ചരിത്രം കുറിക്കുന്ന കരാര്‍
Mail This Article
ചരിത്രത്തിലെ നിര്‍ണായകമായ വഴിത്തിരിവുകള്‍ കുറേയെറെ കണ്ട ഒരു ഭൂവിഭാഗമാണ് മിഡില്‍ ഈസ്റ്റ് അഥവാ മധ്യപൂര്‍വദേശം. ചോരച്ചൊരിച്ചിലുകള്‍ക്കും പലതവണ അതിനു സാക്ഷ്യം വഹിക്കേണ്ടിവന്നു. പശ്ചിമേഷ്യയും ഉത്തരാഫ്രിക്കയും ദക്ഷിണ യൂറോപ്പും കൂടിച്ചേരുന്ന ആ തന്ത്രപ്രധാനമായ മേഖലയില്‍ അതിനാല്‍ ലോകശ്രദ്ധ സദാ പതിഞ്ഞുകിടക്കുന്നു.
കഴിഞ്ഞ ചില ആഴ്ചകള്‍ക്കുമുന്‍പ് വരെ അധികമാര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയാതിരുന്നതാണ് ഇപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നത്. യുഎഇയും ബഹറയിനും ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കാനുള്ള കരാറില്‍ ഒപ്പിട്ടു. ഇതനുസരിച്ച് എംബസ്സികള്‍ സ്ഥാപിതമാവുകയും വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള വഴികള്‍ തുറക്കപ്പെടുകയും ചെയ്യും.
യുഎഇയുടെയും ബഹറയിന്‍റെയും മാര്‍ഗം പിന്തുടര്‍ന്ന് ഇസ്രയേലുമായി രമ്യതയിലാവാന്‍ മറ്റു ചില അറബ് രാജ്യങ്ങളും ഒരുങ്ങുകയാണെന്നു സൂചനകളുണ്ട്. ഒമാന്‍, മൊറോക്കോ, സുഡാന്‍ എന്നിവയുടെ പേരുകള്‍ പരാമര്‍ശിക്കപ്പെടുന്നു.
മധ്യപൂര്‍വദേശത്തു ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അയവുവരാനും സമാധാനത്തിന്‍റെയും സഹകരണത്തിന്‍റെയും ഒരു പുതിയ കാലഘട്ടം ഉരുത്തിരിഞ്ഞുവരാനും ഈ സംഭവവികാസം കളമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആ നിലയില്‍ ഇതിനെ ലോകം പൊതുവില്‍ സ്വാഗതം ചെയ്തിരിക്കുകയാണ്.
പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിന്‍റെ ചില ഭാഗങ്ങള്‍ ഇസ്രയേലുമായി കൂട്ടിച്ചേര്‍ക്കാനുള്ള നീക്കം ഇസ്രയേല്‍ പ്രധാനമന്ത്രി നിര്‍ത്തിവച്ചിരിക്കുന്നതും ഇതോടനുബന്ധിച്ചാണ്. യുഎഇയുടെ തീരുമാനത്തിനു നേരെയുളള സൗമനസ്യ പ്രകടനമായി ഇതു കരുതപ്പെടുന്നു.
യുഎഇയും ഇസ്രയേലും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചതായി ഒരു മാസംമുന്‍പ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതു മുതല്‍ക്കുതന്നെ അതു സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഗള്‍ഫ് മേഖലയില്‍ യുഎഇക്കുള്ള പ്രാധാന്യത്തിന്‍റെ അടയാളം കൂടിയായിരുന്നു ആ ചര്‍ച്ചകള്‍.
യുഎഇയുടെയും ബഹറയിന്‍റെയും തീരുമാനം അതിനുവേണ്ടി പ്രവര്‍ത്തിച്ച ട്രംപിന്‍റെ നയതന്ത്ര വിജയമായും എണ്ണപ്പെടുന്നു. യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ക്ക് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്റയിന്‍ വിദേശമന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനി എന്നിവര്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 15) ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോടൊപ്പം കരാറില്‍ ഒപ്പിട്ടതും ട്രംപിന്‍റെ സാന്നിധ്യത്തിലാണ്. വൈറ്റ്ഹൗസ് അങ്കണം അതിനു വേദിയായി.
