വേദനയായി ആ ക്രിസ്മസ് ലഞ്ച്, കുട്ടികളെ ആരാണു തിരുത്തുക?
Mail This Article
ക്രിസ്മസ് പ്രമാണിച്ച് എന്നെ ഒരു കൂട്ടർ ഉച്ചയൂണിനു ക്ഷണിച്ചു. എന്റെ മകളും കുടുംബവും സ്ഥലത്തില്ല. ഞാനിവിടെ തനിച്ചല്ലേ? ഞാനാണെങ്കിൽ പുറത്തേക്കൊന്നും പോകാറില്ല. അതാവും അവർ വിളിച്ചത്. ഒരുപാട് അടുപ്പമുള്ളവരാണ്. ക്ഷണം നിരസിക്കാനും വയ്യ. മകനെ നഴ്‌സിനെ ഏൽപിച്ച് ലഞ്ച് സമയത്തിന് അൽപം മുൻപ് ഞാൻ അവിടെ എത്തി. ഹൃദ്യമായ സ്വീകരണം. എന്റെ ആതിഥേയയുടെ മകനും ഭാര്യയും കുട്ടികളും മകളും മരുമകനും കുട്ടികളും എത്തിയിട്ടുണ്ട്. പുറത്തുനിന്നു വേറേ അതിഥികളാരുമില്ല.
എല്ലാവരുമായി കുശലപ്രശ്നങ്ങളും തമാശകളും ചിരിയും വർത്തമാനവുമായി കുറച്ചു സമയം കഴിഞ്ഞു. പിന്നെ വിഭവസമൃദ്ധമായ ക്രിസ്മസ് ലഞ്ച് ! കേക്കും വൈനും, പിന്നെ മട്ടൻ ബിരിയാണി, അൽഫാം ചിക്കൻ, വലിയ വട്ടത്തിലുള്ള മീൻ കഷണങ്ങൾ പൊരിച്ചത് (പരസ്യങ്ങളിൽ കാണുന്ന പോലെ), ബീഫ് വരട്ടിയത് (അത് കഴിക്കാത്ത ഞാനുൾപ്പെടെയുള്ളവർക്കു സ്പെഷൽ വെജിറ്റബിൾ കറി). ആഹാരം ആസ്വദിക്കുന്നയാളാണ് ഞാൻ. പക്ഷേ എല്ലാം വളരെക്കുറച്ചേ കഴിക്കാറുള്ളൂ. ഊണു മേശയിലെ ആർഭാടം എന്നെ അമ്പരപ്പിച്ചെങ്കിലും എന്റെ സ്നേഹിത സത്ക്കാരപ്രിയയാണ് എന്നറിയാവുന്നതുകൊണ്ട് ഞാനത് പ്രടിപ്പിച്ചില്ല. (ദേ മിഴിക്കരുത് കേട്ടോ എന്നു ഞാൻ എന്റെ കണ്ണുകളെ വിലക്കി).
പന്ത്രണ്ടു പേർക്കിരിക്കാവുന്ന ഊണുമേശയാണ്. നടുവിൽ വിഭവങ്ങൾ നിരത്തിയിട്ടുണ്ട്. ഓരോരുത്തരായി ഭക്ഷണമെടുത്ത് കസേരകളിൽ ഇരുന്നു കഴിക്കാൻ തുടങ്ങി. ഞാനും എനിക്കു വേണ്ടത് എടുത്തു. പക്ഷേ അവിടുത്തെ കുട്ടികളുടെ മുന്നിലെ പാത്രം എന്നെ വീണ്ടും അമ്പരപ്പിച്ചു. ടീനേജ് കുട്ടികളല്ലേ, നന്നായി കഴിക്കുമായിരിക്കും. കഴിക്കട്ടെ, നല്ലതല്ലേ. വളരുന്ന പ്രായമല്ലേ എന്നൊക്കെ ഞാൻ ചിന്തിച്ചു. ഊണ് കഴിയാൻ ഒരുപാടു സമയമെടുത്തു. പിന്നെ കണ്ടത് എന്നെ നടുക്കുന്ന കാഴ്ചയാണ്. കുന്നോളം ബിരിയാണി ഒരു കുട്ടി വെയിസ്റ്റ് ബക്കറ്റിൽ തട്ടുന്നു. മറ്റെയാൾ ചിക്കൻ (ഒരു കോഴി നാലായിട്ടോ മറ്റോ മുറിച്ച അത്രയും വലിയ കഷണങ്ങളാണ്.) അങ്ങനെതന്നെ കൊണ്ടു പോയി ബക്കറ്റിൽ ഇടുന്നു. ഊണിനു ശേഷം കൊണ്ടു വച്ച ഐസ്ക്രീമും ഗുലാബ് ജാമുനും പുഡിങ്ങും ഒക്കെ ബൗളുകളിൽ നിറയെ വിളമ്പി അല്പം കഴിച്ചിട്ട് ഡൈനിങ് ടേബിളിൽത്തന്ന വച്ച് കുട്ടികൾ എഴുന്നേറ്റു പോകുന്നു. അരുതെന്ന് ഒരു വാക്ക് ഇതെല്ലാം കാണുന്ന അച്ഛനോ അമ്മയോ മിണ്ടുന്നില്ല. ഞങ്ങൾക്കു ധാരാളമുണ്ട്, കുറേ കളഞ്ഞാലെന്താ എന്ന ഭാവമാണോ?
