തിരഞ്ഞെടുപ്പ് ചൂടില്‍ ബംഗ്ലാദേശും പാക്കിസ്ഥാനും
Mail This Article
പാക്കിസ്ഥാനിലും മുന്‍പ് ആ രാജ്യത്തിന്‍റെ ഭാഗമായിരുന്ന ബംഗ്ലാദേശിലും പുതിയ വര്‍ഷം (2024) തുടങ്ങുന്നത് അത്യന്തം വാശിയേറിയ പൊതുതിരഞ്ഞെടുപ്പുകളുടെ ചൂടും പുകയും നിറഞ്ഞ അന്തരീക്ഷത്തിലായിരിക്കും. അനിശ്ചിതത്വത്തിനും നീട്ടിവയ്ക്കലുകള്‍ക്കും ശേഷം, പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പിന്‍റെ തീയതി അന്തിമമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി എട്ട്. ബംഗ്ലാദേശില്‍ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരിയില്‍ നടക്കുമെന്നു പ്രതീക്ഷിക്കുന്നു. അവിടെ രംഗം പതിവുപോലെ സ്ഫോടനാത്മകാന്‍ തുടങ്ങുകയും ചെയ്തുകഴിഞ്ഞു.
ബംഗ്ലാദേശില്‍ അഞ്ചാം തവണയും (തുടര്‍ച്ചയായി നാലാം തവണ) പ്രധാനമന്ത്രിയാവുകയെന്ന പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് അവാമിലീഗ് നേതാവായ ഷെയ്ക്ക് ഹസീന വാജിദ്. 19 വര്‍ഷമായി അധികാരത്തിലിരിക്കുന്ന അവര്‍ ലോകത്ത് ഏറ്റവും നീണ്ടകാലം പ്രധാനമന്ത്രിപദം വഹിച്ച വനിതയെന്ന സ്ഥാനം നേരത്തെതന്നെ നേടിക്കഴിഞ്ഞിരുന്നു. അങ്ങനെ ഇന്ദിരാ ഗാന്ധിയുടെയും ബ്രിട്ടനിലെ മാര്‍ഗര്റ്റ് താച്ചറുടെയും മുന്നിലെത്തി.
കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലെയും തുടര്‍ച്ചയായ കനത്ത പരാജയത്തെ തുടര്‍ന്നു പറ്റെ തളര്‍ന്നുകിടക്കുകയായിരുന്നു പ്രതിപക്ഷം. പ്രത്യേകിച്ച്, മുന്‍പ് രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയയുടെ ബംഗ്ളദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി). രണ്ട് അഴിമതിക്കേസുകളിലായി 17 വര്‍ഷം തടവിനു ശിക്ഷക്കപ്പെട്ട ഖാലിദ അഞ്ചു വര്‍ഷമായി വീട്ടുതടങ്കലിലാണ്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പറയപ്പെടുന്നു.
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതു കാരണം അവര്‍ പാര്‍ലമെന്‍റ് അംഗത്വത്തിന് അയോഗ്യയാണെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ലെന്നും ഇലക്ഷന്‍ കമ്മിഷന്‍ വിധിക്കുകയുമുണ്ടായി. അവരുടെ പിന്‍ഗാമിയാകുമെന്നു കരുതപ്പെട്ടിരുന്ന മൂത്ത മകന്‍ താരീഖ് റഹ്മാനും അഴിമതിക്കേസില്‍ പ്രതിയാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. എങ്കിലും പിടികൊടുക്കാതെ കുടുംബസമേതം ലണ്ടനില്‍ കഴിയുന്നു.
രണ്ടു പേര്‍ക്കും എതിരായ കേസുകള്‍ രാഷ്ട്രീയപേരിതവും കെട്ടിച്ചമച്ചതുമാണെന്ന് ബിഎന്‍പി ആരോപിക്കുന്നുണ്ട്. ഖാലിദയുടെ ഭര്‍ത്താവായ പരേതനായ മുന്‍പ്രസിഡന്‍റ് ജനറല്‍ സിയാവുര്‍ റഹ്മാന്‍ 1978ല്‍ സ്ഥാപിച്ചതാണ് ബിഎന്‍പി. ഖാലിദയും പുത്രനും രംഗത്തുനിന്നു പുറത്തായതോടെ പാര്‍ട്ടിയെ നയിക്കാന്‍ സിയായുടെ കുടുംബത്തില്‍നിന്ന് ആരും ഇല്ലാതെ പോയി.
