പ്രതിവിധി വെറുമൊരു വാക്ക്
Mail This Article
ഒന്നും ഒന്നിനും പകരമാവില്ല. അത് കൊണ്ടു തന്നെ പ്രതിവിധികൾ ഫലവത്താകുകയില്ല. ഒരുപാട് ഉദാഹരണങ്ങൾ ഈ വിഷയത്തിൽ നമുക്ക് ചൂണ്ടി കാണിക്കാനാവും.
വളരെ ഇഷ്ടപ്പെട്ട ഒരു സാരി എനിക്ക് നഷ്ടപ്പെട്ടു. മറ്റൊന്ന് വാങ്ങി തന്ന് എന്റെ സങ്കടത്തിനു ഒരു പ്രതിവിധി കണ്ടെത്താൻ ഒരു കൂട്ടുകാരി ശ്രമിച്ചു. പുതിയതൊന്ന് കിട്ടിയതിൽ എനിക്ക് സന്തോഷം തോന്നി എങ്കിലും നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയില്ലല്ലോ. പോയത് പോയതു തന്നെ. പുതിയത് പഴയതിനൊരു പ്രതിവിധിയായില്ല
എന്റെ മകന്റെ ഒരു ബാല്യകാല സുഹൃത്ത് രാജു അഞ്ചു വർഷമാണ് മെഡിസിന് കിട്ടണമെന്ന ആഗ്രഹത്തിൽ എൻട്രൻസ് എഴുതിയത്. എന്നിട്ടോ അഡ്‌മിഷൻ കിട്ടിയോ? ഇല്ല. ഒടുവിൽ എം സി എ യ്ക്ക് ചേർന്നു. നഷ്ടപ്പെട്ട അഞ്ചു വർഷത്തിന് പ്രതിവിധിയായോ? ഇല്ല എന്റെ മകനൊക്കെ അപ്പോഴേയ്ക്ക് ഡിഗ്രി എടുത്ത് ജോലിയായി കഴിഞ്ഞിരുന്നു. അന്നേ വേറെ ഏതെങ്കിലും കോഴ്‌സിന് ചേർന്നിരുന്നെങ്കിൽ ഇപ്പോൾ ജോലിയായേനെ എന്നവൻ സങ്കടപ്പെട്ടു. അഞ്ചു വർഷം പാഴാക്കിയതിന് ഒരു പ്രതിവിധിയായി പുതിയ തീരുമാനത്തെ കരുതാൻ അവനായില്ല.
നന്നായി പഠിക്കുന്ന ഒരു കുട്ടിയ്ക്ക് ഒരു പരീക്ഷയ്ക്ക് കുറച്ചു മാർക്ക് കുറഞ്ഞു പോയി. ആ കുട്ടിയ്ക്ക് വലിയ നിരാശയും സങ്കടവും തോന്നി. അടുത്ത പരീക്ഷയയ്ക്ക് കഠിനാദ്ധ്വാനം ചെയ്തു നല്ല മാർക്ക് വാങ്ങിയാൽ മതി എന്ന് അദ്ധ്യാപകരും രക്ഷകർത്താക്കളും നിർദ്ദേശിച്ചു. പക്ഷേ കഴിഞ്ഞതവണത്തെ കുറഞ്ഞ മാർക്ക് റിപ്പോർട്ട് കാർഡിൽ നിന്ന് മാഞ്ഞു പോകുകയില്ല.. പുതിയ നേട്ടം പഴയ കോട്ടത്തിന് പ്രതിവിധിയാകുന്നില്ല.
എന്റെ മകളുടെ വിവാഹത്തിന് വളരെ അടുപ്പമുള്ള ചിലരെ ഞാൻ ക്ഷണിച്ചില്ല എന്ന പരാതി വന്നു. സത്യത്തിൽ ഞാൻ ക്ഷണക്കത്ത് അയച്ചിരുന്നു. അതെങ്ങനെയോ മിസ്സ് ആയി. അത് തെളിയിക്കാൻ ആവില്ലല്ലോ. ഞാനവരെ മറന്നു പോയി അല്ലെങ്കിൽ ഒഴിവാക്കി എന്നു തന്നെ അവർ കരുതി. അതിനു എന്തു പ്രതിവിധിയാണ് ചെയ്യുക? ഏതായാലും എന്റെ മകന്റെ വിവാഹത്തിന് അവരെ പ്രത്യേകം ഓർത്തു ഞാൻ ക്ഷണിച്ചു. പരിഭവം മറന്ന് (മറന്നോ ആവോ) അവർ വരികയും ചെയ്തു.എന്നാലും ആദ്യത്തേതിന് പ്രതിവിധിയായില്ല എന്നെനിക്കു തോന്നി. കാരണം മകളുടെ വിവാഹം ഞങ്ങൾ നടത്തിയതാണ്. മകന്റെ വിവാഹം വധുവിന്റെ വീട്ടുകാരല്ലേ നടത്തിയത്? വ്യത്യാസങ്ങൾ ഏറെയുണ്ടായിരുന്നു. ഭൂതകാലത്തിലേക്ക് തിരിച്ചു നടന്ന് പറ്റിയ അബദ്ധം ഇനി തിരുത്താനാവില്ല. അതങ്ങനെ തന്നെ നിലനിൽക്കും. പ്രതിവിധിയാവില്ല പിന്നീടുള്ള ഒരു നടപടിയും.
