ADVERTISEMENT

അകാല ചരമമടയുന്ന കൂട്ടുമന്ത്രിസഭകളുടെയും കാലം തികയുന്നതിനുമുന്‍പ് പിരിച്ചുവിടപ്പെടുന്ന പാര്‍ലമെന്‍റുകളുടെയും കഥ പറയുന്നതാണ് ഇസ്രയേലിന്‍റെ ഏഴു പതിറ്റാണ്ടു കാലത്തെ ചരിത്രം. എങ്കിലും, കഴിഞ്ഞ രണ്ടു വര്‍ഷമായി അവിടെ നടന്നുവരുന്നതുപോലുള്ള രാഷ്ട്രീയ നാടകങ്ങള്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. അതിന്‍റെയെല്ലാം ഫലമായി വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് രാജ്യം.

രണ്ടു വര്‍ഷത്തിനിടയിലെ നാലാമത്തെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പാണ് അടുത്ത മാര്‍ച്ചില്‍ നടക്കാന്‍ പോകുന്നത്.  അതിന്‍റെ മുന്നോടിയായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഡിസംബര്‍ 22), നിലവിലുള്ള പാര്‍ലമെന്‍റ് പിരിച്ചുവിടപ്പെട്ടു. ഈ പാര്‍ലമെന്‍റ് നിലനിന്നതു വെറും ഒന്‍പതുമാസമാണ്. എട്ടു മാസം മാത്രം പ്രായമായ ദേശീയഐക്യ മന്ത്രിസഭ അതിനു മുന്‍പ്തന്നെ തകര്‍ന്നു. അതോടെയാണ് പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള വഴിയൊരുങ്ങിയതും.    

്അടുത്ത തിരഞ്ഞെടുപ്പിലും ഏതെങ്കിലും കക്ഷിക്കു ഭൂരിപക്ഷം കിട്ടാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഇനിയും ഉടലെടുക്കുന്നതു കൂട്ടുമന്ത്രിസഭയായിരിക്കും. ഇന്നത്തെ സ്ഥിതിയില്‍ അതും  അധികകാലം നീണ്ടുനില്‍ക്കുമെന്ന പ്രതീക്ഷ അധികമാര്‍ക്കുമില്ല.  

എങ്കിലും തന്‍റെ പാര്‍ട്ടി (ലിക്കുഡ്) പൂര്‍വാധികം സീറ്റുകളോടെ വീണ്ടും ഏറ്റവും വലിയ കക്ഷിയാവുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. കൂടുതല്‍ ഭദ്രമായ കൂട്ടുമന്ത്രിസഭ രൂപീകരിക്കാന്‍ തനിക്കാവുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. പ്രധാനമന്ത്രിയായി തുടരുകയെന്നത് നെതന്യാഹുവിനെ  സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായ സന്ദര്‍ഭവുമാണിത്. അദ്ദേഹം ഉള്‍പ്പെട്ട മൂന്നു അഴിമതിക്കേസുകള്‍ കോടതിയില്‍ എത്തിയിരിക്കുന്നതാണ് അതിന്‍റെ പശ്ചാത്തലം.  

കഴിഞ്ഞ വര്‍ഷം ആറു മാസത്തിനിടയില്‍ നടന്നത് രണ്ടു തിരഞ്ഞെടുപ്പുകളായിരുന്നു. ഒരുകക്ഷിക്കും ഭൂരിപക്ഷം കിട്ടാത്ത  സാഹചര്യത്തില്‍, കൂട്ടുമന്ത്രിസഭ രൂപീകരിക്കാന്‍ നടന്ന ശ്രമങ്ങള്‍ രണ്ടു തവണയും പരാജയപ്പെട്ടു. അതു കാരണം, ഈ വര്‍ഷം മാര്‍ച്ചില്‍ വോട്ടര്‍മാര്‍ക്കു വീണ്ടും പോളിങ് ബൂത്തുകളിലേക്കു പോകേണ്ടിവന്നു. തുടര്‍ന്നുണ്ടായതും സ്തംഭനാവസ്ഥയാണ്. ഉടന്‍തന്നെ നാലാമതൊരു തിരഞ്ഞെടുപ്പ് നടത്തേണ്ട ദുരവസ്ഥയെയും ജനങ്ങള്‍ ഭയപ്പെടുകയായിരുന്നു. അതൊഴിവായതു നെതന്യാഹുവുമായി ചേര്‍ന്നു ദേശീയ ഐക്യമന്ത്രിസഭ രൂപീകരിക്കാന്‍ മുഖ്യപ്രതിപക്ഷ സഖ്യത്തിന്‍റെ തലവന്‍ ബെന്നി ഗാന്‍റ്സ് സമ്മതിച്ചതോടെയാണ്. ആ മന്ത്രിസഭയാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. അങ്ങനെ വീണ്ടും പാര്‍ലമെന്‍റ് പിരിച്ചുവിടപ്പെടുകയും പുതിയ തിരഞ്ഞെടുപ്പ് അനിവാര്യമായിത്തീരുകയും ചെയ്തു. 

