അമ്മയെപ്പറ്റി

suprabhat-shutterstock-amma
Representative image. Photo Credit: suprabhat/Shutterstock.com
SHARE

മാതൃദിനമൊക്കെ കഴിഞ്ഞതല്ലേ, മറ്റെന്തിനെക്കുറിച്ചാണ് എഴുതുക! അല്ലെങ്കിൽ തന്നെ അമ്മയെപ്പറ്റി എഴുതാത്തവരുണ്ടോ? ഇല്ല. അമ്മ ജീവിച്ചിരിക്കുമ്പോഴായാലും, അമ്മ ഇല്ലാത്തൊരു കാലത്തായാലും അമ്മ ഒരു നിറ  സാന്നിദ്ധ്യമാണ്. വെയിലുപോലെ, മഴ പോലെ, നിലാവുപോലെ നമ്മളെ പൊതിയുന്നൊരോർമ്മ! സന്തോഷത്തിലായാലും വേദനയിലായാലും സങ്കടത്തിലായാലും ഉറക്കെ വിളിച്ചു പോകുന്നത് 'എന്റെ അമ്മേ' എന്നല്ലേ? എന്റെ അമ്മ മരിച്ചപ്പോൾ 'പകരം വയ്ക്കാനില്ലാതെ' എന്ന് അമ്മയെപ്പറ്റി ഒരു ലേഖനം ഞാൻ എഴുതിയിരുന്നു. ഇപ്പോൾ  ഇതെഴുതാൻ കാരണം  ഈ വർഷം, ഈ മാസം ഇരുപത്തിരണ്ടിന് അമ്മ ഞങ്ങളെ വിട്ടുപോയിട്ട് പതിന്നാലു വർഷം  തികയുന്നു. വർഷങ്ങളുടെ കാര്യത്തിൽ പതിന്നാല് ഒരു പ്രധാന സംഖ്യയാണെന്ന് എനിക്ക് തോന്നാറുണ്ട്. ജീവപര്യന്തം തടവ് പതിന്നാല് വർഷം എന്നല്ലേ വയ്പ്. ശ്രീരാമന്റെ വനവാസം പതിന്നാലു വർഷമായിരുന്നില്ലേ? എന്ത് പറയാൻ, ഈ ദേവി ദാമ്പത്യത്തിന്റെ കഠിന തടവ് അനുഭവിച്ചതും പതിന്നാലു വർഷം തന്നെ. മലയാറ്റൂർ രാമകൃഷ്ണന്റെ അതിമനോഹരമായ ഒരു ചെറുകഥയുണ്ട്, 'പതിന്നാലു വർഷങ്ങൾ.' ചരിത്രത്തിലും പുരാണങ്ങളിലും ചികഞ്ഞാൽ പതിന്നാലു വർഷങ്ങൾ പിന്നെയും കണ്ടേക്കാം. അതവിടെ നിൽക്കട്ടെ. അമ്മയോർമ്മകളെക്കുറിച്ചല്ലേ പറഞ്ഞു വന്നത്!

'അമ്മേ' എന്ന് ശബ്ദമില്ലാതെ മനസ്സിൽ വിളിച്ചാലും അമ്മ അത് കേൾക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ദിവസത്തിൽ എത്ര പ്രാവശ്യമാണെന്നോ ഞാൻ 'എന്റെ അമ്മേ' എന്ന് ഒരു നെടുവീർപ്പിനൊപ്പം വിളിക്കുന്നത്! അമ്മയെ ഓർക്കാതെ, അമ്മയെപ്പറ്റി എന്തെങ്കിലും ആരോടെങ്കിലും പറയാതെ ഒരു ദിവസവും എന്റെ ജീവിതത്തിൽ ഉണ്ടാവുന്നില്ല. അമ്മയുടെ സാന്നിദ്ധ്യം  ഞാൻ ഇത്രമാത്രം അനുഭവിച്ചറിയുന്നുണ്ടോ എന്ന് ഞാൻ തന്നെ അതിശയിക്കാറുണ്ട്.