ഈയിടെ ഞാൻ ഒരു പരിപാടിക്കു പോയി. ക്ഷണിച്ചിട്ടു തന്നെയാണ് പോയത്. എന്നാൽ അർഹിക്കുന്ന സ്വീകരണമോ, ആദരവോ എനിക്ക് ലഭിച്ചില്ല. പരിഭവം തോന്നിയില്ല എന്നു പറഞ്ഞാൽ അത് നുണയാണ്. എന്നാലും ക്ഷണിച്ച സുഹൃത്തിനോട് പരാതിയില്ല എന്ന മട്ടിൽ ഞാൻ വിവരം പറഞ്ഞു.
"ഞാൻ ഇതിനു തീർച്ചയായും പ്രതിവിധി ചെയ്തിരിക്കും." എന്നവർ സമാധാനം പറഞ്ഞു.
എങ്ങനെ ? എനിക്ക് ചിരി വന്നു. ഇനി ഒരു പരിപാടിക്ക് എന്നെ അങ്ങേയറ്റം പരിഗണിക്കും എന്നായിരിക്കാം അവർ ഉദ്ദേശിച്ചത്. അത് പ്രതിവിധിയാകുമോ? ഇല്ല ഇത്തവണ എനിക്ക് നേരിട്ട മനസ്താപം അതുകൊണ്ട് ഇല്ലാതാക്കാനാവില്ല.
സ്കൂളിലെ ബാസ്കറ്റ് ബാൾ മത്സരം കണ്ടു കഴിഞ്ഞു വന്ന മിലിയോട് ഞാൻ ചോദിച്ചു.
"തോറ്റോ ?"
"ഉവ്വ്. ഞങ്ങളുടെ ടീം തോറ്റു. "
അവൾ കളിക്കാരിയല്ല. എന്നാലും സ്വന്തം ഹൗസ് തോട്ടത്തിൽ നിരാശയുണ്ട്.
''അടുത്തപ്രാവശ്യം നന്നായി പ്രാക്ടീസ് ചെയ്ത് കളിയ്ക്കാൻ നിങ്ങളുടെ ഹൗസിലെ കളിക്കാരോട് പറയൂ " ഞാൻ ആശ്വസിപ്പിച്ചു.
"എന്നാലും ഈ തോൽവി, തോൽവി തന്നെയല്ലെ? അടുത്ത കളി ജയിച്ചാൽ ഇതിനൊരു പ്രതിവിധി ആവില്ലല്ലോ." അവൾ പറഞ്ഞു.
ജീവിതത്തിലെ ഒരുപാടു കാര്യങ്ങൾ അങ്ങനെയാണ്. പിന്നോട്ടു നടന്ന് തിരുത്താനാവാത്തിടത്തോളം പ്രതിവിധികൾ കൊണ്ട് പരിഹരിക്കാനാവില്ല. എന്നാലും പ്രതിവിധികൾ കണ്ടെത്തുകയല്ലാതെ എന്താണൊരു പോംവഴി?
അങ്ങനെയങ്ങു തീർത്തു പറയാൻ വരട്ടെ. ചിലകാര്യങ്ങളിൽ പ്രതിവിധികൾ ഫലവത്താകാറുണ്ട്.
രോഗത്തിന് മരുന്ന് പ്രതിവിധിയാണ്.
വിശപ്പിന് ആഹാരം പ്രതിവിധിയാണ്.
ദാരിദ്ര്യത്തിന് ധനസഹായം പ്രതിവിധിയാണ്.
ഒരു കൂട്ടുകാരിയുടെ തമാശയോടെ ഞാനിത് ഉപസംഹരിക്കട്ടെ.
"ദേവിയേച്ചി വിവാഹത്തിന് ഒരു പ്രതിവിധിയേ ഉള്ളൂ, ഡിവോഴ്സ്!"
അല്പം ക്രൂരമായ ഒരു തമാശ!
ഇനി ഒരു കാര്യം കൂടി പറയട്ടെ. ഇത് എന്റെ അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ അഭിപ്രായമാണ്. പ്രതിവിധി വെറുമൊരു വാക്കാണ്. അത് ഒന്നിനും പകരമാവില്ല. മറിച്ച് അനുഭവങ്ങൾ ഉള്ളവർ ഉണ്ടാവും. അത് അങ്ങനെ തന്നെ ആയിക്കോട്ടെ