കുറ്റവിമുക്തനായി വീണ്ടും ട്രംപ്
Mail This Article
"അമേരിക്കയെ വീണ്ടും മഹത്വത്തിലേക്ക് ഉയര്‍ത്താനുള്ള നമ്മുടെ ചരിത്രപ്രധാനവും ദേശാഭിമാനപൂരിതവും സുന്ദരവുമായ യജ്ഞം ഇതാ തുടങ്ങിക്കഴിഞ്ഞു". ഏതാണ്ടു നാലാഴ്ച മുമ്പ് അമേരിക്കയുടെ പ്രസിഡന്‍റ് അല്ലാതായിത്തീര്‍ന്ന ഡോണള്‍ഡ് ട്രംപിന്‍റേതാണ് ഈ വാക്കുകള്‍. സെനറ്റിലെ ഇംപീച്ച്മെന്‍റ് വിചാരണ തനിക്ക് അനുകൂലമായി അവസാനിച്ച വിവരം അറിഞ്ഞപ്പോഴുള്ള അദ്ദേഹത്തിന്‍റെ പ്രതികരണമായിരുന്നു ഇത്.
ഇതിനെ പല വിധത്തിലും വ്യാഖ്യാനിക്കുന്നവരുണ്ട്. നാലു വര്‍ഷത്തിനുശേഷം നടക്കുന്ന അടുത്ത പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും യുഎസ് രാഷ്ട്രീയത്തിന്‍റെ നടുമുറ്റത്തു ട്രംപുണ്ടായിരിക്കുമെന്നതാണ് ഒരു വ്യാഖ്യാനം. 2024ലെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേക്കു തിരിച്ചുവരാന്‍ ട്രംപ് ഉദ്ദേശിക്കുകയാണെന്നു നേരത്തെതന്നെ സൂചനകളുണ്ടായിരുന്നു. ഇതുവരെ അദ്ദേഹം അതു സംബന്ധിച്ച് പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെന്നു മാത്രം.
അഞ്ചു ദിവസംമാത്രം നീണ്ടുനിന്ന വിചാരണയ്ക്ക് ഒടുവില്‍ സെനറ്റ് ഇക്കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 13) തീരുമാനിച്ചത് ട്രംപില്‍ ആരോപിക്കപ്പെടുന്ന കുറ്റം vഅദ്ദേഹം ചെയതിട്ടില്ലെന്നാണ്. പാര്‍ലമെന്‍റ് സ്ഥിതിചെയ്യുന്ന ക്യാപിറ്റോള്‍ മന്ദിരത്തില്‍ ജനുവരി ആറിന് ജനക്കൂട്ടം ഇരച്ചുകയറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും കലാപം നടത്തുകയും ചെയ്തതിനു കാരണം ട്രംപിന്‍റെ പ്രകോപനപരമായ പ്രസംഗമാണെന്നായിരുന്നു ആരോപണം.
അതിലേക്കു കൂടുതല്‍ വെളിച്ചം വീശുന്ന പുതിയ വിഡിയോ ദൃശ്യങ്ങള്‍ വിചാരണവേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ സെനറ്റര്‍മാര്‍ പൊതുവില്‍ നടുങ്ങിയത്രേ. ആള്‍ക്കുട്ടത്തിന്‍റെ പെരുമാറ്റത്തില്‍ ദൃശ്യമായ കടുത്ത അക്രമവാസനയും വൈസ്പ്രസിഡന്‍റ് മൈക്ക് പെന്‍സിന് എതിരെ പോലും അവര്‍ ഉയര്‍ത്തിയ കൊലവിളിയും മുന്‍പ് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത വിധത്തിലുള്ളതായിരുന്നു.
നവംബറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഫലം ഔപചാരികമായി അംഗീകരിക്കാന്‍ ചേര്‍ന്ന സംയുക്ത പാര്‍ലമെന്‍റ് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനായ പെന്‍സ്. ട്രംപിനോടുളള വിധേയത്വം മാറ്റിവച്ച് തികച്ചും ഭരണഘടനാനുസൃതമായ വിധത്തില്‍ നിഷ്പക്ഷത പാലിക്കുകയാണ് അദ്ദേഹം ചെയ്തത്. പക്ഷേ, ട്രംപ് അനുകൂലികളായ ജനക്കൂട്ടത്തിന്‍റെ കണ്ണില്‍ അതൊരു വലിയ പാതകമായി.
്അതേ സെനറ്റ് ഹാളിലാണ് ഒരു മാസത്തിനുശേഷം ട്രംപിനെതിരായ വിചാരണ നടന്നതും. അതിന്‍റെ അവസാനത്തില്‍ നൂറംഗ സെനറ്റിലെ 43ന് എതിരെ 57 പേര്‍ ട്രംപ് കുറ്റക്കാരനാണെന്ന നിലപാടു സ്വീകരിക്കുകയും ചെയ്തു. പക്ഷേ, കുറ്റവിചാരണയില്‍ വിധി പറയാന്‍ അത്രയും വോട്ടുകള്‍ പോരാ, മൂന്നില്‍ രണ്ടു ഭൂരിപക്ഷം (67 വോട്ടുകള്‍) വേണം.
സെനറ്റിലെ 48 ഡമോക്രാറ്റിക് പാര്‍ട്ടിക്കാരോടും അവരെ പിന്തുണയ്ക്കുന്ന രണ്ട് സ്വതന്ത്രരോടുമൊപ്പം റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍നിന്ന് ഏഴു പേര്‍കൂടി ചേര്‍ന്നു. എന്നിട്ടും പത്തു വോട്ടുകള്‍ പോരാതെവന്നു. അങ്ങനെ ട്രംപ് ഒരിക്കല്‍കൂടി കുറ്റവിമുക്തനാവുകയും ചെയ്തു.
സെനറ്റിലെ വിചാരണയില്‍ ട്രംപ് കുറ്റക്കാരനാണെന്നു വിധിയുണ്ടായിരുന്നുവെങ്കില്‍ അയോഗ്യത കല്‍പ്പിച്ച് അദ്ദേഹത്തെ രാഷ്ട്രീയ രംഗത്തുനിന്നു പുറത്താക്കാനുള്ള ആലോചനയും ഡമോക്രാറ്റിക് പാര്‍ട്ടിക്കുണ്ടായിരുന്നു. അതുസംബന്ധിച്ച് പ്രമേയത്തിനു സെനറ്റില്‍ കേവല ഭൂരിപക്ഷം മതിയാകുമായിരുന്നു താനും.
നവംബറിലെ തിരഞ്ഞെടപ്പിനെ തുടര്‍ന്നു സെനറ്റില്‍ ഇരു കക്ഷികള്‍ക്കും ഫലത്തില്‍ 50 വീതം സീറ്റുകളാണുളളത്. എങ്കിലും സെനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിക്കുന്ന വൈസ്പ്രസിഡന്‍റ് (ഡമോക്രാറ്റിക് പാര്‍ട്ടിക്കാരിയായ കമല ഹാരിസ്) കാസ്റ്റിങ് വോട്ട് ഉപയോഗപ്പെടുത്തുന്ന പക്ഷം പ്രമേയം പാസ്സാകും.
പക്ഷേ, കലാപത്തിനു പ്രേരണ നല്‍കിയെന്ന കുറ്റത്തില്‍നിന്നു ട്രംപിനെ സെനറ്റ് വിമുക്തനാക്കിയതോടെ ട്രംപിന് അയാഗ്യത കല്‍പ്പിക്കാനുള്ള ഡമോക്രാറ്റുകളുടെ ശ്രമവും പാളി. അയോഗ്യത കല്‍പ്പിക്കപ്പെട്ടാല്‍ പെന്‍ഷനും ആരോഗ്യ ഇന്‍ഷുറന്‍സും മറ്റു പല ആനുകുല്യങ്ങളും ട്രംപിനു നിഷേധിക്കപ്പെടുമായിരുന്നു. അതിനുവേണ്ടി കാത്തിരുന്നവര്‍ നിരാശയരായി.
