ADVERTISEMENT

രണ്ടര മാസങ്ങള്‍ക്കിടയില്‍ രണ്ടാമതും നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ് അമേരിക്കയിലെ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പുതിയ കേസാണെങ്കില്‍ ആദ്യത്തേതിനേക്കാള്‍ അതീവ ഗുരുതരവുമാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍വരെ ഉള്‍പ്പെടുന്ന രേഖകള്‍ നിയമവിരുദ്ധമായി വൈറ്റ്ഹൗസില്‍നിന്ന് എടുത്തുകൊണ്ടുപോവുകയും സ്വന്തം സ്വകാര്യ വസതിയില്‍ അലക്ഷ്യമായി സൂക്ഷിക്കുകയും അവ തിരിച്ചെടുക്കാനുള്ള ഔദ്യോഗിക ശ്രമങ്ങള്‍ തടസ്സപ്പെടുത്തുകയും അതിനുവേണ്ടി കളവു പറയുകയും ചെയ്തു. ചാരവൃത്തി നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചുള്ള പുതിയ കേസ് ഇങ്ങനെയാണ്.

ഇതു സംബന്ധിച്ച് മാസങ്ങളായി അന്വേഷണം നടന്നുവരികയായിരുന്നു. അതിലൂടെ സ്ഥിരീകരിക്കപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാന്‍ഡ് ജൂറി ട്രംപിന്‍റെമേല്‍ കുറ്റം ചുമത്തുകയും തുടര്‍നടപടികള്‍ക്കുവേണ്ടി ചൊവ്വാഴ്ച (ജൂണ്‍ 13) മയാമിയിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.  

അതിന്‍റെ പിറ്റേന്നാണ് ട്രംപിന്‍റെ എഴുപത്തേഴാം ജന്മദിനം. ഗ്രാന്‍ഡ് ജൂറി കുറ്റം ചുമത്തുകയും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്ത വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത് ട്രംപ് തന്നെയാണ്. 

അധികാരത്തിലേക്കു തിരിച്ചുവരാനുളള ശ്രമങ്ങളില്‍ ട്രംപ് മുഴുകിയിരിക്കേയാണ് ഈ സംഭവവികാസം. വേറെയും കുറേ കേസുകള്‍ വിവിധ സംസ്ഥാനങ്ങളിലായി അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. പക്ഷേ, ട്രംപിനു കുലുക്കമില്ല. ഇതു യക്ഷിവേട്ടയാണെന്നും പ്രസിഡന്‍റ് ജോ ബൈഡനാണ് ഇതിന്‍റെ പിന്നിലെന്നും അടുത്ത വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്‍റ്തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിനു മറുപടി പറയുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. 

കോടതിയില്‍ ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയും കുറ്റം വായിച്ചു കേള്‍പ്പിക്കുകയും ചെയ്യും. ട്രംപിനു കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാം. ക്രിമിനല്‍ കേസ് പ്രതികളെ കൈയാമം വയ്ക്കുകയും മുഖത്തിന്‍റെ മുന്നില്‍നിന്നും പാര്‍ശ്വത്തില്‍നിന്നുമുള്ള ഫോട്ടോ എടുക്കുകയും ചെയ്യുന്ന പതിവുണ്ടെങ്കിലും ഏപ്രിലില്‍ ട്രംപ് മാന്‍ഹറ്റന്‍ ഹാജരായപ്പോള്‍ അങ്ങനെ ചെയ്തിരുന്നില്ല. 

