നല്ല വസ്ത്രങ്ങളണിഞ്ഞു മരിക്കുന്നവർ

HIGHLIGHTS
  • നാടുമുഴുവൻ എയ്ഡ്സ് ഭീതി പടർന്ന കാലമായിരുന്നു അത്
  • 25 വർഷങ്ങൾക്കു ശേഷവും ഈ കേസിനു ജീവനുണ്ട്.
relation-between-dress-and-relation
SHARE

ആത്മഹത്യയും കൊലപാതകവും ഒറ്റനോട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു തിരിച്ചറിയാൻ കഴിയുമോ? പരിചയ സമ്പത്തും ബുദ്ധികൂർമതയുമുള്ള ഏതൊരാൾക്കും ഒരുപരിധി വരെ ഇവ രണ്ടും വേർതിരിച്ചറിയാൻ നിരീക്ഷണം കൊണ്ടു മാത്രം കഴിയും.

ഫൊറൻസിക് സയൻസ് പഠിച്ച പൊലീസ‌് സർജൻ പോസ്റ്റ്മോർട്ടം കഴിഞ്ഞു പുറത്തിറങ്ങുന്നതു മരണകാരണം ശാസ്ത്രീയമായി തിരിച്ചറിഞ്ഞു കൊണ്ടാകും.

വിരമിക്കാൻ അധിക വർഷങ്ങൾ ബാക്കിയില്ലാത്ത എഎസ്ഐ പുതുതായി സർവീസിലെത്തിയ പബ്ലിക് പ്രോസിക്യൂട്ടറോടു കോടതി വരാന്തയിൽ സംസാരിച്ചതു കേൾക്കാൻ ഇടയായി. നാട്ടിൻപുറത്തെ കൊലക്കേസിന്റെ സാക്ഷി വിസ്താരത്തിന് എത്തിയതായിരുന്നു അദ്ദേഹം. 31 വർഷത്തെ പൊലീസ് സേവനത്തിനിടയിൽ നൂറുകണക്കിനു മൃതദേഹങ്ങൾക്ക് അദ്ദേഹം രാത്രി കാവലിരുന്നിട്ടുണ്ട്.

മരത്തിൽ തൂങ്ങി നിൽക്കുന്നത്, പുഴയിൽ നിന്നു കരയ്ക്കു കയറ്റിയത്, വിജനമായ കാട്ടിൽ കുത്തേറ്റു മരിച്ചത്, വിഷം ഉള്ളിൽചെന്നത്...  മരണ രീതിയുടെ വൈവിധ്യം കൊണ്ടു മറക്കാനാകാത്ത അസ്വാഭാവിക മരണങ്ങൾ ഓർത്തെടുത്തു വിവരിക്കുകയാണ് അദ്ദേഹം.

‘‘സാറിന് അറിയാമോ, സ്ത്രീകളുടെ ആത്മഹത്യയും കൊലപാതകവും തിരിച്ചറിയാനാണ് ഏറ്റവും എളുപ്പം. ആത്മഹത്യ ചെയ്ത സ്ത്രീകൾ ദുഃഖകരമായ ആ കൃത്യം ആലോചിച്ചുറച്ചു ചെയ്യുമ്പോൾ, എന്റെ അനുഭവത്തിൽ അവരുടെ ഏറ്റവും നല്ല വസ്ത്രമാണു ധരിച്ചിരുന്നത്. മരിക്കുമ്പോൾ വൃത്തിയുള്ള അടിവസ്ത്രങ്ങൾ ധരിക്കാൻ ഒരാൾ പോലും മറന്നിരുന്നില്ല. മരണ ശേഷം അവരുടെ ഭൗതികശരീരത്തിൽ അവർക്ക് ഒരു നിയന്ത്രണവുമില്ലാത്ത സാഹചര്യത്തിൽ പോലും മോശം അവസ്ഥയിൽ അവരെ മറ്റുള്ളവർ കാണാൻ ആത്മഹത്യ ചെയ്ത സ്ത്രീകളാരും ഇടവരുത്തിയിരുന്നില്ല.  സ്വന്തം ശരീരത്തെ അത്രയധികം മാനിക്കുന്നവരാണു സ്ത്രീകൾ. ഇതിനു വിരുദ്ധമായി ഏതെങ്കിലും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടാൽ 90% കേസുകളിലും അതു കൊലപാതകമായിരിക്കും. പൊടുന്നനെയുണ്ടാകുന്ന വൈകാരിക വിക്ഷോഭത്തിൽ ആത്മഹത്യയ്ക്കു ശ്രമിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗം പേരും സ്വയം തീകൊളുത്തുകയാണു പതിവ്. ഒരാൾ സ്വയം മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുന്നതും മറ്റൊരാൾ ബലം പ്രയോഗിച്ചു തീകൊളുത്തുന്നതും തിരിച്ചറിയാൻ ഫൊറൻസിക് സർജനു കഴിയും. 2 തരം പൊള്ളലാണ് അതുമൂലം ശരീരത്തിലുണ്ടാക്കുക...’’

പ്രോസിക്യൂട്ടർ: യാത്രപോകാൻ ഒരുങ്ങി നിൽക്കുന്ന സമയത്താണ് ഒരു സ്ത്രീ കൊല്ലപ്പെടുന്നതെങ്കിലോ? അങ്ങു പറഞ്ഞ ആത്മഹത്യാ പ്രത്യേകതകൾ മൃതദേഹത്തിൽ കാണില്ലേ?