അങ്ങനെ ഏതാണ്ട് നിര്‍ജീവാവസ്ഥയിലായിരുന്ന ബിഎന്‍പി പെട്ടെന്ന് ഉണര്‍ന്നെഴുന്നേറ്റ് ഗവണ്‍മെന്‍റിനെതിരേ പ്രക്ഷോഭം തുടങ്ങിയിരിക്കുന്നതു പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായ മുന്‍മന്ത്രി മീര്‍സ ഫഖ്റുല്‍ ഇസ്ലാം ആലംഗീറിന്‍റെ നേതൃത്വത്തിലാണ്.
തിരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമാണെന്ന് ഉറപ്പുവരുത്താനായി ഹസീന രാജിവയ്ക്കണമെന്നും രാജ്യഭരണം ഒരു ഇടക്കാല ഭരണകൂടത്തെ ഏല്‍പ്പിക്കണമെന്നും ബിഎന്‍പി ആവശ്യപ്പെടുന്നു. അതിന്‍റെ പേരില്‍ സഖ്യകക്ഷികളെയും കൂട്ടി കഴിഞ്ഞ മാസാവസാനത്തില്‍ ബന്ദും സമരവും നടത്തി. സമരം അക്രമത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് ആലംഗീര്‍ അറസ്റ്റിലാവുകയും ചെയ്തു.
ഈ ആവശ്യം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളുടെ കാലത്തും ബിഎന്‍പിയും മറ്റു പ്രതിപക്ഷ കക്ഷികളും ഉന്നയിക്കുകയും അതിന്‍റെ പേരില്‍ സമരം നടത്തുകയും ചെയ്തിരുന്നു. 2014ലെ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുകയും ചെയ്തു. അതു കാരണം പാര്‍ലമെന്‍റിലെ മൊത്തം 350 സീറ്റുകളില്‍ ഏതാണ്ടു പകുതി എണ്ണത്തില്‍ മാത്രമേ മല്‍സരമുണ്ടായുള്ളൂ. അവാമി ലീഗ് തനിച്ച് പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടുകയും ചെയ്തു.
കഴിഞ്ഞ തവണയും (2018ല്‍) തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ബിഎന്‍പി ഉദ്ദേശിച്ചുവെങ്കിലും പിന്നീട് പിന്തിരിഞ്ഞു. തുടര്‍ച്ചയായി രണ്ടു തവണ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് അംഗീകാരം നഷ്ടപ്പെടുമെന്ന നിയമമായിരുന്നു അതിനു കാരണം. ആ തിരഞ്ഞെടുപ്പിലും അവാമിലീഗിന്‍റെ നേതൃത്വത്തിലുളള മഹാസഖ്യം വീണ്ടും സീറ്റുകള്‍ തൂത്തുവാരി. തലസ്ഥാന നഗരമായ ധാക്കയ്ക്കു സമീപമുള്ള ഗോപാല്‍ഗഞ്ച് നിയോജക മണ്ഡലത്തില്‍ ഹസീനയക്കു രണ്ടേകാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ കിട്ടിയപ്പോള്‍ അവരുടെ മുഖ്യ എതിരാളിയായ ബിഎന്‍പി സ്ഥാനാര്‍ഥിക്കു കിട്ടിയതു വെറും 123 വോട്ടായിരുന്നു.
തിരഞ്ഞെടുപ്പില്‍ വ്യാപകമായ തോതില്‍ കൃത്രിമം നടന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. ഹസീന ഏകാധിപതിയാവാന്‍ ശ്രമിക്കുന്നു, രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്തുകയും കള്ളക്കേസുകളില്‍ കുടുക്കി നിഷ്ക്രിയരാക്കുകയും ചെയ്യുന്നു എന്നിങ്ങനെയുളള ആരോപണങ്ങളും അവര്‍ ഉന്നയിക്കുന്നുണ്ട്. അവശ്യ സാധനങ്ങളുടെ അമിതമായ വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ജനത്തിനു വീര്‍പ്പുമുട്ടുകയാണെന്നും അവര്‍ ആരോപിക്കുന്നു.
