ADVERTISEMENT

മാറ്റത്തിനുവേണ്ടി വീണ്ടും വോട്ടുചെയ്തിരിക്കുകയാണ് തായ്ലന്‍ഡിലെ ജനങ്ങള്‍. രാഷ്ട്രീയത്തില്‍ പട്ടാളം യഥേഷ്ടം ഇടപെടുന്നതും ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഗവണ്‍മെന്‍റുകളെ അവര്‍ അട്ടിമറിക്കുന്നതും പട്ടാളംതന്നെ നേരിട്ടും അല്ലാതെയും ഭരണം നടത്തുന്നതും തെക്കു കിഴക്കന്‍ ഏഷ്യയിലെ ആ രാജ്യത്ത് അപൂര്‍വമല്ല. അതിനി അനുവദിക്കുകയില്ലെന്നും യഥാര്‍ത്ഥ ജനാധിപത്യമല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് തായ്ലന്‍ഡിലെ വോട്ടര്‍മാര്‍. 

ഇക്കഴിഞ്ഞ ഞായറാഴ്ച (മേയ് 14) അവിടെ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ആ നിലയില്‍ ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നു. പക്ഷേ, മാറ്റത്തിനുവേണ്ടി തായ് ജനത ഇതിനു മുന്‍പും പല തവണ വോട്ടുചെയ്തപ്പോള്‍ അതിന്‍റെ ഫലം അനുഭവിക്കാന്‍ പട്ടാളം അവരെ അനുവദിച്ചിരുന്നില്ല. ഇത്തവണയും അങ്ങനെ സംഭവിക്കുമോ എന്ന സംശയം നിലനില്‍ക്കുന്നു. 

മുന്‍പട്ടാളത്തലവന്‍ ജനറല്‍ പ്രയുത് ചാന്‍ ഓച്ചയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ഈ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയിരിക്കുന്നത് പട്ടാളത്തിന്‍റെ ഇടപെടലിനെ എതിര്‍ക്കുന്ന രണ്ടു കക്ഷികളാണ്- മൂവ് ഫോര്‍വേഡ് എന്ന പുതിയ കക്ഷിയും മുന്‍പ്രധാനമന്ത്രി തക്സിന്‍ ഷിനവത്രയുടെ മകള്‍ നയിക്കുന്ന ഫ്യു തായ് പാര്‍ട്ടിയും. പാര്‍ലമെന്‍റിന്‍റെ അധോസഭയായ 500 അംഗ പ്രതിനിധിസഭയില്‍ രണ്ടു കക്ഷികള്‍ക്കും കൂടി കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിലും കൂടുതല്‍ സീറ്റുകള്‍ കിട്ടിക്കഴിഞ്ഞു. 

പ്രയുതിന്‍റെ യുനൈറ്റഡ് തായ് നേഷന്‍ പാര്‍ട്ടി അഞ്ചാം സ്ഥാനത്തേക്കു പിന്‍തള്ളപ്പെട്ടു. 2019ലെ തിരഞ്ഞെടുപ്പിലും പ്രയുതിന്‍റെ കക്ഷിക്കു ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന സ്ഥാനമോ ഉണ്ടായിരുന്നില്ല.  മറ്റു ചില കക്ഷികളുടെ സഹായത്തോടെ ഭുരിപക്ഷം തരപ്പെടുത്തുകയായിരുന്നു. 

പ്രതിനിധി സഭയോടൊപ്പം സെനറ്റുംകൂടി ചേര്‍ന്നാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക. പക്ഷേ, സെനറ്റിലെ 250 അംഗങ്ങളും ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവരല്ല, പട്ടാളം നോമിനേറ്റ് ചെയ്യുന്നവരാണ്. അവരുടെ കൂടി പിന്തുണയോടെയാണ് പ്രയുത് 2019ല്‍ പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പില്‍ സെനറ്റിലും പങ്കാളിത്തമുണ്ടായിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനയില്‍ എഴുതിച്ചേര്‍ച്ചത് പ്രയുതിന്‍റെ നേതൃത്വത്തിലുള്ള പട്ടാള ഗവണ്‍മെന്‍റായിരുന്നു. 