എനിക്കു വല്ലാത്ത വിഷമം തോന്നി. ദരിദ്ര രാഷ്ട്രങ്ങളിലെ പട്ടിണി കൊണ്ടു മരിക്കുന്ന എല്ലും തോലുമായ, കണ്ണീരൊലിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ രൂപം എന്റെ മനസ്സിൽ തെളിഞ്ഞു. ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ കരയുന്ന കുട്ടികൾ നമ്മുടെ നാട്ടിലുമില്ലേ? ആ കുഞ്ഞുങ്ങളുടെ കണ്ണീർ പലപ്പോഴും മനസ്സ് പൊള്ളിക്കുന്ന കാഴ്ചയാണ്. അതൊന്നും ആരും കാണുന്നില്ലേ? എന്താണ് ചിലർ ഇങ്ങനെ? ഇതൊക്കെ വലിയവർ പറഞ്ഞു കൊടുക്കേണ്ടതല്ലേ? ചെറുപ്പത്തിലേ ശീലിക്കേണ്ടതല്ലേ?
സമ്പന്ന കുടുംബമാണെങ്കിലും എന്റെ വീട്ടിൽ ആഹാരം പാഴാക്കാൻ അനുവദിച്ചിരുന്നില്ല. മുതിർന്നവരാരും അങ്ങനെ ചെയ്യാറില്ല. അതു കണ്ടു വളർന്ന കുട്ടികളും അത് അനുകരിച്ചു. അവിടെ ഭക്ഷണം കഴിക്കാൻ ആരും ആരെയും നിർബന്ധിച്ചിരുന്നില്ല. വേണ്ടുമ്പോൾ വേണ്ടത് വേണ്ടത്ര കഴിച്ചാൽ മതി. പക്ഷേ പാത്രത്തിൽ വിളമ്പിയോ, അതു കഴിച്ചിരിക്കണം. അല്ലെങ്കിൽ ആദ്യമേ, ഇത്രയും വേണ്ട എന്നു വിളമ്പുന്നയാളോട് പറയണം. (കൂട്ടുകുടുംബമായതിനാൽ അത് അമ്മയോ അമ്മൂമ്മയോ ചെറിയമ്മയോ പരിചാരികമാരിലൊരാളോ ആവാം).
അന്ന് അവിടെ ഭിക്ഷക്കാർ വരുമായിരുന്നു. വിശന്ന് ആരു വന്നാലും ഭക്ഷണം കൊടുക്കുന്ന രീതിയായിരുന്നു പഴയ തറവാടുകളിൽ. അന്നത്തെ ഭിക്ഷക്കാർ ഇന്നത്തെപ്പോലെ കള്ളന്മാരും തട്ടിപ്പുകാരും ഒന്നുമായിരുന്നില്ല. അവർ ശരിക്കും ദയ അർഹിക്കുന്നവരും ദരിദ്രരും ആയിരുന്നു. അവരിൽ പലരുടെയും ദയനീയ കഥകൾ അമ്മ പറഞ്ഞു തന്നിട്ടുണ്ട്. ശരിയാണ്, ദരിദ്രരുടെ മുഴുവൻ വിശപ്പടക്കാൻ നമുക്ക് കഴിയില്ല. പക്ഷേ ഒരു നേരത്തെ വിശപ്പടക്കാൻ ആഹാരമില്ലാത്ത അനേകങ്ങൾ ഉണ്ടെന്ന് ഇടയ്‌ക്കെങ്കിലും ഓർക്കണം.
ഭക്ഷണം കളയുന്നത് ശീലമാക്കുന്നവരുണ്ട്. ഓഫിസിൽ ജോലി ചെയ്യുന്ന കാലത്ത് ലഞ്ച് സമയത്ത് എന്നും പാതി കഴിച്ച ശേഷം മതിയാക്കി എഴുന്നേറ്റ് ചോറു കളയുന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. എന്നാൽപിന്നെ, കഴിക്കുന്നത്രയും കൊണ്ടു വന്നാൽ പോരേ എന്നു പലതവണ ഞങ്ങളിൽ പലരും ചോദിച്ചിട്ടുണ്ട്. ങേഹേ. അവൾ അതുതന്നെ ആവർത്തിക്കും. ഒരിക്കൽ ഒരു സഹപ്രവർത്തകൻ അവളോട് പറഞ്ഞു: ‘‘നിനക്കുള്ള ഓരോ അരിയിലും നിന്റെ പേരുണ്ടാവും...’’
‘‘അപ്പോൾ ഈ കളയുന്ന ചോറിൽ ആരുടെ പേരാണ്...’’ ഞാനല്പം കുസൃതിയോടെ ചോദിച്ചു.
‘‘അവളുടേതു തന്നെ. ദൈവം കണക്കെടുന്നുണ്ടാവും. ശിക്ഷയും കിട്ടും...’’
‘‘പിന്നെ, ദൈവത്തിന് വേറെ ജോലി ഒന്നുമില്ല....’’ അവൾ ചുണ്ടു കോട്ടി.
‘‘ഈ ഭക്ഷണത്തെ വേസ്റ്റ് ആയി എന്ന് കരുതേണ്ട. വേസ്റ്റ് പിന്നാമ്പുറത്തു കൊണ്ട് തട്ടുമ്പോൾ കാക്കയോ പൂച്ചയോ തിന്നോളും. അവയ്ക്കും കിട്ടണ്ടേ വല്ലതും...’’ ഞങ്ങൾ ചേച്ചി എന്ന് വിളിക്കുന്ന ഒരു മേലുദ്യോഗസ്ഥ ആശ്വസിപ്പിച്ചു. ഓർത്തപ്പോൾ അതും ശരി എന്നു തോന്നി.
ശ്രീ.കെ.പി.കേശവമേനോന്റെ ആത്മകഥയിൽ ജയിലിലായിരുന്നപ്പോൾ കിട്ടിയ ഒരുപിടിച്ചോറ് ആർത്തിയോടെ വാരിത്തിന്നതിനെക്കുറിച്ച് (കറികളൊന്നുമില്ലാതെ പച്ചച്ചോറ്) പറയുന്നതു വായിച്ചു ഞാൻ കരഞ്ഞു പോയിട്ടുണ്ട്.
അതാണ് അന്നത്തിന്റെ വില !
കുടലിലും കരളിലുമൊക്കെ അൾസറും കാൻസറും ബാധിച്ച സജിയെ ഞാനിന്നും ഓർക്കുന്നുണ്ട്. ജീവിതം ഒരു ആഘോഷമായി കൊണ്ടാടുമ്പോൾ അവൻ കഴിച്ചിട്ടില്ലാത്ത വിഭവങ്ങൾ കൊണ്ടു പാർട്ടികൾ നടത്തി. അധികം വന്ന ഭക്ഷണം കളഞ്ഞിട്ടുള്ളതിനും കണക്കില്ല. പക്ഷേ അവസാനം ഒന്നും കഴിക്കാനാവാത്ത അവസ്ഥയായി. അന്നൊരിക്കൽ അവൻ പറഞ്ഞു: ‘‘എന്തെങ്കിലും ഒരാഹാരം അല്പമെങ്കിലും കഴിക്കാൻ വലിയ ആഗ്രഹമുണ്ട് ചേച്ചീ. പക്ഷേ പറ്റുകയില്ല. വേദന സഹിക്കാനാവില്ല....’’ അതവൻ പറയുമ്പോൾ അവൻ കരഞ്ഞില്ല.
‘‘ഞാൻ കളഞ്ഞതിൽ ഒരംശം...’’
‘‘ഏയ്...അങ്ങനെയൊന്നും ചിന്തിക്കേണ്ട ഒരു പാട് കഴിച്ചില്ലേ. ഒരുപാടുപേർക്ക് കൊടുക്കുകയും ചെയ്തിട്ടുണ്ട്...’’ ഞാനവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
‘‘അപ്പോൾ എന്റെ ക്വോട്ട തീർന്നു അല്ലേ?’’ അവൻ ചിരിച്ചു.
‘‘എന്നാലും അവസാനത്തെ ആഗ്രഹം അതാണ്. ഒരുരുള ചോറ്....’’ അവൻ പറഞ്ഞു. (ആ ആഗ്രഹം സാധിക്കാതെ തന്നെ അവൻ പോയി)
അതാണ് ആഹാരത്തിന്റെ വില !
ഇതൊക്കെ വെറും വിശ്വാസങ്ങളാണ്. നമ്മുടെ ഭക്ഷണം നമ്മൾ തിന്നുകയോ കൊടുക്കുകയോ കളയുകയോ ചെയ്യുന്നതിന് ആർക്കാണിത്ര ചേതം? വേണ്ട എന്നുതോന്നിയാൽ കളയുന്നത് തെറ്റൊന്നുമല്ല. അതിനു ശിക്ഷയൊന്നും കിട്ടുകയില്ല. വേണ്ടാതെ തിന്ന് വയറു കേടു വരുത്തുന്നതിൽ ഭേദമല്ലേ? എന്ന് വാദിക്കുന്നവരും ഉണ്ട്.
എന്റെ വീട്ടിൽ വന്ന് ആഹാരം കഴിച്ചിട്ട് പതിവായി കുറേ കളയുന്ന ഒരു സ്ത്രീയോട് എന്റെ സഹായി മേരി കയർത്തു.
‘‘എന്തിനാ അത് കളഞ്ഞത്. ആദ്യമേ വേണ്ടാന്ന് പറഞ്ഞു കൂടായിരുന്നോ ?...’’
‘‘ഞാൻ കഴിച്ചു എന്ന് വിചാരിച്ചോളൂ. തിന്നാലും കളഞ്ഞാലും നിങ്ങൾക്ക് നഷ്ടം ഒരു പോലെയല്ലേ?...’’ അവർക്കതു രസിച്ചില്ല. .
‘‘അങ്ങനെയല്ല. അത് ഞങ്ങൾ കഴിക്കും. ബാക്കി വന്നാൽ പിറ്റേന്നും. കളയാറില്ല....’’ മേരിയും വിട്ടില്ല.
സ്വന്തം വീട്ടിൽ ആവാം. പക്ഷേ മറ്റൊരിടത്തു ചെല്ലുമ്പോൾ മര്യാദ പാലിക്കണം എന്നു പറയണമെന്ന് എനിക്കും തോന്നി. പക്ഷേ പറഞ്ഞില്ല.
ജീവൻ നിലനിർത്തുന്ന അന്നം ഈശ്വരതുല്യമാണ്. അതിനെ നിന്ദിക്കുന്നത് പാപമല്ലേ? ലോകമെമ്പാടുമുള്ള ദരിദ്രരുടെ മുഴുവൻ വിശപ്പ് മാറ്റാൻ നമുക്കാവില്ല. പക്ഷേ അവരെ ഓർത്ത് ഒന്നും പാഴിൽ കളയാതിരിക്കാൻ നമുക്കാവും. ‘‘ഒരു പിടിച്ചോറിനായ് യാചിച്ചു ദൈവം....’’ എന്നൊരു പാട്ടുപോലുമില്ലേ ? (ഈശ്വരനൊരിക്കൽ വിരുന്നിനു പോയി...ചിത്രം ലങ്കാദഹനം )
മറ്റുള്ളവരുടെ പട്ടിണി മാറ്റാൻ കഴിയില്ലെന്നൊക്കെയുള്ളത് തോന്നലാണ്. കഴിയും. ഒരാളെയെങ്കിലും സഹായിക്കാൻ നമുക്കാവും. നമ്മളത് ചെയ്യുന്നില്ല എന്നേയുള്ളൂ. – ഇത് പറയുന്നത് ഒരു ദിവസം ഒരാൾക്കെങ്കിലും ഭക്ഷണം കൊടുത്തിരുന്ന എന്റെ അമ്മയാണ്. അന്നദാനം മഹാദാനം എന്നല്ലേ ചൊല്ല്. വിശപ്പിന്റെ വിളിയാണ് ഏറ്റവും വലിയ സങ്കടം. വിശന്നു വലഞ്ഞ ഒരാൾക്ക് അന്നം നൽകുമ്പോൾ അയാളുടെ വയറു മാത്രമല്ല നമ്മുടെ മനസ്സും നിറയും.
Content Summary : Kadhaillayimakal Column by Devi. J. S - How to train children not to waste food