ADVERTISEMENT

'ആമ്പൽപ്പൂവേ അണിയംപൂവേ, നീയറിഞ്ഞോ നീയറിഞ്ഞോ ഇവളെന്റെ മുറപ്പെണ്ണ് മുറപ്പെണ്ണ്.' യേശുദാസ് പാടിയ അതിമനോഹരമായ ആ ഗാനം കേട്ടിട്ടില്ലാത്ത ആരും തന്നെ പഴയ തലമുറയിൽ ഉണ്ടാവില്ല. ഇപ്പോഴത്തെ കുട്ടികൾ ഈ പാട്ട് കേൾക്കാൻ വഴിയില്ല. കേട്ടാൽ തന്നെ അത്യന്തം കാല്പനികമായ ആ ഗാനത്തിന്റെ രാഗമോ അതിലെ പ്രണയസുരഭിലമായ വരികളോ അവർ ആസ്വദിക്കാനും ഇടയില്ല. അഭിരുചികളുടെ കാര്യത്തിൽ തലമുറകൾക്കിടയിലുള്ള വിടവ് വലുതാണ്. അതുപോലെ തന്നെ 'മുറപ്പെണ്ണ്' എന്ന വാക്കും അവർക്കത്ര പരിചിതമല്ല. അതേക്കുറിച്ച് സംശയങ്ങൾ ഉന്നയിച്ച മിലിയ്ക്ക് വളരെ വിശദമായിത്തന്നെ 'മുറപ്പെണ്ണ് - മുറച്ചെറുക്കൻ' ബന്ധങ്ങൾ ഞാൻ വിശദീകരിച്ചു കൊടുത്തു. ഉദാഹരണങ്ങൾ ഞങ്ങളുടെ കുടുബങ്ങളിൽ നിന്നു തന്നെ എടുത്തു കാട്ടിക്കൊടുത്തു. 

"അച്ഛന്റെ പെങ്ങളുടെ മകളും അച്ഛന്റെ അനിയന്റെ മകളും ഒരുപോലെ കസിൻസ് അല്ലേ? പിന്നെങ്ങനെയാണ് ഒന്ന് മുറപ്പെണ്ണാവുക?" ന്യായമായ സംശയം. അങ്ങനെ ആലോചിച്ചാൽ ശരി തന്നെയാണ്. പക്ഷെ കേരളത്തിൽ ഹിന്ദുക്കളുടെ ഇടയിൽ പണ്ട് പണ്ടേ നിലനിന്നിരുന്ന ഒരു രീതിയാണത്. അമ്മാവന്റെ മകൾ അല്ലെങ്കിൽ മകൻ, അച്ഛന്റെ   പെങ്ങളുടെ മകൾ അല്ലെങ്കിൽ മകൻ, അവരെ മറ്റു കസിനെപ്പോലെ - അമ്മയുടെ സഹോദരിയുടെ മക്കൾ, അച്ഛന്റെ സഹോദരന്റെ മക്കൾ - സഹോദരങ്ങളായി കരുതിയിരുന്നില്ല .അവരുമായി വിവാഹമാവാം. അത് 'മുറ'യാണ്.

ഈ ആചാരം എന്ന് തുടങ്ങി എന്നറിയില്ല. എന്നാലും ഒരു നൂറു വർഷത്തിലേറെ പിറകോട്ടുള്ള കാര്യങ്ങൾ എന്റെ അമ്മയും അമ്മൂമ്മയുമൊക്കെ  അവരുടെ ഓർമകളിൽ നിന്ന് എനിക്കു പറഞ്ഞു തന്നിട്ടുണ്ട്. അന്നൊക്കെ കുടുംബത്തിൽ ഒരു പെണ്ണോ പയ്യനോ വിവാഹപ്രായമെത്തിയാൽ 'മുറ'യിൽ ചേരുന്നവരുണ്ടെങ്കിൽ അതേ നടത്തൂ. പുറത്തു വിവാഹമാലോചിക്കുന്ന പ്രശ്‍നമേയില്ല. കുട്ടികളായിരിക്കുമ്പോൾ തന്നെ പറഞ്ഞു വയ്ക്കുന്ന രീതിയുമുണ്ടായിരുന്നു. അത് കേട്ട് വളരുന്ന കുട്ടികളുടെ മനസ്സിലും അത് തന്നെ പതിയും. 'ഇവൾ എന്റെ മുറപ്പെണ്ണാണ്, എനിക്ക് പറഞ്ഞു വച്ചിരിക്കുന്നവൾ. ഇവൻ എന്റെ മുറച്ചെറുക്കനാണ്. വലുതാകുമ്പോൾ ഞാൻ അവനെ വിവാഹം കഴിക്കും.' കുട്ടികളുടെ മനസ്സിൽ പ്രേമം ഉണ്ടാവാനും മുതിർന്നവരുടെ ഈ പറഞ്ഞു വയ്ക്കൽ ഇടയാക്കാറുണ്ട്.

