ADVERTISEMENT

സോവിയറ്റ് പ്രധാനമന്ത്രിയായിരുന്ന നികിത ക്രൂഷ്ച്ചോവ്, ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോ എന്നിവരെപ്പോലുള്ള കൊടിയ യുഎസ് ശത്രുക്കളെ സംബന്ധിച്ച സകല വിവരങ്ങളും അമേരിക്കയ്ക്ക് അപ്പപ്പോള്‍ കിട്ടിയിരുന്നുവത്രേ. അവരുടെയെല്ലാം ആരോഗ്യസംബന്ധമായ സൂക്ഷ്മ വിവരങ്ങള്‍വരെ അവയില്‍ ഉള്‍പ്പെടുന്നു. സ്വന്തം സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി ശത്രുക്കളെക്കുറിച്ച് മാത്രമല്ല, മിത്രങ്ങളെക്കുറിച്ചും വിശദമായി മനസ്സിലാക്കാനുളള രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍  അന്നത്തെപ്പോലെ ഇന്നും അമേരിക്ക മുന്നിട്ടുനില്‍ക്കുന്നു. 

 

അതിനു സഹായകമായ വിധത്തിലുളള അതിവിപുലവും ശക്തമായ സാങ്കേതിക സംവിധാനത്തിന്‍റെ പിന്തുണയുളളതുമായ ചാരശൃംഖലയാണ് അമേരിക്കയുടെ നിയന്ത്രണത്തിലുള്ളത്. ഒന്നര ഡസനോളം വരുന്ന ഇന്‍റലിജന്‍സ് ഏജന്‍സികള്‍ അതിനു സാക്ഷ്യം വഹിക്കുന്നു.  

 

ജാക് ഡഗ്ലസ് ടെഷേറ (Photos: Twitter)
ജാക് ഡഗ്ലസ് ടെഷേറ (Photos: Twitter)

അതേസമയം, ഈ ഏജന്‍സികളെല്ലാം കഷ്ടപ്പെട്ട് ശേഖരിക്കുന്ന രഹസ്യ വിവരങ്ങള്‍ കരുതലോടെ സൂക്ഷിക്കുന്നതില്‍ പലപ്പോഴും അമേരിക്ക ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നു. ആ ചരിത്രം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. യുഎസ് പ്രതിരോധ വകുപ്പിന്‍റെ പക്കലുണ്ടായിരുന്ന നൂറിലേറെ രേഖകള്‍ ചോര്‍ന്നുപോയി. യുക്രെയിനിലെ യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മുതല്‍ ഇസ്രയേല്‍, ദക്ഷിണ കൊറിയ, ഈജിപ്ത് എന്നീ സുഹൃല്‍ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തെ ബാധിക്കാനിടയുള്ള വിവരങ്ങള്‍വരെ ഇവയിലുണ്ട്. 

 

മൂന്നു മാസം മുന്‍പ് തന്നെ ഈ രേഖകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയിട്ടും സംഭവം ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെട്ടത് ഏപ്രില്‍ ആദ്യത്തില്‍ അതൊരു വാര്‍ത്തയായി ന്യൂയോര്‍ക്ക് ടെംസ് പത്രത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ്. ആരാണ് ഈ ചതി ചെയ്തതെന്നു കണ്ടെത്താന്‍ പിന്നെയും ഒരാഴ്ച കഴിയേണ്ടിവന്നു.

 

യുഎസ് വ്യോമസേനയുടെ റിസര്‍വ് വിഭാഗമായ എയര്‍ നാഷനല്‍ ഗാര്‍ഡിലെ ഐടി ഉദ്യോഗസ്ഥനായ ജാക്ക് ഡഗ്ളസ് ടെഷേറ എന്ന ഇരുപത്തൊന്നുകാരനാണ്  പ്രതി. കേന്ദ്രകുറ്റാന്വേഷണ വിഭാഗം (എഫ്ബിഐ) ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രില്‍ 13) മാസച്യൂസെറ്റ്സിലെ വീട്ടിലെത്തി അയാളെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തില്‍ ആരെങ്കിലും അയാളെ സഹായിച്ചിരുന്നുവോ എന്ന് എഫ്ബിഐ അന്വേഷിച്ചുവരുന്നു. 

 

രഹസ്യരേഖകള്‍ എങ്ങനെ ചോര്‍ന്നു പോയെന്നതിനെക്കുറിച്ചുള്ള പ്രതിരോധ വകുപ്പിന്‍റെയും (പെന്‍റഗണ്‍) നീതിന്യായ വകുപ്പിന്‍റെയും അന്വേഷണവും നടന്നുവരുന്നു. പത്തു വര്‍ഷംമുതല്‍ 20 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അയാളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. 

