പുടിന്‍ പേടിക്കുന്ന ഒരേയൊരാള്‍
Mail This Article
റഷ്യയിലെ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ രണ്ടു പതിറ്റാണ്ടു കാലത്തെ ഭരണത്തില്‍ ആദ്യമായി ഗുരുതരമായ വെല്ലുവിളി നേരിടുകയാണ്. റഷ്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഇരുനൂറിലധികം നഗരങ്ങളിലും പട്ടണങ്ങളിലുമായി ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ശനിയാഴ്ച (ജനുവരി 23) കൂട്ടത്തോടെ തെരുവിലിറങ്ങുകയും പുടിന്‍വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തത്. ഇത്രയും വ്യാപകമായ പ്രതിഷേധ പ്രകടനം റഷ്യയില്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലത്രേ.
തലസ്ഥാന നഗരമായ മോസ്ക്കോയില്‍ നടന്ന പ്രകടനത്തില്‍ 40,000 പേര്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമൊരു സമീപകാല റെക്കോഡാണ്. പല സ്ഥലങ്ങളിലും പ്രകടനക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. ആയിരക്കണക്കനാളുകള്‍ അറസ്റ്റിലായി. സൈബീരിയ ഉള്‍പ്പെടെയുളള റഷ്യയുടെ ചില ഭാഗങ്ങളില്‍ അതികഠിനമായ തണുപ്പുമൂലം ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കുന്ന സമയമാണിത്.
എന്നിട്ടും ജനങ്ങള്‍ കൂട്ടംകൂട്ടമായി വീറോടെ തെരുവിലിറങ്ങുകയായിരുന്നു. ഈ വാരാന്ത്യത്തിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. ചെറുക്കാന്‍ പൊലീസ് ഒരുങ്ങിനില്‍ക്കുന്നു.
ഇതിനെല്ലാം കാരണമായിത്തീര്‍ന്നതു പുടിന്‍റെ ഏറ്റവും വലിയ വിര്‍ശകനായ അലക്സി നവല്‍നിയുടെ അറസ്റ്റാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സൈബീരിയയില്‍വച്ച് വിഷബാധയേറ്റതിനെ തുടര്‍ന്നു മരണത്തിന്‍റെ വായിലോളം എത്തിയിരുന്ന ഈ നാല്‍പത്തിനാലുകാരന്‍ ജര്‍മനിയില്‍ ചികില്‍സയിലായിരുന്നു. പുടിന്‍റെ ചാരന്മാര്‍ വിഷപ്രയോഗത്തിലൂടെ വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. എന്നിട്ടും അദ്ദേഹം തിരിച്ചുവരാന്‍ ധൈര്യംകാട്ടി.
ജനുവരി 17നു മോസ്ക്കോയിലെ ഷെറമെറ്റിയാവോ വിമാനത്താവളത്തില്‍ എത്തിയ ഉടനെയായിരുന്നു അറസ്റ്റ്. അതില്‍ പ്രതിഷേധിക്കാന്‍ നവല്‍നിതന്നെ ജനങ്ങളെ ആഹ്വാനം ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ യൂലിയയെയും അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് വിട്ടയച്ചു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം നവല്‍നിയുടെ സഹോദരനും അറസ്റ്റിലായി.
നവല്‍നിയെ ഒരു കോടതി 30 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. നേരത്തെ ഒരു കേസില്‍ അദ്ദേഹത്തെ ശിക്ഷിക്കുകയും അപ്പീലിലിനെ തുടര്‍ന്നു ശിക്ഷ നിര്‍ത്തിവയ്ക്കുകയും ജാമ്യം അനവദിക്കുകയും ചെയ്തിരുന്നു. ജര്‍മനിയിലേക്കു പോവുകവഴി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന പേരിലാണ് പുതിയ അറസ്റ്റും റിമാന്‍ഡും.
