ADVERTISEMENT

കെൽട്രോൺ ഇടനില നിന്നു നടപ്പാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ പദ്ധതി വിവാദമായി കത്തുമ്പോൾ ഏറെക്കുറെ രണ്ടു പതിറ്റാണ്ടു മുൻപ് ബെംഗളൂരുവിലെ ഒരു പൊതുമേഖലാ സ്ഥാപനം ഇടനില നിന്നു നടത്താൻ ശ്രമിച്ച മറ്റൊരു വലിയ അഴിമതി ഒരു വാർത്തയിലൂടെ പൊളിച്ചത് ഓർമ വരുന്നു. 2006 ലെ ഇടതു സർക്കാരിന്റെ കാലത്തായിരുന്നു ഖജനാവിൽനിന്ന് നൂറു കോടിലധികം രൂപ കവർന്നെടുക്കാൻ നടത്തിയ ആ നീക്കം. നൂറു കോടി രൂപയുടെ അഴിമതി നീക്കം പൊളിക്കാനായി വിവരം ചോർത്തിത്തന്നതു ഭരിക്കുന്ന സർക്കാരിലെ തന്നെ ഒരു പ്രമുഖനും. കാരണം അദ്ദേഹം ഈ അഴിമതിക്ക് എതിരായിരുന്നു.

thalakuri-np-image1

ഉന്നതങ്ങളിൽനിന്ന് ഇടപെട്ടാണ് പഴയ ഒരു സ്മാർട് കാർഡ് പദ്ധതി പുതിയ വേഷത്തിൽ 2006 ൽ അവതരിപ്പിച്ചത്. അതും സർക്കാർ അധികാരത്തിലേറിയ ഉടനെ. ഡ്രൈവിങ് ലൈസൻസ് സ്മാർട് ആക്കുക എന്ന ലക്ഷ്യത്തോടെ സ്മാർട് ഒപ്റ്റിക്കൽ സ്ട്രിപ് കാർഡ് ഇറക്കാനായിരുന്നു പദ്ധതി. മൂന്നു കമ്പനികൾ ചേർന്ന് ഒരു കൺസോർഷ്യമുണ്ടാക്കിയായിരുന്നു നീക്കം. കാർഡൊന്നിന് 385 രൂപ. ബെംഗളൂരുവിലെ ഒരു പൊതുമേഖലാ സ്ഥാപനം, ഡൽഹിയിലെ സോഡിയാർഡ് ഡോട്ട് കോം സൊല്യൂഷൻസ്, തിരൂരിലെ ലീവ് ടെക്നോ സിസ്റ്റം എന്നിവ ചേർന്നുള്ളതായിരുന്നു കൺസോർഷ്യം. രണ്ടു പതിറ്റാണ്ടിനു ശേഷം ഇതേ സ്മാർട് കാർഡ്, ഒന്നിന് 60 രൂപ ചെലവിൽ സർക്കാർ ഇറക്കുന്നു. അന്ന് അലസിപ്പോയ ആ വലിയ തട്ടിപ്പിന്റെ വലുപ്പം നോക്കുക. ക്യാമറ പദ്ധതിയിലൂടെ ചരിത്രം എങ്ങനെ ആവർത്തിക്കുന്നു എന്നും നോക്കുക.

2006 ലെ ഇടതു സർക്കാരിനു തൊട്ടുമുമ്പത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ സ്മാർട് കാർഡ് നീക്കം ആരംഭിച്ചിരുന്നു. 2004 ൽ സ്മാർട് കാർഡ് സംബന്ധിച്ച് ഒരു ഫയൽ ഗതാഗത വകുപ്പിൽ രൂപം കൊള്ളുകയും ചെയ്തു. എന്നാൽ കാർഡ് ഒന്നിനു 385 രൂപ വളരെ കൂടുതലാണെന്നും 100 രൂപയിൽ താഴെയേ ചെലവു വരൂ എന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. വിവാദമായതിനെത്തുടർന്ന് നീക്കം സർക്കാർ ഉപേക്ഷിച്ചു. ഇതു സംബന്ധിച്ച അന്നിറങ്ങിയ ഉത്തരവ് യുഡിഎഫ് മന്ത്രിസഭ റദ്ദാക്കുകയും ചെയ്തു. അന്നു കരുനീക്കിയ ഗൂഢസംഘം തന്നെയാണ് പിന്നീട് ഇടതു സർക്കാരിന്റെ കാലത്തും ഫയലിനു ജീവൻ വയ്പ്പിച്ചത്. ഡൽഹി കേന്ദ്രമായി നടന്ന ഗൂഢനീക്കത്തിന്റെ ഭാഗമായി, അന്നത്തെ ഒരു ഇടതു ഘടകകക്ഷി എംപിയായിരുന്നു പുതിയ കരാറിനു പിന്നിൽ.