ഏബ്രഹാം കരാര്‍ എന്ന പേരും ഇതിനു ലഭിച്ചിട്ടുണ്ട്. ജുത-ക്രൈസ്തവ-ഇസ്ലാം മതവിശ്വാസികളുടെയെല്ലാം പൂര്‍വ പിതാവാണ് മൂവായിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന പ്രവാചകന്‍ ഏബ്രഹാം അഥവാ ഇബ്രാഹിം നബി. ഈ മൂന്നു ജനവിഭാഗങ്ങളും തമ്മിലുള്ള ഭാവിയിലെ സൗഹൃദത്തിന്‍റെ രൂപരേഖയായും ഈ കരാര്‍ വാഴ്ത്തപ്പെടുന്നു.
ഇസ്രയേലും അറബികളും തമ്മിലുള്ള വൈരാഗ്യം 1948ല്‍ ഇസ്രയേല്‍ രൂപം കൊണ്ടതു മുതല്‍ക്കേയുള്ളതാണ്. വാസ്തവത്തില്‍, ഇസ്രയേല്‍ സ്ഥാപിക്കാനുള്ള ശ്രമത്തിനു സമാന്തരമായിത്തന്നെ അതിനോടുള്ള എതിര്‍പ്പും തുടങ്ങുകയുണ്ടായി. കഴിഞ്ഞ 72 വര്‍ഷങ്ങള്‍ക്കിടയില്‍ നാലു യുദ്ധങ്ങള്‍ക്കും ഒട്ടേറെ ഏറ്റുമുട്ടലുകള്‍ക്കും അതു കാരണമാവുകയും ചെയ്തു. ആയിരക്കണക്കിനാളുകള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു.
യുദ്ധത്തിനു പകരം സമാധാനപരമായ സഹവര്‍ത്തിത്വത്തിലൂടെ അറബ്-ഇസ്രയേല്‍ പ്രശനത്തിനു പരിഹാരം കണ്ടെത്തണമെന്ന ആശയവും അതിനിടയില്‍തന്നെ ഉരുത്തിരിഞ്ഞു വരികയുണ്ടായി. 1978ല്‍ അന്നത്തെ ഈജിപ്ത് പ്രസിഡന്‍റ് അന്‍വര്‍ സാദാത്തും ഇസ്രയേല്‍ പ്രധാനമന്ത്രി മെനാഹം ബെഗിനും തമ്മില്‍ അമേരിക്കയില്‍ നടന്ന ചര്‍ച്ചകളോടെയായിരുന്നു അതിന്‍റെ തുടക്കം.
വാഷിങ്ടണില്‍നിന്നു 95 കിലോമീറ്റര്‍ അകലെയുള്ള ക്യാമ്പ് ഡേവിഡിലെ യുഎസ് പ്രസിഡന്‍റിന്‍റെ ഒഴിവുകാല വസതിയില്‍ യുഎസ് പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ചകള്‍. കരാര്‍ ഒപ്പിട്ടതു വൈറ്റ്ഹൗസില്‍ വച്ചായിരുന്നുവെങ്കിലും അതു ക്യാമ്പ് ഡേവിഡ് കരാര്‍ എന്നറിയപ്പെടുന്നു.
ഈജിപ്തും ഇസ്രയേലും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിതമായത് അതിനെ തുടര്‍ന്നാണ്. അത്തരമൊരു സംഭവം അതിനു മുന്‍പ് അചിന്ത്യമായിരുന്നു. കാരണം, ഇസ്രയേലുമായുളള യുദ്ധങ്ങളില്‍ അതുവരെ മുന്നിലുണ്ടായിരുന്നത് ഈജിപ്തായിരുന്നു.
ക്യാമ്പ് ഡേവിഡ് കരാര്‍ സാദാത്തിനും ബെഗിനും നൊബല്‍ സമാധാന സമ്മാനം നേടിക്കൊടുത്തു. മൂന്നു വര്‍ഷത്തിനുശേഷം, ഒരു സൈനിക പരേഡില്‍ വച്ച് സാദാത്ത് വധിക്കപ്പെട്ടതും ആ കരാറിന്‍റെ പേരിലായിരുന്നു.