ഒട്ടേറെ നേട്ടങ്ങളുടെ പട്ടികയുമായാണ് ഈ വിമര്‍ശനങ്ങളെ ഹസീന നേരിടുന്നത്. ഒന്നര ദശകങ്ങള്‍ക്കുമുന്‍പ് ലോകത്തിലെ പരമദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു ബംഗ്ലാദേശ്. ഇപ്പോള്‍ ദക്ഷിണേഷ്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയ്ക്കു തൊട്ടുപിന്നില്‍ നില്‍ക്കുന്നു.
സാക്ഷരത, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ രംഗങ്ങളില്‍ രാജ്യം ഏറെ മുന്നേറി. ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കൂടുകയും ശിശുമരണനിരക്കു കുറയുകയും ചെയ്തു. ഇത്രയും ചുരുങ്ങിയ കാലത്തിനിടയില്‍ ഇത്രയേറെ മുന്നോട്ടുപോയ രാജ്യങ്ങള്‍ വേറെ അധികമില്ലെന്നും ഹസീന അവകാശപ്പെടുന്നു. ഭീകരതയ്ക്കും അക്രമങ്ങള്‍ക്കും എതിരായ തന്‍റെ കര്‍ശനമായ നിലപാടിനെയാണ് പ്രതിപക്ഷം ഏകാധിപത്യ പ്രവണതയായി മുദ്രകുത്തുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
പക്ഷേ, അടിയന്തര പ്രാധാന്യമുള്ള പ്രശ്നമായി പ്രതിപക്ഷം ഇപ്പോള്‍ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കണമെന്ന ആവശ്യമാണ്. തിരഞ്ഞെടുപ്പിനു 90 ദിവസംമുന്‍പ് ഹസീന രാജിവയ്ക്കുകയും ഭരണം പൊതുസ്വീകാര്യനായ ഒരു പ്രമുഖ വ്യക്തിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തെ ഏല്‍പ്പിക്കണമന്നും തിരഞ്ഞെടുപ്പിന് ആ ഗവണ്‍മെന്‍റ് മേല്‍നേട്ടം വഹിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ഇതു വാസ്തവത്തില്‍ ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ആശയമല്ല. ജനറല്‍ എച്ച്. എം. ഇര്‍ഷാദിന്‍റെ പട്ടാളഭരണം അവസാനിച്ചതിനു ശേഷം 1966ല്‍ നടന്ന തിരഞ്ഞെടുപ്പ് ആ വിധത്തിലായിരുന്നു. ഹസീനയ്ക്കും ഖാലിദയ്ക്കും ഒരുപോലെ അതു സ്വീകാര്യവുമായിരുന്നു. തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പുകളും ആ രീതിയില്‍തന്നെ നടന്നു.
എങ്കിലും, 2011ല്‍ അതിന്‍റെ സാംഗത്യം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. നിഷ്പക്ഷമെന്നു കരുതപ്പെടുന്ന ഇലക്ഷന്‍ കമ്മിഷന്‍ നിലവിലുണ്ടായിരിക്കേ ഇത്തരമൊരു സംവിധാനത്തിന്‍റെ ആവശ്യമില്ലെന്നും അതു ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു വാദം. സുപ്രീം കോടതി അതിനോടു യോജിച്ചു.
ഹസീനയുടെ ഗവണ്‍മെന്‍റ് 2011ല്‍ ഒരു ഭരണഘടനാഭേദഗതിയിലൂടെ ആ സമ്പ്രദായം അവസാനിപ്പിക്കുകയും നിലവിലുള്ള ഗവണ്‍മെന്‍റിനുതന്നെ തിരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കാന്‍ അധികാരം നല്‍കുന്ന പഴയ സമ്പ്രദായം പുനഃസ്ഥാപിക്കുകയും ചെയ്തു.
