ആഘോഷങ്ങൾ തുടരട്ടെ
Mail This Article
ആഘോഷങ്ങൾ കൂടുതൽ ആർഭാടമാക്കുന്നതിലും ചെലവേറിയതാക്കുന്നതിലും ധാരാളിത്തം കാണിക്കുന്നതിലും നമ്മൾ മലയാളികൾ ഇപ്പോൾ ഒന്നാം സ്ഥാനത്തു തന്നെയാണ്. അത് ഏറ്റവും ചെറിയൊരു ആഘോഷമായാൽപ്പോലും .
ഇക്കൂട്ടത്തിൽ എന്നെ ഏറെ അദ്‌ഭുതപ്പെടുത്തിയത് ന്യൂ ജനറേഷൻ കുട്ടികളുടെ പിറന്നാൾ ആഘോഷമാണ്. ഓ അങ്ങനെ പറയരുത്. 'ബർത് ഡേ സെലിബ്രേഷൻ.' എന്നേ പറയാവൂ.
മിക്കവാറും ഹോട്ടലിൽ ആണ് ആഘോഷം. കൂട്ടുകാരാണ് ഒക്കെ ഏർപ്പാടാക്കുന്നത്. അച്ഛനും അമ്മയും ഒന്നും വേണ്ട. വലിയ കുട്ടികളുടെ കാര്യമല്ല ഞാൻ ഈ പറയുന്നത്. ഏഴാം ക്ലാസ്സോ എട്ടാം ക്ലാസ്സോ ആയിട്ടുള്ള, പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള കുട്ടികൾ! കൂട്ടുകാരൊത്തുകൂടി അവർ ഹോട്ടലിൽ എത്തുന്നു. ലഞ്ച് കഴിക്കുന്നു. പിരിയുന്നു. ലഞ്ചിന്റെ ചെലവും പിറന്നാൾ കുട്ടിക്കുള്ള ഗിഫ്റ്റും സ്പോൺസർ ചെയ്യുന്നത് മിക്കവാറും കൂട്ടുകാരാവും. (പണം കൂട്ടുകാരുടെ അച്ഛന്റെയും അമ്മയുടെയും പഴ്സിൽ നിന്ന്) ചിലപ്പോൾ ലഞ്ച് പിറന്നാളുകാരന്റെ അല്ലെങ്കിൽ കാരിയുടെ വക. കൂട്ടുകാർ ഗിഫ്റ്റുകൾ കൊടുക്കും. ഇതൊന്നും ആവശ്യമില്ല എന്ന് മുതിർന്നവർ പറഞ്ഞാൽ കുട്ടികൾ സമ്മതിക്കില്ല. ധിക്കാരവും വാശിയും ഒന്നും കാണിക്കാതെ തന്നെ അവർ മയത്തിൽ പറഞ്ഞ് നമ്മളെ പാട്ടിലാക്കും. ഈ പ്രായത്തിലല്ലേ എൻജോയ് ചെയ്യാൻ പറ്റൂ എന്ന് നമ്മളും സമ്മതിച്ചു പോകും. ഹോട്ടലിൽ ഒക്കെ പോകുന്നതിനോടു ചില മാതാപിതാക്കൾക്കു തീരെ യോജിപ്പില്ല. അതിനും പരിഹാരം കുട്ടികൾ കണ്ടു പിടിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു വീട്ടിൽ കൂടുക. ഏയ് വീട്ടുകാർക്ക് ഒരു പ്രയാസവും അവർ ഉണ്ടാക്കുകയില്ല. ഭക്ഷണമൊക്കെ അവർ തന്നെ പുറത്തു നിന്ന് ഓർഡർ ചെയ്തോളും. സ്ഥലം കൊടുക്കുക. ചിലപ്പോൾ പ്ളേറ്റുകളും ഗ്ലാസുകളും. എന്റെ വീടൊക്കെ ഇത്തരം ആഘോഷങ്ങളുടെ സ്ഥിരം വേദിയാണ്. കാരണം സ്കൂളിന്റെ തൊട്ടടുത്താണ് ഞാൻ താമസിക്കുന്നത്. പകൽ നാലഞ്ചു കുട്ടികൾ വന്നു, കേക്ക് മുറിച്ചു പാട്ടു പാടി, അവർ ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു പോകുന്നതിൽ എനിക്കെന്തു വിരോധം. എന്റെ കൊച്ചുമക്കളുടെ ബർത്ഡേ മാത്രമല്ല അവരുടെ കൂട്ടുകാരുടെ പിറന്നാളും ഇവിടെ കൊണ്ടാടാറുണ്ട്. അൽപ നേരം അവരുടെ കൂടെക്കൂടിയിട്ടു വേണ്ടതൊക്കെ ഒന്ന് ഒരുക്കിക്കൊടുത്തിട്ടു ഞാനങ്ങു മാറും. അവർ അടിച്ചു പൊളിക്കട്ടെന്നേ. താഴത്തെ നില അവരുടെ അരങ്ങ്. മുകളിൽ കൂടി ഒന്നുള്ളത് നല്ലത്. അവർക്കു ഞാൻ ശല്യമാകുകയില്ല, എനിക്കവരും. ഇതൊക്കെ അനുവദിക്കുന്ന അമ്മുമ്മ 'അടിപൊളിയാണ്' എന്ന അഭിനന്ദനം കിട്ടുകയും ചെയ്യും .