നവല്‍നിയെയും അറസ്റ്റിലായ മറ്റെല്ലാവരെയും നിരുപാധികം വിട്ടയക്കണമെന്നും ജനാധപത്യരീതിയില്‍ പ്രതിഷേധിക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്നും അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുടിന്‍ ഭരണകൂടം ഇതു പുഛിച്ചുതള്ളി. നവല്‍നിയും അനുയായികളും പാശ്ചാത്യശക്തികളുടെ താളത്തിനൊന്നു തുളളുകയാണെന്നും ഈ പ്രകടനങ്ങള്‍ അവര്‍ തമ്മിലുള്ള ഗൂഡാലോചനയുടെ ഫലമാണെന്നും കുറ്റപ്പെടുത്തുകയും ചെയ്തു. അമേരിക്കയില്‍ പുതുതായി ഭരണം ഏറ്റെടുത്ത പ്രസിഡന്‍റ് ജോ ബൈഡനെ സംബന്ധിച്ചിടത്തോളം അടിയന്തര ശ്രദ്ധ പതിയേണ്ടുന്ന ഒരു പ്രശ്നമായിരിക്കുകയാണ് ഈ സംഭവവികാസം പുടിനുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ധൈര്യം കാണിക്കുന്ന മറ്റൊരു നേതാവ് ഇപ്പോള്‍റഷ്യയിലില്ല. ഏതാനും വര്‍ഷം മുന്‍പ് തന്‍റെ ബ്ളോഗിലൂടെ ഭരണരംഗത്തെ അഴിമതി തുറന്നുകാട്ടിക്കൊണ്ടായിരുന്നു റഷ്യന്‍ രാഷ്ട്രീയത്തിലെ മുന്‍നിരയിലേക്കുള്ള നവല്‍നിയുടെ രംഗപ്രവേശം. മുന്‍പ് അഭിഭാഷകനായിരുന്നു. 2018 മുതല്‍ റോസിയ ബുദുഷെഗോ (ഭാവിയിലെ റഷ്യ) എന്ന പാര്‍ട്ടിയെ നയിക്കുന്നു. പ്രധാനമന്ത്രിയായും പ്രസിഡന്‍റായും 21 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന പുടിനോടുള്ള എതിര്‍പ്പിന്‍റെ പുതിയ മുഖമായതോടെ പ്രതിഷേധ പ്രകടനങ്ങളുടെ പ്രചോദന കേന്ദ്രമാകാനും തുടങ്ങി. അതിന്‍റെയെല്ലാം പ്രത്യാഘാതങ്ങള്‍ പലതവണ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിയുംവന്നു.
ഏറ്റവും ഗുരുതരമായ അനുഭവമാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായത്. റഷ്യയുടെ ഏഷന്‍ മേഖലയിലെ സൈബീരിയയില്‍ പോയിരുന്ന നവല്‍നിക്കു മോസ്ക്കോയിലേക്കുള്ള മടക്കയാത്രാമധ്യേ വിമാനത്തില്‍വച്ച് കലശലായ അസുഖം തോന്നുകയും അദ്ദേഹം കുഴഞ്ഞുവീഴുകയും ചെയ്തു. വിഷബാധയേറ്റുവെന്നായിരുന്നു സംശയം. സൈബീരിയയിലെതന്നെ ഓംസ്ക്കില്‍ വിമാനം അടിയന്തരമായി ഇറക്കുകയും നവല്‍നിയെ ആശുപത്രിയില്‍ ഐസിയുവിലാക്കുകയും ചെയ്തു.
പ്രശ്നം വിഷബാധയല്ലെന്നായിരുന്നു അവിടത്തെ ഡോക്ടര്‍മാരുടെ നിഗമനം. ഏതാനും ദിവസങ്ങള്‍ക്കുശേഷം വിദഗ്ദ്ധ ചികില്‍സക്കായി അബോധാവസ്ഥയില്‍തന്നെ വിമാനത്തില്‍ ജര്‍മനിയിലെ ബര്‍ലിനിലേക്കുകൊണ്ടുപോയി. റഷ്യന്‍ അധികൃതര്‍ ആദ്യം അതിനു വിസമ്മതിച്ചുവെങ്കിലും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ നേതാക്കളുടെ അഭ്യര്‍ഥനയക്ക് ഒടുവില്‍ വഴങ്ങുകയായിരുന്നു. മെര്‍ക്കല്‍ പിന്നീട് ആശുപത്രിയില്‍ നവല്‍നിയെ സന്ദര്‍ശിക്കുകയും ചെയ്തു.
നവല്‍നിക്കു വിഷബാധയേറ്റതാണെന്ന ആരോപണം റഷ്യ തള്ളിക്കളയുകയാണ് ചെയ്തത്. വിഷബാധയുണ്ടായെങ്കില്‍ അതു സംഭവിച്ചതു ജര്‍മനിയില്‍ വച്ചായിരിക്കുമെന്ന വാദവുമുണ്ടായി. റഷ്യന്‍ ഭരണകൂടത്തെ താറടിക്കാനായി നവല്‍നി സ്വയം വിഷം കഴിച്ചതാകാമെന്നു പുടിന്‍തന്നെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മകോണിനോടു ടെലിഫോണില്‍ പറഞ്ഞതായി ഒരു പ്രമുഖ ഫ്രഞ്ച് പത്രത്തില്‍ വാര്‍ത്ത വരികയും ചെയ്തു.
