കറുത്ത കാറു കണ്ടാൽ തിളയ്ക്കണം ചോര ഞരമ്പുകളിൽ
Mail This Article
കമാൻഡോകളുടെ അകമ്പടിയിൽ വാഹന വ്യൂഹത്തിൽ വിവാദങ്ങളുടെ പൊടിപടലങ്ങൾ ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ കറുത്ത ഒന്നാം നമ്പർ സ്റ്റേറ്റ് കാർ ജൈത്രയാത്ര തുടരുകയാണ്. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും പോലുള്ള വിവിഐപികൾ വല്ലപ്പോഴും കേരളത്തിൽ എത്തുമ്പോൾ കണ്ടിട്ടുള്ള പത്രാസുള്ള യാത്ര ഇപ്പോൾ ദിവസവും കണ്ട് കേരളീയർ ‘കോരിത്തരിക്കുക’യാണ്. ചാനലുകൾ രാവിലെ മുതൽ വൈകുന്നേരം വരെ ഈ അകമ്പടി യാത്ര കാണിച്ച് നമ്മുടെ മുഖ്യമന്ത്രിയും ഒരു വിവിഐപിയാണെന്ന് നമ്മെ സദാ നേരവും ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഇനി നമ്മുടെ മുഖ്യൻ മറ്റു സംസ്ഥാനങ്ങളിൽ പോകുമ്പോൾ നമ്മുടെ പൊലീസിനെയും അകമ്പടി വാഹനങ്ങളും അയച്ച് അവിടെയും ഇത് കാണിച്ചു കൊടുക്കാം. ഏറ്റവുമൊടുവിൽ, കേരള മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കാൻ തെലങ്കാനയിലും കൊൽക്കത്തയിലും വരെ എത്തി കേരള പൊലീസ് ട്രയൽ റൺ നടത്തിക്കഴിഞ്ഞല്ലോ. പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കാൻ എസ്പിജി സംസ്ഥാനങ്ങളിലേക്കു പോകുമ്പോലെ കണ്ടാൽ മതി. മുഖ്യമന്ത്രിയുടെ ജീവരക്ഷയ്ക്കു വേണ്ടിയാണ് കനത്ത സുരക്ഷ എന്നു പാർട്ടി പറയുമ്പോൾ അത് അംഗീകരിക്കണം. പാർട്ടി ഏതായാലും മുഖ്യൻ എല്ലാവരുടെയും മുഖ്യനാണ്. ആരിൽനിന്നു ഭീഷണി എന്നു വ്യക്തമാക്കണമെന്ന് പ്രതിപക്ഷം അറിവില്ലായ്മകൊണ്ടു ചോദിച്ചതാവാം. ലോകത്തിലെ എല്ലാ ഫാഷിസ്റ്റ് ശക്തികളുടെയും ഭീഷണിയുണ്ട്.
കരിങ്കൊടി കാണിക്കുകയല്ലാതെ തങ്ങൾ ഒരിക്കലും മുഖ്യമന്ത്രിയെ കടന്നാക്രമിക്കില്ലെന്ന് വി.ഡി.സതീശൻ ആണയിടുന്നു. പാവം സതീശൻ. കോൺഗ്രസുകാർ വഴിയിൽനിന്നു നാലു കരിങ്കൊടി കാണിക്കുന്നതു പേടിച്ചിട്ടൊന്നുമല്ല ഈ പങ്കപ്പാടൊക്കെ. പൊതുജനങ്ങൾക്കും സമരക്കാർക്കും അപ്പുറത്ത് ആരെയൊക്കെയോ മുഖ്യമന്ത്രി ഭയപ്പെടുന്നു എന്ന സംശയം ബലപ്പെടുന്നു. അതല്ലെങ്കിൽ ഈ അകമ്പടിയും കമാൻഡോയും ഒക്കെ മുഖ്യമന്ത്രി ആസ്വദിക്കുന്നു എന്ന് കരുതണം.
