മലയാളിയും FREEയും
Mail This Article
‘ഫ്രീ’യായി എന്തെങ്കിലും ഇടയ്‌ക്കിടെ കിട്ടിക്കൊണ്ടിരിക്കുന്നതു മലയാളിക്കു വലിയ സന്തോഷം! മൊട്ടുസൂചി സൗജന്യമായി കിട്ടുമെങ്കിൽ അതു വാങ്ങാൻ എത്ര ദൂരം പോകാനോ എത്രനേരം ക്യു നിൽക്കാനോ നമുക്കു സമയം വേണ്ടത്രയുണ്ട്.
വെളിച്ചെണ്ണ കഴിച്ചാൽ കൊളസ്ട്രോൾ വരുമെന്നും കൊളസ്ട്രോൾ വന്നാൽ ഹാർട്ട് അറ്റാക്ക് വന്നു തട്ടിപ്പോകുമെന്നും പാംഓയിൽ ലോബി കുപ്രചാരണം നടത്തുന്ന കാലം. അപ്പോഴാണു കൊളസ്ട്രോൾ ഫ്രീ വെളിച്ചെണ്ണയുടെ രംഗപ്രവേശം. കുപ്പിയിൽ വലിയ അക്ഷരത്തിൽ അതെഴുതിവച്ചിട്ടുമുണ്ട്.
നാട്ടിൻപുറത്തെ പലചരക്കു കടയിൽ ഒരുകുപ്പി വെളിച്ചെണ്ണ വാങ്ങിയ മുത്തശ്ശി പോകാതെ തിരിഞ്ഞു കളിക്കുന്നതു കണ്ടു കടക്കാരൻ കാര്യം തിരക്കി. മുത്തശ്ശിയുടെ മറുപടി: ഇതിലെഴുതിയ ഫ്രീ കിട്ടിയില്ല, മോനേ.
കൊളസ്ട്രോളായാലും കൊറോണയായാലും ഫ്രീയാണെങ്കിൽ വേണ്ടെന്നു വയ്ക്കാൻ മലയാളിക്കു മടി! റേഷൻ കട വഴി ഫ്രീ കിറ്റ് കിട്ടുമെന്നു കേട്ടറിഞ്ഞെത്തിയത് എത്ര പേരാണെന്നോ? 84,86,694 പേർ! ഭൂമിമലയാളത്തിലാകെ 87,29,875 റേഷൻകാർഡ് ഉടമകളേയുള്ളൂ. 5 കിലോ അരി ഫ്രീയുണ്ടെന്നറിഞ്ഞു ബെൻസ് കാറിൽവന്നു റേഷൻകടയിൽ മാസ്ക് ധരിച്ചു സാമൂഹിക അകലം പാലിച്ചു ക്യു നിന്നവരും നമ്മുടെ നാട്ടിലുണ്ട്.
ഒരു ജില്ലാ ജഡ്ജി സൗജന്യ കിറ്റ് വാങ്ങാൻ ഭാര്യയ്ക്കൊപ്പം ചെല്ലുകയും കിറ്റ് തീർന്നുവെന്നു കള്ളംപറഞ്ഞു റേഷൻകടക്കാരൻ മടക്കി അയയ്ക്കുകയും ചെയ്ത കഥ നാട്ടിലൊക്കെ പാട്ടല്ലേ? ആ ജഡ്ജി വീട്ടിൽ ചെന്ന് ഇ–പോസ് കേരള സൈറ്റിൽ കയറി കടയുടെ ലൈസൻസ് നമ്പർ വച്ചുനോക്കിയപ്പോൾ ആ കടയിൽ 234 കിറ്റുകൾ ബാക്കിയുണ്ടെന്ന് അറിഞ്ഞു. സിവിൽ സപ്ലൈസ് വകുപ്പു സെക്രട്ടറി, ഡയറക്ടർ എന്നിവരെ ഫോണിൽ വിളിച്ചു പരാതി നൽകിയതോടെ താലൂക്ക് സപ്ലൈസ് ഓഫിസർ സ്ഥലത്തെത്തി റേഷൻകട തന്നെ പൂട്ടിച്ചുവെന്നു മാത്രമല്ല, കിറ്റ് ജഡ്ജി സമക്ഷം എത്തിക്കുകയും ചെയ്തുവെന്നതു പിന്നാമ്പുറക്കഥ.