ഈ വ്യവസ്ഥ ഇത്തവണയും തന്‍റെ എതിരാളികള്‍ക്കെതിരെ അദ്ദേഹം ഉപയോഗിക്കാനുള്ള സാധ്യത അധികമാരും തള്ളിക്കളയുന്നില്ല. ഏറ്റവും വലിയ രണ്ടു കക്ഷികളായ മൂവ് ഫോര്‍വേഡിനും ഫ്യു തായിക്കും കൂടി പ്രതിനിധി സഭയില്‍ ഭൂരിപക്ഷം കിട്ടിയെന്നതു ശരിതന്നെ. പക്ഷേ, പ്രധാനമന്ത്രിയാകണമെങ്കില്‍ അവരുടെ സ്ഥാനാര്‍ഥിക്കു പ്രതിനിധി സഭയിലും സെനറ്റിലും കൂടി ഭൂരിപക്ഷം (ചുരുങ്ങിയപക്ഷം 750ല്‍ 376) ഉണ്ടായിരിക്കണം. സെനറ്റിലെ മുഴുവന്‍ (250) സീറ്റുകളും പട്ടാള നിയന്ത്രണത്തിലുള്ളതാണെന്നത് അതിനു വിലങ്ങുതടിയായി നില്‍ക്കുന്നു. 

ജനാധിപത്യ വിരുദ്ധമായ ഈ വ്യവസ്ഥ നീക്കം ചെയ്യണമെന്നതും ഈ തിരഞ്ഞെടുപ്പില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ ഒന്നായിരുന്നു. പുതിയ ഗവണ്‍മെന്‍റ് ഉണ്ടാക്കാന്‍ രണ്ടു മാസത്തെ സമയമുണ്ട്.  അതിനിടയില്‍ എന്തെല്ലാം നടക്കുമെന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പട്ടാളത്തെ പിന്തുണക്കാന്‍ പലപ്പോഴും കോടതികള്‍, പ്രത്യേകിച്ച് ഭരണഘടനാ കോടതി തയാറാകാറുണ്ടെന്നതും ആശങ്ക ജനിപ്പിക്കുന്നു.

ഭരണഘടനാ വിധേയമായ രാജവാഴ്ചയാണ് ഒന്‍പതു പതിറ്റാണ്ടായി തായ്ലന്‍ഡില്‍. അതിനുമുന്‍പ് രാജാവ് സര്‍വാധികാരിയായിരുന്നു. ചാക്രി രാജവംശത്തിലെ ഒന്‍പതാമത്തെ രാജാവായി 1946ല്‍ സ്ഥാനമേറ്റ  ഭൂമിബോല്‍ അദുല്യദേജ് 70 വര്‍ഷം സിംഹാസനത്തിലിരുന്നു ലോക റെക്കോഡ് സൃഷ്ടിച്ചു. 2016ല്‍ 88ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചശേഷം മൂത്ത മകന്‍ മഹാ വജിറലോങ്കോണ്‍ രാജാവായി. എഴുപതാം വയസ്സിലും സുഖലോലുപനായി അറിയപ്പെടുന്ന അദ്ദേഹത്തോടുള്ള അതൃപ്തിയും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു. 

ഭൂമിപോല്‍ രാജാവിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ മൗനാനുവാദത്തോടെയാണെന്നു പറയപ്പെടുന്നു പട്ടാളം ഒരു ഡസനിലേറെ തവണ ഭരണം പിടിച്ചടക്കുകയുണ്ടായി. ഏറ്റവും ഒടുവിലത്തേതായിരുന്നു 2014ലെ പട്ടാളവിപ്ളവം. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്‍റിന്‍റെ തകര്‍ച്ചയെ തുടര്‍ന്നു ഭരണം പിടിച്ചെടുത്ത പട്ടാളത്തലവന്‍ പ്രയുത് ചാന്‍ ഓച്ച പ്രധാനമന്ത്രിയായി സ്വയം അവരോധിച്ചശേഷം 2019ല്‍ നടന്ന തിരഞ്ഞെടുപ്പ് പ്രഹസനത്തിലൂടെ ആ പദവിയിന്മേലുള്ള തന്‍റെ പിടി ഉറപ്പിക്കുകയും ചെയ്തു. 

ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം തായ്ലന്‍ഡില്‍ നേരത്തെതന്നെ വളരെയധികമാണ്. പ്രയുതിന്‍റെ  ഭരണത്തില്‍ അതു കൂടുതല്‍ വര്‍ധിച്ചു. വിമര്‍ശകര്‍ അടിച്ചമര്‍ത്തപ്പെട്ടു. രാജാവിനോടോ രാജകുടുംബാഗങ്ങളോടെ അനാദരവ് കാട്ടുന്നവരെ 15 വര്‍ഷംവരെ തടവിലാക്കാന്‍ അനുവദിക്കുന്ന നിയമവും എതിരാളികളെ ഒതുക്കാന്‍ പ്രയുതിനു സഹായകമായി. 

അതിനിടയില്‍ കോവിഡ് വരികയും ടൂറിസ്റ്റുകള്‍ വരാതാവുകയും ചെയ്തതോടെ ടൂറിസത്തില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞു. മുഖ്യമായി ടൂറിസത്തെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥ അവതാളത്തിലായി. തൊഴിലില്ലായ്മ വര്‍ധിച്ചു. രണ്ടു മുഖ്യ പ്രതിപക്ഷ കക്ഷികളുടെ പിന്നില്‍ അണിനിരക്കാന്‍ ഇതും ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ പ്രേരിപ്പിക്കുകയായിരുന്നു. "നമുക്കൊരു രാജാവിന്‍റെ ആവശ്യമെന്ത്?'എന്ന മുദ്രാവാക്യവും പരസ്യമായിട്ടല്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ യുവാക്കള്‍ക്കിടയില്‍ പ്രചരിക്കുകയുണ്ടായി.  

ആധുനിക തായ് ചരിത്രത്തിലെ അനിശ്ചിതത്വത്തിന്‍റെയും ഇളകിമറിയലിന്‍റെയും പുതിയ അധ്യായം തുടങ്ങിയത് 2006ല്‍ അന്നത്തെ പ്രധാനമന്ത്രി തക്സിന്‍ ഷിനാവത്രയെ പട്ടാളം അട്ടിമറിച്ചതോടെയാണ്. അതിപ്പോള്‍ ഓര്‍മിക്കപ്പെടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ മുന്‍നിരയിലെത്തിയ രണ്ടു കക്ഷികളില്‍ ഒന്നായ ഫ്യൂ തായ് പാര്‍ട്ടിയുടെ നേതാവ്  പെയ്ടോങ്ടാം ഷിനവത്ര അദ്ദേഹത്തിന്‍റെ മകളാണ്. 

ഗര്‍ഭിണിയായിരുന്ന ആ മുപ്പത്തഞ്ചുകാരി പ്രസവം അടുത്ത നാളുകളില്‍പ്പോലും വീറോടെ തിരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ചതും പ്രസവശേഷം ഉടന്‍ വീണ്ടും രംഗത്തിറങ്ങിയതും  കൗതുകമുണര്‍ത്തുകയുണ്ടായി. തക്സിന്‍റെ ഇളയ സഹോദരി യിങ്ലക്കും മുന്‍പ് പ്രധാനമന്ത്രിയായിരുന്നു. 

നാലു വര്‍ഷക്കാലം പൂര്‍ത്തിയാക്കിയ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന തക്സിന്‍ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ തായ് റക് തായ്  പാര്‍ട്ടി നിരോധിക്കപ്പെടുകയുമുണ്ടായി. അറസ്റ്റില്‍നിന്നു രക്ഷപ്പെടാന്‍ അദ്ദേഹം നാടുവിടുകയും പിന്നീട് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയാല്‍ ജയിലിലാകുമെന്ന കാരണത്താല്‍ 16 വര്‍ഷമായി വിദേശത്തു കഴിയുന്നു.

