സൗഹൃദത്തിന് കാലമോ പ്രായമോ ഇല്ല. എന്നാലും ഈ വാർദ്ധക്യത്തിൽ എന്നെത്തേടി എത്തിയ ഒരു സൗഹൃദം എന്നെ അമ്പരപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ഇത്രയും പറഞ്ഞപ്പോൾ സംഭവത്തിന്റെ സന്ദർഭവും ആശയവും വ്യക്തമാക്കേണ്ടതുണ്ട്. ജോജോ എന്റെ മകൻ സൂരജിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഒരുപാടു നാളായി ജോജോയെ ഒന്ന് വിളിച്ചിട്ട്. ഞാൻ ഫോണെടുത്തു.ജോജോയുടെ നമ്പർ എടുത്ത് ഡയല്‍ ചെയ്തു.
"ഹലോ ജോജോയല്ലേ?"
"അതെ."
"അമ്മയാണ്."
"ആര് ?മനസ്സിലായില്ല."
"വൈറ്റിലയിൽ നിന്ന് അമ്മയാണ്."
"ഏതമ്മ?"
എന്ത് വർഷങ്ങളോളം എന്നെ അമ്മ എന്ന് വിളിച്ചിരുന്ന ജോജോ എന്നെ മറന്നോ?"
"സൂരജിന്റെ അമ്മ"
"ഏതു സൂരജ്?"
ഇത്രയുമായപ്പോൾ ആളുമാറിപ്പോയി എന്നെനിക്ക് മനസ്സിലായി.
"ഓ സോറി. ഞാൻ വിളിച്ച ജോജോ അല്ല ഇത്. നമ്പർ മാറിപ്പോയി. സോറി", ഞാൻ ഫോൺ കട്ട് ചെയ്തു. ഞാൻ ഫോൺ നമ്പർ ചെക്ക് ചെയ്തു.ജോജോ എന്ന് തന്നെയാണ് സേവ് ചെയ്തിരിക്കുന്നത്. ഞാൻ ഉടനെ ജോജോയുടെ ഭാര്യ ജോയ്‌സിനെ വിളിച്ചു. കാര്യം പറഞ്ഞു. ഞാൻ വിളിച്ച നമ്പർ പറഞ്ഞു.
"അമ്മേ അത് ജോജോയുടെ നമ്പർ അല്ല." ആകുട്ടി പറഞ്ഞു. ജോജോ എന്ന് സേവ് ചെയ്യാൻ എന്താ കാരണം? എനിക്ക് പിടികിട്ടിയില്ല ഞാൻ ജോയ്‌സ് നോട് കുറച്ചു നേരം സംസാരിച്ചിട്ട് ഫോൺ വച്ചു. ജോജോയുടെ നമ്പർ വാങ്ങുകയും ചെയ്തു.
പിറ്റേന്ന് സന്ധ്യക്ക് അറിയാത്ത നമ്പറിൽ നിന്ന് ഒരു കാൾ വന്നു. ഞാൻ ഫോണെടുത്തു. ഹലോ പറഞ്ഞു. അപ്പോൾ ഇന്നലെ ഞാൻ വിളിച്ച കാര്യം അയാൾ പറഞ്ഞു.
"എന്റെ പെറ്റ് നെയിം ആണ് ജോജോ. എനിക്ക് അമ്മയെ അറിയാം. പിന്നീടാണ് ഓർമ വന്നത്. മനോരമ ഓൺലൈനിൽ കോളം എഴുതിയിരുന്ന ദേവിയല്ലേ?
"അതെ. കോളം ഇപ്പോഴും എഴുതുന്നുണ്ട്."
"ജോജോ ആണോ എന്ന് ചോദിച്ചപ്പോൾ ആണെന്നല്ലേ പറഞ്ഞത്."
"ഏറ്റവും അടുത്തവർ മാത്രം വിളിക്കുന്ന പേരാണത്. അമ്മ അത് പറഞ്ഞപ്പോൾ ഞാനും അമ്പരന്നു പോയി."
