ADVERTISEMENT

കഴിഞ്ഞ 15 വര്‍ങ്ങള്‍ക്കിടയില്‍ അമേരിക്കയും ഫ്രാന്‍സും ഭരിച്ചതു നാലു വീതം പ്രസിഡന്‍റുമാരാണ്. ബ്രിട്ടനില്‍ അഞ്ചും ഇറ്റലിയില്‍ ഏഴും പ്രധാനമന്ത്രിമാരുണ്ടായി. പക്ഷേ, ജര്‍മനിയില്‍ ചാന്‍സലര്‍ അഥവാ പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരുന്നത് ഒരേയൊരാള്‍-ആംഗല ഡൊറോത്തി മെര്‍ക്കല്‍. 

അറുപത്താറു വയസ്സിനിടയില്‍ യൂറോപ്പിന്‍റെ നായകസ്ഥാനത്തേക്കുകൂടി ഈ വനിതഫലത്തില്‍ ഉയര്‍ന്നു. ലോകത്തിലെതന്നെ ഏറ്റവും ശക്തവും സമര്‍ഥയുമായ ഭരണാധികാരികളില്‍ ഒരാളായി അറിയപ്പെടാന്‍ തുടങ്ങി. പക്ഷേ, എല്ലാ നല്ലകാര്യങ്ങള്‍ക്കും അവസാനമുണ്ട് എന്നാണല്ലോ ചൊല്ല്.  ഈ വര്‍ഷം സെപ്റ്റംബറോടെ മെര്‍ക്കല്‍ യുഗത്തിനു തിരശ്ശീല വീഴുന്നു. 

ഇതു പെട്ടെന്നുണ്ടായ ഒരു സംഭവവികാസമല്ല. മുഖ്യ ഭരണകക്ഷിയായ ക്രിസ്ത്യന്‍ഡമോക്രാറ്റിക് യൂണിയനെയും (സിഡിയു) അതിലൂടെ രാജ്യത്തെയും ഒരിക്കല്‍കൂടി നയിക്കാന്‍ താനുണ്ടാവില്ലെന്നു നേരത്തെതന്നെ മെര്‍ക്കല്‍ വെളിപ്പെടുത്തിയിരുന്നു. 

armin-laschet-party-leader-of-the-christian-democratic-union-of-germany
Armin Laschet. Photo: Michael Kappeler / AP

സിഡിയുവിന്‍റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇക്കഴിഞ്ഞ ജനുവരിയില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മെല്‍ക്കല്‍ രംഗത്തുണ്ടായിരുന്നില്ല. മെര്‍ക്കലിനെ ശക്തമായി പിന്തുണയ്ക്കുന്നവരില്‍ ഒരാളായ ആര്‍മിന്‍ ലാസ്ച്ചറ്റും  വിമര്‍ശിച്ചുകൊണ്ടിരുന്ന ഫ്രഡറിക് മെര്‍സും തമ്മിലായിരുന്നു മല്‍സരം. പാര്‍ട്ടിയുടെ പ്രതിനിധികള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ 466ന് എതിരെ 521 വോട്ടുകളോടെ ലാസ്ച്ചറ്റ് ജയിച്ചു. 

രാജ്യത്ത് ഏറ്റവും ജനങ്ങളുള്ള സംസ്ഥാനമായ വടക്കന്‍ റൈന്‍വെസ്റ്റ്ഫാലിയയുടെ മിനിസ്റ്റര്‍-പ്രസിഡന്‍റ് അഥവാ മുഖ്യമന്ത്രിയാണ് ലാസ്ച്ചറ്റ്.  മധ്യ വലതു നിലാടു പുലര്‍ത്തുന്ന സിഡിയുവും ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയനും (സിഎസ്യു) ചേര്‍ന്നുളള കൂട്ടുഭരണമാണ് ജര്‍മനിയില്‍. മുഖ്യകക്ഷിയായ സിഡിയുവിന്‍റെ  തലവന്‍ ചാന്‍സലര്‍ അഥവാ പ്രധാനമന്ത്രിയാവുകയാണ് പതിവ്. 