ISRAEL-ELECTION/GANTZ
Benny Gantz. Photo Credit: Amir Cohen / Reuters

കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും നെതന്യാഹുവിന്‍റെ ലിക്കുഡ് പാര്‍ട്ടിയുമായി മുഖ്യമായി ഏറ്റുമുട്ടിയത് ഗാന്‍റ്സിന്‍റെ ബ്ളൂ ആന്‍ഡ് വൈറ്റ്  എന്ന പുതിയ പാര്‍ട്ടിയായിരുന്നു. എങ്കിലും, മുന്‍ പട്ടാളത്തലവനായ അദ്ദേഹം ഇക്കഴിഞ്ഞ മാര്‍ച്ചിലെ തിരഞ്ഞെടുപ്പിനെതുടര്‍ന്നു മന്ത്രിസഭ രൂപീകരിക്കാന്‍ നെതന്യാഹുവുമായി സഹകരിക്കാന്‍ തയാറായി.  

അഴിമതിക്കേസുകളെ നേരിടുന്ന പ്രധാനമന്ത്രിയുമായി കൂട്ടുകൂടുന്ന പ്രശ്നമേയില്ലെന്നു പറഞ്ഞ് ഗാന്‍റ്സ് അതുവരെ പുറംതിരിഞ്ഞു നില്‍ക്കുകയാണ് ചെയ്തിരുന്നത്. എങ്കിലും, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, ഭരണ സ്ഥംഭനം തുടരുന്നത് ഒഴിവാക്കാനായി നിലപാടു മാറ്റി. അങ്ങനെ 2018 ഡിസംബറിനുശേഷം ആദ്യമായി ഒരു പുതിയ മന്ത്രിസഭ രൂപംകൊണ്ടു.   

ഗാന്‍റ്സുമായി മൂന്നു വര്‍ഷത്തേക്കുള്ള കരാര്‍ അനുസരിച്ച് ആദ്യത്തെ ഒന്നരവര്‍ഷം  പ്രധാനമന്ത്രിയാകാന്‍ നെതന്യാഹുവിനുതന്നെ അവസരം ലഭിച്ചു. മുന്‍പ്തന്നെ നാലു തവണയായി 13 വര്‍ഷത്തിലേറെ പ്രധാനമന്ത്രി പദത്തിലിരുന്ന നെതന്യാഹുവിന് അങ്ങനെ ഭരണനേതൃത്വത്തില്‍ തുടരാനായി. 

അടുത്ത നവംബര്‍ മുതല്‍ക്കുള്ള ഒന്നര വര്‍ഷം ഗാന്‍റ്സിന്‍റെ ഊഴമായിരുന്നു. പക്ഷേ, ഏഴു മാസമായതോടെ സഖ്യം തകര്‍ന്നു.  പ്രധാനമന്ത്രിയാകാനുള്ള ഗാന്‍റ്സിന്‍റെ പ്ളാനും നിലംപതിച്ചു. ഗാന്‍റ്സിനു പ്രധാനമന്ത്രിപദം കിട്ടാതിരിക്കാനായി നെതന്യാഹു മനഃപൂര്‍വം മന്ത്രിസഭയുടെ തകര്‍ച്ചയ്ക്കു സാഹചര്യമുണ്ടാക്കിയെന്നാണ് ആരോപണം.