എന്നുവെച്ച് എന്റെ അമ്മ ലോകത്തിലെ ഏറ്റവും നല്ല അമ്മയോ ഞാൻ ഏറ്റവും നല്ല മകളോ അല്ല. ഒരു സാധാരണ അമ്മ! വിദ്യാസമ്പന്നയും ഉദ്യോഗസ്ഥയും ആയിരുന്നതു കൊണ്ട് അതിന്റെ ഗുണങ്ങൾ ഞങ്ങൾ മക്കൾക്കുണ്ടായിരുന്നു. മിക്ക കാര്യങ്ങളിലും അമ്മ വളരെ സ്‌ട്രിക്‌റ്റ് ആയിരുന്നു. നല്ല അനുസരണ വേണം,  ധിക്കാരം പാടില്ല,പഠിത്തത്തിൽ ശ്രദ്ധ വേണം ഇതെല്ലം അമ്മ നിഷ്ക്കർഷിച്ചിരുന്നു. നല്ല ശകാരവും ഇടയ്‌ക്കൊക്കെ നല്ല അടിയും അമ്മ തന്നിരുന്നു. അന്നത്തെക്കാലത്ത് അതൊക്കെ പതിവാണ്. ഇപ്പോഴല്ലേ മക്കളെപ്പോലും ശാസിക്കാനോ ശിക്ഷിക്കാനോ പാടില്ലാത്തത് അമ്മയുമായി ഞാൻ തർക്കിക്കുകയും വഴക്കിടുകയും ഒക്കെ ഉണ്ടായിട്ടുണ്ട്. ഇണക്കവും പിണക്കവും അപൂർവമായിരുന്നില്ല. എന്നാലും എന്റെ അമ്മ , ഞാൻ അമ്മയുടെ മകൾ  ആ ചിന്തയ്ക്കു മങ്ങൽ ഇല്ല.   

എന്റെ ജീവിതത്തിൽ ദുരന്തങ്ങൾ നേരിട്ടപ്പോഴൊക്കെ അമ്മയും അച്ഛനും ഒപ്പമുണ്ടായിരുന്നു. അച്ഛൻ പോയപ്പോൾ വലിയ സങ്കടമായി, എങ്കിലും അമ്മയുണ്ടല്ലോ എന്നത് വലിയ ആശ്വാസമായിരുന്നു. അമ്മയുടെ കൂടെ ഞാൻ കുറേനാൾ താമസിക്കുകയും ചെയ്തിരുന്നു. അന്ന് അമ്മ നന്നേ വയസ്സായി. ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. എന്നിട്ടും എന്റെ കാര്യങ്ങളിൽ അമ്മ കാണിച്ചിരുന്ന ശ്രദ്ധ എന്നെ വളരെ സന്തോഷിപ്പിച്ചിരുന്നു. അമ്മ കൂടി പോയതോടെയാണ് അനാഥയായി എന്ന തോന്നലുണ്ടായത്.കാരണം അതുപോലെ ഇനി എന്നെ ശ്രദ്ധിക്കാൻ ആരാണുള്ളത്, എന്റെ വരവ് കാത്തിരിക്കാൻ, എന്റെ സാന്നിദ്ധ്യത്തിൽ സന്തോഷിക്കാൻ ! അമ്മ പോയതിൽ പിന്നെയും മനസ്സ് നോവുന്ന സന്ദർഭങ്ങളിൽ അമ്മയെ വല്ലാതെ ഓർക്കുകയും അമ്മ കൂടെയുണ്ട് എന്ന് ആശ്വസിക്കുകയും ആ സാന്നിദ്ധ്യ ഞാൻ  അനുഭവിച്ചറിയുകയും  ചെയ്തിട്ടുണ്ട്.

അച്ഛന്റെയും എന്റെയും പരന്ന വായനയെ അമ്മ  അഭിനന്ദിച്ചിരുന്നു. അമ്മ അത്രയധികം വായിക്കാറില്ല. എന്നാലും എന്റെ കഥകളുടെ ഏറ്റവും വലിയ ആരാധികയായിരുന്നു അമ്മ. അമ്മയുടെ പ്രേരണ മൂലമാണ് ഞാൻ എന്റെ കുറെ ചെറുകഥകൾ സമാഹരിച്ച് ഹരിതം ബുക്സിന് അയച്ചു കൊടുത്തത്. 'ഒരു പുസ്തകമിറങ്ങുന്നത് നിനക്കും അവർക്കും നല്ലതല്ലേ' എന്നാണ് അമ്മ അന്ന് പറഞ്ഞത്. പക്ഷേ ആ പുസ്തകം ഇറങ്ങിയത് അമ്മ പോയി പത്തു  വർഷത്തിന് ശേഷമാണ് . -ദേവിയുടെ തെരഞ്ഞെടുത്ത കഥകൾ!  അത് കാണാൻ അമ്മ ഉണ്ടായിരുന്നില്ല . ഏതോ ലോകത്തിരുന്നു അമ്മ സന്തോഷിച്ചിട്ടുണ്ടാവും എന്നെ അഭിനന്ദിച്ചിട്ടുണ്ടാവും എന്നു  തന്നെ ഞാൻ കരുതുന്നു.

