ADVERTISEMENT

പുനർവിവാഹം നമ്മുടെ നാട്ടിൽ അത്ര അപൂർവമായ സംഭവമൊന്നുമല്ല. ആദ്യത്തേതുപോലെ ഒന്നുമാവില്ല. എന്നാലും ജീവിതമല്ലേ? തട്ടിക്കൂട്ടി മുന്നോട്ടു പോകും. ഭർത്താവ് ഉപേക്ഷിച്ചു പോയാൽ, മരിച്ചു പോയാൽ, ഭാര്യ വിട്ടുപോയാൽ, മരണമടഞ്ഞാൽ ഒക്കെ ഒരു പുനർവിവാഹത്തിന്റെ സാധ്യത വരും .എന്നാൽ എല്ലാ പുനർ വിവാഹങ്ങളും വിജയകരമാകണമെന്നില്ല. ആയിക്കൂടെന്നുമില്ല.

എന്റെ കൂട്ടുകാരി ലീല പുനർവിവാഹം ചെയ്തയാളാണ്.

"ഈ സൗഭാഗ്യം എനിക്ക് വിധിച്ചിട്ടുള്ളതാണ് .അതാണ് ആദ്യത്തെ വിവാഹം പരാജയെപ്പെട്ടത്." എന്നാണ് ലീല പറയാറ്. കാര്യം ശരിയാണ്. വളരെ നല്ല ഒരാളാണ് ലീലയെ രണ്ടാമത് വിവാഹം ചെയ്തത്.അതോടെ ലീലയുടെ ജീവിതം സുഖവും സന്തോഷവും ഉള്ളതായി. മൂന്നു മക്കളും ഉണ്ടായി. നന്നായി കുടുംബം നോക്കുന്ന ആളാണ് ലീലയുടെ ഭർത്താവ്. ലീലയുടെ ഭാഗ്യം .കണ്ടവരെല്ലാം പറയാറുണ്ട്.

എന്ന് വച്ച് എല്ലാ രണ്ടാം വിവാഹവും വിജയമാകണമെന്നില്ല. വഴക്കും വയ്യാവേലിയുമായി ജീവിതം ഒരു നരകമായി മാറാറുണ്ട് ചിലർക്ക്. എന്റെ കൂട്ടുകാരി രജിത രണ്ടാമതും മൂന്നാമതും വിവാഹം കഴിച്ചു. ഒന്നും ശരിയായില്ല. എല്ലാം ഉപേക്ഷിച്ചു രജിത ഇപ്പോൾ തനിയെ ജീവിക്കുന്നു. അവൾ ഇനിയും ഒരാളെ കണ്ടെത്തുമോ?അറിയില്ല .

ആദ്യവിവാഹത്തിൽ കുട്ടികൾ ഉണ്ടെങ്കിൽ അത് ക്രമേണ പ്രശ്നമാകും. രണ്ടാനച്ഛനുമായി അല്ലെങ്കിൽ രണ്ടാനമ്മയുമായി പൊരുത്തപെടാൻ അവർക്ക് കഴിയണമെന്നില്ല .അവരുടെ കഷ്ടകാലം. രണ്ടാമത് വരുന്നയാൾ ആദ്യത്തെ കുട്ടികളെ ദ്രോഹിക്കുന്ന കഥകൾ ഒരുപാടുണ്ട് .

അമ്മ ചെറുപ്പത്തിലേ മരിച്ചു പോയപ്പോൾ അജയന്റെ അച്ഛൻ രണ്ടാമതൊരു വിവാഹ കഴിച്ചു.അതോടെ അജയൻ അച്ഛനുമായി അകന്നു. പിന്നീട് ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചത്. രണ്ടാനമ്മയ്ക്കാണെങ്കിൽ കുട്ടികളുമുണ്ടായില്ല .

