപ്പിലിറങ്ങി ഓട്ടോ പിടിച്ചുള്ള വരവാണ് .

‘‘എന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്ന ശീലം ഞാൻ നിറുത്തി ചേച്ചീ. ഒന്നും മിണ്ടാതെ ഞാൻ കൂടെ ചെന്നു .’’

ഇതെല്ലം പോകട്ടെ. കഴിഞ്ഞയാഴ്ച വിവേകിന്റെ സഹപ്രവർത്തക സാറ മാഡത്തിന്റെ മകന്റെ വിവാഹമായിരുന്നു. അൽപ്പം അകലെയുള്ള ഒരു പള്ളിയിൽ വച്ചാണ്. ഓഫീസിലെ രണ്ടുപേർ കൂടി അവരുടെകാരിൽ കയറി. അവർ വരനെയും വധുവിനെയും സ്റ്റേജിൽ കയറി കണ്ടു. തൂക്കി പിടിച്ചു കൊണ്ട് പോയ സമ്മാനം കൊടുത്തു. ഫോട്ടോയും എടുത്തു. താഴെയിറങ്ങി ഭക്ഷണം കഴിച്ചു. മാഡത്തിനോട് യാത്രപറഞ്ഞു മടങ്ങാൻ  നേരം നോക്കുമ്പോൾ വിവേകിന്റെ കയ്യിൽ കാറിന്റെ കീ ഇല്ല. പോക്കറ്റിൽ തപ്പി .  കാറിൽ നോക്കി. ഇരുന്നിടത്തും കഴിച്ചിടത്തും പോയി നോക്കി. ഒരിടത്തുമില്ല. അപ്പോൾ വിവേക് ഒരു വിഡ്ഢി ചിരിയോടെ പറഞ്ഞു. 

‘‘ആ പ്രസന്റേഷൻ കവറിൽ ഇട്ടോ എന്നൊരു സംശയം.’’ പിന്നെയുണ്ടായ കോലാഹലം ! സ്റ്റേജിന്റെ ഒരു മൂലയിൽ കുന്നുകൂട്ടിയിട്ടിരുന്ന സമ്മാനപ്പൊതികളുടെ വലിയ പ്ലാസ്റ്റിക് കവർ മുഴുവൻ പരിശോധിച്ചു. കൂടെ വന്നവർ മാത്രമല്ല സാറാമാഡവും വേറെ ചിലരും കൂടെ കൂടി. അവസാനം വിവേകും ദ്യുമയും കൊടുത്ത പായ്‌ക്കറ്റ്‌ കണ്ടുപിടിച്ചു. താക്കോൽ അതിനകത്തു നിന്നു കിട്ടി.

‘‘എന്റെ ചേച്ചീ .. ഭർത്താവിന്റെ ചെകിട്ടത്ത് ഭാര്യ അടിക്കുന്നത് അപൂർവം സിനിമകളിലെങ്കിലും കണ്ടിട്ടില്ലേ ?  ഞാനതു ചെയ്യഞ്ഞത് എന്നെത്തന്നെ അപമാനിക്കേണ്ട എന്ന് കരുതിയാണ്.’’ അവൾ വിഷമത്തോടെ പറഞ്ഞു നിർത്തി.

ഇനിയും ഒരുപാടു കഥകളുണ്ട് . പറഞ്ഞിട്ടെന്തു കാര്യം ? വിവേക് ഇപ്പോഴും അങ്ങനെ തന്നെ. വിവേകും ദ്യുമയും കൂടി ഒരു ദിവസം വന്നപ്പോൾ ഞാൻ പറഞ്ഞു .

‘‘എന്റെ വീട് മറന്നില്ലല്ലോ ഭാഗ്യം !’’

‘‘ഒരുപാടു തവണ വന്നിട്ടുണ്ടല്ലോ.’’ എന്ന് പറഞ്ഞ് വിവേക് ചിരിച്ചു .

‘‘ഓഫീസിൽ എന്നും പോകുന്നതല്ലേ ? എന്നിട്ടും .’’ ദ്യുമ ഇടയിൽ  കയറി പറഞ്ഞു .

‘‘മറവിയിൽ ഇങ്ങനെ റെക്കോർഡ് ഇടുന്നവരെ  ഗിന്നസ്സിൽ കേറ്റും.  ഒന്ന് ശ്രമിച്ചു കൂടെ ?’’ ഞാൻ കളിയാക്കി .  വിവേക് പരിഭവം ലേശവുമില്ലാതെ ചിരിച്ചു .

‘‘ഏകാഗ്രത പരിശീലിക്കാവുന്നതാണ് .അത്ര എളുപ്പപ്പമല്ല ,എന്നാലും അസാധ്യമല്ല .’’ എന്ന് പറഞ്ഞ് ഞാനും ചിരിച്ചു . 

English Summary: Kadhaillayimakal column on forgetfulness

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.