ADVERTISEMENT

മനുഷ്യ ജീവിതത്തിൽ ത്യാഗത്തിന്റെ സ്ഥാനത്തെ ക്കുറിച്ച് എടുത്തു പറയേണ്ടതില്ല. ഓരോ മനുഷ്യരും ഓരോ തരത്തിൽ ത്യാഗം അനുഷ്‌ടിക്കുന്നുണ്ട്. മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന ഏതൊരു സൽ പ്രവർത്തിയെയും ത്യാഗം എന്ന് പറയാം. സിനിമകളിലും കഥകളിലും ത്യാഗത്തെ വാഴ്ത്തുന്ന സന്ദർഭങ്ങൾ ഏറെയുണ്ട്. ചില ത്യാഗങ്ങൾ നമ്മളെ സങ്കടപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യും. കേട്ടാൽ വളരെ സന്തോഷം തോന്നുന്ന ത്യാഗകഥകളുമുണ്ട്. ഈ അടുത്തയിടെ എന്നെ ഒരുപാട് അമ്പരപ്പിച്ചു ഒരു ത്യാഗത്തിന്റെ കഥ. അതിൽ അദ്‌ഭുതം എന്താണെന്നു വച്ചാൽ വർഷങ്ങളായി പരിചയമുള്ള ദമ്പതികൾ. അവരുടെ ത്യാഗത്തിന്റെ കഥ എനിക്കറിയില്ലായിരുന്നു. ഈയിടെ ഒരു കൂട്ടുകാരി അതേക്കുറിച്ചു പറഞ്ഞു. "വിജയന്റെയും സീതയുടെയും കഥ അറിയാമോ?" "ഇല്ല, അതിനു അവർക്കു കഥയുണ്ടോ?" ഞാൻ അമ്പരന്നു.അപ്പോൾ അവൾ ആ കഥ പറഞ്ഞു.

പത്തിരുപതു വർഷം മുൻപ് നടന്നതാണ്. സീതയും സീമയും ഇരട്ടകളാണ്. അവരിൽ ഒരാളുടെ കല്യാണാലോചന വിജയന് വന്നു. വിജയൻ പെണ്ണ് കാണാൻ ചെന്നു. "രണ്ടുപേരില്ലേ? അതിൽ ആർക്കാണ് ഈ പ്രൊപ്പോസൽ". വിജയൻ തുറന്നു തന്നെ ചോദിച്ചു. "ഒരാൾക്ക് വേണ്ടി തന്നെ". അവരുടെ അച്ഛൻ പറഞ്ഞു. "മറ്റേയാളുടെ വിവാഹം കഴിഞ്ഞതാണ്. പക്ഷേ വിവാഹപ്പിറ്റേന്ന് അവളുടെ ഭർത്താവ് മരിച്ചു". വിജയൻ ഞെട്ടി എന്ന് പറയേണ്ടല്ലോ. "ആ പെൺകുട്ടിയെ എനിക്കൊന്നു കാണാമോ?" നടുക്കം മാറിയപ്പോൾ" വിജയൻ ചോദിച്ചു. "സീതയെ കാണുന്നതിന് വിരോധമില്ല. സീമയെയും കാണാം."  "വേണ്ട". വിജയൻ പെട്ടന്ന് പറഞ്ഞു. "സീതയെ വിളിക്കൂ" അവരുടെ അച്ഛന് കൺഫ്യൂഷൻ ആയി. സീതയെ വിളിച്ചു. വാടിയ മുഖവുമായി ഒരു പെൺകുട്ടി അവരുടെ മുന്നിൽ വന്നു നിന്നു. ആ ദുഃഖഭാവത്തിലും വിളറിയ ഒരു പുഞ്ചിരി അവൾ വിജയന് നൽകി. അതിഥിയെ ആദരിക്കണമല്ലോ. "എനിക്ക് ഈ പെൺകുട്ടിയെ ഇഷ്ടമായി. നിങ്ങൾക്കെല്ലാം ഇഷ്ടമാണെങ്കിൽ ഞാൻ സീതയെ വിവാഹം ചെയ്യാം." വിജയൻ പറഞ്ഞത് കേട്ടു എങ്കിലും ആർക്കും ഒന്നും മനസ്സിലായില്ല. ഭർത്താവ് വാഴാഞ്ഞ ഒരു പെൺകുട്ടിയെ സ്വീകരിക്കാൻ ആരെങ്കിലും തയാറാകുമോ? എല്ലാവരും പതറി നിൽക്കുമ്പോൾ വിജയൻ വിശദീകരിച്ചു. "സീമയ്ക്ക് ഒരു കല്യാണം കിട്ടാൻ യാതൊരു  പ്രയാസവുമുണ്ടാവില്ല. സീതയുടെ കാര്യം അങ്ങനെയല്ല. എന്ന് വച്ച് ഞാൻ വലിയ ത്യാഗം ചെയ്യുന്നു എന്നൊന്നും നിങ്ങൾ കരുതരുത്. സീതയെ എനിക്ക് ഇഷ്ടപ്പെട്ടിട്ടു തന്നെയാണ്." വിജയൻ സീതയുടെ നേർക്ക് നോക്കി. അവളുടെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും അയാൾ കണ്ടു.  

"ജാതകം നോക്കണ്ടേ?" സീതയുടെ അച്ഛൻ ചോദിച്ചു. "ഒരിക്കൽ നോക്കിയതല്ലേ, എന്നിട്ടെന്തായി? ഇനി അതിന്റെ ആവശ്യമില്ല." വിജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ആ വാക്കുകൾ ഒരു കുടുംബത്തിന് മുഴുവൻ ആശ്വാസമേകി. 

കൂടുതൽ ആലോചനകളും ചർച്ചകളും കൂടാതെ ആ വിവാഹം നിശ്ചയിക്കപ്പെട്ടു. വിവാഹവും ലളിതമായി മംഗളമായി നടന്നു. സീതയും വിജയനും വിവാഹശേഷം മുംബൈയിലാണ് സെറ്റിൽ ചെയ്തത്. അത് കൊണ്ടാവാം ഈ കഥ നാട്ടിൽ ഒരുപാട് പ്രചരിക്കാതിരുന്നത്. അവർ സന്തോഷമായി കഴിയുന്നു. നാട്ടിൽ ആർക്കും ഈ കഥ അറിയില്ലെന്ന് തോന്നുന്നു. എങ്ങനെ അറിയാനാണ്. എത്ര അടുപ്പമുണ്ടായിട്ടും അവർ ഈ കഥ എന്നോട് പറഞ്ഞിട്ടില്ല. ത്യാഗത്തിന്റെ കഥകൾ കൊട്ടി ഘോഷിക്കാൻ ഉള്ളതല്ല. മാത്രമല്ല ഒരു വിധവയെ വിവാഹം കഴിക്കുന്നത് ലോകത്തെ ആദ്യത്തെ സംഭവമൊന്നുമല്ല. ഇക്കാര്യത്തിൽ വിജയന്റെ പെരുമാറ്റമാണ് എടുത്തു പറയേണ്ടത്.     

English Summary:

Kadhayillamkal column Devi J S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com