ക്യാമ്പ് ഡേവിഡ് കരാറിന്‍റെ അത്രയോ അതിലേറെയോ ചരിത്ര പ്രധാനമായിരുന്നു 1993ല്‍ ഇസ്രയേലും പലസ്തീന്‍ വിമോചന സംഘടനയും (പിഎല്‍ഒ) തമ്മിലുണ്ടായ ഉടമ്പടി. ബദ്ധ ശത്രുക്കളായിരുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി യിത്സാക് റബീനും പലസ്തീന്‍ നേതാവ് യാസ്സര്‍ അറഫാത്തും വൈറ്റ്ഹൗസ് അങ്കണത്തില്‍ യുഎസ് പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍റെ സാന്നിധ്യത്തില്‍ ഹസ്തദാനം ചെയ്ത രംഗം ഇന്നും പലരുടെയും മനസ്സില്‍ മായാതെ നില്‍ക്കുന്നു.
അറബ്-ഇസ്രയേല്‍ പ്രശ്നം അടിസ്ഥാനപരമായി പലസ്തീന്‍കാരും ഇസ്രയേലും തമ്മിലുള്ള പ്രശ്നമാണ്. ഇസ്രയേലിനെതിരെയുള്ള പലസ്തീന്‍കാരുടെ പോരാട്ടത്തിനു നേതൃത്വം നല്‍കിയിരുന്ന സംഘടനയുടെ തലവന്‍തന്നെ ഇസ്രയേലുമായി സമാധാനപരമായ ഒത്തുതീര്‍പ്പിലെത്താന്‍ സന്നദ്ധനാവുകയായിരുന്നു.
അതിന്‍റെ ഫലമായി തങ്ങളുടെ ഒരു രാജ്യം സ്ഥാപിതമാകുന്നതു പലസ്തീന്‍കാര്‍ സ്വപ്നം കാണാന്‍ തുടങ്ങി. 1967ലെ യുദ്ധത്തില്‍ ഇസ്രയേല്‍ ജോര്‍ദ്ദാനില്‍നിന്നു പിടിച്ചെടുത്ത വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലമും ആ രാജ്യത്തിന്‍റെ ഭാഗമാകുമെന്നായിരുന്നു പ്രതീക്ഷ.
നൊബേല്‍ സമ്മാനം ഇത്തവണ റബീന്‍, അദ്ദേഹത്തിന്‍റെ വിദേശ മന്ത്രിയായിരുന്ന ഷിമോണ്‍ പെറസ്, അറഫാത്ത് എന്നിവരെ തേടിയെത്തി. പല അറബ് രാജ്യങ്ങളും ഇസ്രയേലിനെ അംഗീകരിക്കാന്‍ ഉദ്ദേശിക്കുകയാണെന്നും സൂചനകളുണ്ടായിരുന്നു.
പക്ഷേ, ഇരുപക്ഷങ്ങളിലെയും കടുംപിടിത്തക്കാര്‍ക്ക് ആ ഒത്തുതീര്‍പ്പില്‍ അടങ്ങിയ വിട്ടുവീഴ്ചകളുമായി പൊരുത്തപ്പെടാനായില്ല. ഇസ്രയേലിലെ അത്തരമൊരാള്‍ 1995ല്‍ റബീനെ വെടിവച്ചുകൊന്നു. ഹമാസും ഇസ്ലാമിക് ജിഹാദും പോലുള്ള പലസ്തീന്‍ തീവ്രവാദി സംഘടനകള്‍ ഇസ്രയേലിന് എതിരായ ഒളിപ്പോര് തുടരുകയും ചെയ്തു.
ആ ഉടമ്പടിയുടെ പിറ്റേവര്‍ഷമാണ് (1994ല്‍) ജോര്‍ദ്ദാനും ഇസ്രയേലും സമാധാനത്തിലായത്. ഇസ്രയേലിനെ അംഗീകരിക്കുകയും ആ രാജ്യവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന രണ്ടാമത്തെ അറബ് രാജ്യമായി അങ്ങനെ ജോര്‍ദ്ദാന്‍.
