ADVERTISEMENT

നമ്മൾ എല്ലാവർഷവും കേൾക്കുന്ന ഏറ്റവും വലിയൊരു തമാശയാണ് പുതുവർഷം  വരുമ്പോൾ  ചിലർ എടുക്കുന്ന തീരുമാനങ്ങൾ ! തീരുമാനങ്ങൾ എപ്പോൾ വേണമെങ്കിലും എടുക്കാമല്ലോ. അതിന്  ഒരു പുതു വർഷം  പിറക്കാൻ കാത്തിരിക്കണോ? എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാതിരിക്കാനും പ്രത്യേകിച്ചൊരു ദിവസമൊന്നും വേണ്ട. എന്നാലും പുതുവർഷത്തിലെ ഏറ്റവും കാലാതീതമായ പാരമ്പര്യങ്ങളിലൊന്ന് തീരുമാനങ്ങൾ എടുക്കുക എന്നതാണ്. 

പുതുവത്സരം എത്തും മുൻപേ തുടങ്ങും പ്രതിജ്ഞകൾ ഫേസ്ബുക്കിലും വാട്ട്സാപ്പിലും പിന്നെ ബാക്കി എവിടെയെല്ലാം പറ്റുമോ അവിടെയെല്ലാം.

'ഞാൻ നന്നാകാൻ തീരുമാനിച്ചു'. (അപ്പോൾ ഇതുവരെ മോശമായിരുന്നോ?)

'ഞാൻ കുറച്ചു ദിവസം സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കാൻ നിശ്ചയിക്കുന്നു. (വളരെ നല്ല കാര്യം.)      

'സൗഹൃദങ്ങളെ ഉപേക്ഷിച്ചാലോ എന്നാലോചിക്കുന്നു.' (നിങ്ങൾ ഉപേക്ഷിച്ചതതു കൊണ്ട് അവർ ആത്മഹത്യയൊന്നും ചെയ്യുകയില്ല.)

'ഞാൻ കല്യാണം കഴിക്കണ്ട എന്ന് തീരുമാനിക്കുന്നു. (അത് ഒരു വ്യത്യസ്തമായ തീരുമാനം തന്നെ. എല്ലാവരും കല്യാണം കഴിക്കാനല്ലേ തീരുമാനിക്കുക.) 

ഇതെല്ലാം തന്നെ മിക്കവാറും ഒരു തമാശപറച്ചിലാണ്. ഈ തമാശ കേട്ട് ചിരിയൊന്നും വന്നില്ലെങ്കിലും ലൈക്കും കമന്റുമൊക്കെ ഇടും നമ്മൾ അവിടെ തീർന്നു തീരുമാനവും അത് നടപ്പിലാക്കലും. ഇനി  ചില ഗൗരവമുള്ള തീരുമാനങ്ങൾ കേൾക്കാം.

'ജനുവരി ഒന്നാം തീയതി ഞാൻ കുടി നിർത്തുന്നു.' ഇത് ചില മദ്യപാനികളുടെ പുതുവത്സര തീരുമാനമാണ്. യഥാർത്ഥത്തിൽ മിക്കവരും അത് ദൃഢമായി ആഗ്രഹിക്കുന്നു എന്നതാണ് സത്യം. പക്ഷെ മിക്കവാറും അവർക്കതു കഴിയാറില്ല. ആസക്തി അത്ര ശക്തമായ ഒരു ദുശ്ശീലമാണ്. 

എല്ലാ  ജനുവരി ഒന്നാം തീയതിയും ഇനി കുടിക്കില്ല, വലിക്കില്ല എന്നൊക്കെ ശപഥമെടുക്കുന്ന ചില അയൽവാസികൾ ഞങ്ങൾക്കുണ്ടായിരുന്നു. 

ഡിസംബർ മുപ്പത്തി ഒന്നിന് കുടിക്കാവുന്നതിന്റെ പരമാവധി കുടിച്ചിട്ടാവും അവർ  ഈ തീരുമാനം പ്രഖ്യാപിക്കുന്നത്. അവരുടെ വീട്ടുകാർ ഇത് കേട്ട് ചിരിക്കുന്നത് ഞങ്ങൾ എത്രയോ തവണ കേട്ടിട്ടുണ്ട് . ''വർഷങ്ങളായി കേൾക്കുന്നതല്ലേ, ഒരു പുതുമയുമില്ല.' എന്നാണ് അവരുടെ ഭാര്യമാർ പറയാറുള്ളത്. 'അച്ഛൻ (അത് അപ്പയോ പപ്പയോ ഡാഡിയോ ആവാം) ഒരാഴ്ച പിടിച്ചു നിന്നാൽ മഹാത്ഭുതം' എന്നാണ് അവരുടെ കുട്ടികൾ പറയുക.