എഎസ്ഐ: കാണും സർ. പക്ഷെ. അത്തരം സന്ദർഭങ്ങളിൽ ആ കൊലപാതകം തെളിയിക്കാൻ സഹായിക്കുന്ന നൂറായിരം തെളിവുകൾ പുറത്ത് അവശേഷിക്കും. യാത്ര പോകാനുള്ള കാരണം, കൊല്ലപ്പെട്ട സ്ത്രീയെ ക്ഷണിച്ചവർ, പുറത്ത് അവരെ പ്രതീക്ഷിക്കുന്നവർ, യാത്രയുടെ തയാറെടുപ്പുകളിൽ പങ്കുചേരുന്ന കുടുംബാംഗങ്ങൾ, യാത്രയുടെ ഭാഗമായി അവർ നടത്തിയ ഫോൺ വിളികൾ, വീട്ടിൽ നിന്നു പോകാൻ അവർ തലേന്നു തന്നെ ഏർപ്പാടാക്കിയ ഓട്ടോ റിക്ഷ, ‍ടാക്സി ഡ്രൈവർമാർ, ഓൺലൈൻ ബുക്ക് ചെയ്ത യാത്രാ ടിക്കറ്റുകൾ, അവർ പോകേണ്ടിയുന്ന ബസിന്റെ സമയം... ഇങ്ങനെ തെളിവുകൾ ഒന്നൊന്നായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ തുറന്നു വരും...

അവരുടെ സംഭാഷണം ഇങ്ങനെ പുരോഗമിക്കുന്നതിനിടയിൽ കോടതി കേസ് വിളിച്ചു.

അക്ഷരത്തെറ്റോ അത്...?

കാൽനൂറ്റാണ്ടു മുൻപാണ്. ഉത്തര മലബാറിലെ റെയിൽവേ സ്റ്റേഷനിലെ കാഴ്ച കണ്ടു യാത്രക്കാർ വിറങ്ങലിച്ചുപോയി. പ്ലാറ്റ്ഫോമിൽ ഒരു യുവതി മരിച്ചുകിടക്കുന്നു. വളരെ ചെറുപ്പം. അതിസുന്ദരി. പ്രായം കഷ്ടിച്ച്‌ 25. ഒതുക്കമുള്ള വെളുത്ത ദേഹപ്രകൃതി. കൈകളിൽ അണിഞ്ഞിരുന്ന കുപ്പിവളകൾ പ്ലാറ്റ്ഫോമിൽ ചിതറിക്കിടക്കുന്നു. ഭീതികൊണ്ട് ആരും മൃതദേഹത്തിന്റെ സമീപത്തേക്ക് അടുക്കുന്നേയില്ല. 

യുവതിയുടെ കൈത്തണ്ട, ഉദരം, അടിപ്പാവട എന്നിവയിൽ ആവർത്തിച്ച് എഴുതിയിരുന്ന 4 ഇംഗ്ലിഷ് അക്ഷരങ്ങളായിരുന്നു ഈ ഭീതിക്കു കാരണം. 'ADIS' എല്ലാവരും അതു തെറ്റിച്ച് 'AIDS' എന്നാണു വായിച്ചത്. നാടുമുഴുവൻ എയ്ഡ്സ് ഭീതി പടർന്ന കാലമായിരുന്നു അത്. മൃതദേഹം കൈകാര്യം ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർ മടിച്ചു. എന്തിന്, ഡോക്ടർമാർ പിന്മാറിയതിനാൽ പോസ്റ്റ്മോർട്ടം താമസിച്ചു.

അതിനിടെ യുവതിയെപ്പറ്റി സംഭ്രമജനകമായ കഥകൾ പ്രചരിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടി.

കൊല്ലപ്പെട്ടതു സാരി ധരിച്ച പുരുഷനാണെന്ന വാർത്ത നാട്ടിൽ പ്രചരിച്ചു. പോസ്റ്റ്മോർട്ടം തടസപ്പെടുത്താൻ കൊലയാളി നടത്തിയ തന്ത്രമാണു മൃതദേഹത്തിൽ എഴുതിയ 4 അക്ഷരങ്ങളെന്നു പൊലീസുകാർ പോലും വിശ്വസിച്ചു.

ഒടുവി‍ൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ കൊണ്ടുവന്നു. ഫൊറൻസിക് പ്രഫസർ ഡോ. ഷെർലി വാസുവിന്റെ നേതൃത്വത്തിലാണു പോസ്റ്റ്മോർട്ടം നടത്തിയത്. കണ്ടെത്തലുകൾ ഇവയാണ്: മരിച്ചതു യുവതി തന്നെ. വിഷം ഉള്ളിലെത്തിയാണു മരണം. ശരീരഭാഗങ്ങളിൽ എഴുതിയ 4 അക്ഷരങ്ങൾ യുവതി വലതുകൈ ഉപയോഗിച്ചു സ്വയം എഴുതിയതാണ്.

അന്വേഷണ സംഘത്തിന്റെ അനുമാനങ്ങൾ:

സ്വന്തം മൃതദേഹത്തിൽ നിന്നു പോലും മറ്റുള്ളവരെ അകറ്റി നിർത്താൻ ‘എയ്ഡ്സ്’ എന്ന് എഴുതാൻ യുവതി ശ്രമിച്ചപ്പോൾ അക്ഷരതെറ്റു പിണഞ്ഞതാകാം, അതല്ല 'ADIS' എന്നത്  ആർക്കെങ്കിലും എന്തെങ്കിലും സൂചന മരണശേഷം നൽകാനുള്ള കോഡ് വാക്കായിരുന്നോ?

25 വർഷങ്ങൾക്കു ശേഷവും ഈ കേസിനു ജീവനുണ്ട്. കാരണം, മരിച്ചതാരാണെന്നു പൊലീസ് കണ്ടെത്തിയിട്ടില്ല. എങ്ങനെ? എന്തുകൊണ്ട്? വിഷം ഉള്ളിലെത്തി ആ അജ്ഞാത യുവതി മരിച്ചു, ആർക്കും അറിയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