 

രാജ്യസുരക്ഷയെ ബാധിക്കുന്ന വിധത്തിലുളള രഹസ്യരേഖകള്‍ അമേരിക്കയില്‍ കൂട്ടത്തോടെ ചോര്‍ന്നുപോകുന്നത് ഇതാദ്യമല്ല. പതിറ്റാണ്ടു മുന്‍പ് 2013ല്‍ യുഎസ് ഇന്‍റലിജന്‍സ് വിഭാഗത്തിലെ എഡ്വേഡ് സ്നോഡന്‍ എന്ന ഉദ്യോഗസ്ഥന്‍ അനധികൃതമായി പകര്‍ത്തിയെടുക്കുകയും മാധ്യമങ്ങള്‍ക്കു വിതരണം ചെയ്യുകയും ചെയ്തത് ഏഴായിരം രഹസ്യരേഖകളായിരുന്നു. അതിനുമുന്‍പ് 2010ല്‍ ഇന്‍റലിജന്‍സ് വിഭാഗത്തിലെതന്നെ ബ്രാഡ്ലി മാന്നിങ് എന്ന  ചെല്‍സീ മാന്നിങ്ങ് യുഎസ് പ്രതിരോധവകുപ്പിന്‍റെ കംപ്യൂട്ടറുകളില്‍നന്നു ചോര്‍ത്തിയ ഏഴു ലക്ഷം രഹസ്യരേഖകള്‍ വിക്കിലീക്ലീക്സ് എന്ന ഓണ്‍ലൈന്‍ ന്യൂസ് വെബ്സൈറ്റിലൂടെയും പുറത്തുവന്നു. 

 

ആ സംഭവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടെഷേറ നടത്തിയ ചോര്‍ത്തല്‍ വളരെ ചെറുതായി തോന്നാം. പക്ഷേ, അതു സംഭവിച്ചുവെന്നതു തന്നെ യുഎസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാവരെയും അമ്പരപ്പിക്കുകയും നാണിപ്പിക്കുകയും ചെയ്യുന്നു. മുന്‍ അനുഭവങ്ങളില്‍നിന്ന് അവര്‍ പാഠം പഠിച്ചില്ലെന്നത് പരമ ദയനീയമായ യാഥാര്‍ഥ്യമായി അവശേഷിക്കുകയും ചെയ്യുന്നു.  

 

julian-assange-wikileaks
അസ്സാന്‍ജെ

സീക്രട്ട് (രഹസ്യം), ടോപ്സീക്രട്ട് (പരമരഹസ്യം) എന്നിങ്ങനെ അടയാളപ്പെടുത്തിയ രേഖകളില്‍ അധികവും ഒരു വര്‍ഷത്തിലേറെയായി നടന്നുവരുന്ന യുക്രെയിന്‍ യുദ്ധത്തെക്കുറിച്ചുള്ളതാണ്. റഷ്യന്‍ ആക്രമണത്തെ ചെറുത്തുനില്‍ക്കുന്ന യുക്രെയിനെ അമേരിക്കയും യൂറോപ്പിലെ പല രാജ്യങ്ങളും സഹായിച്ചുവരുന്നു. സ്ഥിതിഗതികള്‍ യുക്രെയിന് അനുകൂലമാണെന്ന് അവര്‍ നിരന്തരമായി സൂചിപ്പിക്കുമ്പോള്‍ വസ്തുത പക്ഷേ, അതല്ലെന്നു വെളിപ്പെടുത്തുകയാണ് ഈ രേഖകള്‍. യുക്രെയിന്‍റെ ആയുധശക്തിയും വ്യോമപ്രതിരോധ സംവിധാനശേഷിയും കുറഞ്ഞുവരുന്നു, വ്യോമയുദ്ധത്തില്‍ റഷ്യ മേല്‍ക്കൈ നേടുന്നു, യുദ്ധം ജയിക്കാനുള്ള യുക്രെയിന്‍റെ കഴിവില്‍ അമേരിക്കയ്ക്കു സംശയം തോന്നുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളും രേഖകളിലുണ്ട്.    

എഡ്വേഡ് സ്നോഡൻ(ഫയൽ ചിത്രം)
എഡ്വേഡ് സ്നോഡൻ(ഫയൽ ചിത്രം)

 

മധ്യപൂര്‍വദേശത്തെ യുഎസ് സഖ്യരാജ്യമായ ഈജിപ്ത് യുക്രെയിനില്‍ റഷ്യയെ രഹസ്യമായി സഹായിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും ഈ രേഖകളിലൂടെ ഉയര്‍ന്നുവരുന്നു. രഹസ്യമായി റഷ്യയിലേക്ക് അയക്കാനായി 40,000 റോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ ഈജിപ്തിലെ പ്രസിഡന്‍റ് ഉത്തരവിട്ടിരുന്നുവെന്നാണ് രേഖകളില്‍ പറയുന്നത്. ഈജിപ്ത് ഇതു നിഷേധിച്ചു.

