ADVERTISEMENT

ഡിസംബറിനെക്കുറിച്ചല്ലാതെ എന്താണ് ഇപ്പോൾ എഴുതുക !പന്ത്രണ്ടു മാസങ്ങളിൽ ഡിസംബർ ആണ് ഏറ്റവും നല്ല മാസം എന്നാണ് എന്റെ വിശ്വാസം. നേരിയ മഞ്ഞും കുളിരും തെളിഞ്ഞ പ്രഭാതങ്ങളുമായി വരുന്ന മനോഹാരമായ ഡിസംബർ.  ഡിസംബറിന്റെ മുഴുവൻ സുഖവും കിട്ടുന്നത് ക്രിസ്മസ് അവധിക്കാലത്താണ് ക്രിസ്മസ് പരീക്ഷയെ അരക്കൊല്ല പരീക്ഷ (ഹാഫ് ഈയർലി) എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്. പാഠങ്ങൾ ഫസ്റ്റ് ടെർമിനേക്കാൾ കൂടുതലായതിനാൽ ക്രിസ്മസ് പരീക്ഷയെ ഞങ്ങൾ നോക്കി കണ്ടിരുന്നത് അല്പം പേടിയോടെയാണ്.    

ഇത്രമാത്രം നക്ഷത്ര വിളക്കുകൾ നിറഞ്ഞ കട കളൊന്നും അന്നില്ല. വളരെ ചുരുക്കം മാത്രം. ലളിതവും മനോഹരവുമായ ഒരു ആഘോഷമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്ത് ക്രിസ്മസും നവവത്സരവും. പള്ളിയിലെ ആഘോഷങ്ങൾ (പാതിരാ കുർബാനയും മറ്റും) കാണാൻ ഞങ്ങളെ വിട്ടിരുന്നില്ല. അയല്പക്കത്തെ കുട്ടികൾ ഒക്കെ പോകുന്നത് കാണുമ്പോൾ ക്രിസ്മസ് പോലെ ഒരാഘോഷം ഞങ്ങൾക്കില്ലല്ലോ എന്ന് ഞാൻ കുണ്ഠിതപ്പെട്ടിട്ടുണ്ട്.  അന്ന് എല്ലാ മതക്കാരും നക്ഷത്രമൊന്നും കെട്ടുകയില്ല. അത് ക്രിസ്ത്യൻ ആചാരമായി കണക്കാക്കിയിരുന്നു.

നമുക്കെന്താ ക്രിസ്മസ് ഇല്ലാത്തത് എന്ന് ഞാനും അനുജത്തിയും അമ്മയോട് ചോദിക്കാറുണ്ട്. നമുക്ക് ഓണവും  വിഷുവുമൊക്കെയില്ലേ അതുപോലെ അവരുടെ ആഘോഷമാണ് ക്രിസ്മസും ഈസ്റ്ററുമൊക്കെ. എന്ന് അമ്മ പറഞ്ഞു  തന്നിരുന്നു. അടുത്തവീട്ടിലെ ക്രിസ്മസ് സദ്യയ്ക്ക് അവർ ഞങ്ങളെയും വിളിക്കും. എന്റെ വീട്ടിലെ എല്ലാ ആഘോഷങ്ങൾക്കും സസ്യാഹാരമാണ്. ക്രിസ്മസ് വിരുന്ന് നോൺ വെജിറ്റേറിയൻ അല്ലേ? ഞങ്ങൾക്കത് വളരെ ഇഷ്ടമായിരുന്നു. ആ തെരുവിൽ  കുറെ ക്രിസ്ത്യൻ കുടുംബങ്ങൾ അന്നുണ്ടായിരുന്നു. ആ വീടുകളിൽ ഉണ്ടാക്കുന്ന വിഭവങ്ങൾ ഞങ്ങളുടെ വീടുകളിൽ എത്തിയ്ക്കും. അങ്ങനെ ക്രിസ്മസ് ഞങ്ങളുടെയും ആഘോഷമാണ്.