ISRAEL-POLITICS-CABINET
Benjamin Netanyahu. Photo Credit : Ronen Zvulun / AFP Photo

മേയില്‍ പുതിയ മന്ത്രിസഭ നിലവില്‍ വന്നതുമുതല്‍ക്കുതന്നെ നെതന്യാഹുവും ഗാന്‍റ്സും തമ്മില്‍ പല കാര്യങ്ങളിലും ഇടഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ബജറ്റ് പാസ്സാക്കേണ്ട ഘട്ടമെത്തിയപ്പോള്‍ തര്‍ക്കം മൂര്‍ഛിച്ചു. ഭരണസ്ഥിരതയ്ക്ക് അതാവശ്യമാണെന്ന ന്യായത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ബജറ്റ് ഒന്നിച്ചു പാസ്സാക്കണമെന്നായിരുന്നു ഗാന്‍റ്സിന്‍റെ ആവശ്യം. നെതന്യാഹു എതിര്‍ത്തു. തര്‍ക്കം നീണ്ടുപോവുകയും ബജറ്റ് പാസ്സാക്കാനുള്ള അവസാന സമയം കഴിഞ്ഞുപോവുകയും ചെയ്തു. പാര്‍ലമെന്‍റ് പിരിച്ചുവിടപ്പെട്ടത് അതിനെ തുടര്‍ന്നാണ്. 

നെതന്യാഹുവുമായുളള സഖ്യം ഗാന്‍റ്സിനു വലിയൊരു നഷ്ടക്കച്ചവടമാവുകയാണ് ചെയ്തത്. നെതന്യാഹുവിനെ ശക്തമായി ചെറുക്കാന്‍ കഴിയുന്ന ഒരേയൊരു നേതാവായി പലരും അദ്ദേഹത്തെ കാണുകയായിരുന്നു. എന്നാല്‍, മന്ത്രിസഭ ഉണ്ടാക്കുന്നതില്‍ നെതന്യാഹുവിനോടു സഹകരിക്കാന്‍ അദ്ദേഹം തയാറായതോടെ സ്ഥിതിമാറി. 

ഗാന്‍റ്സ് കഠിനമായി വിമര്‍ശിക്കപ്പെടുകയും അദ്ദേഹത്തിന്‍റെ സഖ്യത്തില്‍ ചേര്‍ന്നിരുന്ന ചില കക്ഷികള്‍ വിട്ടുപോവുകയും ചെയ്തു. മുന്‍ ജേണലിസ്റ്റ് യേര്‍ ലാപിഡ് നയിക്കുന്ന യെഷ് ആറ്റിഡ്, മുന്‍ പ്രതിരോധ മന്ത്രിമോഷെ യാലോമിന്‍റെ ടെലം പാര്‍ട്ടി എന്നിവ ഇങ്ങനെ വിട്ടുപോയവരില്‍ ഉള്‍പ്പെടുന്നു. തങ്ങളെയും സഖ്യത്തിനു വോട്ടുചെയ്ത ജനങ്ങളെയും ഗാന്‍റ്സ് ചതിച്ചുവെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. 

ഗാന്‍റ്സിനും അദ്ദേഹത്തിന്‍റെ ബ്ളൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്കും വന്നുപെട്ട ഈ ദുരവസ്ഥയോടെ ഇസ്രയേലിലെ രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റമുണ്ടായിരിക്കുകയാണ്. ഇതുവരെ നെതന്യാഹുവിനു മുഖ്യമായി നേരിടേണ്ടിവന്നത് ഇടതുപക്ഷത്തുനിന്നും മധ്യനിലപാടുകാരില്‍നിന്നമുുള്ള എതിര്‍പ്പുകളായിരുന്നു. ഇടതു നിലപാടുകളെ പ്രതിനിധീകരിച്ചിരുന്ന ലേബര്‍ പാര്‍ട്ടിയും മറ്റും ഇപ്പോള്‍ മുന്‍നിരയിലില്ല. 

ISRAEL-ELECTION/GANTZ
Benny Gantz. Photo Credit : Nir Elias / Reuters

ഗാന്‍റിസിന്‍റെ പാര്‍ട്ടിക്കുണ്ടായ തളര്‍ച്ചയോടെ മധ്യഭാഗത്തുനിന്നുള്ള എതിര്‍പ്പും ദുര്‍ബലമായി. ആ ഒഴിവിലേക്കു കടന്നുവന്നിരിക്കുന്നത്  വലതുപക്ഷത്തുനിന്നു തന്നെയുള്ളവരാണ്. നെതന്യാഹുവിന്‍റെ  ലിക്കുഡ് പാര്‍ട്ടിയില്‍നിന്നു തെറ്റിപ്പിരിഞ്ഞവര്‍ രൂപീകരിച്ച ന്യൂഹോപ് പാര്‍ട്ടിയാണ് ഇവയിലൊന്ന്. 