 

അമേരിക്കയുടെ മറ്റൊരു സഖ്യരാജ്യമായ ദക്ഷിണ കൊറിയ യുഎസ് സൈന്യത്തിനുവേണ്ടി ആര്‍ട്ടില്ലറി ഷെല്ലുകള്‍ നിര്‍മ്മിച്ചുനല്‍കാന്‍ സമ്മതിച്ചുവെന്നും അവ അമേരിക്ക യുക്രെയിനിലേക്കു വഴിതിരിച്ചുവിടുമോയെന്നു പിന്നീടു ശങ്കിച്ചുവെന്നും രേഖകളിലുണ്ട്. ദക്ഷിണ കൊറിയയും നിഷേധക്കുറിപ്പിറക്കി.

അമേരിക്കയുടെ ഉറ്റ സുഹൃത്തായ ഇസ്രയേലിനെക്കുറിച്ചുള്ള രേഖകള്‍ പക്ഷേ, യുക്രെയിനുമായി ബന്ധമുള്ളതല്ല. ഇസ്രയേലിലെ നീതിന്യായ വ്യവസ്ഥ പരിഷ്ക്കരിക്കാന്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നടത്തുന്ന ശ്രമത്തിനെതിരെ ഈയിടെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തെ അവിടത്തെ ചാരവിഭാഗമായ മൊസ്സാദ് സഹായിച്ചുവത്രേ. ഇത് ഇസ്രയേലും നിഷേധിച്ചു.  എങ്കിലും ഈ കാര്യങ്ങളെ സംബന്ധിച്ച രേഖകള്‍ പുറത്തുവന്നത് 

അമേരിക്കയുമായുള്ള ഈജിപ്ത്, ദക്ഷിണ കൊറിയ, ഇസ്രയേല്‍ എന്നിവയുടെ ബന്ധത്തെ ബാധിച്ചേക്കാമെന്ന ഭയം നിലനില്‍ക്കുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് റഷ്യയോട് അനുഭാവം കാണിക്കുന്നതായി അമേരിക്ക വിശ്വസിക്കുന്നുവെന്ന വിവരവും ചോര്‍ന്നുപോയ രേഖകളിലുണ്ട്. ഇതുകാരണം യുഎസ് രഹസ്യാന്വേഷണ വിഭാഗം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നുവത്രേ. 

ഏറ്റവും പുതിയ രഹസ്യചോര്‍ച്ച നടത്തിയത് ഒരു പയ്യനാണെന്നത് അതു സംബന്ധിച്ച് അന്വേഷണം നടത്തുന്നവരെയെല്ലാം അല്‍ഭുതപ്പെടുത്തിയതായി പറയപ്പെടുന്നു. അയാള്‍ ജോലി ചെയ്തിരുന്ന എയര്‍ നാഷനല്‍ ഗാര്‍ഡ് മുഴുവന്‍സമയ സൈനികരല്ല, ആവശ്യമുള്ളപ്പോള്‍ മാത്രം സൈനിക സേവനത്തിനു നിയോഗിക്കപ്പെടുന്നവരാണ്. 2019ല്‍ പതിനേഴാം വയസ്സിലാണ് ജാക്ക് ടെഷേറ അതില്‍ ചേര്‍ന്നത്. ഐടി വിദഗ്ദ്ധനായതിനാല്‍ ടെലികമ്യൂണിക്കേഷന്‍ സംബന്ധമായ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അങ്ങനെ രാജ്യരക്ഷാസംബന്ധമായ അതീവ രഹസ്യമായ കാര്യങ്ങള്‍വരെ കൈയാളാന്‍ അയാള്‍ക്ക് അവസരവും സൗകര്യവും ലഭിച്ചു. 

 

രഹസ്യങ്ങള്‍ പരസ്യമാക്കാന്‍  അയാളെ പ്രേരിപ്പിച്ചതെന്ത് എന്ന ചോദ്യം സ്വാഭാവികമായും മുന്‍പ് നടന്ന ചോര്‍ച്ചകളുടെ കഥകള്‍ ഓര്‍മ്മിക്കാന്‍ ഇടയാക്കുന്നു. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങള്‍ക്കിടയില്‍ യുഎസ് സൈനികരില്‍ ചിലര്‍ യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ വരുന്ന അക്രമങ്ങള്‍ നടത്തിയതായി പരാതിയുണ്ടായിരുന്നു. 

 

ഗവണ്‍മെന്‍റ് അതു മറച്ചുവച്ചുവെന്നും അതിനാല്‍ സത്യം പുറത്തുകൊണ്ടു വരേണ്ടത് ധാര്‍മികമായ ഉത്തരവാദിത്തമായി താന്‍ കരുതിയെന്നുമായിരുന്നു 2010ല്‍ ബ്രാഡ്ലി മാന്നിങ് എന്ന  ചെല്‍സീ മാന്നിങ്ങ് നല്‍കിയ വിശദീകരണം. ഇറാഖില്‍ യുഎസ് മിലിട്ടറി ഇന്‍റലിജന്‍സ് അനലിസ്റ്റായിരുന്ന മാന്നിങ് യുഎസ് പ്രതിരോധവകുപ്പിന്‍റെ കംപ്യൂട്ടറുകളില്‍നിന്നു രഹസ്യരേഖകള്‍ വിക്കിലീക്ലീക്സിനു ചോര്‍ത്തിക്കൊടുത്തതിനെ ന്യായീകരിച്ചത് അങ്ങനെയാണ്. 

 

മാന്നിങ്ങിനെ പട്ടാളക്കോടതി  35 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. പ്രസിഡന്‍റ് ബറാക് ഒബാമ മാപ്പുനല്‍കിയതിനാല്‍ ഏഴു വര്‍ഷത്തിനു ശേഷം മോചനം നേടി. രേഖകള്‍ ചോര്‍ത്തിയ കാലത്തു 23 വയസ്സുള്ള പുരുഷനായിരുന്ന മാന്നിങ് ഇതിനിടയില്‍ ഹോര്‍മോണ്‍ ചികില്‍സയിലൂടെയും ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയും സ്ത്രീയായി. ബ്രാഡ്ലി മാന്നിങ് അങ്ങനെ ചെല്‍സീ മാന്നിങ്ങായി. വിക്കിലീക്സ് തലവന്‍ അസ്സാന്‍ജെ അമേരിക്കയ്ക്ക് പിടികൊടുക്കാതെയുള്ള ഓട്ടത്തിനൊടുവില്‍ 2019ല്‍ ബ്രിട്ടനില്‍ തടവിലായി. അസ്സാന്‍ജെയെ വിട്ടുകിട്ടാനുള്ള യുഎസ് ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു.   

 

യുഎസ് നാഷനല്‍ സെക്യൂരി ഏജന്‍സിയിലെ ഉദ്യോഗസ്ഥനായിരുന്ന എഡ്വേഡ് സ്നോഡന്‍ 2013ല്‍ രഹസ്യരേഖകള്‍ ചോര്‍ത്തിയെടുത്തു മാധ്യമങ്ങള്‍ക്കു നല്‍കിയതിനു പറഞ്ഞ കാരണവും ഏറെ വ്യത്യസ്തമായിരുന്നില്ല. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ മറുനാടുകളില്‍ മാത്രമല്ല, നാട്ടിനകത്തു തന്നെയും നടത്തുന്ന ചാരപ്പണിയുടെ ആഴവും പരപ്പും പരസ്യമാക്കുകയാണ് തന്‍റെ ഉദ്ദേശ്യമെന്നായിരുന്നു ന്യായീകരണം. അധികൃതര്‍ നടപടിയെടുക്കുന്നതിനു മുന്‍പ് തന്നെ സ്നോഡന്‍ ഹോങ്കോങ്ങിലെത്തുകയും അവിടെനിന്നു റഷ്യയിലേക്കു രക്ഷപ്പെടുകയും ചെയ്തു. റഷ്യ അഭയം നല്‍കി. 

 

പുതിയ ചോര്‍ച്ച നടത്തിയ ജാക്ക് ടെഷേറയ്ക്ക് ഇവരുടേതുപോലുളളു പൊതുതാല്‍പര്യമോ രാഷ്ട്രീയമോ ഇല്ല. സമപ്രായക്കാരില്‍ പലരെയും പോലെ ഇന്‍റര്‍നെറ്റിലെ വിഡിയോ ഗെയിമുകളില്‍ അതീവ തല്‍പരനായിരുന്നു. അത്തരം ഗെയിമുകളില്‍ താന്‍ പങ്കെടുത്തുകൊണ്ടിരുന്ന ഡിസ്കോഡ് എന്ന ചാനലിലേക്കാണ് പയ്യന്‍ രഹസ്യരേഖകള്‍ ചോര്‍ത്തിക്കൊടുത്തത്. അവിടെ നിന്ന് അവ മറ്റു ചാനലുകളിലുമെത്തി. തന്നോടൊപ്പം ഗെയിമുകളില്‍ പങ്കെടുത്തിരുന്ന മറ്റു പയ്യന്മാരുടെ മുന്നില്‍ 'ഷൈന്‍' ചെയ്യുക മാത്രമായിരുന്നുവത്രേ ടെഷേറയുടെ ഉദ്ദേശ്യം. 

 

Content Summary : US intelligence leaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com