നവല്‍നിയുടെ ശരീരത്തില്‍ വിഷം കടന്നതായി ജര്‍മനിയിലെ പരിശോധനയില്‍ സ്ഥിരീകരിക്കപ്പെടുക മാത്രമല്ല ചെയ്തത്. ആ വിഷം നോവിച്ചോക്ക് എന്ന മാരക രാസവസ്തുവാണെന്നു കണ്ടെത്തുകയും ചെയ്തു. മുന്‍പ് സോവിയറ്റ് യൂണിയന്‍ രാസായുധമായി വികസിപ്പിച്ചെടുത്തതായിരുന്നു മുഖ്യമായും മനുഷ്യരുടെ നാഡീഞരമ്പുകളെ അതിവേഗത്തില്‍ തകരാറിലാക്കാന്‍ കഴിവുള്ള നോവിച്ചോക്ക്. 1991ല്‍ ആ രാജ്യത്തിന്‍റെ തകര്‍ച്ചയെ തുടര്‍ന്നു റഷ്യയുടെ കൈകളിലെത്തിയതായി കരുതപ്പെടുന്നു.
ഇതിനുമുന്‍പ് നോവിച്ചോക്ക് പ്രയോഗിക്കപ്പെട്ടതും ഒരു റഷ്യക്കാരനു നേരെയാണ്. വിഷബാധയിലൂടെ നവല്‍നിയെ വധിക്കാന്‍ ശ്രമിച്ചതു പുടിന്‍റെ ചാരന്മാരാണെന്ന അഭ്യൂഹം അതിന്‍റെ അടിസ്ഥാനത്തില്‍ ബലപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ പുടിന്‍റെ അറിവോടെയും അനുവാദത്തോടെയുമല്ലാതെ നടക്കാനിടയില്ലെന്നു കരുതുന്നതിനാല്‍ സംശയത്തിന്‍റെ സൂചിമുനകള്‍ അദ്ദേഹത്തിന്‍റെ നേരെതന്നെ തിരിയുകയും ചെയ്തു.
നവല്‍നിക്കുമുന്‍പ് നോവിച്ചോക്ക് പ്രയോഗത്തിനു വിധേയനായതു റഷ്യന്‍ സൈനിക ഇന്‍റലിജന്‍സ് വിഭാഗത്തിലെ ഒരു മുന്‍ ഉദ്യോഗസ്ഥനാണ്. ബ്രിട്ടനിലായിരുന്നു സംഭവം. സെര്‍ജി സ്ക്രിപല്‍ എന്ന ഇയാള്‍ റഷ്യയുടെ ചാരനായിരിക്കേതന്നെ റഷ്യയുടെ സൈനിക രഹസ്യങ്ങള്‍ ബ്രിട്ടന് ഒറ്റിക്കൊടുക്കുകയും അങ്ങനെ മോസ്ക്കോയിലെ ഭരണകൂടത്തിന്‍റ ശത്രുത സമ്പാദിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ബ്രിട്ടനില്‍ അഭയംതേടിയെത്തി.
2018ല്‍ ദക്ഷിണ ഇംഗ്ളണ്ടിലെ സോള്‍സ്ബറിയില്‍ ഒരു ഷോപ്പിങ് സെന്‍ററിനു സമീപമുള്ള ബെഞ്ചില്‍ മകളോടൊപ്പം അയാള്‍ കുഴഞ്ഞുവീണു കിടക്കുകയായിരുന്നു. ആശുപത്രിയിലെ പരിശോധനയില്‍ അവരുടെ രക്തത്തില്‍ നോവിച്ചോക്കിന്‍റെ അംശം കണ്ടെത്തി. മരണവുമായി മല്ലിട്ടുകൊണ്ട് ആഴ്ചകളോളം അവര്‍ക്കും ആശുപത്രിയില്‍ കഴിയേണ്ടിവന്നു. ആ സംഭവത്തിന് ഉത്തരവാദി റഷ്യയാണെന്ന് ആരോപണം ഉയരുകയും ബ്രിട്ടന്‍-റഷ്യ ബന്ധം ഉലയുകയും ചെയ്തു.
പുടിന്‍റെ കോപത്തിനു പാത്രമായി വിഷബാധയേറ്റവര്‍ വേറെയുമുണ്ട്. അവരില്‍ ഒരാള്‍ (ബ്രിട്ടനില്‍ അഭയം പ്രാപിച്ചിരുന്ന അലക്സാന്‍ഡര്‍ ലിറ്റ്വിനങ്കോ എന്ന മുന്‍റഷ്യന്‍ചാരന്‍) 2006 നവംബറില്‍ ആക്രമിക്കപ്പെട്ടത് ലണ്ടനിലെ ഒരു റസ്റ്ററന്‍റില്‍ വച്ചായിരുന്നു. ചായ കഴിച്ചശേഷം അവശനായ അയാള്‍ ആന്തരികാവയവങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു മൂന്നാഴ്ചയോളം കഠിനവേദന സഹിച്ചശേഷമാണ് മരണത്തിനു കീഴടങ്ങിയത്.