അതിനെ നയിക്കുന്ന ഗിഡിയന്‍ സാര്‍ മുന്‍പ് നെതന്യാഹുവിന്‍റെ കീഴില്‍ വിദ്യാഭ്യാസ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്നു. പ്രതിരോധ മന്ത്രിയായിരുന്ന നഫ്റ്റാലി ബെന്നറ്റ് നയിക്കുന്ന യാമിന പാര്‍ട്ടിയും ഇത്തവണ നെതന്യാഹുവിനൊരു വലിയ ഭീഷണിയായേക്കാമെന്നു കരുതപ്പെടുന്നു. ഇവര്‍ രണ്ടു പേരുടെ കണ്ണും പ്രധാനമന്ത്രി പദത്തിലാണ്.

അതേസമയം, പ്രധാനമന്ത്രിപദം നഷ്ടപ്പെടാതിരിക്കുകയെന്നത് നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ഒഴിച്ചുകൂടാത്തതുമായിത്തീര്‍ന്നു. അദ്ദേഹം ഉള്‍പ്പെട്ട മൂന്നു അഴിമതിക്കേസുകളാണ് അതിനു കാരണം. ചെറിയ കക്ഷികളുടെ സഹായത്തോടെ ഇനിയും അധികാരത്തിലെത്തിയാല്‍ ഈ കേസുകള്‍ക്കെതിരായ നിയമ പരിരക്ഷ നേടിയെടുക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുവെന്നാണ് അഭ്യൂഹങ്ങള്‍.

കോഴ, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്ന ഈ കേസുകളുടെ നടപടി ക്രമങ്ങള്‍ ഇക്കഴിഞ്ഞ മേയില്‍ ജറൂസലം ജില്ലാ കോടതിയില്‍ ആരംഭിച്ചിരിക്കുകയാണ്. ആരോപണങ്ങള്‍ നെതന്യാഹു നിഷേധിക്കുകയും ഇടതുപക്ഷക്കാരും ചില മാധ്യമങ്ങളും തനിക്കെതിരെ യക്ഷിവേട്ട നടത്തുകയാണെന്നു കുറ്റപ്പെടുത്തുകയും ചെയ്യുന്നു. 

അധികാരത്തിലിരിക്കേ ക്രിമിനല്‍ കേസില്‍ കുറ്റാരോപിതനാകുന്ന ആദ്യത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയായിരിക്കുകയാണ് നെതന്യാഹു. അദ്ദേഹം രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നുവെങ്കിലും അദ്ദേഹം അതു തള്ളിക്കളഞ്ഞു.ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെട്ടാല്‍ പ്രധാനമന്ത്രി ഒഴിയണമെന്നു ഭരണഘടനയില്‍ വ്യവസ്ഥയില്ലാത്തതും അദ്ദേഹത്തിനു തുണയായി. 

ഒടുവില്‍, ഗാന്‍റ്സുമായി ചേര്‍ന്നു പുതിയ കൂട്ടുമന്ത്രിസഭ ഉണ്ടാക്കാനും അതിന്‍റെ തലവനാകാനും നെതന്യാഹു തയാറായപ്പോള്‍ അദ്ദേഹത്തെ അതില്‍നിന്നു തടയണമെന്ന ആവശ്യവുമായി ചിലര്‍ സുപ്രീംകോടതിയെ സമര്‍പ്പിച്ചിരുന്നു. പക്ഷേ, സുപ്രീംകോടതി ഇടപെട്ടില്ല. ഏതായാലും,  ഈ കേസുകളും അതിന് ആസ്പദമായ ആരോപണങ്ങളും രണ്ടര മാസം കഴിഞ്ഞു നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പിലേക്ക് അഭൂതപൂര്‍വമായവിധത്തില്‍ ലോകശ്രദ്ധയെ പിടിച്ചുവലിക്കുന്നു. ഭരണസ്തംഭനം മൂലം സാമ്പത്തിക രംഗത്ത് ഉള്‍പ്പെടെ ഉണ്ടായ ഗുരുതരമായ പ്രശ്നങ്ങള്‍, കോവിഡ് മഹാമാരി കാരണം  ജനങ്ങള്‍ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങള്‍ എന്നിവയും ഇതിന്‍റെ പശ്ചാത്തലത്തിലുണ്ട്. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom - Why Israel faces a fourth election in just two years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com