ജോര്‍ദ്ദാന്‍ അതിര്‍ത്തിയിലുള്ള ഇസ്രയേലിലെ അരാവ താഴ്വരയില്‍ ജോര്‍ദ്ദാന്‍ പ്രധാനമന്ത്രി അബ്ദുസ്സലാം അല്‍ മജാലിയോടൊപ്പം ഇസ്രയേലിനു വേണ്ടി ആ കരാറില്‍ ഒപ്പിട്ടതും യിത്സാക് റബീനാണ്. അതിനു സാക്ഷ്യം വഹിക്കാന്‍ ജോര്‍ദ്ദാനിലെ ഹുസൈന്‍ രാജാവ്, ഇസ്രയേല്‍ പ്രസിഡന്‍റ് ഇസര്‍ വൈസ്മാന്‍ എന്നവരോടൊപ്പം യുഎസ് പ്രസിഡന്‍റ് ക്ളിന്‍റനും സന്നിഹിതനായിരുന്നു. അതിനുശേഷം ഏതാണ്ട് 26 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള യുഎഇ, ബഹറയിന്‍ എന്നിവയുടെ തീരുമാനം.
ഇതിനെ തുര്‍ക്കിയും ഇറാനും എതിര്‍ക്കുന്നു. അതേസമയം, ഇസ്രയേലുമായുള്ള നല്ല ബന്ധത്തിന്‍റെ ചരിത്രം മുന്‍പ് അവര്‍ക്കും ഉണ്ടായിരുന്നുവെന്ന വസ്തുത ഓര്‍മിക്കപ്പെടുകയും ചെയ്യുന്നു. അറബികളല്ലാത്ത അവ ഇസ്രയേലിനെ അംഗീകരിക്കുകയും അതുമായി നയതന്ത്രബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ആദ്യത്തെ മുസ്ലിം രാജ്യങ്ങളായിരുന്നു.
പക്ഷേ, 1979ലെ ഇസ്ലാമിക വിപ്ളവത്തെ തുടര്‍ന്നു ഇറാനും ഇസ്രയേലും തമ്മിലുള്ള ബന്ധം അറ്റു. അവര്‍ തമ്മിലുള്ള വൈരാഗ്യം മധ്യപൂര്‍വദേശത്തെ കാലുഷ്യത്തിനു പുതിയൊരു മാനം നല്‍കുകയും ചെയ്തു. ഇറാന്‍റെ വിവാദപരമായ നീക്കങ്ങള്‍ അതിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് ഗള്‍ഫ് മേഖലയിലെ അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഭയാശങ്കകള്‍ ജനിക്കാനും കാരണമായി.
ഇസ്രയേലുമായി തുര്‍ക്കി അകലാന്‍ തുടങ്ങിയത് ്2002ല്‍ അവിടെ ഇസ്ലാമിസ്റ്റുകള്‍ അധികാരത്തില്‍ എത്തിയതോടെയാണ്. ഇസ്രയേലുമായുള്ള തുര്‍ക്കിയുടെ നയതന്ത്രബന്ധം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും തീവ്രമായി ഉലഞ്ഞുപോയ സന്ദര്‍ഭങ്ങളും സമീപകാലത്ത് അപൂര്‍വമായിരുന്നില്ല.
ഇറാനും തുര്‍ക്കിയും പലസ്തീന്‍ തീവ്രവാദികളെ സഹായിക്കുന്നതായും ആരോപണമുണ്ട്. അറബ് ലോകത്തെ മിക്ക രാജ്യങ്ങള്‍ക്കും അത്തരം രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല. സമാധാനപരമായ സഹവര്‍ത്തിത്വത്തിലൂടെ സുരക്ഷയും സാമ്പത്തിക വികസനവും ഉറപ്പുവരുത്തുന്നതിനാണ് അവരുടെ ശ്രമം. പലസ്തീന്‍ പ്രശ്നത്തിനു നീതിപൂര്‍വമായ പരിഹാരം ഉണ്ടാകണമെന്ന അവരുടെ നിലപാടില്‍ മാറ്റവുമില്ല.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം.
English Summary : Israel, UAE and Bahrain sign Abraham Accord; Trump says “dawn of new Middle East”