അങ്ങനെ മുകളിലത്തെ നിലയിൽ വിശ്രമിക്കുമ്പോൾ ഞാൻ പഴയകാല പിറന്നാളാഘോഷങ്ങൾ ഓർക്കും. എന്റെ കുട്ടിക്കാലത്തു പിറന്നാൾ വളരെ ലളിതമായ ഒരു ആഘോഷമായിരുന്നു. വീട്ടിലുള്ളവർ മാത്രമേ ഉണ്ടാവൂ. രാവിലെ കുളിച്ചു കുറിയിടും. പക്ഷെ പുതിയ ഉടുപ്പൊന്നുമില്ല. ഉച്ചയ്ക്ക് ഒരു പായസം. അതാണ് ആകെയുള്ള ലക്ഷ്വറി. പിന്നെ ഒന്നു കൂടിയുണ്ട്. അന്ന് ഒരു മുട്ടപോലും കഴിക്കാൻ കിട്ടൂല. പരിപൂർണ സസ്യാഹാരം. 'അതെന്താ അങ്ങനെ' എന്ന് ചോദിച്ചാൽ മുതിർന്നവരാരെങ്കിലും പറഞ്ഞു തരും, പിറന്നാൾ ദിവസം ഒരു ജീവിയേയും കൊല്ലാൻ പാടില്ല. തിന്നാൻ പാടില്ല. മുട്ടയും മീനും കോഴിയുമൊക്കെ ജീവികളാണല്ലോ. കേക്ക് മുറിക്കുന്നതും ഹാപ്പി ബർത്ഡേ പാടുന്നതുമൊന്നും ഞങ്ങൾ കേട്ടിട്ടു പോലുമില്ല. അങ്ങനെയങ്ങനെ എത്ര പിറന്നാളുകൾ കഴിഞ്ഞു പോയി.
മക്കളും ഞാനുമായി കോട്ടയത്തു താമസിക്കുമ്പോഴും മക്കളുടെ പിറന്നാളിന് - അതും രണ്ടാളുടെയും ജനനത്തീയതി ഒന്നായതിനാൽ ഒറ്റ ആഘോഷമേയുള്ളു പായസം മാത്രം. സസ്യാഹാരമൊന്നുമല്ല. ഇഷ്ടമുള്ളതെന്തും കഴിക്കും. അപൂർവമായി മകന്റെയോ മകളുടെയോ കൂട്ടുകാർ വന്നാൽ പായസം കൊടുക്കും .