പ്രതികൂല സംഭവങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ലെങ്കില്‍ ജര്‍മനിയുടെ അടുത്ത ചാന്‍സലറും ആംഗല മെര്‍ക്കലിന്‍റെ പിന്‍ഗാമിയും അന്‍പത്തൊന്‍പതുകാരനായ ലാസ്ചറ്റായിരിക്കും. 

പുതിയ ഒരു കാലഘട്ടത്തിന്‍റെ ആരംഭം എന്നതിനേക്കാളേറെ, സംഭവബഹുലവും നിര്‍ണായകവുമായ ഒരു കാലഘട്ടത്തിന്‍റെ അവസാനമായിരിക്കും അത്. 2002ല്‍ സിഡിയുവിന്‍റെ നേതാവും മൂന്നു വര്‍ഷത്തിനുശേഷം ജര്‍മനിയുടെ ചാന്‍സലറുമായി മെര്‍ക്കല്‍ സ്ഥാനമേല്‍ക്കുമ്പോള്‍ ഇത്രയും നീണ്ട കാലം ആ സ്ഥാനങ്ങളില്‍ അവര്‍ക്കു തുടരാനാവുമെന്ന് അധികമാരും കരുതിയിരുന്നില്ല.  

തുടര്‍ച്ചയായി നാലു തവണയാണ് മെര്‍ക്കല്‍ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജര്‍മനിയിലെ മഹാരഥരായ നേതാക്കളുടെ മുന്‍നിരയിലേക്ക് ഉയര്‍ന്നു. മെര്‍ക്കലിനു മുന്‍പ് രണ്ടു പേര്‍ മാത്രമേ നാലു തവണ ചാന്‍സലറായിരുന്നിട്ടുളളൂ. യുദ്ധത്തില്‍ തകര്‍ന്നുപോയ ജര്‍മനിയുടെ  ഉയിര്‍ത്തെഴുന്നേല്‍പ്പിനു നേതൃത്വം നല്‍കിയ കോണ്‍റാഡ് ആഡനോവര്‍, യുദ്ധത്തെ തുടര്‍ന്നു വിഭജിക്കപ്പെട്ടുപോയ  ജര്‍മനിയുടെ പുനരേകീകരണത്തിനു ചുക്കാന്‍പിടിച്ച ഹെല്‍മുട്ട് കോള്‍ എന്നിവരാണവര്‍. 

ഇവരെല്ലാം പടിഞ്ഞാറന്‍ ജര്‍മനിയിലെ നേതാക്കളായിരുന്നു. ഒരു പ്രോട്ടസ്റ്റന്‍റ് ക്രൈസ്തവ പുരോഹിതന്‍റെയും സ്കൂള്‍ അധ്യാപികയുടെയും  മകളായ മെര്‍ക്കലും ജനിച്ചത് പടിഞ്ഞാറന്‍ ജര്‍മനിയിലായിരുന്നുവെങ്കിലും വളര്‍ന്നതു കമ്യൂണിസ്റ്റ് കിഴക്കന്‍ ജര്‍മനിയിലാണ്. അത്തരമൊരാള്‍ ജര്‍മനിയുടെ സാരഥിയാകുമെന്ന് അധികമാരും കരുതിയിരുന്നില്ല. 1989ല്‍ ബര്‍ലിന്‍ ഭിത്തി തകരുകയും രണ്ടു ജര്‍മനികളും വീണ്ടും ഒന്നാവുകയും ചെയ്ത ശേഷമാണ് മെര്‍ക്കല്‍ സിഡുയുവില്‍ ചേരുകയും പടിപടിയായി ഉയരുകയും ചെയ്തത്. 

ലോകത്തെ നാലാമത്തെയും യൂറോപ്പിലെ ഒന്നാമത്തെയും സാമ്പത്തിക ശക്തിയാണ് ജര്‍മനി. അതിന്‍റെ ആദ്യത്തെ വനിതാ ചാന്‍സലറായി 2005ല്‍ 51ാം വയസ്സില്‍ മെര്‍ക്കല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജര്‍മനിക്കകത്തും പുറത്തും പലരുംഅല്‍ഭുതപ്പെടുകയുണ്ടായി. കാരണം, ജര്‍മന്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്ക്‌ ഇന്നുള്ളതു പോലുള്ള സ്ഥാനം അന്നുണ്ടായിരുന്നില്ല. മുന്‍ഗാമിയായ ചാന്‍സലര്‍ ഹെല്‍മുട്ട് കോളിന്‍റെ നിഴലായിട്ടാണ് മെര്‍ക്കല്‍ അറിയപ്പെട്ടിരുന്നതും. 

തന്‍റെ മുന്‍ഗാമികളെപ്പോലെ ഒരു സാമ്പത്തിക വിദഗ്ദ്ധയുമായിരുന്നില്ല മെര്‍ക്കല്‍. ശാസ്ത്രജ്ഞയായിരുന്നു. ലീപ്സീഗ് സര്‍വകലാശാലയില്‍നിന്നു ക്വാണ്ടം കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ അവര്‍ കുറച്ചുകാലം ആ രംഗത്തു ഗവേഷണം തുടരുകയുമുണ്ടായി. പക്ഷേ, പെട്ടെന്നു കളംമാറ്റിച്ചവിട്ടാന്‍ തുടങ്ങി. 

ആദ്യഭര്‍ത്താവായ ഉല്‍റിക് മെര്‍ക്കലും ശാസ്ത്രജ്ഞനായിരുന്നു. പക്ഷേ, ആ വിവാഹം അധികകാലം നീണ്ടുനിന്നില്ല. വിവാഹമോചനത്തിനുശേഷവും ആംഗല ആദ്യഭര്‍ത്താവിന്‍റെ പേരിന്‍റെ ഭാഗം (സര്‍നെയിം) ഉപയോഗിക്കുന്നതു തുടരുകയും ചെയ്തു. ഇപ്പോഴത്തെ ഭര്‍ത്താവായ ജോവാക്കിം സോയറും ശാസ്ത്രജഞനാണ്.  ബര്‍ലിനിലെ ഹംബോള്‍ട്ട് സര്‍വകലാശാലയില്‍ തിയററ്റിക്കല്‍ കെമിസ്ട്രി പ്രഫസറായി സേവനം ചെയ്യുന്നു. മക്കളില്ല. 

ഇരുവരും തലസ്ഥാന നഗരമായ ബര്‍നിലെ ഒരു അനാഡംബര വസതിയില്‍ സാധാരണക്കാരെപ്പോലെ ജീവിക്കുന്നു. ഭാര്യയും ഭര്‍ത്താവും പൊതുരംഗത്തു ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നതു വിരളം. തങ്ങളുടെ പ്രധാനമന്ത്രിക്കു ഭര്‍ത്താവുള്ള കാര്യംതന്നെ ജര്‍മന്‍കാരില്‍ പലര്‍ക്കും അറിയില്ല താനും. ജര്‍മനിയുടെ പുതിയ ചാന്‍സലറായ വനിതയെ ആദ്യഘട്ടത്തില്‍ ചെറുതായി കണ്ടവര്‍ നാട്ടില്‍ മാത്രമല്ല പുറത്തുമുണ്ടായിരുന്നു. അവരില്‍ ഒരാളായിരുന്നു റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. റഷ്യന്‍ പ്രസിഡന്‍റിന്‍റെ ഒഴിവുകാല വസതിയില്‍ വച്ച് 2007ല്‍ അവര്‍ തമ്മില്‍ നടന്ന ആദ്യത്തെ കൂടിക്കാഴ്ച ഇന്നും ഓര്‍മിക്കപ്പെടുന്നു. 