ഒരു സിറ്റിങ് പ്രസിഡന്‍റോ മുന്‍പ്രസിഡന്‍റോ ഇത്തരമൊരു കേസില്‍ കുടുങ്ങി കോടതിയില്‍ ഹാജരേകേണ്ടിവരുന്നത് രണ്ടര നൂറ്റാണ്ടുകാലത്തെ യുഎസ് ചരിത്രത്തില്‍ ഇതും രണ്ടാം തവണയാണ്. ആദ്യ തവണയും പ്രതി ട്രംപായിരുന്നു. പ്രതിനിധി സഭയുടെ കുറ്റവിചാരണയ്ക്കു രണ്ടു തവണ വിധേയനാകേണ്ടിവന്ന ഒരേയൊരു യുഎസ് പ്രസിഡന്‍റ് എന്ന വിശേഷണവും നേരത്തെതന്നെ അദ്ദേഹത്തിനുണ്ട്.

ആദ്യതവണ (ഇക്കഴിഞ്ഞ ഏപ്രിലില്‍) ന്യൂയോര്‍ക്ക് മാന്‍ഹറ്റന്‍ കോടതിയില്‍ ട്രംപ് ഹാജരായതു മറ്റൊരു കേസിലായിരുന്നു. ഗ്രാന്‍ഡ് ജൂറി കുറ്റം ചുമത്തിയതിനെ തുടര്‍ന്നായിരുന്നു അതും. ആര്‍ക്കെങ്കിലും എതിരെ ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെട്ടാല്‍ കേസ് തുടരാന്‍മാത്രം തെളിവുണ്ടോ എന്നു തീരുമാനിക്കുക സംസ്ഥാനങ്ങളിലെ ഗ്രാന്‍ഡ് ജൂറിയാണ്. 

അശ്ളീല ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്ന സ്റ്റോമി ഡാനിയല്‍സ് എന്ന നടിയുമായി 2006 ജൂലൈയില്‍ ട്രംപ് കിടക്ക പങ്കിട്ടതായി പറയപ്പെടുന്ന സംഭവമായിരുന്നു ആ കേസിന്‍റെ കേന്ദ്രബിന്ദു. ആരോപണം ട്രംപ് നിഷേധിച്ചു. എങ്കിലും 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വേളയില്‍ നടി അതു പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ ട്രംപ് തന്‍റെ അഭിഭാഷകന്‍ മുഖേന 130,000 ഡോളര്‍ കൊടുത്തു പ്രശ്നം ഒതുക്കിത്തീര്‍ത്തു. 

ഈ തുക ബിസിനസ് സംബന്ധമായ ചെലവായി അദ്ദേഹം തന്‍റെ കമ്പനിയുടെ എക്കൗണ്ടില്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇതു കണക്കില്‍ കൃത്രിമം കാണിക്കലും നിയമവിരുദ്ധമാണെന്നുമാണ് കേസ്. നടിക്കു പണം നല്‍കിയതു 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വേളയിലാണെന്നതും ട്രംപിനു വിനയായി. തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനായി അവിഹിത മാര്‍ഗം സ്വീകരിച്ചുവെന്ന ആരോപണത്തെയും അദ്ദേഹത്തിനു നേരിടേണ്ടിവന്നു. 

ആ കേസിന്‍റെ വിചാരണ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്നതേയുളളൂ. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പ്രമുഖ കക്ഷികളായ റിപ്പബ്ളിക്കന്‍, ഡമോക്രാറ്റിക് പാര്‍ട്ടികള്‍ നടത്തുന്ന പ്രൈമറി തിരഞ്ഞെടുപ്പുകളുടെ ചൂടില്‍ അമേരിക്കയാകെ പുകയുന്ന സന്ദര്‍ഭവുമായിരിക്കും അപ്പോള്‍. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികളില്‍ ട്രംപ് മുന്നില്‍ നില്‍ക്കുന്നു.