എന്റെ ഏകസഹോദരൻ അല്പം വളർന്നപ്പോൾ അവന്റെ പിറന്നാൾ വീട്ടിൽ ആർഭാടമായി ആഘോഷിക്കാൻ തുടങ്ങി. മൂന്നു പെണ്മക്കളുടെ കൂടെ ഒറ്റ മകൻ. അമ്മയ്ക്ക് അവനോടുള്ള പക്ഷപാതം അതിരറ്റത്തായിരുന്നു. അവന്റെ മൂന്നു കൂട്ടുകാരെ അവൻ ക്ഷണിക്കും. വിഭവസമൃദ്ധമായ ഊണിനൊപ്പം കോഴിക്കറിക്കൂടി ചേർത്ത് ഒരു നോൺ വെജിറ്റേറിയൻ സദ്യ. അല്ലെങ്കിൽ ചിക്കൻ ബിരിയാണി. അതൊക്കെ അവന്റെ ഇഷ്ടം പോലെ അമ്മ സാധിച്ചു കൊടുക്കും. അപ്പോഴും കേക്കും പാട്ടുമൊന്നുമില്ല.
പിന്നീടെപ്പോഴോ ഞങ്ങളും മോഡേൺ ആയി. ഞങ്ങളുടെ വീടുകളിലും കേക്കു വന്നു. ഹാപ്പി ബർത്ഡേ പാട്ടും തുടങ്ങി.
ഫ്ലാറ്റിൽ താമസമാക്കിയതിൽ പിന്നെ ഇവിടെ ഒരു കിഡ്സ് പാർട്ടി നിലവിലുണ്ടായിരുന്നു. ഏതു കുട്ടിയുടെ ജന്മദിനമായാലും ഈ ബിൽഡിങ്ങിലെ എല്ലാ ഫ്ലാറ്റിലെയും എല്ലാ കുട്ടികളെയും ക്ഷണിക്കും. കുട്ടികളെ മാത്രം - ഒരു ചെറിയ പാർട്ടി. പിറന്നാൾ കുട്ടിയുടെ അച്ഛനമ്മമാർ തന്നെയാണ് അത് നടത്തുന്നത്. കുഞ്ഞു കുഞ്ഞു സമ്മാനപ്പൊതികളുമായി കുട്ടികൾ ഓരോരുത്തരായി വന്നു ഫ്ലാറ്റ് നിറയും. സന്തോഷത്തോടെ ആടിപ്പാടി കേക്ക് മുറിച്ച് ഭക്ഷണം കഴിച്ച് അവർ പിരിയും. കുട്ടികളുടെ മാത്രമായ ഒരു ഉത്സവം. അതേ കുട്ടികൾ തന്നെയാണ് കുറച്ചു വളർന്നപ്പോൾ കിഡ്സ് പാർട്ടി, ടീനേജ് പാർട്ടിയായി മാറ്റിയത്. ഫ്ളാറ്റിലെ കൂട്ടുകാരെ വിട്ട് അത് സ്കൂളിലെ കൂട്ടുകാരായി. .
എന്തിനും ഏതിനും കൂട്ടുകാർ മാത്രം മതി, വീട്ടുകാർ വേണ്ട എന്ന മനോഭാവത്തിനോടു ചില മുതിർന്നവർക്കു യോജിക്കാനാവില്ല. 'എന്നാലും ന്റളിയാ' എന്ന സിനിമ കണ്ടിറങ്ങുമ്പോൾ എന്റെ കൂട്ടുകാരി പറഞ്ഞു .'ഈ സിനിമയിലെ ആശയം ശരിയല്ല.'
'അതെന്തേ" ഞാൻ ചോദിച്ചു.
'പ്രേമിക്കാനും, ഒളിച്ചോടാനും കല്യാണം കഴിക്കാനും ഒക്കെ കൂട്ടുകാർ മാത്രം മതി. വീട്ടുകാർ വേണ്ട."
'പ്രേമിക്കാനും ഒളിച്ചോടാനും വീട്ടുകാർ കൂട്ട് നിൽക്കുമോ.? പിന്നെ കല്യാണം. അതു വേണമെങ്കിൽ നടത്താനുള്ള അനുവാദമവർ വീട്ടുകാർക്കു നൽകും", ഞാൻ ആശ്വസിപ്പിച്ചു.
പിറന്നാൾ പാർട്ടികൾ വളർന്നു വളർന്ന് വിവാഹപ്പാർട്ടിയും കൂട്ടുകാർ മാത്രം ചേർന്ന് നടത്തുന്ന കാലം വരുമെന്നോ? കണ്ടറിയണം .
Content Summary: Kadhayillaymakal- Column by Devi JS about New Generation Birthday Celebrations