ADVERTISEMENT

സീനിയർ സിറ്റിസൺസിന്റെ മേൽ എല്ലാവരും കുതിര കയറുന്ന കാലമാണല്ലോ ഇത്. കോവിഡ് വന്നതോടെ കൊച്ചുകുഞ്ഞുങ്ങളുടെ ഗണത്തിലാണു മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞുങ്ങളെ ശകാരിക്കുന്നതുപോല വയസ്സന്മാരെ സർവരും ശാസിക്കാനും ശിക്ഷിക്കാനും തുടങ്ങിയിരിക്കുന്നു.

 

സമാധാനമായി പ്രഭാതസവാരി നടത്താൻപോലും നാട്ടുകാർ സമ്മതിക്കുന്നില്ല. ആദ്യം കാണുന്ന അയൽക്കാരൻതന്നെ ചോദിക്കും: ‘‘അങ്കിളേ, കറങ്ങി നടക്കാതെ വീട്ടിലിരുന്നുകൂടെ?’’

 

എന്ത് ഉറപ്പിച്ചാ പ്രായമായവർ വീട്ടിൽ പോയിരിക്കുക? ഏതു സമയത്താണു മക്കൾ കള്ളും കുടിച്ചു വരികയെന്ന് ആർക്കറിയാം? നല്ല ബൂസിലാണെങ്കിൽ പറയുകയും വേണ്ട. 

 

‘‘തല്ലല്ലേ മോനെ’’യെന്നു കരഞ്ഞു വിളിച്ചാലും വലിയ വടികൊണ്ട് അച്ഛനെ തല്ലുകയും തള്ളിയിട്ടു വീഴ്ത്തി കഴുത്തു ഞെരിച്ചു കൊല്ലുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. അത്രയ്ക്കൊന്നും ചെയ്തില്ലെങ്കിലും പ്രായമായ അച്ഛനെയും അമ്മയെയും പുറംലോകം കാണിക്കില്ലെന്ന വാശിയിലാണു പലമക്കളും. 

 

പുറത്തിറങ്ങി നടന്ന്, അച്ഛൻ രോഗംവന്നു മരിക്കുമെന്ന ഭയമല്ല, തന്റെ മക്കൾക്കു കോവിഡ് കൊണ്ടുകൊടുത്താലോ എന്ന ഭയമാണു കാരണം. മിതമായ ഭാഷയിൽ തന്തമാരോടു മക്കൾ അതു പറഞ്ഞു മനസ്സിലാക്കും: ‘‘മൂന്നു നേരവും ഭക്ഷണം ഇവിടെ കിട്ടുന്നില്ലേ? പിന്നെയെന്താ അച്ഛനു വീട്ടിലൊന്ന് അടങ്ങി ഒതുങ്ങിയിരുന്നാൽ?’’

 

ആ ശാസന കേട്ടു വീട്ടിൽ ഒതുങ്ങി കഴിയാമെന്നു വച്ചാലോ? താമസിക്കുന്ന വീടിനു പ്ലാൻ തയാറാക്കുമ്പോൾത്തന്നെ വയസ്സുകാലത്തു ചാരുകസേരയിൽ കിടന്നു വിശ്രമിക്കാൻ പ്രത്യേകമായി പണിത കോലായിലേക്കു കാലെടുത്തു വയ്‍ക്കാൻ മരുമകൾ സമ്മതിക്കേണ്ടേ? ‘‘ഈ അച്ഛൻ എവിടേയ്ക്കാ ഇങ്ങനെ കറങ്ങി നടക്കുന്നത്?’’ അവളുടെ പരിഭവം

 

അതു കേട്ടുവരുന്ന മകൻ അതേറ്റു പിടിച്ച്, വളരെ സോഫ്റ്റായ ഒരു ശാസന: ‘‘ഈ അച്ഛനു മുറിയിൽ ഒന്ന് ഒതുങ്ങിയിരുന്നുകൂടേ? നേരാനേരം ഭക്ഷണം ഞങ്ങൾ അവിടെ എത്തിച്ചുതരും’’ പോരേ? അവന്റെ വക മൂന്നു നേരം ആഹാരം കിട്ടാൻ മാത്രമാണല്ലോ താനിവിടെ ആട്ടും തുപ്പുമേറ്റ് കഴിയുന്നത്! പിതാവിന്റെ ആത്മഗതം.

 

പിന്നെ, വീട്ടിൽ പട്ടിക്കുള്ളതുപോലെ അച്ഛനും ഒരു സ്ഥിരം പാത്രം. ആ പാത്രം തന്റെ പൊന്നു മക്കൾ അറിയാതെയാണെങ്കിൽപോലും തൊട്ടുകൂടെന്നാണു മരുമകളുടെ വിലക്ക്. കുട്ടികളാരെങ്കിലും ആ പ്ലേറ്റെടുത്തു മുന്നിൽ വച്ചാൽ അവളുടെ ഒച്ച പതിവിലും പൊന്തും. ‘‘അസ്സത്തേ, എത്ര പറഞ്ഞാലും തലയിൽ കേറില്ലേ നിനക്ക്. അതു മുത്തച്ഛന്റെ പ്ലേറ്റാ. സാനിറ്ററൈസിട്ടു കൈ അണുവിമുക്തമാക്കടീ കൊച്ചേ.’’ ഇതൊക്കെ തൊട്ടടുത്ത മുറിയിലിരുന്നു കേൾക്കേണ്ടിവരുന്ന വയോജനങ്ങൾ നമ്മുടെ നാട്ടിലുണ്ടെന്ന് അറിയുക.