ഇഎംഎസും അച്യുത മേനോനും എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും ഒക്കെ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊലീസ് അകമ്പടി ഇഷ്ടപ്പെടാഞ്ഞവരാണ്. ഇഎംഎസ് തിരുവനന്തപുരം നഗരത്തിൽ പൊലീസിന്റെയോ എസ്കോർട്ടിന്റെയോ അകമ്പടിയോടെ യാത്ര ചെയ്തത് ആരും ഓർക്കുന്നില്ല. എ.കെ.ആന്റണിയും അകമ്പടി കാർ ഇല്ലാതെയാണ് അധികവും സഞ്ചരിച്ചിട്ടുള്ളത്. ഗൺമാൻ ഇറങ്ങിവന്ന് കാറിന്റെ ഡോർ തുറക്കുന്നതു പോലും ആന്റണി ഇഷ്ടപ്പെട്ടിരുന്നില്ല. സമരഭീഷണി ഉള്ളപ്പോൾ മാത്രമാണ് അപൂർവമായി ഇവരൊക്കെ പൊലീസിന്റെ സംരക്ഷണം തേടിയിട്ടുള്ളത്. പക്ഷേ ഒന്നോ രണ്ടോ വണ്ടി. അത്ര തന്നെ.
കേരളത്തിൽ ആദ്യം എസ്പിജി സംരക്ഷണത്തിൽ യാത്രചെയ്ത മുഖ്യമന്ത്രി കെ. കരുണാകരനാണ്. നക്സൽ ഭീഷണി ഉണ്ടായിരുന്നപ്പോൾ പോലും അദ്ദേഹത്തിന് മൂന്ന് അകമ്പടിക്കാറുകളും രണ്ടു പൊലീസ് വാഹനങ്ങളുമേ ഉണ്ടായിരുന്നുള്ളൂ. മുന്നിലും പുറകിലും ഓരോന്ന്. പിന്നെ കമാൻഡോകൾ കയറിയ ഒരു കാറും. എങ്കിലും വേഗത്തിലുള്ള യാത്രയും എസ്കോർട്ടും പൈലറ്റും ഒക്കെ ആസ്വദിച്ചിരുന്ന നേതാവായിരുന്നു കരുണാകരൻ. പക്ഷേ കരുണാകരൻ ഒരിക്കലും കറുപ്പിനെ വിലക്കിയിട്ടില്ല. കരുണാകരന്റെ പൊലീസ് ഒരിക്കലും മരണവീട്ടിലെ കറുത്ത കൊടി അഴിച്ചു മാറ്റിയിട്ടുമില്ല. അതേ കരുണാകരൻ തന്നെ ഒരിക്കൽ എറണാകുളത്തുവച്ച്, തനിക്കു വേണ്ടി വഴിയിൽ യാത്രാവാഹനങ്ങൾ തടഞ്ഞിട്ടതു കണ്ട് കാർ നിർത്തി പൊലീസുകാരോടു ക്ഷോഭിച്ചിട്ടുണ്ട്. കരുണാകരന്റെ ചീറിപ്പാഞ്ഞുള്ള യാത്രയെയും ജനങ്ങളെ ആട്ടിയോടിക്കുന്ന അകമ്പടി പൊലീസും ഒക്കെ അന്ന് പ്രതിപക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ കടുത്ത വിമർശനത്തിനു വിധേയമായിരുന്നു. എന്നാൽ കരുണാകരനെ ബഹുദൂരം പിന്നിലാക്കുന്ന സുരക്ഷാ സംവിധാനവുമായാണ് മുഖ്യമന്ത്രി പിണറായിയുടെ യാത്ര.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2004 ലും 2011 ലും, ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പൊലീസ് സുരക്ഷ തനിക്കു വേണ്ടെന്ന് പ്രത്യേകം നിർദേശിച്ചിരുന്നു. 2011 ൽ ഡിജിപി ആയിരുന്ന ജേക്കബ് പുന്നൂസിന് അദ്ദേഹം ഇതിനു രേഖാമൂലം നിർദേശം നൽകി. സ്ഥിരം പൈലറ്റും എസ്കോർട്ടും നഗരത്തിൽ മാത്രം. ദീർഘയാത്രയിൽ അതും ഒഴിവാക്കാൻ നിർദേശിച്ചു. അനാവശ്യ സുരക്ഷാക്രമീകരണങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത് മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾത്തന്നെ അദ്ദേഹം ഈ തീരുമാനമെടുക്കുകയായിരുന്നു. പിന്നീട് സോളർ വിവാദത്തെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ ഭീഷണി ഉയർന്നപ്പോഴാണ് അത്യാവശ്യ സുരക്ഷാക്രമീകരണങ്ങൾ എങ്കിലും അദ്ദേഹം സ്വീകരിച്ചത്.