ഇന്ത്യ ഉള്‍പ്പെടെയുള്ള മിക്ക ജനാധിപത്യ രാജ്യങ്ങളിലും ഈ രീതിയാണ് പിന്തുടരുന്നത്. ബംഗ്ലാദേശില്‍ അതില്‍ മാറ്റം വരുത്തണമെങ്കില്‍ പുതിയൊരു ഭരണഘടനാ ഭേദഗതി വേണ്ടിവരും. പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അതു പാസ്സാക്കിയെടുക്കണം. അത്രയും ഭൂരിപക്ഷം ഹസീനയ്ക്കുണ്ട്. പക്ഷേ, അതിന്‍റെ ആവശ്യമില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നു. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
പാക്കിസ്ഥാനില്‍ 1990 മുതല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത് ഇടക്കാല ഗവണ്‍മെന്‍റിന്‍റെ മേല്‍നോട്ടത്തിലാണ്. അതിനാവശ്യമായ ഭരണഘടനാഭേദഗതി 1985ല്‍ ജനറല്‍ സിയാവുല്‍ ഹഖ് പ്രസിഡന്‍റായിരിക്കുമ്പോള്‍തന്നെ പാര്‍ലമെന്‍റ് പാസ്സാക്കുകയുമുണ്ടായി.
വരുന്ന ഫെബ്രുവരി എട്ടിന് അവിടെ നടക്കുന്ന തിരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കാനായി ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ നിയമിതനായിരിക്കുന്നത് എട്ടാമത്തെ ഇടക്കാല ഗവണ്‍മെന്‍റാണ്. പ്രധാനമന്ത്രിപദം വഹിക്കുന്നത് ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി എന്നൊരു ചെറിയ കക്ഷിയുടെ നേതാവായിരുന്ന അന്‍വാറുല്‍ ഹഖ് കക്കര്‍.
രാഷ്ട്രീയ താല്‍പര്യങ്ങളില്ലാത്ത നിഷ്പക്ഷനായ ഒരു പ്രമുഖ വ്യക്തിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കണമെന്നും അത്തരമൊരാളെ പ്രസിഡന്‍റും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും കൂടി കണ്ടെത്തണമെന്നുമാണ് സങ്കല്‍പ്പം. എന്നാല്‍, പാക്കിസ്ഥാനില്‍ ഇതിനകം ആ പദവിയിലിരുന്ന പലരും അങ്ങനെയുള്ളവരായിരുന്നില്ല.
പുതിയ ഇടക്കാല പ്രധാനമന്ത്രിയായ കക്കര്‍തന്നെ മുന്‍പൊരു രാഷ്ട്രീയ കക്ഷിയുടെ നേതാവും എംപിയും (സെനറ്റര്‍) ആയിരുന്നു. പട്ടാളവുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്ന അദ്ദേഹത്തിന് ഈ സ്ഥാനം ലഭിച്ചതില്‍ പട്ടാളത്തിന്‍റെ കരങ്ങള്‍ പലരും കാണുകയും ചെയ്യുന്നു.
ഇത്തരമൊരു സംവിധാനത്തിന്‍റെ ആവശ്യമെന്ത് എന്ന് ഈയിടെ സംശയം പ്രകടിപ്പിച്ചത് മറ്റാരുമല്ല, പാക്കിസ്ഥാന്‍ സുപ്രീം കോടതിയിലെ പുതിയ ചീഫ് ജസ്റ്റിസ് ഖാസി ഫയിസ് ഈസയാണ്. തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച ഒരു കേസിന്‍റെ വിചാരണക്കിടയിലായിരുന്നു അദ്ദേഹത്തിന്‍റെ ഈ പരാമര്‍ശം. ഇലക്ഷന്‍ കമ്മിഷന്‍ ഉള്ളപ്പോള്‍ മറ്റൊരു സംവിധാനം എന്തിനെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. ഈ വാക്കുകളുടെ അനുരണനം ഏറ്റവും അനുഭവപ്പെടുക ഒരുപക്ഷേ പാക്കിസ്ഥാനിലായിരിക്കില്ല, ബംഗ്ലാദേശിലായിരിക്കും.