മന്ത്രി മുസ്തഫ ബാരിക്കേഡ് തകർത്ത കഥ
Mail This Article
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിലെ എല്ലാ മന്ത്രിസഭകളും സത്യപ്രതിജ്ഞ ചെയ്തത് അഞ്ച് വർഷത്തിന്റെ ഇടവേളകളിലാണ്. എന്നാൽ 1991ൽ മന്ത്രിസഭ ഉണ്ടായത് 4 വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു. അതിനു കാരണം, അന്നത്തെ നായനാർ സർക്കാരിന്റെ സാഹസമാണ്. നാലാം വർഷം നിയമസഭ പിരിച്ചു വിട്ടു തിരഞ്ഞെടുപ്പ് നടത്തിക്കളഞ്ഞു. ജയിക്കാൻ അനുകൂല സാഹചര്യമുണ്ടെന്ന് സിപിഎം. ധരിച്ചു. തിരഞ്ഞെടുപ്പിൽ പക്ഷേ ഇടതുമുന്നണിയെ ഞെട്ടിച്ചുകൊണ്ട് യുഡിഎഫാണ് ജയിച്ചത്. തൊട്ടു മുമ്പു നടന്ന ജില്ല കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേടിയ തകർപ്പൻ വിജയമാണ് നിയമസഭ പിരിച്ചുവിടാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ, ഒരുപക്ഷേ അത്തവണ എൽഡിഎഫിന്റെ ആദ്യത്തെ തുടർഭരണം കേരളം കണ്ടേനെ .അങ്ങനെ 91 ൽ കെ. കരുണാകരന്റെ നേതൃത്വത്തിൽ യുഡിഎഫ് അധികാരത്തിലേക്ക്. ആദ്യഘട്ടത്തിൽ കരുണാകരന്റെ നേതൃത്വത്തിൽ കക്ഷി നേതാക്കൾ 6 പേർ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി രണ്ടാംഘട്ട സത്യപ്രതിജ്ഞയുടെ തലേന്ന് കരുണാകരൻ തന്നെയാണ് കോൺഗ്രസിന്റെ നിയുക്ത മന്ത്രിമാരെ പ്രഖ്യാപിച്ചത്.
മന്ത്രിമാരുടെ പട്ടിക സംഘടിപ്പിക്കാനായി മനോരമയുടെ സീനിയർ പത്രപ്രവർത്തകൻ ജോയി ശാസ്താംപടിക്കൽ, കെ. കരുണാകരനെ കാണാൻ അദ്ദേഹം താമസിക്കുന്ന കന്റോൺമെന്റ് ഹൗസിലേക്കു പോകുന്നു. ഉപകഥകൾ എഴുതാനായി ജൂനിയറായ എന്നെയും കൂടെ കൂട്ടി. കന്റോൺമെൻറ് ഹൗസിൽ രാത്രി ഞങ്ങൾ എത്തുമ്പോൾ അവിടെ ഖദർധാരികളെകൊണ്ട് നിറഞ്ഞിരുന്നു. മന്ത്രി പദവി പ്രതീക്ഷിക്കുന്ന അവരൊക്കെ പുറത്തു കാത്തു നിൽക്കുന്നുണ്ട്. കരുണാകരനുമായി അടുത്ത വ്യക്തി ബന്ധമുള്ള ജോയി ശാസ്താം പടിക്കലിനെ കണ്ടതും ഗൺമാൻ മുറിയുടെ വാതിൽ മെല്ലെ തുറന്നു. ജോയിയേട്ടന്റെ സഹചാരിയായി ഞാനും ഉള്ളിൽ കടന്നു.
കുറച്ചു മുൻപ്, കെപിസിസി പ്രസിഡന്റ് എ.കെ. ആന്റണി, ‘എ’ ഗ്രൂപ്പിന്റെ ലിസ്റ്റുമായി ലീഡറെ കാണുകയും അതിൽനിന്ന് വി.എം. സുധീരന്റെ പേര് വെട്ടിയതിൽ പ്രതിഷേധിച്ച് ക്ഷോഭിച്ച് ഇറങ്ങിപ്പോകുകയും ചെയ്ത രംഗങ്ങൾ കഴിഞ്ഞതേയുള്ളൂ. വെള്ള ഖദറിനുള്ളിൽ നരച്ച മുടിയും വെളുക്കെയുള്ള ചിരിയുമായി കരുണാകരൻ കസേരയിൽ ചാഞ്ഞിരിക്കുന്നു. ജോയി ഏട്ടനോടും എന്നോടും ഒരു അരികിൽ ഇരിക്കാൻ കരുണാകരൻ ആംഗ്യം കാട്ടി. തന്റെ ഗ്രൂപ്പുകാരായ നേതാക്കളെ ഓരോരുത്തരെയായി വിളിച്ച് കരുണാകരൻ സത്യപ്രതിജ്ഞയ്ക്ക് തയ്യാറാവാൻ പറയുന്നു. നിയുക്ത മന്ത്രിമാരുടെ മുഖം സന്തോഷം കൊണ്ട് വികസിക്കുന്നു.