പഴയ മലയാള സിനിമാഗാനങ്ങൾ അമ്മയ്ക്ക് വലിയ ഇഷ്ടമായിരുന്നു.ആ പാട്ടുകൾ വീണ്ടും വീണ്ടും കേട്ട് ആസ്വദിച്ചിരുന്നു. അതിനായി ഒരു ചെറിയ റേഡിയോ സൂക്ഷിച്ചിരുന്നു. ഇന്നും ആ പാട്ടുകൾ കേൾക്കുമ്പോൾ എനിക്ക് വല്ലാത്തൊരു നൊമ്പരം അനുഭവപ്പെടും. അമ്മയുടെ പാട്ടുകൾ! ഏറ്റവും നല്ല വരികളും അതിലും നല്ല ട്യൂണും ഉള്ള വളരെ റൊമാന്റിക് ആയ പാട്ടുകളാണ് എൺപതു വയസ്സിലും അമ്മ കേട്ട് രസിച്ചിരുന്നത്. വിചിത്രമായ ഒരനുഭൂതിയാണ് ഇന്ന് ആ പാട്ടുകൾ കേൾക്കുമ്പോൾ എനിക്ക് കിട്ടുന്നത്.

അമ്മ പോയി വർഷങ്ങൾക്ക് ശേഷമാണു എന്റെ മകന് അപകടം ഉണ്ടായത്. അമ്മ നേരത്തെ പോയത് നന്നായി എന്നാണ് എനിക്കപ്പോൾ തോന്നിയത്. അല്ലെങ്കിൽ അമ്മയ്ക്കതു താങ്ങാനാവുമായിരുന്നില്ല.അവൻ ദീർഘകാലം കിടപ്പിലായിരുന്നതും അമ്മ അറിഞ്ഞില്ല. നല്ലത് എന്ന് ചിന്തിക്കുമ്പോഴും നിശബ്ദമായി അമ്മയെ വിളിച്ചു ഞാൻ തേങ്ങിയിരുന്നു. മകന്റെ മരണവാർത്ത കേട്ടപ്പോഴും 'എന്റെ അമ്മേ' എന്ന് വിളിച്ചാണ് ഞാൻ ഉറക്കെ നിലവിളിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും 'എന്റെ മോൻ പോയല്ലോ അമ്മേ' എന്ന് ഞാൻ ശബ്ദമില്ലാതെ പറഞ്ഞു സങ്കടപ്പെടാറുണ്ട്. അവൻ എനിക്ക് നഷ്ടമായെങ്കിലും ഏതോ ലോകത്ത്  അവൻ എന്റെ അച്ഛനേ യും അമ്മയേയും സഹോദരനേയും കണ്ടുമുട്ടിയിട്ടുണ്ടാവും എന്ന് വിചാരിക്കുമ്പോൾ എന്റെ മനസ്സിന് വലിയ ആശ്വാസം തോന്നാറുണ്ട്. അമ്മയുടെ ശബ്‍ദം ,ഉറക്കെയുള്ള ചിരി ,പാടുന്ന പാട്ടുകൾ എല്ലാം ഒരു ഇളംകാറ്റായി ഇപ്പോഴും എന്നെ തഴുകാറുണ്ട് .

അമ്മയുടെ ഓർമദിനം കലണ്ടറിലെ തീയതി നോക്കി ഓർക്കേണ്ടതില്ല. ആ ദിനം മറന്നു പോയാലും കുഴപ്പമില്ല. എല്ലാ ദിവസവും അമ്മയെ ഓർക്കുകയല്ലേ? മറന്നിട്ടേയില്ലല്ലോ. പിന്നെന്തിനാണ് ഓർക്കാൻ ഒരു പ്രത്യേക ദിവസം. ഒരു മാതൃദിനവും അതിന് ആവശ്യമില്ല. ഞാൻ പണ്ട് പഠിപ്പിച്ചിരുന്ന സ്കൂളിലെ കുറെ കുട്ടികൾ ഒരു അമ്മദിനത്തിൽ ഒരുമിച്ചു പാടിയതോർക്കുന്നു.

"അമ്മയല്ലാതൊരു ദൈവമുണ്ടോ,

അതിലും വലിയൊരു കോവിലുണ്ടോ."

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA