ADVERTISEMENT

യുദ്ധത്തിന്‍റെ കാര്‍മേഘങ്ങള്‍ പെട്ടെന്നു പശ്ചിമേഷ്യയില്‍നിന്നു  ദക്ഷിണേഷ്യയിലേക്കു വ്യാപിക്കുകയാണോ? ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജനുവരി 16) പാക്കിസ്ഥാന്‍റെ വ്യോമാതിര്‍ത്തി ലംഘിച്ച് ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണവും രണ്ടു ദിവസത്തിനുശേഷം പാക്കിസ്ഥാന്‍ ഇറാനില്‍ നടത്തിയ സമാനമായ പ്രത്യാക്രമണവുമാണ് ഇങ്ങനെയൊരു സംശയം ഉടലെടുക്കാന്‍ കാരണം. 

ഗാസയിലെ ഹമാസ്-ഇസ്രയേല്‍ യുദ്ധം നൂറു ദിവസം കടന്നതിനു ശേഷവും തുടരുകയാണ്. ഹമാസ് അനുകൂലികളും ഇറാന്‍റെ പിന്തുണയുള്ളവരുമായ സായുധ തീവ്രവാദി സംഘങ്ങള്‍ (ലെബനനിലെ ഹിസ്ബുല്ലയും യെമനിലെ ഹൂതികളും) നേരിട്ടല്ലാതെയും അതേസമയം അപകടകരമായ വിധത്തിലും അതില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. അതിനെതിരെ അമേരിക്കയും ബ്രിട്ടനും മറ്റും നടത്തുന്ന സൈനിക നടപടികളുംകൂടിച്ചേര്‍ന്നു ലോകത്തെ പൊതുവില്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു.  

അതിനിടയിലാണ് ഇറാനും പാക്കിസ്ഥാനും തമ്മില്‍ തികച്ചും അപ്രതീക്ഷിതമായി ഏറ്റുമുട്ടിയത്. ഇരു രാജ്യങ്ങളിലുമായി പത്തിലേറെപേര്‍ മരിച്ചു. മരണസംഖ്യ സൂചിപ്പിക്കുന്നതിനേക്കാള്‍ ഗുരുതരമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലുണ്ടായ ഉലച്ചില്‍. 

പാക്കിസ്ഥാനിലെ ആക്രമണത്തിന്‍റെ തലേന്ന് ഇറാന്‍ അതിന്‍റെ മറ്റൊരു ഭാഗത്തെ അയല്‍രാജ്യങ്ങളായ ഇറാഖിലും സിറിയയിലും മിസൈല്‍ ആക്രമണം നടത്തുകയുണ്ടായി. ഇറാനുമായി സൗഹൃദത്തിലെന്നു കരുതപ്പെടുന്ന രാജ്യങ്ങളാണ് സിറിയയും ഇറാഖും. ആ രാജ്യങ്ങളില്‍നിന്ന് തീവ്രവാദികള്‍ ഇറാനില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്നുവെന്നും അവരെ ഒതുക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു തങ്ങളുടെ നടപടിയെന്നും ഇറാന്‍ വിശദീകരിക്കുന്നു.   

അതേസമയം ഇറാന്‍റെ ഉദ്ദേശ്യം അതു മാത്രമല്ലെന്നു കരുതുന്നവരുമുണ്ട്. ആ മേഖലയില്‍ അമേരിക്കയെയും ഇസ്രയേലിനെയും പോലെ തങ്ങള്‍ക്കും ചിലതെല്ലാം ചെയ്യാന്‍ കഴിയുമെന്നുള്ള ഇറാന്‍റെ പ്രഖ്യാപനംകൂടിയാണത്രേ ആ സംഭവങ്ങള്‍.

പാക്കിസ്ഥാനില്‍ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പഞ്ച്ഗറില്‍ ജയ്ഷ് അല്‍ അഹദ് എന്ന തീവ്രവാദി സായുധ സംഘത്തിന്‍റെ രണ്ടു താവളങ്ങളുടെ നേര്‍ക്കായിരുന്നു ചൊവ്വാഴ്ച രാത്രി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഇറാന്‍റെ ആക്രമണം. താവളങ്ങള്‍ തകരുകയും രണ്ടു കുട്ടികള്‍ മരിക്കു്കയും ചെയ്തുവെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചത്. 

മുസ്ലിംകളിലെ ഷിയാ വിഭാഗക്കാര്‍ ഭൂരിപക്ഷമുള്ള ഇറാനില്‍ ന്യൂനപക്ഷമായ സുന്നികള്‍ അവഗണക്കിപ്പെടുന്നുവെന്ന പേരില്‍ സമരം ചെയ്തുവരികയാണ് സുന്നികളുടെതെന്ന് അവകാശപ്പെടുന്ന ജയ്ഷ് അല്‍ അഹ്ദ്. നീതിസേന എന്നാണ് ഈ പേരിന് അര്‍ഥം. 

തൊട്ടടുത്ത് ഇറാനില്‍ തെക്കു കിഴക്കു ഭാഗത്ത് സിസ്താന്‍ ബലൂചിസ്ഥാന്‍ എന്ന പ്രവിശ്യയുമുണ്ട്. 900 കിലോ മീറ്റര്‍ നീളത്തിലുള്ള അതിര്‍ത്തി രണ്ടു പ്രദേശങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്നു. രണ്ടു ഭാഗങ്ങളിലെയും സായൂധ തീവ്രവാദികള്‍ നിര്‍ബാധം അതിര്‍ത്തി കടക്കുയും ആക്രമണം നടത്തിവരികയും ചെയ്യുന്നു. 

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വിഘടനവാദവും ശക്തമായ തോതിലുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും വലുതും ഏറ്റവും അവികസിതവുമായ പ്രദേശമാണിത്. പെട്രോളും ഗ്യാസും പോലുള്ള ധാതു വിഭവങ്ങളാല്‍ സമ്പന്നമായിട്ടും ആനുപാതികമായ പരിഗണന കിട്ടുന്നില്ലെന്ന ജനങ്ങളുടെ പരാതി ഒടുവില്‍ വിഘടനവാദത്തിലേക്കു നയിക്കുകയായിരുന്നു. 

അതിനു നേതൃത്വം നല്‍കുന്ന ബലൂചിസ്ഥാന്‍ വിമോചന മുന്നണി, ബലൂചിസ്ഥാന്‍ വിമോചന സേന എന്നിവയ്ക്കു തങ്ങളുടെ അതിര്‍ത്തിക്കടുത്ത് ഇറാനില്‍ താവളങ്ങളുള്ളതായി പാക്കിസ്ഥാന്‍ ആരോപിക്കുകയുണ്ടായി. ചൊവ്വാഴ്ച രാത്രി പാക്കിസ്ഥാന്‍റെ അതിര്‍ത്തി ലംഘിച്ച് ഇറാന്‍ നടത്തിയ വ്യോമാക്രണത്തിനുള്ള തിരിച്ചടിയായി വ്യാഴാഴ്ച രാവിലെ തങ്ങള്‍ ഇറാനില്‍ സമാനമായ ആക്രമണം നടത്തിയത് ഈ സംഘടനകളുടെ താവളങ്ങളിലാണെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ചു. 

പാക്കിസ്ഥാനിലെ ആക്രമണത്തിന്‍റെ തലേന്ന് പടിഞ്ഞാറു ഭാഗത്തെ അയല്‍രാജ്യങ്ങളായ സിറിയയിലും ഇറാഖിലും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത് അവിടങ്ങളിലുളള ഇസ്ലാമിക് സ്റ്റേറ്റ് (ഐ്സ്) ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു. സിറിയയില്‍ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്ലിബിലായിരുന്നു ആക്രമണം.