വെറുതെ കിട്ടുന്നതു ചോദിച്ചുതന്നെ വാങ്ങാനും അതിന് ഏതറ്റംവരെ പോകാനും നാം ആരുടെയും പിന്നിലല്ല. മൊബൈലിൽ എസ്എംഎസ്സായി ‘ലോട്ടറി അടിച്ചതിൽ അഭിനന്ദനം’ എന്ന ഒരു മെസ്സേജ് വരുമ്പോഴേക്കും എന്തോ ഒന്നു വെറുതെ കിട്ടാൻ പോകുന്നതിന്റെ അത്യാഹ്ളാദമായി. അങ്ങനെ ഒരു ലോട്ടറിക്കു ചേർന്നിട്ടില്ലെന്നോ ഓൺലൈൻ ലോട്ടറി നിരോധിച്ചിരിക്കുകയാണെന്നോ തൽക്കാലം നാം മറന്നു പോകുന്നു. സമ്മാനം അയയ്ക്കുന്ന ചെലവിലേക്കായി (കൊറിയർ ചാർജ്, കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി, ഷിപ്പിങ് തുക, ബാങ്ക് ട്രാൻസ്ഫർ ഫീ എന്നിങ്ങനെ) അവർ പറഞ്ഞ തുക അയച്ചു കൊടുത്ത് ഒരിക്കലും വരാത്ത സമ്മാനത്തിനായി കാത്തിരുന്നവരും നമ്മുടെ കൂട്ടത്തിലില്ലേ?
സമ്മാനമുണ്ടെന്നറിഞ്ഞയുടനെ തിരക്കിട്ടു ബാങ്ക് അക്കൗണ്ട് നമ്പരും മറ്റ് ഐഡികളും അയച്ചുകൊടുത്തശേഷം, ബാങ്കിൽ കിടന്നിരുന്ന പണംകൂടി പോയശേഷം അണ്ടിപോയ അണ്ണാനെപ്പോലെ വിഷണ്ണന്മാരാവേണ്ടി വന്നവരുമുണ്ടല്ലോ കൂട്ടത്തിൽ.
ഒരു പൈസപോലും പലിശയില്ലാതെ വൻതുക കടമായി നൽകാമെന്ന വാഗ്ദാനവുമായി ചില ചാരിറ്റി പ്രവർത്തകരുടെ സഹായ മെസ്സേജ് വരുമ്പോഴേക്കും നമ്മിൽ ചിലർ വീണുപോകുന്നു. ബാങ്ക് അക്കൗണ്ടും വിലയേറിയ രേഖകളും കള്ളനു താക്കോൽ എന്നപോലെ ഏൽപിച്ചു പണനഷ്ടവും മാനനഷ്ടവുമുണ്ടായവരും നമ്മുടെ നാട്ടിൽ ഇല്ലേ?
വെറുതെ കിട്ടുമെങ്കിൽ ഇങ്ങു പോന്നോട്ടെ എന്ന ഒരു ചിന്ത നാം മലയാളികളുടെ മനസ്സിലെവിടെയോ ഉണ്ട്. ഏറ്റവും ഒടുവിൽ പാമ്പിനെ കണ്ഠാഭരണമാക്കിയ ദൈവനാമത്തിലുള്ള ഒരു ഉന്നതൻ, വിലക്കപ്പെട്ട പാനീയത്തിന് അഡിക്ടായി പോയതു സംഗതി ഫ്രീ ആയി കിട്ടുന്നതുകൊണ്ടായിരുന്നില്ലേ?
ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഏതു ഗെറ്റ് ടുഗദറിനു വിളിച്ചാലും ഓടിയെത്തുന്ന കാക്കിധാരികൾ നീന്തൽ കുളത്തിൽ കാൽതെന്നി വീഴുന്നതും അവിടെ കിടന്നു നക്ഷത്രമെണ്ണുന്നതും അവിടെ പാമ്പാകാനുള്ള വെള്ളം ഫ്രീയായി കിട്ടുന്നതുകൊണ്ടല്ലേ, സാർ.
ഈ നാട്ടിൽ വലിയ അധ്വാനമില്ലാതെ പണം കൈയിൽ വന്നു വീഴുമെങ്കിൽ, സ്വർണക്കള്ളക്കടത്തിനല്ല, രാജ്യദ്രോഹത്തിനുവരെ തയ്യാറായ ആർത്തിപണ്ടാരങ്ങളെ കിട്ടാനാണോ പാട്?
English Summary: Ullathum illathathum Column by K.A. Francis