മഞ്ഞണിഞ്ഞ രാത്രികളിൽ അകലെ നിന്നും ഒഴുകിയെത്തുന്ന കരോൾ  ഗാനങ്ങൾ ഞങ്ങളെ ഹരം പിടിപ്പിച്ചിരുന്നു. ഞങ്ങളുടെ  മുറ്റത്തും കരോൾ സംഘമെത്തി പാടാറുണ്ടായിരുന്നു. എന്തൊരു രസമായിരുന്നു അന്നത്തെ ആ കുട്ടിക്കാലം. എന്നെ ഒരുപാടു സന്തോഷിപ്പിക്കുന്ന കാര്യം പോസ്റ്റുമാൻ കൊണ്ടുതരുന്ന ക്രിസ്‌മസ്‌ നവവത്സരാശംസകളാണ്. എത്ര വർണശബളമായ കാർഡുകൾ! അന്ന് മൊബൈൽ ഇല്ല, കമ്പ്യൂട്ടർ ഇല്ല. പോസ്റ്റ് തന്നെയാണ് ശരണം.കത്തുകളും കാർഡുകളുമായി വരുന്ന പോസ്റ്റുമാൻ ഞങ്ങൾക്ക് പ്രിയങ്കരനായിരുന്നു.എന്നും അയാളെ കാത്തിരിക്കും .അനുജത്തിക്കും എനിക്കും ഒരുപാടു കൂട്ടുകാരുണ്ടായിരുന്നു. അതുകൊണ്ടു ധാരാളം ആശംസാകാർഡുകൾ കിട്ടിയിരുന്നു. ഞങ്ങൾ അതൊക്കെ സൂക്ഷിച്ചു വയ്ക്കുമായിരുന്നു. കൂട്ടുകാർക്കു ഞങ്ങളും കാർഡുകൾ അയയ്ക്കാറുണ്ടായിരുന്നു. ആകാലമൊക്കെ ഓർമകളിൽ ഇന്നും മിഴിവോടെ ഉണ്ട്. അതിൽ ചില തമാശകളും ഉണ്ടാവാറുണ്ട്. ഒരിക്കൽ ഒരു അടുത്തകൂട്ടുകാരി ഒരു ഗ്രീറ്റിംഗ് കാർഡ് അയച്ചു. അതിനകത്തു ഒരു കത്തിൽ ഞങ്ങളുടെ പരിചയത്തിലുള്ള ചില പയ്യന്മാരെ കുറിച്ചെഴുതിയിരുന്നു. എന്റെ വീട്ടിൽ കത്തു കൾ വന്നാൽ അച്ഛൻ വായിയ്ക്കും. ഞാൻ പെട്ടെന്ന് ആ കത്തുകൊണ്ടുപോയി കത്തിക്കൊണ്ടിരുന്ന അടുപ്പിലിട്ടു. അച്ഛൻ ഒരുപാടു ശകാരിച്ചു. കത്തിലെ രഹസ്യങ്ങൾ പറയാനാവുമോ? ഞാൻ ശകാരം കേട്ട് നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല.. ഇപ്പോഴത്തെ കുട്ടികളാണെങ്കിൽ അവരുടെ കത്തോ മെയിലോ പരിശോധിക്കാൻ സമ്മതിക്കുമോ? അ ന്നതൊക്കെ വലിയ കുറ്റകൃത്യങ്ങളാണ്.   

നവവത്സരത്തെ വളരെ ഉത്സാഹത്തോടെയാണ് ഞങ്ങൾ കുട്ടികൾ സ്വീകരിച്ചിരുന്നത്. സത്യത്തിൽ ഡിസംബർ മുപ്പത്തിയൊന്നും ജനുവരി ഒന്നും തമ്മിൽ എന്താണ് വ്യത്യാസം. ഒരേപോലത്തെ ദിനങ്ങൾ. എന്നാലും പുതു വർഷത്തിന് എന്തോ പ്രത്യേകത ഉള്ളപോലെ തോന്നിയിരുന്നു. ഈ വർഷം നല്ലതായിരിക്കണേ എന്ന് പ്രാർത്ഥിച്ചിരുന്നു. 

ഡിസംബറിൽ മാത്രമുള്ള വളരെ പ്രിയപ്പെട്ട ഒരു കാര്യം കൂടിയുണ്ട്. എന്റെ വീട്ടിൽ സമൃദ്ധമായി വളരുന്ന ഒരു ചെടിയുണ്ടായിരുന്നു. ഡിസംബറിൽ അവ പൂക്കും. വയലറ്റ് നിറമുള്ള പൂക്കൾ. ഡിസംബർ ഫ്ലവർസ് എന്നാണ് അവയെ പറഞ്ഞിരുന്നത്. വയലറ്റ് കനകാംബരം എന്നാണ് ഞങ്ങൾ പറഞ്ഞിരുന്നത്. ആ പൂക്കൾ പറിച്ചു മാലകെട്ടി മുടിയിൽ ചൂടിയിരുന്നു ഞങ്ങൾ! ആ പൂക്കൾ ഇപ്പോൾ  കാണാറില്ല. എങ്കിലും ആ പൂക്കൾ എന്നെ ഓർമിപ്പിക്കുന്നത് എ പ്പോഴും പ്രണയത്തെക്കുറിച്ചാണ്. എന്താണെന്ന് അറിയില്ല. ശ്രീകൃഷ്ണന്റെ നിറമുള്ള ആ പൂക്കൾക്ക് പ്രണയവുമായി ബന്ധമുണ്ടെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു.   

അങ്ങനെ ഇതെല്ലാമാണ് മറ്റു മാസങ്ങൾക്കില്ലാതെ ഡിസംബറിനുള്ള സൗഭാഗ്യങ്ങൾ. ഇപ്പോൾ അതിന്റെയൊക്കെ ചാം ഇല്ലാതായിരിക്കുന്നു. എന്നാലും ഡിസംബറിൽ ഓർക്കാതിരിക്കാനാവില്ല ഇതെല്ലാം... മഞ്ഞും കുളിരും, തെളിഞ്ഞ പകലുകൾ, പരീക്ഷ, അവധി, ക്രിസ്തുമസ്, കരോൾ... എത്ര സുന്ദരമാണീ ഡിസംബർ!    

English Summary:

Kadhayillamakal Column by Devi J S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com