ആ സൗഹൃദ സംഭാഷണം തുടർന്നു.
"അമ്മയുടെ കോളം ഞാൻ വായിച്ചിട്ടുണ്ട്. പണ്ടൊരിക്കൽ അതായത് വർഷങ്ങൾക്കു മുൻപ് ഞാൻ ഒരിക്കൽ വിളിച്ചിട്ടുണ്ട്. നമ്മൾ സംസാരിച്ചിട്ടുണ്ട്. പിന്നീടാണ് എനിക്ക് അതോർമ വന്നത്. അതാണ് ഞാൻ ഇന്ന് വിളിച്ചത്."
ഒരെഴുത്തുകാരിക്ക് സന്തോഷം ഉണ്ടാക്കുന്ന വാക്കുകളാണവ. എന്റേതായ കുറെ വായനക്കാർ ഉണ്ടെനിക്ക്. പലരും വായിച്ചിട്ടു വിളിക്കുകയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. ഏറെക്കാലത്തിനു ശേഷമാണ് ഇപ്പോൾ ഒരാൾ കോളത്തെ പാട്ടി സംസാരിക്കുന്നത്. തുടർന്ന് ഞങ്ങൾ കുറെ സംസാരിച്ചു.വീട് ,നാട്,മക്കൾ എല്ലാത്തിനെക്കുറിച്ചും സംസാരിച്ചു. എന്റെ മകൻ നഷ്ടപ്പെട്ട വിവരം പറഞ്ഞപ്പോൾ ജോജോ വളരെ അനുശോദിച്ചു.
ഈ സൗഹൃദം ഒരു നിയോഗമാണ് എന്നെനിക്ക് തോന്നി. എത്രയോ മുൻപ് പരിചയപ്പെട്ട ഒരാൾ . പിന്നെ ഒരു കോൺടാക്ട് മില്ലാതെ വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴിതാ തെറ്റി വിളിച്ച ഒരു ഫോൺ കാളിലൂടെ ഞങ്ങൾ പരസ്പരം തിരിച്ചറിഞ്ഞിരിക്കുന്നു. എന്തൊരു അത്ഭുതം!
ഞാൻ തെറ്റി വിളിച്ച ആ നമ്പർ ഡിലീറ്റ് ചെയ്യും മുൻപ് ഞാൻ വീണ്ടും നോക്കി. ജോജോ എന്ന് തന്നെയാണ് സേവ് ചെയ്തിരിക്കുന്നത്. എന്നോ ഒരിക്കൽ അത് എന്റെ ജോജോയുടെ നമ്പർ തന്നെ ആയിരുന്നിരിക്കും. നമ്പർ മാറി കാണും.
ഞങ്ങളുടെ ജോജോ എന്റെ അനേകം ആണ്മക്കളിൽ ഒരാളാണ്. അമ്മേ എന്ന് എത്രയോ വർഷങ്ങളായി വിളിക്കുന്നവൻ. കുട്ടിക്കാലത്ത് എല്ലാ ദിവസവും എന്റെ വീട്ടിൽ വന്നിരുന്നവൻ. സൂരജിന്റെ ആത്മസുഹൃത്. ഒരുമിച്ചു പട്ടുപാടുന്നവർ. പല പരിപാടികളിൽ വെസ്റ്റേൺ മ്യൂസിക് മായി അവർ പങ്കെടുത്തിട്ടുണ്ട്. ആ ജോജോ എന്നെ മറന്നെന്നോ.? ഒരാറുമാസം മുൻപ് എന്റെ മകൻ നിര്യാതനായപ്പോൾ ആശ്വസിപ്പിക്കാൻ ജോജോ പല തവണ വന്നതാണ്. നമ്പർ മാറിയവിവരം പറഞ്ഞില്ല.
എന്നാലും നഷ്ടമൊന്നും വന്നില്ല. എന്നെ തിരിച്ചറിഞ്ഞ ഒരു വായനക്കാരനെ കണ്ടെത്തിയില്ലേ? എല്ലാം ഈശ്വാരന്റെ നിയോഗങ്ങൾ!