മുന്‍പൊരു യുഎസ് പ്രസിഡന്‍റിനും ഇത്തരമൊരു സ്ഥിതിവിശേഷത്തെ നേരിടേണ്ടി വന്നിരുന്നില്ല. മുന്‍പൊരു പ്രസിഡന്‍റും രണ്ടുതവണ ഇംപീച്ച്ചെയ്യപ്പെട്ടിട്ടുമില്ല. സ്ഥാനമൊഴിഞ്ഞ ശേഷം സെനറ്റിലെ വിചാരണയ്ക്കു വിധേയനാകേണ്ടിവന്ന പ്രസിഡന്‍റും അമേരിക്കയുടെ ചരിത്രത്തില്‍ മുന്‍പുണ്ടായിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യക്ഷിവേട്ട എന്നാണ് ട്രംപ്തന്നെ ഇതിനെ വിശേഷിപ്പിച്ചുകൊണ്ടിരുന്നതും.
ക്യാപിറ്റോള്‍ ആക്രമണത്തിന് ഉത്തരവാദി ട്രംപാണെന്നും അതിനുള്ള ശിക്ഷ അദ്ദേഹം അര്‍ഹിക്കുന്നുവെന്നും വിശ്വസിക്കുന്നവര്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലും ഉണ്ടെന്ന കാര്യം രഹസ്യമായിരുന്നില്ല. സെനറ്റിലെ വിചാരണ വേളയില്‍ അതു പ്രകടമാവുകയും ചെയ്തു.
അധികാരം ദുരുപയോഗം ചെയ്തുവെന്ന പേരില്‍ 2019 ഡിസംബറില്‍ നടന്ന ആദ്യത്തെ സെനറ്റ് വിചാരണയില്‍ ട്രംപിനെതിരെ വോട്ടുചെയ്യാന്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍നിന്നു ധൈര്യപ്പെട്ടത് ഒരാള്‍ മാത്രമായിരുന്നു. 2012ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്ന മിറ്റ് റോംനിയായിരുന്നു അത്. മുന്‍പ് അദ്ദേഹം മാസച്ചുസെറ്റ്സ് സംസ്ഥാന ഗവര്‍ണറുമായിരുന്നു.
ഇത്തവണ, ജനുവരിയില്‍ ജനപ്രതിനിധി സഭ രണ്ടാം തവണയും ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഡമോക്രാറ്റുകളോടൊപ്പം ചേര്‍ന്നതു പത്തു റിപ്പബ്ളിക്കന്മാരാണ്. മുന്‍ വൈസ്പ്രസിഡന്‍റ് ഡിക്ക് ചെയ്നിയുടെ മകളും പാര്‍ട്ടിയിലെ മുനിരക്കാരിയുമായ ലിസ് ചെയ്നിയായിരുന്നു അവരില്‍ ഒരാള്‍.
സെനറ്റിലെ ഇക്കഴിഞ്ഞ വിചാരണവേളയില്‍ ട്രംപിനെതിരെ അണിനിരന്ന ഡമോക്രാറ്റുകളുടെ കൂടെ ചേരാന്‍ റോംനി വീണ്ടും മുന്നോട്ടുവന്നു. മറ്റ് ആറ് റിപ്പബ്ളിക്കന്മാര്‍ അദ്ദേഹത്തെ പിന്തുടരുകയും ചെയ്തു.