പി.പി. ജോർജ്, എം.ആർ. രഘുചന്ദ്ര ബാൽ, പന്തളം സുധാകരൻ. കരുണാകരൻ സുധാകരനോടു പറഞ്ഞു. "അമ്മയെ വിളിച്ചു പറയണം നാളെ സത്യപ്രതിഞ്ഞ ചെയ്യുകയാണെന്ന് " സുധാകരന്റെ കണ്ണകിൽ ആനന്ദബാഷ്പം പൊടിഞ്ഞു.അങ്ങനെ ഒടുവിൽ വിളിച്ചത് ടി.എച്ച്. മുസ്തഫയെ. ഐ ഗ്രൂപ്പിൽ ആണെങ്കിലും കുറച്ചു നാളായി കരുണാകരനുമായി അകന്നു നിന്ന മുസ്തഫയ്ക്ക് മന്ത്രിസ്ഥാനം കിട്ടിയതു സിനിമയിൽ ഇന്നസന്റിനു ബംപർ ലോട്ടറിയടിച്ച പോലെയായിരുന്നു. ‘താനും നാളെ സത്യപ്രതിജ്ഞ ചെയ്യുകയാണ്’– കരുണാകരൻ പറഞ്ഞപ്പോൾ മുസ്തഫക്ക് സന്തോഷം അടക്കാനായില്ല. കരുണാകരന്റെ കാലിൽ തെട്ടു വന്ദിച്ചു, മുസ്തഫ പുറത്തേക്കിറങ്ങി. പിന്നാലെ ഞങ്ങളും. പുറത്തിറങ്ങിയതും കൊച്ചു കുട്ടിയെപ്പോലെ തുള്ളിച്ചാടി മുസ്തഫ ആരൊക്കെയോ കെട്ടിപ്പിടിക്കുന്നു, കവിളിൽ കടിക്കുന്നു. കടിയേറ്റ ഒരു കോൺഗ്രസുകാരൻ വേദനയാക്കി കവിൾ തിരുമ്മിക്കൊണ്ട് നിൽക്കുന്നു. പ്രധാന വാർത്ത കൊടുക്കാനായി ജോയിയേട്ടൻ തിരക്കിട്ട് ഓഫിസിലേക്ക് പോയി. കുറച്ച് ഉപകഥകൾ കൂടി കിട്ടാൻ ഞാൻ അവിടെ തന്നെ നിന്നു . ഒടുവിൽ പോകാനൊരുങ്ങുമ്പോൾ പിന്നിൽ നിന്ന് ഒരു ചോദ്യം. ‘വണ്ടി ഉണ്ടോ എന്നെ എംഎൽഎ ഹോസ്റ്റലിൽ ഇറക്കാമോ’ പന്തളമായിരുന്നു അത്. പിറ്റേന്ന് കൊടി വച്ച കാറിൽ പറക്കേണ്ട മന്ത്രിയെ പുറകിലിരുത്തി ഗർവോടെ ഞാൻ എംഎൽഎ ഹോസ്‍റ്റലിലേക്ക് ബൈക്കോടിച്ചു . അന്നു സുധാകരൻ കല്യാണം കഴിച്ചിട്ടില്ല. ബൈക്കിന്റെ പിന്നിലിരുന്ന് സുധാകരൻ സങ്കടപ്പെട്ടു. "ലീഡർ നേരത്തെ പറഞ്ഞിരുന്നെങ്കിൽ അമ്മയെക്കൂടെ കൊണ്ടുവരാമായിരുന്നു."
ആ രാത്രിയിൽ മറ്റൊരു അന്തർ നാടകം അരങ്ങേറി. ആന്റണി കൊടുത്ത എ ഗ്രൂപ്പിന്റെ ലിസ്റ്റിൽ ഉമ്മൻ ചാണ്ടി, വി.എം.സുധീരൻ , ആര്യാടൻ മുഹമ്മദ്, പി.ബാലൻ എന്നീ പേരുകളാണ് ഉണ്ടായിരുന്നത്. സുധീരനെ കരുണാകരൻ വെട്ടിയതോടെ ലിസ്റ്റ് തിരികെ വാങ്ങി ക്ഷോഭിച്ചു ആന്റണി ഇറങ്ങിപ്പോകുകയായിരുന്നു. 82 - 87കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് സ്പീക്കർ ആയിരുന്ന വി.എം. സുധീരൻ അമിതസ്വാതന്ത്ര്യം എടുത്ത്, നിയമസഭയിൽ മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിച്ചു എന്നതായിരുന്നു സുധീരനോടുള്ള കരുണാകരന്റെ എതിർപ്പിനു കാരണം .നേരത്തെ യുഡിഎഫ് ഡപ്യൂട്ടി ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ട ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്തതിന്റെ പേരിലും കരുണാകരനും ആന്റണിയും തമ്മിൽ ഇടഞ്ഞിരുന്നു.