പിരിച്ചുവിടപ്പെട്ട തായ് റക് തായുടെ പ്രവര്‍ത്തകര്‍ രൂപം നല്‍കിയതാണ് ഫ്യൂ തായ് പാര്‍ട്ടി. തക്സിന്‍റെ സഹോദരി യിങ്ലക്കിന്‍റെ നേതൃത്വത്തില്‍ അതു 2ൂ011ല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും വന്‍വിജയം നേടുകയും ചെയ്തു. പക്ഷേ, രണ്ടര വര്‍ഷമേ യിങ്ലക്കിനു പ്രധാനമന്ത്രി പദത്തില്‍ തുടരാനായുള്ളൂ. പ്രതിപക്ഷത്തിന്‍റെ പ്രക്ഷോഭത്തോടൊപ്പം അവര്‍ക്ക് അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സംബന്ധിച്ച് ഭരണഘടനാ കോടതിയില്‍ കേസിനെയും നേരിടേണ്ടിവന്നു. കോടതി അവര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിച്ച. ജനറല്‍ പ്രയുതി ചാന്‍ ഓച്ചയുടെ നേതൃത്വത്തില്‍ പട്ടാളം വീണ്ടും ഭരണം പിടിച്ചടക്കിയത് അതിനെ തുടര്‍ന്നാണ്.

അറസ്റ്റ് ഭയന്നു സഹോദരനെപ്പോലെ യിങ്ലക്കും നാടുവിട്ടു. അതിനുശേഷം ഒരു കേസില്‍ സുപ്രീം കോടതി അവരെ അഞ്ചുവര്‍ഷം തടവിനു ശിക്ഷിക്കുകയും ചെയ്തു. തിരിച്ചെത്തിയാല്‍ ജയിലിലാകുമെന്ന കാരണത്താല്‍ അവരും സഹോദരനെപ്പോലെ വിദേശത്തു കഴിയുന്നു.

ഈ തിരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനം നേടിയ മൂവ് ഫോര്‍വേഡ് പാര്‍ട്ടിക്കുമുണ്ട് ഇത്തരമൊരു കഥ പറയാന്‍. 2019ലെ തിരഞ്ഞെടുപ്പില്‍ മുന്‍നിരയിലുണ്ടായിരുന്ന ഫ്യൂച്ചര്‍ ഫോര്‍വേഡ് പാര്‍ട്ടിയുടെ പുനരവതാരമാണ് ഈ പാര്‍ട്ടി. ഒരു കാര്‍ കമ്പനിയുടമയുടെ മകനായ താനതോണ്‍ ജുവാന്‍ഗ്രൂന്‍ഗ്രുവാന്‍ഗിറ്റിന്‍റെ നേതൃത്വത്തിലുള്ള അവര്‍ പാര്‍ലമെന്‍റില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

എന്നാല്‍, തിരഞ്ഞെടുപ്പ് ചെലവിലേക്കുവേണ്ടി താനതോണ്‍ പാര്‍ട്ടിക്ക് നല്‍കിയ വന്‍തുകയുടെ സംഭാവനയുടെ പേരില്‍ ഭരണഘടനാ കോടതിയില്‍ കേസുണ്ടായി. പാര്‍ട്ടിയെ കോടതി നിരോധിക്കുകയും താനതോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കു പത്തുവര്‍ഷത്തേക്കു വിലക്ക് കല്‍പ്പിക്കുകയും ചെയ്തു. 

അതിലെ അംഗങ്ങള്‍ ചേര്‍ന്നുണ്ടാക്കിയതാണ് അമേരിക്കന്‍ സര്‍വകലാശാലാ ബിരുദങ്ങളുള്ള മുന്‍ ബിസിനസുകാരനായ പിറ്റ ലിംജറോന്‍രറ്റ് നയിക്കുന്ന മൂവ് ഫോര്‍വേഡ് പാര്‍ട്ടി. പിറ്റ എന്നു വിളിക്കപ്പെടുന്ന ഈ നാല്‍പത്തിരണ്ടുകാരന്‍ തായ്ലന്‍ഡിന്‍റെ അടുത്ത പ്രധാനമന്ത്രിയാകുമോ ? പട്ടാളം അതിന് അനുവദിക്കുമോ ?

Content Summary : Thailand political crisis

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com