ഇതു കാരണം ഇവരെല്ലാം ട്രംപ് അനുകൂലികളുടെ കടുത്ത അപ്രീതി സമ്പാദിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിനെതിരെ സെനറ്റില്‍ സംസാരിക്കാനും വോട്ടു ചെയ്യാനും മറ്റു പല റിപ്പബ്ളിക്കന്മാരും മടിച്ചുനിന്നതു ഈ അപ്രീതിയെക്കുറിച്ചുളള പേടിമൂലമാണെന്നും പറയപ്പെടുന്നു. അടുത്ത തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ പാര്‍ട്ടിയുടെ ടിക്കറ്റിനുവേണ്ടി ആഗ്രഹിക്കുന്നവരാണ് ഇവരില്‍ പലരും. ട്രംപ് പിന്തുണച്ചില്ലെങ്കില്‍ തങ്ങള്‍ക്കു മല്‍സരിക്കാന്‍ അവസരം കിട്ടില്ലെന്ന് അവര്‍ ഭയപ്പെടുകയാണത്രേ.
റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ മുന്‍പ് ഒരു നേതാവിനും ഇല്ലാതിരുന്ന അത്രയും വലിയ സ്വാധീനമാണ് ട്രംപിനുളളത്. രണ്ടാം തവണയും പ്രസിഡന്‍റാകാനുള്ള ശ്രമത്തില്‍ തോറ്റിട്ടും അതിനു കുറവു വന്നിട്ടില്ല. ജോ ബൈഡന്‍ പ്രസിഡന്‍റായത് കള്ളവോട്ടിലൂടെയാണെന്നു വാദിക്കുന്ന ട്രംപ് തനിക്കു ഏഴുകോടി 42 ലക്ഷം വോട്ടുകള്‍ കിട്ടിയ കാര്യം എടുത്തുപറയാറുമുണ്ട്.
ഇംപീച്ച്മെന്‍റ് വേളയില്‍ ട്രംപിനെ വിമര്‍ശിക്കുകയും അദ്ദേഹത്തെ ശിക്ഷിക്കാനായി വോട്ടു ചെയ്യുകയും ചെയ്ത റിപ്പബ്ളിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ അതിന്‍റെ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലിസ് ചെയ്നിക്കും മിറ്റ് റോംനിക്കും പാര്‍ട്ടിയുടെ അവരുടെ പ്രാദേശിക യൂണിറ്റുകളില്‍ കടുത്ത വിമര്‍ശനങ്ങളെ നേരിടേണ്ടിവന്നുവത്രേ.
സെനറ്റിലെ കുറ്റവിചാരണയില്‍ ട്രംപ് കുറ്റവിമുക്തനാക്കപ്പെട്ടതോടെ ക്യാപിറ്റോള്‍ സംഭവം സംബന്ധിച്ച അധ്യായം അവസാനിച്ചുവെന്നു കരുതുന്നവരുണ്ട്. എന്നാല്‍, ഡമോക്രാറ്റിക് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതവസാനിച്ചിട്ടില്ല. ജനുവരി ആറിനു ക്യാപിറ്റോളില്‍ ശരിക്കും എന്തെല്ലാമാണ് സംഭവിച്ചത് ? അതിലേക്കു നയിച്ച സാഹചര്യങ്ങളെന്ത് ? ആരെല്ലാമാണ് അതിന് ഉത്തരവാദി ? പാര്‍ലമെന്‍റ് മന്ദിരത്തിലെ ഗുണ്ടാ വിളയാട്ടം എന്തുകൊണ്ടു തടയാനായില്ല ? ഇത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം ചെയ്യണം ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
അതിനുവേണ്ടി ഒരു ഉന്നതാധികാര അന്വേഷണ കമ്മിഷനെ നിയമിക്കണമെന്നു ഡമോക്രാറ്റിക് പാര്‍ട്ടി ആഗ്രഹിക്കുന്നു. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തെപ്പറ്റി അന്വേഷണം നടത്തിയതു പോലുള്ള ഒരു കമ്മിഷനാണ് അവര്‍ ഉദ്ദേശിക്കുന്നത് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെതന്നെ പലരും ഇതിനെ അനുകൂലിക്കുന്നുമുണ്ട്. ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള പ്രതിനിധി സഭയുടെ അടുത്ത നടപടികളിലൊന്ന് ഒരു പക്ഷേ ഈ കമ്മിഷന്‍റെ നിയമനമായിരിക്കും.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Donald Trump found not guilty at impeachment trial