നായനാർ മുഖ്യമന്ത്രിയായിരുന്ന മൂന്നു തവണയും കാര്യമായ പൊലീസ് സംരക്ഷണം ഒന്നുമില്ലായിരുന്നു. ഒരു എസ്കോർട്ട് വാഹനം പോലും ഇല്ലാതെ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ വെള്ള അംബാസഡർ കാർ സെക്രട്ടേറിയറ്റ് ഗേറ്റ് കടന്നു പോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്
മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സമരങ്ങളുള്ളപ്പോഴല്ലാതെ വി.എസ്.അച്യുതാനന്ദനും വലിയ പൊലീസ് അകമ്പടി ഉണ്ടായിരുന്നില്ല. പ്രതിപക്ഷ ആക്രമണം ഭയന്ന് ഒന്നോ രണ്ടോ തവണ മാത്രമാണ് അദ്ദേഹത്തിനു സുരക്ഷ ഒരുക്കിയത്. ഒരിക്കൽ അട്ടക്കുളങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ മഹാത്മാഗാന്ധിയുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്യാൻ എത്തിയ വിഎസിനെ വേലി കെട്ടി സമരക്കാരിൽനിന്നു പൊലീസിനു സംരക്ഷിക്കേണ്ടിവന്നു. അപ്പോഴും പൊലീസ് നാട്ടുകാരെ ആട്ടിയോടിച്ചില്ല. സുരക്ഷാ ഭീഷണിയില്ലാത്ത മുഖ്യമന്ത്രിയെ നാട്ടുകാരിൽ നിന്ന് അകറ്റിനിർത്തുന്ന പൊലീസ് നടപടിക്കെതിരെ അന്നു പ്രതിഷേധിച്ചത് പാർട്ടിയാണ്. മുഖ്യമന്ത്രി ജനങ്ങൾക്ക് അപ്രാപ്യനാണെന്നു വരുത്താൻ പൊലീസ് ശ്രമം നടത്തുന്നു എന്നു വരെ ആരോപണം ഉണ്ടായി.
എന്നാൽ ആദ്യവട്ടം മുഖ്യമന്ത്രി ആയപ്പോൾത്തന്നെ പിണറായി വിജയൻ സെഡ് കാറ്റഗറി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനത്തോടെയാണ് ഭരണം തുടങ്ങിയത്. സ്ഥിരം അകമ്പടിക്കു പുറമേ, മുഖ്യമന്ത്രിയെത്തുന്ന ജില്ലകളിൽ ലോക്കൽ സ്പെഷൽ ബ്രാഞ്ച് പൊലീസിനെ എല്ലാ വേദികളിലും വഴിയിലുടനീളം വിന്യസിക്കും. 2018ൽത്തന്നെ കോട്ടയത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചത് മുന്നൂറിൽപരം പൊലീസുകാരാണ്. പൈലറ്റ്, എസ്കോർട്ട് കമാൻഡോകൾ എന്നിവർ അടങ്ങുന്ന 17 അംഗ സംഘം വേറെ.
മുഖ്യമന്ത്രി പോകുന്ന വഴികളിലും വേദിയിലും രണ്ടു മണിക്കൂർ മുമ്പ് പൊലീസ് റിപ്പോർട്ട് ചെയ്യണം. പ്രധാനമന്ത്രിയും മറ്റും യാത്ര ചെയ്യുമ്പോൾ എന്നപോലെ ഗതാഗതം തടയൽ. വഴിയിൽ നിൽക്കുന്നവരെ ആട്ടിയോടിച്ച് പൊലീസ്. ഒരു കമ്യൂണിസ്റ്റ് മുഖ്യൻ ഇങ്ങനെയൊക്കെ യാത്ര ചെയ്യുമെന്നു പത്തുവർഷം മുമ്പ് ആർക്കെങ്കിലും സ്വപ്നം കാണാൻ കഴിയുമായിരുന്നോ?
Content Summary: Thalakuri - Column on Security of Kerala Chief Ministers