 

ഏകമകൻ കെട്ടിക്കൊണ്ടു വരുന്നവൾ കേമിയായതുകൊണ്ടുമാത്രം അനാഥാലയങ്ങളിൽ കിടന്നു കണ്ണടയ്ക്കേണ്ടിവരുന്ന എത്രയോ അമ്മമാരുള്ള നാടാണിത്. അനാഥാലയത്തിൽ പോകില്ലെന്നു വാശിപിടിച്ചാൽ പെറ്റമ്മ കിടക്കുന്ന മുറിയൊഴികെയുള്ള തറവാട്ടിലെ എല്ലാ മുറികളും പൂട്ടി, താക്കോലുമായി ദൂരദേശത്തു വാടകയ്ക്കു വീടെടുത്തു താമസിക്കുന്ന മക്കളും നമ്മുടെ നാട്ടിലുണ്ടല്ലോ. ഇതിനൊക്കെ കരിമരുന്നിട്ടു കൊടുക്കുന്ന താനും നാളെ അമ്മായിയമ്മയാകുമെന്ന് ഇവരിൽ ആരെങ്കിലും ചെറുപ്പത്തിന്റെ തിളപ്പിൽ ഓർക്കുമോ? ഇതു കണ്ടാണു മക്കൾ വളരുതെന്ന് ആരാണപ്പോൾ ചിന്തിക്കുക?

 

കോവിഡിന്റെ പേരിൽ വയസ്സന്മാരോടുള്ള ഈ കടന്നുകയറ്റത്തിനു സർക്കാരും വളംവച്ചു കൊടുക്കുന്നു. സർക്കാരിന്റെ പത്രക്കുറിപ്പു കണ്ടാൽ പ്രായമായവരെയും കുഞ്ഞുങ്ങളെയുംമാത്രം തിരഞ്ഞെടുത്തു പിടിക്കുന്ന ഭൂതമാണു കോവി‍െഡന്നുവരെ തോന്നിപ്പോകും. പലതരം രോഗമുള്ളവരെയാണു കോവിഡ് എളുപ്പം ബാധിക്കുന്നത്. അവരിലേറെയും വയോജനങ്ങളാണെന്നതും സത്യം. അങ്ങനെ നോക്കിയാൽ വാട്സാപ്പിൽ ഇപ്പോഴും സജീവമായ 100 വയസ്സുകാരി ഒരു മുത്തശ്ശിക്ക് ഷുഗറുമില്ല, പ്രഷറുമില്ല. അതേസമയം ഈ വക രോഗങ്ങൾകൊണ്ടു പൊറുതിമുട്ടുന്ന ചെറുപ്പക്കാർ ഇറങ്ങിനടന്നാൽ ആർക്കുമൊരു കേസില്ല. 

 

ഇപ്പോൾ പുറത്തിറങ്ങുന്നവർ മാസ്ക് വച്ചില്ലെങ്കിലാണ് 200 രൂപ പിഴ. ഇനി, എത്ര മാസ്ക് വച്ചാലും പ്രായമായവർ പുറത്തിറങ്ങിയാൽ അവർ കനത്ത പിഴയടയ്ക്കേണ്ടിവരുമോ?

 

അങ്ങനെ വന്നാൽ ഈ പിണറായി മന്ത്രിസഭയിലെ സുനിൽകുമാർ സഖാവിനും (സിപിഐ) ജലീൽസാഹിബിനും (സിപിഎം) മാത്രമേ പിഴയടയ്ക്കാതെ ധൈര്യമായി പുറത്തിറങ്ങി നടക്കാനാവൂ. സിയെം പിണറായി മാത്രമല്ല, എം.എം. മണി, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരെല്ലാം 75 വയസ്സു കഴിഞ്ഞവരാണ്. ഇ.ചന്ദ്രശേഖരൻ, എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ, ജി. സുധാകരൻ, എ.കെ. ശശീന്ദ്രൻ എന്നിവർ 70 വയസ്സു കഴിഞ്ഞവരും ഡോ. ടി.എം. തോമസ് ഐസക്, കെ. രാജു, ഇ.പി.ജയരാജൻ എന്നിവർ 70 വയസ്സിനോട് അടുത്തവരുമാണ്. കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, പി. തിലോത്തമൻ, ഷൈലജ ടീച്ചർ എന്നിവരും സീനിയർ സിറ്റിസൺസ് തന്നെ. പിണറായി മന്ത്രിസഭയിൽ രണ്ടുപേരൊഴികെ എല്ലാവരും വയസ്സന്മാരാണെന്ന കാര്യം അവരും മറന്നുപോയോ? 

 

മുതിർന്ന പൗരന്മാർ വീട്ടിൽ ഏതു മുറിയിലാണോ ഉള്ളത് അവിടെത്തന്നെ ഒതുങ്ങിയിരിക്കണമെന്ന നിയമം കർശനമായി നടപ്പാക്കിയാൽ സിയെമ്മേ ഈ കേരളം പിന്നെ ആരു ഭരിക്കും? സുനിൽ സഖാവും ജലീൽ സാഹിബും എത്ര മിടുക്കൻമാരാണെങ്കിലും അവരെക്കൊണ്ടു കൂട്ടിയാൽ കൂടുമോ? ഇതിൽ സുനിൽ സഖാവ് ഇപ്പോൾ ക്വാറന്റീനിലുമാണ്.

 

English Summary: The lives of senior citizenes during pandemic

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com