മുതിർന്നപ്പോൾ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അജയൻ ഒരിക്കൽ എന്നോട് പറഞ്ഞു. "സത്യത്തിൽ അവർ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. ഞാനാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. അവധിക്കാലത്ത് വീട്ടിലെത്തുമ്പോൾ എന്തെങ്കിലും കാരണമുണ്ടാക്കി ഞാൻ വഴക്കിടും. പിന്നെ അച്ഛന്റെ കൂടെയുള്ള താമസം വേണ്ടാന്ന് വച്ച് അമ്മ വീട്ടിലേയ്ക്കു പോകും. അച്ഛൻ ഒരുപാടു സ്നേഹം കാണിച്ചിട്ടും എന്റെ ഇഷ്ടങ്ങളെല്ലാം സാധിച്ചു തന്നിട്ടും ഉപദേശിച്ചിട്ടും മാറാൻ ഞാൻ കൂട്ടാക്കിയില്ല."

അജയൻ തുടർന്നു. "ഞാൻ ഒരു ഡോക്ടർ ആയിക്കഴിഞ്ഞ് ജോലി സ്ഥലത്തേയ്ക്ക് പോകാൻ തയാറായി നിന്നപ്പോൾ പെട്ടന്ന് അവർ അടുത്ത് വന്നു. എന്നെ കെട്ടിപിടിച്ചു. 'നിന്നെക്കുറിച്ചു എനിക്കും നിന്റെ അച്ഛനും അഭിമാനമുണ്ട് മോനെ'  അവർ പറഞ്ഞു. ഞാൻ അമ്പരന്നു പോയി. അവരിലെ അമ്മയെ ഞാൻ കണ്ടു. അന്നോളം അവരെ ഒരുപാടു കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തതോർത്തു എനിക്ക് കുറ്റബോധമുണ്ടായി ."

സ്നേഹം കൊണ്ട് ആ മകനെ കീഴടക്കാൻ അവർക്ക് ഇത്രയും കാലം വേണ്ടി വന്നോ? ഞാൻ ചോദിച്ചു. അജയൻ ഒന്നും പറഞ്ഞില്ല. രണ്ടാനമ്മ എപ്പോഴും ക്രൂരയാവണമെന്നില്ല. പിന്നെ മനുഷ്യരെല്ലാം സ്വാർത്ഥരാണ്. അവനവന്റെ കുഞ്ഞുങ്ങളെപ്പോലെ അന്യ കുട്ടികളെ കാണാൻ എല്ലാവര്ക്കും കഴിഞ്ഞെന്നു വരില്ല.           

മക്കൾ ഒരുപാടു മുതിർന്നശേഷം പുനർ വിവാഹം കഴിച്ച ഒരച്ഛന്റെ പെണ്മക്കൾ രണ്ടാനമ്മയെ സുഹൃത്തതായി ട്ടാണ് കാണുന്നത്.

"മക്കളുള്ളവർ രണ്ടാമത് ഒരാളെ വിവാഹം കഴിക്കരുത് . അത് ശരിയാവില്ല. ആകുട്ടികൾ കഷ്ടത്തിലാകും ."അഭിപ്രായം എന്റേതല്ല.പ്രായത്തിൽ എന്നേക്കാൾ മൂത്ത ചില രുടെ അഭിപ്രായമാണ്. ഒറ്റയ്ക്കായിട്ടും വീണ്ടും ഒരു വിവാഹത്തെപ്പറ്റി ചിന്തിക്കാഞ്ഞ ഞാൻ അവരുടെ ഒക്കെ കണ്ണിൽ നല്ല തന്റേടവും അഭിമാനവും ഉള്ള സ്ത്രീയാണ്.

പുനർവിവാഹം വേണമോ വേണ്ടായോ എന്ന് തീരുമാനിക്കേണ്ടത് ഓരോരുത്തരുടെ സാഹചര്യം നോക്കിയാണ്. മറ്റൊരാൾ ചെയ്യുന്ന ഒരു കാര്യവും തെറ്റെന്നോ ശരിയെന്നോ നമുക്ക് പറയാനാവില്ല. സാഹചര്യത്തിന്റെ അടിമയാണ് മനുഷ്യർ.     

English Summary:

Devi J S Kadhayillaymakal column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com