ജനുവരി മൂന്നിനു ദക്ഷിണ ഇറാനിലെ കെര്‍മാനില്‍ ഒരു വന്‍ജനാവലിക്കിടയില്‍ ഐഎസ് നടത്തിയ ഇരട്ട ചാവേര്‍ ബോംബാക്രമണത്തിനുള്ള പകവീട്ടലായിരുന്നു അത്. ചാവേര്‍ ആക്രമണത്തില്‍ 94 പേര്‍ മരിക്കുകയുണ്ടായി. നാലു വര്‍ഷംമുന്‍പ് വധിക്കപ്പെട്ട ഇറാന്‍ റവലൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഖാസ്സിം സുമൈനിയുടെ കബറിടത്തിലെ പ്രാര്‍ഥനയ്ക്കുവേണ്ടി എത്തിയ ജനങ്ങള്‍ക്കിടയിലായിരുന്നു ചാവേര്‍ സ്ഫോടനം. ഇറാനില്‍ വീരപുരുഷനായി അറിയപ്പെട്ടിരുന്ന സുലൈമാനി 2020 ജനുവരി മൂന്നിന് ഇറാഖിലെ ബഗ്ദാദില്‍ കൊല്ലപ്പെട്ടത് അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിലായിരുന്നു. 

ഇറാഖിന്‍റെ വടക്കന്‍ മേഖലയില്‍ കുര്‍ദുകള്‍ക്കു സ്വയംഭരണമുള്ള കുര്‍ദിസ്ഥാനിലെ ഇര്‍ബിലില്‍ ആക്രമണം നടത്തിയത് ഇസ്രയേല്‍ ചാരവിഭാഗമായ മൊസ്സദുമായി ബന്ധമുള്ള ഒരു സ്ഥാപത്തിനെതിരെയായിരുന്നുവെന്നും ഇറാന്‍ അറിയിക്കുകയുണ്ടായി. ആ സ്ഥാപനത്തിന്‍റെ ഉടമയായ കുര്‍ദ് ബിസിനസ് പ്രമുഖനും കുടുംബാംഗങ്ങളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തിനു മൊസ്സദുമായി ബന്ധമുണ്ടെന്ന ആരോപണം ഇറാഖിലെ കുര്‍ദിസ്ഥാന്‍ ഗവണ്‍മെന്‍റ്  നിഷേധിച്ചു. ഇസ്രയേല്‍ പ്രതികരിച്ചില്ല.   

സിറിയയിലെ ഇദ്ലിബിലേക്ക് തങ്ങള്‍ മിസൈലുകല്‍ എയ്തുവിട്ടത് രാജ്യത്തിന്‍റെ പടിഞ്ഞാറു ഭാഗത്തുള്ള കോഹിസ്ഥാന്‍ പ്രവിശ്യയില്‍നിന്നാണെന്നു ഇറാന്‍  എടുത്തു പറഞ്ഞതും ശ്രദ്ധേയമായിരുന്നു. അവിടെനിന്നു 1450 കിലോമീറ്റര്‍ അകലെയാണ് ഇദ്ലിബ്. 

ഇസ്രയേലിലെ ടെല്‍അവീവ്, ഹൈഫ എന്നീ നഗരങ്ങള്‍വരെയെത്തുന്ന വിധത്തില്‍ അത്രയും ദൂരം സഞ്ചരിക്കുന്ന മിസൈലുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാന്‍ നേരത്തെതന്നെ അവകാശപ്പെട്ടിരുന്നു. കോഹിസ്ഥാനില്‍നിന്ന് ഇദ്ലിബിലേക്കു മിസൈല്‍ വിട്ടുകൊണ്ട് ഇറാന്‍ അതു തെളിയിക്കുകയായിരുന്നുവെന്നാണ് പല നിരീക്ഷകരും കരുതുന്നത്.  