ഇങ്ങനെ എല്ലാക്കൊല്ലവും പുതുവർഷപ്പുലരിയിൽ ഒരു ശപഥമെടുത്തെടുത്ത് ഈ  മദ്യപാനികൾ  ലിവർ സിറോസിസ് പിടിപെട്ട് മരിച്ചു.     

(എനിക്ക് പരിചയമുള്ള കുടിയന്മാരെക്കുറിച്ചാണ് ഞാൻ പറയുന്നത് . ബാക്കിയുള്ള കുടിയന്മാർ ക്ഷമിക്കണം. ഇത് നിങ്ങളെക്കുറിച്ചല്ല.)

പ്രതിജ്ഞ എടുത്തിട്ട് പൂർണമായും കുടിയും വലിയും കളിയുമൊക്കെ നിർത്തിയവർ ഉണ്ടെന്ന് സന്തോഷത്തോടെ ഓർക്കുന്നു. 

മദ്യത്തോടു മാത്രമല്ല മനുഷ്യന് ആസക്തി. ചിലർക്ക് ചീട്ടുകളിയോടാണ് ഭ്രമം. ചീട്ടുകളിച്ചു ഒരു പാടു നഷ്ടം വരുമ്പോൾ ഇവരും കുടുംബത്തെ   ആശ്വസിപ്പിക്കുന്നത് 'നാളെ ന്യൂ ഈയർ അല്ലേ, നാളെ  മുതൽ കളിക്കില്ല' എന്ന് ശപഥമെടുത്തു കൊണ്ടാണ്. എന്നാൽ ആ കൃത്യസമയത്ത് കാറിറക്കി അവർ  ക്ലബ്ബിലേക്ക് പോകും. അങ്ങനെ കുത്തു പാളയെടുത്തവർ എത്ര!   

മയക്കുമരുന്നിനും കഞ്ചാവിനുമൊക്കെ അടിമയായി പോകുന്നവർ അത് നിർത്താൻ ഒരു തീരുമാനമെടുക്കാൻ പോലുമാവാതെ ആസക്തിയിൽ ആണ്ടു  പോകും. പിന്നെയല്ലേ തീരുമാനം ലംഘിക്കുന്ന കാര്യം! ഒരു സുഹൃത്തിനെയെങ്കിലും ആ ദുരന്തത്തിൽ നിന്ന് രക്ഷിക്കാൻ ആരുടെയെങ്കിലും ഒരു പുതുവർഷ പ്രതിജ്ഞ ഉതകിയെങ്കിൽ എന്നാശിച്ചു പോകുന്നു.

ഇങ്ങനെ ശപഥങ്ങൾ എടുക്കുന്നവരോട് വിവരമുള്ളവർ പറയുന്നത് കേട്ടിട്ടില്ലേ? പാലിക്കാൻ പറ്റുമെങ്കിൽ മാത്രം വീമ്പിളക്കിയാൽ മതി. സ്വയം വിഡ്ഢിയാവാനും മറ്റുള്ളവരുടെ പരിഹാസത്തിനു പത്രമാകാനും ഇടകൊടുക്കുന്നതെന്തിന്?

പ്രതിജ്ഞ എടുത്തിട്ട് പൂർണമായും കുടിയും വലിയും കളിയുമൊക്കെ നിർത്തിയവർ ഉണ്ടെന്ന് സന്തോഷത്തോടെ ഓർക്കുന്നു. 

2024നുള്ള പുതുവത്സരാശംസകളോടൊപ്പം നമുക്ക് മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന ഒരുപാട് പ്രതിജ്ഞകൾ കൂടി കണ്ടെത്താം. ഏതാനും ചിലതേ ഇവിടെ പറയുന്നുള്ളു. ബാക്കി ഓരോരുത്തരും സ്വയം തിരഞ്ഞെടുക്കേണ്ടതാണ്.