സ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകാതിരിക്കാനാണ് പണ്ടത്തെ കാരണവന്മാർ ഇങ്ങനെ ഒരു ഏർപ്പാടുണ്ടാക്കിയതെന്ന് എന്റെ അമ്മൂമ്മ പറയുമായിരുന്നു. കുടുംബത്തിലെ ഒരു പെൺകുട്ടിയെ പുറത്തൊരു തറവാട്ടിലേക്ക് വിവാഹം ചെയ്തു കൊടുത്താൽ അവളുടെ സ്വത്തുക്കൾ അവിടേയ്‌ക്ക്‌ പോവുകയില്ലേ? സ്ത്രീധന സമ്പ്രദായം അന്നില്ലെങ്കിലും പെൺകുട്ടികൾക്കും ഓഹരിയുണ്ട്. അത് വേറൊരുത്തന്റെ കയ്യിലാവുകയില്ലേ? അത് പോലെ കാരണവരുടെ മകൻ വിവാഹം കഴിക്കുന്നത്  ആ കാരണവരുടെ സഹോദരിയുടെ മകളെയാണെങ്കിൽ   സ്വത്ത് പുറത്തു പോവുകയില്ലല്ലോ. ചുരുക്കത്തിൽ തറവാടിനകത്തു തന്നെ കൂടിക്കുഴഞ്ഞു കിടക്കുക. സ്വത്തുക്കൾ അന്യർ കൈക്കലാക്കി എന്ന വിഷമവുമില്ല.

"കസിൻ മാരിയേജസ് ഇപ്പോഴുമുണ്ടോ?" വീണ്ടും കുട്ടിയുടെ സംശയം. "അപൂർവമായി ഇപ്പോഴും നടക്കാറുണ്ട്" ഞാൻ പറഞ്ഞു. കാലം പുരോഗമിച്ചപ്പോൾ ഒരേ കുടുംബത്തിലുള്ളവർ തമ്മിൽ കല്യാണം കഴിക്കാൻ ചെറുപ്പക്കാർ മടിച്ചു തുടങ്ങി. സഹോദരിയെപ്പോലെ, സഹോദരനെപ്പോലെ കണ്ടിരുന്നവർ എങ്ങനെയാണ്  ഭാര്യാഭർത്താക്കന്മാരാവുക, എന്ന ചിന്ത യുവതലമുറയ്ക്കുണ്ടായി. എന്നാലും ഈ അടുത്തകാലം വരെ അത്തരം വിവാഹങ്ങൾ നടന്നിട്ടുണ്ട്.

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം അഭികാമ്യമല്ല. കാരണം അടുത്ത തലമുറയ്ക്ക് ആരോഗ്യപ്രശ്നങ്ങളും കുറവുകളും ഉണ്ടാകാനിടയുണ്ട് എന്ന് ഡോക്ടർമാരും പറയുന്നുണ്ട്. ഇത്തരം ദമ്പതികൾക്കുണ്ടാവുന്ന കുട്ടികൾക്ക് ബുദ്ധിമാന്ദ്യം, ഓട്ടിസം, ശാരീരികവൈകല്യങ്ങൾ എന്നിവ ഉണ്ടാവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഇതിനെക്കുറിച്ച് ഒരു ചർച്ച നടക്കുമ്പോൾ എന്റെയൊരു കൂട്ടുകാരി പ്രതികരിച്ചു. പേരുകേട്ട ഒരു പുരാതന തറവാട്ടിലെ അംഗമാണവർ. അവിടെ എത്രയോ തലമുറകളായി 'മുറ'  നോക്കിയുള്ള വിവാഹങ്ങളാണ് നടന്നിട്ടുള്ളത്. അവരുടെ കുട്ടികൾക്ക് ഒരു കുറവുമില്ല. അവർ ഉദാഹരണങ്ങളും നിരത്തി.