ആ കേസിനേക്കാളും ഗുരുതരം മാത്രമല്ല, രാഷ്ട്രീയ പ്രാധാന്യമുള്ളതുമാണ് പുതിയ കേസ്. തിരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്നു 2001 ജനുവരിയില്‍ ട്രംപ് വൈറ്റ്ഹൗസില്‍ നിന്നു ഭാര്യാസമേതം പോയതു ഫ്ളോറിഡയിലെ പാംബീച്ചിലുളള മാര്‍-എ-ലാഗോ എന്ന തന്‍റെ അതിവിശാലമായ അത്യാഡംബര റിസോര്‍ട്ടിലേക്കാണ്. അതോടനുബന്ധിച്ച് അംഗങ്ങള്‍ക്കുമാത്രം പ്രവേശനമുള്ള സ്വകാര്യ ക്ളബ്ബുമുണ്ട്. അതുകൊണ്ടുതന്നെ ആ റിസോര്‍ട്ട് ഔദ്യോഗിക രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പറ്റിയ സ്ഥലമല്ലത്രേ. 

പെട്ടികള്‍ നിറയെ നൂറുകണക്കിന് ഔദ്യോഗിക രേഖകളുമായാണ് ട്രംപ് റിസോര്‍ട്ടിലെത്തിയത്. അവയില്‍ പലതും രഹസ്യ സ്വഭാവത്തിലുള്ളതും (ക്ളാസിഫൈഡ്) പരമരഹസ്യ സ്വഭാവത്തിലുള്ളതും (ടോപ്സീക്രട്ട്)  ആണെന്നു പറയപ്പെടുന്നു. അവ ഭദ്രമായി സൂക്ഷിച്ചില്ല. അത്തരം രേഖകളുടെ സംരക്ഷണച്ചുമതലയുളള നാഷനല്‍ ആര്‍ക്കൈവ്സ് ആന്‍ഡ് റെക്കോഡ്സ് 

അഡ്മിനിസട്രേഷനിലെ ഉദ്യോഗസ്ഥര്‍ അവ തിരിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ട്രംപും അദ്ദേഹത്തിന്‍റെ അഭിഭാഷകരും തടഞ്ഞുവെന്നും അങ്ങനെ നീതിനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ആരോപിക്കപ്പെടുന്നു. ചില രേഖകള്‍ നശിപ്പിക്കപ്പെടുകയും മറ്റു ചിലതില്‍ കൈകടത്തലുണ്ടാവുകയും ചെയ്തതായും സംശയമുണ്ട്. ഇതെല്ലാം അടങ്ങിയതാണ് ഫ്ളോറിഡ ഫെഡറല്‍ കോടതിയിലെ കേസ്.  

നാഷനല്‍ ആര്‍ക്കൈവ്സിലെ ഉദ്യോഗസ്ഥര്‍ രേഖകള്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടതിനുശേഷം മാസങ്ങള്‍ കഴിഞ്ഞാണ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍് ട്രംപിന്‍റെ പ്രതിനിധികള്‍ 15 പെട്ടികള്‍ നിറയെ രേഖകള്‍ അവരെ ഏല്‍പ്പിച്ചത്. അവയില്‍ 184 രേഖളില്‍ ക്ളാസിഫൈഡ് എന്ന് അടയാളപ്പെടുത്തിയിരുന്നു. ബാക്കിയുള്ള രേഖകളും നല്‍കാന്‍ മേയില്‍ കോടതിമുഖേന ആവശ്യപ്പെട്ടതിനെ തുടര്‍ന്നു മൂന്നു ഡസന്‍ രേഖകള്‍കൂടി കിട്ടി. ഇനിയൊന്നും ബാക്കിയില്ലെന്ന വിശദീകരണവുമുണ്ടായി.

അതിനുശേഷവും സംശയം ബാക്കിയായതിനാല്‍ ഓഗസ്റ്റ്ില്‍ മാര്‍-എ-ലാഗോയില്‍ കേന്ദ്രകുറ്റാന്വേഷ വിഭാഗത്തിന്‍റെ (എഫ്ബിഐ) മിന്നല്‍ പരിശോധനയും നടന്നു. ഒരു മുന്‍പ്രസിഡന്‍റിന്‍റെ വസതിയില്‍ എഫ്ബിഐ ഇത്തരമൊരു പരിശോധനനടത്തുന്നതും ആദ്യമാണ്. ട്രംപ് അപ്പോള്‍ ന്യൂയോര്‍ക്കിലായിരുന്നു. 

ഡാന്‍സ് നടത്താനും മറ്റും ഉപയോഗിക്കുന്ന ഹാള്‍, സ്റ്റോര്‍മുറി, ശുചിമുറി തുടങ്ങിയ പല സ്ഥലങ്ങളിലും മേശവലിപ്പുകളിലും മറ്റുമായി വേറെ പല സാധനങ്ങളുടെയും കൂടെ ഔദ്യോഗിക രഹസ്യരേഖകള്‍ അടങ്ങിയ പെട്ടികള്‍ കൂട്ടിവച്ചിരിക്കുന്നതു കണ്ട് എഫ്ബിഐ ഉദ്യോഗസ്ഥര്‍ അന്തംവിട്ടുപോയത്രേ. ചില രേഖകള്‍ നിലത്തു ചിതറിക്കിടക്കുകയായിരുന്നു. 33 പെട്ടികള്‍ നിറയെ രേഖകൾ അവരും കൊണ്ടുപോയി. 

മാര്‍-എ-ലാഗോയില്‍ എഫ്ബിഐയുടെ റെയ്ഡ് നടക്കുമ്പോള്‍ രേഖകള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചവരില്‍ ഒരാള്‍ ട്രംപിന്‍റെ അനൗദ്യോഗിക കാര്യസ്ഥനായ വോള്‍ടൈന്‍ നൗട്ടായിരുന്നുവത്രേ. പിന്നീടു ജോലിയില്‍നിന്നു പിരിഞ്ഞുപോയ അദ്ദേഹത്തിനെതിരെയും ഗ്രാന്‍ഡ് ജൂറി കുറ്റം ചുമത്തുകയും ചൊവ്വാഴ്ച മയാമി ഫെഡറല്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

ട്രംപിന്‍റെ വസതിയിലെ ഔദ്യോഗിക രേഖകളെപ്പറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കേ. പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഡിലേവറിലെ വസതിയിലും വാഷിങ്ടണിലെ ഓഫിസിലും മുന്‍വൈസ്പ്രസിഡന്‍റ് മൈക്ക് പെന്‍സിന്‍റെ ഇന്ത്യാനയിലെ വസതിയിലും അത്തരം രേഖകള്‍ കണ്ടെത്തുകയുണ്ടായി. അവര്‍ ഉടന്‍തന്നെ അവ ബന്ധപ്പെട്ട ഉദ്യോസ്ഥരെ തിരിച്ചേല്‍പ്പിച്ചതിനാല്‍ തല്‍ക്കാലം അതു സംബന്ധിച്ച് കേസുകളൊന്നും നിലവിലില്ല.

അമേരിക്കയുടെ ആണവപരിപാടി, പുറത്തുനിന്ന് ആക്രമണമുണ്ടായാല്‍ അതിനെ ചെറുക്കുന്ന കാര്യം, ഉത്തര കൊറിയയുമായുളള യുഎസ് ബന്ധം തുടങ്ങിയ സുപ്രധാനമായ പല കാര്യങ്ങളും പരാമര്‍ശിക്കുന്നതും രാജ്യ സുരക്ഷയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുളളതുമാണ് ട്രംപിന്‍റെ വസതിയില്‍ കണ്ടെത്തിയ പല രേഖകളും. അതു സംബന്ധിച്ച് ഗ്രാന്‍ഡ് ജൂറി നല്‍കിയ കുറ്റപത്രത്തില്‍ പറയുന്ന ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ദീര്‍ഘകാലം ജയിലില്‍ കിടക്കേണ്ടിവരും. ഒന്നിനെയും ആരെയും കൂസാത്ത ഡോണള്‍ഡ് ട്രംപ് ഈ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

Content Summary: Videsharangam Column by K Obeidulla on Legal problems faced by donald Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com