ജയ്ഷ് അല്‍ അഹ്ദ് തീവ്രവാദികളുടെ പാക്ക് ബലൂചിസ്ഥാനിലെ താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാന്‍ തയാറായത് ഇറാനെതിരെ അവര്‍ നടത്തിവന്ന ആക്രമണ പരമ്പരകളുടെ പശ്ചാത്തലത്തിലാണ്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ ഇറാനിലെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ അതിര്‍ത്തിക്കുസമീപമുള്ള റാസ്ക്ക് പട്ടണത്തിലെ ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെടുകയും 11 പൊലീസുകാര്‍ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മൂന്നാമത്തെ ആക്രമണമായിരുന്നു അത്.  

പാക്കിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രി അന്‍വാറുല്‍ ഹഖ് കക്കറും ഇറാന്‍ വിദേശമന്ത്രി ആമിര്‍ അബ്ദുല്ലാഹൈനും ഈയിടെ സ്വിറ്റ്സര്‍ലന്‍ഡില്‍ ഡേവോസിലെ ലോകസാമ്പത്തിക ഫോറം സമ്മേളന വേളയില്‍ കണ്ടപ്പോള്‍ ഇതിനെക്കുറിച്ചെല്ലാം സംസാരിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പാക്ക് ഇടക്കാല വിദേശമന്ത്രി ജലീല്‍ അബ്ബാസ് ജീലാനി ഇസ്ലാമാബാദില്‍ ഇറാന്‍റെ അഫ്ഗാന്‍കാര്യ ദൂതന്‍ ഹസ്സന്‍ കാസ്മി ഖൂമിയുമായും ചര്‍ച്ച നടത്തി. ജനുവരി 16നു ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലുമായി ഇറാന്‍റെയും പാക്കിസ്ഥാന്‍റെയും നാവിക സേനകള്‍ സംയുക്താഭ്യാസം നടത്തുകയും ചെയ്തു. 

അതെല്ലാ നല്‍കിയ സൂചന ഇറാന്‍-പാക്കിസ്ഥാന്‍ തര്‍ക്കം രമ്യമായിത്തന്നെ പരിഹരിക്കപ്പെടുമെന്നായിരുന്നു. അതിനുശേഷം ഏതാനും മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോഴായിരുന്നു പാക്കിസ്ഥാന്‍റെ അതിര്‍ത്തി കടന്നുള്ള ഇറാന്‍ ആക്രമണം. രൂക്ഷമായാണ് പാക്കിസ്ഥാന്‍ പ്രതികരിച്ചത്. ഇറാനിലെ പാക്ക് അംബാസ്സഡറെ മടക്കിവിളിക്കുകയും നാട്ടിലായിരുന്ന ഇറാന്‍ അംബാസ്സഡര്‍ തിരിച്ചുവരേണ്ടന്ന് അറിയിക്കുകയും ചെയ്തു.  ഇത്തരമൊരു സ്ഥിതി ഇറാന്‍-പാക്ക് ബന്ധത്തില്‍ മുന്‍പൊരമുണ്ടായിരുന്നില്ല. നയതന്ത്ര ബന്ധം നേരെയായത് രണ്ട് ദിവസം കഴിഞ്ഞാണ്.

ജനങ്ങള്‍ തിരഞ്ഞെടുത്ത ഗവണ്‍മെന്‍റ് നിലവിലില്ലാത്തപ്പോഴാണ് പാക്കിസ്ഥാന് ഈ സ്ഥിതിവിശേഷത്തെ നേരിടേണ്ടിവന്നിരിക്കുന്നത്. അടുത്തമാസം എട്ടിനു നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പൊതു തിരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കാനായി രൂപീകരിച്ചിട്ടുള്ള ഇടക്കാല ഗവണ്‍മെന്‍റാണ് അധികാരത്തില്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ ഒരു പ്രശ്നം കൈയാളാനുള്ള ഭാരിച്ച ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടിവന്നിരിക്കുകയാണ് ആ ഗവണ്‍മെന്‍റിന് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com