thalakuri-np-image

കരാർ റദ്ദാക്കിയ മുൻ സർക്കാരിന്റെ തീരുമാനത്തിന് കോടതിയിൽനിന്നു സ്റ്റേ സംഘടിപ്പിച്ചു കൊണ്ടായിരുന്നു പുതിയ സർക്കാർ വന്നപ്പോൾ ഡൽഹി സംഘത്തിന്റെ നീക്കം. ഈ സംഘം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു കൈക്കൂലി നൽകാൻ ശ്രമിച്ചു എന്നുവരെ വാർത്തകൾ ഉണ്ടായി.

ഡ്രൈവിങ് ലൈസൻസിന് സ്മാർട് കാർഡും റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് സ്മാർട് ഒപ്റ്റിക്കൽ കാർഡും നൽകാനും ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് അടിസ്ഥാനത്തിൽ കാർഡ് ഒന്നിന് 385 രൂപ നിരക്കിൽ പദ്ധതി നടപ്പാക്കാനും ആയിരുന്നു പുതിയ നീക്കം. ഇതു മനോരമയിലൂടെ പുറത്തുവന്നതോടെ അന്നത്തെ ഗതാഗത മന്ത്രി അന്വേഷണത്തിനു വിദഗ്ധ സംഘത്തെ നിയോഗിച്ചു. സ്മാർട് കാർഡും ഒപ്റ്റിക്കൽ കാർഡും കൂടി ആവശ്യമില്ലെന്നും സ്മാർട് കാർഡിൽ രണ്ടു രേഖകളും ഉൾപ്പെടുത്താമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. 385 രൂപയുടെ നാലിൽ ഒന്നുപോലും കാർഡിന് യഥാർഥത്തിൽ ചെലവു വരില്ലെന്നും സമിതി കണ്ടെത്തി. ബെംഗളൂരുവിലെ പൊതുമേഖലാ സ്ഥാപനത്തിനാണ് കരാർ ഉറപ്പിച്ചതെങ്കിലും അവർക്ക് ഇതിനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലായിരുന്നു. കൺസോർഷ്യം ഉണ്ടാക്കി ഡൽഹിയിലെ സോഡിയാക് ഡോട്ട് കോം സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിക്കു നൽകിയതു ക്രമക്കേടാണെന്നും പരിശോധനയിൽ കണ്ടെത്തി.

100 കോടിയുടെ ഈ അഴിമതി തടയാനുള്ള നീക്കത്തിന്റെ ഭാഗമായി അന്നു വിവരങ്ങൾ എനിക്കു ചോർത്തിത്തന്നത് ഇടതു സർക്കാരിലെ തന്നെ ഒരു പ്രമുഖൻ. അതിന് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പിന്തുണയും ഉണ്ടായിരുന്നു.

സ്മാർട് കാർഡ് ഇടപാട് വിവാദമായതിനെ തുടർന്ന് ഒതുക്കിത്തീർക്കാൻ 25 ലക്ഷം രൂപയുമായി കൊച്ചിയിലെത്തിയ നാലംഗ സംഘത്തെ പിടികൂടിയതും വാർത്തയായിരുന്നു. സംഘത്തിൽനിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ സ്മാർട് കാർഡ് സംബന്ധിച്ച ഫയലുകളുടെ ഉള്ളടക്കവും കണ്ടെത്തിയിരുന്നു. മിക്ക സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത് ഈ മാഫിയയാണെന്ന സൂചനയും ലഭിച്ചു. പൊലീസ് പിടിച്ചെടുത്ത ലാപ്ടോപ്പിലെയും പെൻഡ്രൈവിലെയും ഡേറ്റ സിഡാക് ഡീകോഡ് ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. ഇതു സംബന്ധിച്ച് പിന്നീട് സിബിഐ അന്വേഷണവും നടന്നു.

Content Summary: Thalakuri - Column on Corruption related to Driving License Smart Card 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com