മദ്യത്തിനു പകരം സാനിറ്റൈസറോ, സാർ?
Mail This Article
സർക്കാരിനെങ്കിലും ധനസഹായമാവട്ടെയെന്നു കരുതി മദ്യപാനം തുടങ്ങിയ വലിയൊരു വിഭാഗം ജനം നമ്മുടെ നാട്ടിലുണ്ടെന്ന കാര്യം ഈ തിക്കിനും തിരക്കിനുമിടയിൽ നമ്മുടെ സിയെം മറന്നുപോയോ? രാത്രിയാകുമ്പോൾ രണ്ടെണ്ണം വീശി, ആർക്കും ഒരു ഉപദ്രവുമില്ലാതെ ചുരുണ്ടുകൂടി സുഖമായി കൂർക്കം വലിച്ചുറങ്ങുന്നതു ശീലമാക്കിയവരെ ഈ ഭൂമി മലയാളത്തിൽ ഒന്നും രണ്ടുമല്ല. ഒരു വോട്ടെടുപ്പിൽ വിധിനിർണയിക്കാൻ ഇവരും ഒരു ഘടകമാണെന്ന കാര്യം ബഹുമാനപ്പെട്ട സിയെം വിസ്മരിക്കരുത്. നീതിനിഷേധം ആരോടായാലും പാടില്ലാത്തതല്ലേ?
പണ്ടത്തെ ലോക്ഡൗണിൽ മദ്യം കിട്ടാൻ ഒരു ആപ്പെങ്കിലുമുണ്ടായിരുന്നു. ആ ശിവശങ്കരൻ ഇല്ലാത്തതുകൊണ്ട് ഇപ്പോൾ ആപ്പുമില്ല; കോപ്പുമില്ല. ഇപ്പോൾ ആകെ ശരണം തമിഴ് നാട്ടിൽനിന്നും വരുന്ന പച്ചക്കറിവണ്ടികളാണ്. പച്ചക്കറികൾക്കിടയിൽ തിരുകിവച്ച കുപ്പികൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് എത്തിക്കുന്നത് അല്ലെങ്കിൽ എത്രപേർക്കു തികയും?
ഉത്തരേന്ത്യയിൽ ഓക്സിജൻ കരിഞ്ചന്തവിലയ്ക്കു വിറ്റവർ ആ പണിനിർത്തി കുപ്പികളുമായി കേരളത്തിൽ ഇറങ്ങിയിരിക്കുകയാണ്. 600 രൂപ വിലയുള്ള ബ്രാണ്ടി ഇപ്പോൾ 6000 രൂപയ്ക്കും വാങ്ങാൻ ആളുണ്ടുപോലും! ബിവറേജ് ഔട്ട്ലെറ്റുകളിൽ ലോക്കൗട്ട് കാലത്തു നാലിരിട്ടി വിലയ്ക്കെങ്കിലും ഇതു ലഭ്യമാക്കിക്കൂടേ?
വീടായ വീടാകെ വാറ്റു തുടങ്ങുന്നു. നല്ലൊരു സ്റ്റാർട്ടപ്പായി മാറുന്നു. പ്രഷർ കുക്കറിൽ വാറ്റുന്നതിന് ഓൺലൈൻ ക്ലാസുകൾവരെ നടക്കുന്നു. നാട്ടിൽ മാത്രമല്ല, കാട്ടിലും തകൃതിയായി കള്ളവാറ്റുണ്ട്. ഇതിൽനിന്നൊന്നും ശകലം തരപ്പെടുത്താൻ കഴിയാത്ത പാവപ്പെട്ടവൻ വല്ല സാനിറ്റൈസറും കഴിച്ചു കാലയവനിക പൂകുന്നു. സാനിറ്റൈസർ ഇന്നു സർവത്ര. പോരാത്തതിനു സർക്കാർ
അതിനു ന്യായവില നിശ്ചയിച്ചിട്ടുമുണ്ടല്ലോ. കോവിഡ് മൂലം മരിച്ചവരുടെ എണ്ണം പെരുകുന്നതുപോലെ സാനിറ്റൈസർ കഴിച്ചു മരിച്ചവരുടെ എണ്ണവും പെരുകുന്നതൊന്നും സിയെമ്മേ, ങ്ങ്ള് കാണുന്നില്ലേ?
നാടിനു നേട്ടമുണ്ടാക്കാൻ സ്വന്തം ആരോഗ്യവും പണവും നൽകി സർക്കാരിനെ ഉദാരമായി സഹായിക്കുന്ന ഇൗ മദ്യപാനികളെ മറക്കുന്നത് കഷ്ടമല്ലേ.
English Summary : Ullathum Illathatum - No decision taken home delivery liquor in Kerala