"എന്നു  പറയാനാവില്ല. എല്ലാവരെയും നമുക്കറിയില്ലല്ലോ. ഇടയിലെവിടെയെങ്കിലും ആർക്കെങ്കിലും തകരാറുകൾ സംഭവിച്ചിട്ടുണ്ടാകാം. പണ്ട് കാലത്ത് എട്ടും പത്തും മക്കളുള്ള വീടുകളിൽ മിക്കവാറും കാണും ഒരു മന്ദബുദ്ധി അല്ലെങ്കിൽ ഭിന്നശേഷിക്കാരനോ?" ഡോക്ടർ വിശദീകരിച്ചു.  

അച്ഛന്റെ പെങ്ങളുടെ മക്കളായാലും അമ്മയുടെ ആങ്ങളയുടെ മക്കളായാലും അവർ സഹോദരങ്ങൾ തന്നെയല്ലേ? മറ്റു കസിൻസുമായി എന്ത് വ്യത്യാസമാണുള്ളത്. ചർച്ചയ്ക്കിടയിൽ പുതിയ തലമുറ  വീണ്ടും ചോദിക്കുന്നു.  ശരിയാണ്   എന്നാലും ഒരു പത്തിരുപതു കൊല്ലം മുൻപ് വരെ കസിൻ മാര്യേജസ് സാധാരണമായിരുന്നു. എനിക്ക് പരിചയമുള്ള ശങ്കർ എന്ന യുവാവ്  വിവാഹം കഴിച്ചത് അവന്റെ അച്ഛൻപെങ്ങളുടെ മകൾ രമ്യയെയാണ്. അവർ തമ്മിൽ പ്രേമമായിരുന്നത്രെ. അവർക്കു കുട്ടിയുണ്ടാവാൻ വൈകിയപ്പോൾ   രക്തബന്ധമുള്ളവർ തമ്മിൽ വിവാഹം കഴിച്ചിട്ടാണ് എന്ന്  വീട്ടുകാരും നാട്ടുകാരും മാത്രമല്ല ഡോക്ടർമാർ വരെ വിധിയെഴുതി. വർഷങ്ങൾ കാത്തിരുന്നുണ്ടായ ആൺകുട്ടിക്ക്   തകരാറൊന്നുമില്ല എന്നറിഞ്ഞപ്പോഴാണ് ഇരു വീട്ടുകാർക്കും സമാധാനമായത്.

എന്റെ സുഹൃത്തിന്റെ മകൾ ഉഷയെ അയാൾ വിവാഹം കഴിപ്പിച്ചത് സ്വന്തം അനന്തിരവൻ സതീഷിനെക്കൊണ്ടാണ്. അവരുടെ ആദ്യത്തെ   കുട്ടിക്ക് ബുദ്ധിയിലും ആരോഗ്യത്തിലും രൂപത്തിലും ഒക്കെ അല്പം അപാകതയുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികൾ തികച്ചും നോർമൽ ആണു  താനും. ഒരു ബന്ധവും പരിചയവും ഇല്ലാത്ത കുടുംബങ്ങളിൽ നിന്ന് ജാതിയും ജാതകവും നോക്കി വിവാഹിതരായവർക്കും ഓട്ടിസം , സാമാന്യാതീതമായ ഊർജ്വ സ്വലത എന്നിവയുള്ള  കുട്ടികൾ ഉണ്ടാവാറുണ്ടല്ലോ . അങ്ങനെ നോക്കിയാൽ  ഇത്തരം വിവാഹങ്ങൾ പാടില്ലെന്നോ ,കുഴപ്പമില്ലെന്നോ ഒരു തീരുമാനം പറയാനാവില്ല  ഇനി മുറബന്ധത്തിൽ വിവാഹം കഴിച്ച ഒരു കൂട്ടുകാരി അതിന്റെ ഗുണഗണങ്ങൾ പറയുന്നത് കേൾക്കൂ. 

"പണ്ടേ തമ്മിൽ അറിയുന്നവർ. വീട്ടുകാർ ഏറ്റവും വേണ്ടപ്പെട്ടവർ. രീതികൾ, ആചാരങ്ങൾ, എന്തിന് പാചകം പോലും വ്യത്യസ്തമല്ല. പിന്നെ ഏറ്റവും വലിയ ഗുണം എന്താണെന്നോ? എത്ര ദേഷ്യം വന്നാലും എന്റെ തന്തയ്ക്കു പറയാറില്ല. കാരണം എന്റെ അച്ഛൻ പുള്ളിയുടെ അമ്മാവനല്ലേ? കുറ്റം പറയാൻ പറ്റുമോ?" ആ ചർച്ച ചിരികളിൽ അവസാനിച്ചു. 

Kadhayillaymakal Column About Marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com