ലിറ്റ്വിനങ്കോ കുടിച്ച ചായയില്‍ ആണവ പ്രസരമുള്ള പോളോണിയം 210 എന്ന വിഷം കലര്‍ന്നിരുന്നതായി പിന്നീടു കണ്ടെത്തി. അതിന് ഉത്തരവാദികളായ രണ്ടു റഷ്യക്കാര്‍ പുടിന്‍റെ അംഗീകാരത്തോടെയാണ് കൃത്യം നടത്തിയതെന്നു ജൂഡീഷ്യല്‍ അന്വേഷണത്തില്‍ വെളിപ്പെടുകയും ചെയ്തു. ബ്രിട്ടന്‍-റഷ്യ ബന്ധം ഉലയാന്‍ ആ സംഭവവും കാരണമായിരുന്നു.
നവല്‍നിക്കുതന്നെ വിഷബാധയേല്‍ക്കുന്നത് ഇതാദ്യമായിരുന്നില്ല. തടങ്കലില്‍ കഴിയുമ്പോള്‍ 2019 ജൂലൈയില്‍ പെട്ടെന്നു മുഖത്തും മറ്റും തിണര്‍പ്പുകള്‍ ഉണ്ടായി. അലര്‍ജിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍, മുന്‍പൊരിക്കലും നവല്‍നിക്കു അലര്‍ജി അനുഭവപ്പെട്ടിരുന്നില്ല. ജയിലില്‍വച്ച് തന്‍റെനേരെ രാസപ്രയോഗമുണ്ടായി എന്നു നവല്‍നിതന്നെ കുറ്റപ്പെടുത്തുകയും ചെയ്തു.
2018ല്‍ സൈബീരിയയിലെ ബാര്‍ണോല്‍ നഗരത്തില്‍ നവല്‍നിക്കു ഹസ്തദാനം ചെയ്യുന്നതിനിടയില്‍ ഒരാള്‍ അദ്ദേഹത്തിന്‍റെ മേല്‍ പച്ചനിറമുള്ള ഒരു ദ്രാവകം കുടഞ്ഞതും വാര്‍ത്തയായിരുന്നു.
പല തവണ അറസ്റ്റ് ചെയ്യപ്പെട്ട നവല്‍നി രണ്ടുതവണ ശിക്ഷിക്കപ്പെടുകയുമുണ്ടായി. പണമിടപാടു കേസുകളായിരുന്നു. തന്‍റെ ഏറ്റവും ശക്തനായ എതിരാളിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന നവല്‍നിയെ നിശ്ശബ്ദനാക്കാനായി പുടിന്‍ അദ്ദേഹത്തെ കള്ളക്കേസുകളില്‍ കുടുക്കിയെന്നായിരുന്നു ആരോപണം. ശിക്ഷ പിന്നീടു നിര്‍ത്തിവയ്ക്കപ്പെട്ടു. എങ്കിലും ക്രിമിനല്‍ കേസുകളിലെ പ്രതികൂല വിധികാരണം 2018ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പുടിനെതിരെ മല്‍സരിക്കാന്‍ നവല്‍നിക്കു കഴിഞ്ഞില്ല. പുടിന്‍ വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2024വരെ അദ്ദേഹത്തിന് അധികാരത്തില്‍ തുടരാം.
ഈ വര്‍ഷം സെപ്റ്റംബറില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിന്‍റെ ഫലം പുടിനെ നേരിട്ടു ബാധിക്കില്ലെങ്കിലും അദ്ദേഹത്തിന്‍റെ യുനൈറ്റഡ് റഷ്യ പാര്‍ട്ടിക്കു തിരിച്ചടിയേറ്റാല്‍ പ്രശ്നമുണ്ടായേക്കാം. അധികാരത്തില്‍ തുടരാനുള്ള പുടിന്‍റെ അര്‍ഹത ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. അതു തടയാനുള്ള ദൃഢനിശ്ചയത്തിലാണത്രേ പുടിന്‍. അതിനെതിരെ പ്രവര്‍ത്തിക്കാന്‍ നവല്‍നിയെയും ആരെയും അദ്ദേഹം അനുവദിക്കുമെന്നു തോന്നുന്നില്ല.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom - Russian court keeps Kremlin critic Navalny in jail despite outcry