അന്നു രാത്രി സുധീരനു പകരം എ ഗ്രൂപ്പിൽ നിന്ന് കെ.പി. വിശ്വനാഥനെ കരുണാകരൻ വയലാർ രവി വഴി ചാക്കിട്ടു പിടിച്ചു. നേരം വെളുത്തപ്പോൾ എ ഗ്രൂപ്പിന്റെ ലിസ്റ്റിൽ അതാ വിശ്വനാഥൻ. ബാലനും ഔട്ട്.
പിറ്റേന്നത്തെ സത്യപ്രതിജ്ഞ ചടങ്ങും അരങ്ങു തകർത്തു. ചടങ്ങിൽ മുസ്തഫയുടെ പ്രകടനം ചരിത്രം കുറിച്ചു. . സ്വന്തം നിയോജകമണ്ഡലത്തിൽ നിന്ന് എത്തിയ അനുയായികളെ കാണാനായി ബാരിക്കേഡുകൾ ചാടിക്കടന്ന മുസ്തഫയുടെ പടം പിറ്റേന്ന് മനോരമയുടെ ഒന്നാം പേജിൽ. മുസ്തഫ അനുയായികൾക്കൊപ്പം പന്തലിന്റെ പിൻനിരയിൽ നിൽക്കുമ്പോഴാണ് കരുണാകരന്റെ കാർ വരുന്നത് കണ്ടത്. സത്യപ്രതിജ്ഞാ വേദിയിലേക്ക് പാഞ്ഞെത്താനുള്ള ശ്രമത്തിനിടയിലാണ് മുസ്തഫ ബാരിക്കേഡുകൾ തകർത്തത്. പിന്നാലെയുണ്ടായിരുന്ന മനോരമ ഫോട്ടോഗ്രാഫർ ഇ.വി. ശ്രീകുമാർ അസുലഭ രംഗം ക്യാമറയിൽ പകർത്തി. ഇ.വി. ശ്രീകുമാറിന് ആ വർഷത്തെ മികച്ച വാർത്താ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രം. പിന്നീടു ശ്രീകുമാർ പറഞ്ഞതാണ് അതിലേറെ രസകരം. പടം മുസ്തഫയെ ചൊടിപ്പിക്കും എന്നാണ് ശ്രീകുമാർ കരുതിയത്. എന്നാൽ പിറ്റേന്ന് മുസ്തഫ ശ്രീകുമാറിനെ അന്വേഷിച്ചു കണ്ടുപിടിച്ചു മുക്തകണ്ഠം പ്രശംസിച്ചു. രണ്ടു കോപ്പികളും വാങ്ങി. (കരുണാകരൻ, ആന്റണി ഗ്രൂപ്പുകാരനായ വയലാർ രവിയെ തന്റെ സ്ഥാനാര്ഥിയാക്കി കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആന്റണിയെ തോൽപ്പിച്ചതും ഭക്ഷ്യ മന്തിയായ മുസ്തഫ പാമൊലിൻ കേസിൽ കരുണാകരനൊപ്പം കുടുങ്ങിയതതും പിന്നീടുണ്ടായ സംഭവ വികാസങ്ങൾ)
ഗുണ പാഠം
എല്ലാ രാഷ്ട്രീയ നേതാക്കളും പറയുന്നത് രാഷ്ട്രീയ പ്രവർത്തനം ജനസേവനമാണെന്നാണ്. പാർലമെന്ററി വ്യാമോഹം ഇല്ലെന്ന് അവർ ആണയിടുന്നു. അഞ്ചു വർഷത്തിലൊരിക്കൽ തിരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് മാത്രം തങ്ങൾ മത്സരിക്കുകയും ജയിച്ചത് കൊണ്ട് മാത്രം മന്ത്രിമാർ ആകുകയും ചെയ്യുന്നു എന്ന ഭാവം. മന്ത്രി ആകുമ്പോഴും ഉള്ളിലെ ആഹ്ലാദം പുറത്ത് പ്രകടിപ്പിക്കാതെ അവർ ഉള്ളിലൊതുക്കും. .ശുദ്ധ മനസ്‍കരായ മുസ്തഫ മാത്രം എല്ലാം മറന്ന് ഉള്ളിലുള്ളത് പുറത്ത് കാട്ടി.
Content Summary : Thalakkuri Column - Award wining photo of T. H. Musthafa on swearing day ceremony of 1991 K. Karunakaran Ministry