മെര്‍ക്കലിനു നായ്ക്കളെ ഭയമാണെന്ന കാര്യം സുവിദിതമായിരുന്നിട്ടും അവരെ കാണാന്‍ പുടിന്‍ എത്തിയത് രൗദ്രഭാവത്തിലുള്ള രണ്ടു വലിയ കറുത്ത നായക്കളുമായാണ്. മെര്‍ക്കല്‍ ഭയാക്രാന്തയായെങ്കിലും അവരതു പുറത്തു കാണിച്ചില്ല. യൂറോപ്പിന്‍റെ നായകസ്ഥാനത്തു താന്‍ നേരിടാന്‍ പോകുന്നത് ഒരു ഉരുക്കു വനിതയെയാണെന്ന് പുടിന് അപ്പോള്‍തന്നെ ബോധ്യമാവുകയും ചെയ്തു. 

2009ല്‍ നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഇറ്റലിയിലെ പ്രധാനമന്ത്രിസില്‍വിയോ ബര്‍ലുസ്ക്കോനി ജര്‍മന്‍ ചാന്‍സലറെ പരസ്യമായി അവഗണിച്ചതും വാര്‍ത്തയായിരുന്നു. മെര്‍ക്കല്‍ എത്തുമ്പോള്‍ മറ്റൊരാളുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു ബെര്‍ലുസ്ക്കോനി. 15 മിനിറ്റു നേരം അതു നീണ്ടുനിന്നു. അതിനുശേഷമാണത്രെ അദ്ദേഹം മെര്‍ക്കലിനെ സ്വാഗതം ചെയ്യാന്‍ തയാറായത്.

ജര്‍മനിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത് മൂന്നുവര്‍ഷമായപ്പേഴേക്കും മെര്‍ക്കലിനു നേരിടേണ്ടിവന്നതു യൂറോപ്പിന പൊതുവില്‍തന്നെ അവതാളത്തിലാക്കിയ സാമ്പത്തിക പ്രതിസന്ധിയെയാണ്. കടക്കെണിയിലായതിനെ തുടര്‍ന്നു ഗ്രീസ്, പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ്, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ സാമ്പത്തികത്തകര്‍ച്ചയെ നേരിട്ടപ്പോള്‍ അതിനെ അതിജീവിക്കാനുള്ള യജ്ഞത്തിലും മെര്‍ക്കലായിരുന്നു മുന്നില്‍. അങ്ങനെ ജര്‍മനിയെ അവര്‍ യൂറോപ്പിന്‍റെ നായകസ്ഥാനത്തേക്ക് ഉയര്‍ത്തി.  

പക്ഷേ, മധ്യപൂര്‍വദേശത്തു നിന്നുളള അഭൂതപൂര്‍വമായ അഭയാര്‍ഥി പ്രവാഹത്തിനു മുന്നില്‍ 2015ല്‍ യൂറോപ്പ് പകച്ചുനിന്നപ്പോള്‍ പോംവഴി കണ്ടെത്താന്‍ മുന്നോട്ടുവന്നതും മെര്‍ക്കലായിരുന്നു. പത്തു ലക്ഷത്തിലേറെ അഭയാര്‍ഥികള്‍ക്ക് അവര്‍ ജര്‍മനിയുടെ വാതിലുകള്‍ തുറന്നുകൊടുക്കുകയും നിശ്ചിത തോതില്‍  അഭയാര്‍ഥികളെ സ്വീകരിക്കാന്‍ യൂറാപ്പിലെ മറ്റു രാജ്യങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.

GERMANY-POLITICS-CABINET-GOVERNMENT
German Chancellor Angela Merkel. Photo: Michael Kappeler / AFP

പക്ഷേ, ഇതിനൊരു തിരിച്ചടിയുമുണ്ടായി. മെര്‍ക്കലിന്‍റെ നേതൃത്വത്തിലുളള ഭരണസഖ്യം അഭയാര്‍ഥി പ്രശ്നത്തിന്‍റെ പേരില്‍ പിളര്‍പ്പിന്‍റെ വക്കോളമെത്തി.  വ്യത്യസ്ത സാംസ്ക്കാരിക പശ്ചാത്തലത്തില്‍നിന്നുള്ള അഭയാര്‍ഥികളുടെ ഒഴുക്കില്‍ ജര്‍മന്‍കാരുടെ  സാമ്പത്തിക ഭദ്രത മാത്രമല്ല, സംസ്ക്കാരിക പാരമ്പര്യവും അപകടത്തിലാവുകയാണെന്ന പ്രചാരണം വ്യാപകമായി. കഴിഞ്ഞ  പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ അതു പ്രതിഫലിക്കുകയും ചെയ്തു. 

രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏഴു പതിറ്റാണ്ടിലേറെക്കാലത്തിനിടയില്‍ ആദ്യമായി ഒരു തീവ്ര വലതുപക്ഷ കക്ഷി  പാര്‍ലമെന്‍റില്‍ ഇടം നേടിയത് ഈ പ്രചാരണത്തിന്‍റെ പിന്‍ബലത്തിലാണ്. ജര്‍മനിക്കു ബദല്‍ എന്നര്‍ഥമുള്ള ആള്‍്ട്ടര്‍നേറ്റീവ് ഫര്‍ ഡ്യൂഷ്ലാന്‍ഡ് (എഎഫ്ഡി) 13.3 ശതമാനം വോട്ടുകളും 630 അംഗ സഭയില്‍ 94 സീറ്റുകളും നേടി. 

മെര്‍ക്കലിന്‍റെ സിഡിയു നേതൃനിരയിലുണ്ടായിരുന്ന ഒരാളുടെ കൂടി ശ്രമഫലമായി  അതിനു നാലു വര്‍ഷം മുന്‍പു മാത്രം സ്ഥാപിതമായ ഈ കക്ഷി  ആ വര്‍ഷത്തെ തിരഞ്ഞെടുപ്പിലും   മല്‍സരിക്കുകയും 4.7  ശതമാനം വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. എന്നാല്‍, ചുരുങ്ങിയത്  അഞ്ചു ശതമാനം വോട്ടുകള്‍ വേണമെന്ന നിബന്ധന കാരണം പാര്‍ലമെന്‍റില്‍ പ്രവേശനം കിട്ടിയിരുന്നില്ല. ഇത്തവണ പാര്‍ലമെന്‍റിലെ മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയുമായി.   

നാലാം തവണയും മെര്‍ക്കല്‍  ചാന്‍സലറായത്  ആ തിരഞ്ഞെടുപ്പിലൂടെയാണ്. പക്ഷേ, അവരുടെ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയനും (സിഡിയു) സഖ്യകക്ഷിയായ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയനും  (സിഎസ്യു) സീറ്റുകള്‍ കുറേ നഷ്ടപ്പെട്ടു. അടുത്ത  തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ താനുണ്ടാവില്ലെന്നു മെര്‍ക്കല്‍ പ്രഖ്യാപിച്ചത് അതിനെ തുടര്‍ന്നാണ്. 

പ്രതിരോധമന്ത്രിയായിരുന്ന ആന്നഗ്രറ്റ് ക്രാംപ് കാറന്‍ബോയര്‍ എന്ന വനിത തുടര്‍ന്നു  പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഉത്തരവാദിത്തത്തിന്‍റെ ഭാരം അധികനാള്‍ താങ്ങാന്‍ അവര്‍ക്കായില്ല. അങ്ങനെയാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ ആര്‍മിന്‍ ലാസ്ച്ചര്‍ പുതിയ നേതാവായി ഉയര്‍ന്നത്.  ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സിഡിയുവിനെ വീണ്ടും വിജയത്തിലേക്കു നയിക്കാനും അങ്ങനെ ആംഗല മെര്‍ക്കലിന്‍റെ ശക്തനായ പിന്‍ഗാമിയാകാനും ലാസ്ച്ചറിനു കഴിയുമോ എന്നാണ് ജര്‍മനിയില്‍ മാത്രമല്ല, യൂറോപ്പില്‍ മൊത്തത്തിലും ജനങ്ങള്‍ ഉറ്റുനോക്കുന്നത്. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : End of an era: German Chancellor Angela Merkel prepares to step down after 15 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com