എല്ലാ ദിവസവും കുറച്ചു സമയം വ്യായാമം ചെയ്യുക. വെളുപ്പിന് നടക്കാൻ പോവുക എന്നത് വളരെ നല്ല കാര്യമാണ്. (കുറച്ചു ദിവസം കഴിയുമ്പോൾ വെളുപ്പാൻകാലത്തെ മഞ്ഞും കുളിരും അല്ലെങ്കിൽ മഴയും തണുപ്പും കൂടി വന്ന്  പുതച്ചു മൂടിക്കിടത്തി ഉറക്കിക്കളയരുത്)

പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തി, അന്നജം ,കൊഴുപ്പ്, മസാലകൾ ഒക്കെ കൂടുതലുള്ളവ കുറയ്ക്കുക.( ചില അവസരങ്ങളിൽ കഴിച്ചു പോകും എന്നാലും കഴിയുന്നതും ശ്രമിക്കുക )

ജങ്ക് ഫുഡ് എന്തായാലും ഉപേക്ഷിക്കണം. മധുരം, ഉപ്പ്, എരിവ്, മാംസാഹാരം ഇതൊക്കെ കഴിയുന്നത്ര കുറയ്ക്കുക (കൊതി വന്നാൽ എന്ത് ചെയ്യും എന്ന് ചോദിക്കരുത്.)

എല്ലാ ദിവസവും കുറേശ്ശേ വായിച്ച് ഒരു മാസത്തിൽ ഒരു പുസ്തകം വായിച്ചു തീർക്കുക. (മടിക്കരുത്. ബോറടിക്കുന്നു എന്ന് തോന്നിയാൽ മറ്റൊരു പുസ്തകം എടുക്കാം.)

മെഡിറ്റേഷൻ, യോഗാ, ഇതൊക്കെ പരിശീലിക്കാം. (ആദ്യം കുറച്ച് പ്രയാസം തോന്നും, എന്നാലും  പതിവായി ചെയ്യണം. മനസ്സിനും ശരീരത്തിനും അയവു ലഭിക്കും.)

ധാരാളം വെള്ളം കുടിക്കുക (പല അസ്വാസ്ഥ്യങ്ങളിൽ നിന്നും രക്ഷനേടാം. മറന്നു പോയി എന്ന് പറയരുത്)

പ്രാർത്ഥന ഒരു ശീലമാക്കുക. (ദൈവവിശ്വാസമുണ്ടെങ്കിൽ മനസ്സിന് കരുത്ത് ലഭിക്കും. ഒരു മതത്തിലും പെടാത്ത പ്രാർത്ഥനകൾ ഉണ്ട്  എന്ന് മനസിലാക്കുക) 

നന്നായി ഉറങ്ങുക. (ഉറക്കം വരാനായി ഒരുപാട് പ്രയോഗങ്ങൾ ഉണ്ട്. മനസ്സിനും ശരീരത്തിനും ഉറക്കത്തിലും വലിയ വിശ്രമമില്ല.)

ടി വി കാണുന്നതും ഫോണിൽ ഒരുപാടു സമയം നോക്കിയിരിക്കുന്നതും കുറയ്ക്കുക. (അയ്യോ സീരിയൽ, കൂട്ടുകാരുടെ ചാറ്റ് എന്നൊക്കെ പറഞ്ഞ് സമയം കളയല്ലേ?)

ഒരു ശുഭചിന്ത വളർത്തിയെടുക്കുക. (ജീവിതത്തിൽ പ്രശ്നങ്ങളും ദുഃഖങ്ങളും സാധാരണം.. അവയിൽ നിന്ന് മോചനം അസാധ്യമെന്നു കരുതി ദുർമുഖം കാണിക്കുന്നത് ഒന്നിനും പരിഹാരമല്ല.)

ഉപദേശമല്ല. അനുഭവത്തിൽ നിന്ന് പറയുന്നതാണ്.

'എന്താണ് ഈ വർഷത്തെ ന്യൂ ഈയർ റെസലൂഷൻ?' എന്റെ കുട്ടിക്കൂട്ടത്തോട് ഞാൻ ചോദിച്ചു.

'ഒരു മരണപഠിത്തം തുടങ്ങും. മോഡൽ എക്സാമുകൾ, സിബിഎസ്‍സി എക്സാം ഒക്കെ വരികയല്ലേ?' ഒരാൾ പറഞ്ഞു. ബാക്കിയുള്ളവർ തലകുലുക്കി യോജിച്ചു.

'ആട്ടെ  എത്രപേർ ഈ തീരുമാനം നടപ്പിലാക്കും? എന്നിലെ ടീച്ചർ ചോദിച്ചു.

അവർ എല്ലാവരും ഒരുമിച്ചു കൈ പൊക്കി.  അതാണ് സ്പിരിറ്റ്‌! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com