ADVERTISEMENT

റഷ്യയില്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഏറ്റവും ഭയപ്പെടുന്ന ആളായിട്ടാണ് പലരും അലക്സി നവല്‍നിയെ കണ്ടിരുന്നത്. പുടിനെ വിമര്‍ശിക്കുകയും അദ്ദേഹത്തിനെതിരെ സമരം സംഘടിപ്പിക്കുകയും ചെയ്തതു കാരണം പല തവണ ജയിലിലായിരുന്നു നവല്‍നി. അതിനാല്‍, പെട്ടെന്ന് 47ാം വയസ്സില്‍ ജയിലില്‍തന്നെ അദ്ദേഹം മരിച്ചുവെന്ന വിവരം ഞെട്ടലുണ്ടാക്കുന്നു. 

മരണകാരണം ശരിക്കും അറിവായിട്ടില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ഫെബ്രുവരി 16) രാവിലെ പ്രഭാത നടത്തം കഴിഞ്ഞെത്തിയ ഉടനെ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയും ചെയ്യുകയായിരുന്നുവത്രേ. മരണ കാരണമാകാവുന്ന എന്തെങ്കിലും രോഗം അദ്ദേഹത്തിനുള്ളതായി അറിഞ്ഞിരുന്നില്ല. അതിനാല്‍ ഈ മരണം ദുരൂഹതയിലും നിഗൂഢതയിലും മൂടിക്കിടക്കുന്നു. ഇത്തരം സംഭവങ്ങള്‍ റഷ്യയില്‍ അപൂര്‍വമല്ല.  

ദിവസങ്ങള്‍ അഞ്ചു കഴിഞ്ഞിട്ടും നവല്‍നിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടികിട്ടിയിട്ടില്ല. രാസ പരിശോധന നടത്താനുണ്ടെന്നും അതിനു രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നുമാണത്രേ നവല്‍നിയുടെ കുടുംബത്തിനു കിട്ടിയ വിവരം. എന്തോ മറച്ചുപിടിക്കാന്‍ അധികൃതര്‍ക്കുള്ള വെപ്രാളമാണ് ഇതിനു പിന്നിലെന്നു സംശയിക്കപ്പെടുന്നു. 

മുന്‍പ് ഒന്നിലേറെ തവണ വിഷബാധയേല്‍ക്കുകയും ഒരു തവണ അതുകാരണം മരണത്തിന്‍റെ വക്കോളം എത്തുകയും ചെയ്തിരുന്ന ആളാണ് നവല്‍നി. ജയിലില്‍ അദ്ദേഹത്തിനു പീഢനം ഏറ്റിരിക്കാമെന്നും സംശയമുണ്ട്.  

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തിയത് നവല്‍നിയുടെ മരണത്തിനു കാരണം എന്തായാലും അതിനു പുടിന്‍ ഉത്തരവാദിയാണെന്നും അതില്‍ ഒരു സംശയവുമില്ലെന്നുമാണ്. പുടിന്‍ ഭരണകൂടം നവല്‍നിയെ അല്‍പ്പാല്‍പ്പമായി വധിക്കുകയായിരുന്നുവെന്നു യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വിഭാഗം മേധാവി ജോസപ് ബോറല്‍ ആരോപിക്കുന്നു. 

മറ്റു പാശ്ചാത്യ രാജ്യങ്ങളില്‍നിന്നും മാധ്യമങ്ങളില്‍ നിന്നുമുള്ള പ്രതികരണങ്ങളും വ്യത്യസ്തമല്ല. അതേസമയം, പുടിനുമായി വ്യക്തിപരമായ സൗഹൃദം പങ്കിടുന്നതായി കരുതപ്പെടുന്ന മുന്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നാലു ദിവസംവരെ നിശബ്ദത പാലിക്കുകയാണ് ചെയ്തത്. 

പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റിപ്പ്ബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ ട്രംപൂമായി മല്‍സരിക്കന്ന ഇന്ത്യന്‍ വംശജയായ നിക്കി ഹേലി അതിനെ രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്നു ട്രംപ് പുറപ്പെടുവിച്ച പ്രസ്താനവയില്‍ റഷ്യയെയോ പുടിനെയോപറ്റി ഒന്നും പറഞ്ഞുമില്ല.  

അടുത്തമാസം 15 മുതല്‍ മൂന്നു ദിവസം നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ അഞ്ചാം തവണയും റഷ്യയുടെ പ്രസിഡന്‍റാകാന്‍ പുടിന്‍ ഒരുങ്ങിക്കൊണ്ടിരിക്കേയാണ് ഈ അപ്രതീക്ഷിത സംഭവവികാസം. ഇത്തവണയും ജയിച്ചാല്‍ (അതിനൊരു തടസ്സവും ആരും കാണുന്നില്ല) അടുത്ത ആറു വര്‍ഷംകൂടി റഷ്യയെ നയിക്കുന്നത് ഈ എഴുപത്തൊന്നുകാരനായിരിക്കും. ഇപ്പോള്‍തന്നെ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ ആയി അധികാരത്തിലിരിക്കുന്നത് 24ാം വര്‍ഷമാണ്. 

വധോദ്ദേശ്യത്തോടെയുള്ള ആക്രമണം മുന്‍പ് നവല്‍നിയുടെ നേരെ നടന്നതിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ചുള്ള രാജ്യാന്തര പ്രതികരണങ്ങള്‍. 2020 ഓഗസ്റ്റില്‍ വിഷബാധയേറ്റ സംഭവം പ്രത്യേകിച്ചും ഓര്‍മിക്കപ്പെടുന്നു. റഷ്യയുടെ വടക്കന്‍ മേഖലയിലെ സൈബീരിയയില്‍ പോയിരുന്ന നവല്‍നി മോസ്ക്കോയിലേക്കുള്ള മടക്കയാത്രാമധ്യേ വിമാനത്തില്‍വച്ച് പെട്ടെന്ന് അസുഖബാധിതനാവുകയും കുഴഞ്ഞുവീഴുകയും ചെയ്യുകയായിരുന്നു.  

സൈബീരിയയിലെതന്നെ മറ്റൊരിടത്ത്  വിമാനം ഇറക്കുകയും നവല്‍നിയെ ആശുപത്രിയില്‍ ഐസിയുവിലാക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കു ശേഷം വിദഗ്ദ്ധ ചികില്‍സക്കായി അബോധാവസ്ഥയില്‍തന്നെ വിമാനത്തില്‍ ജര്‍മനിയിലെ ബര്‍ലിനിലേക്കു കൊണ്ടുപോയി. 

വിഷബാധയേറ്റതാണെന്ന സംശയം റഷ്യ തള്ളിക്കളയുകയാണ് ചെയ്തത്. എങ്കിലും നവല്‍നിയുടെ ശരീരത്തില്‍ വിഷം (നോവിച്ചോക്ക് എന്ന മാരക രാസവസ്തു) കടന്നതായി ജര്‍മനിയിലെ പരിശോധനയില്‍ കണ്ടെത്തി. പുടിന്‍റെ ചാരന്മാര്‍ വിഷപ്രയോഗത്തിലൂടെ നവല്‍നിയെ വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. 

തടങ്കലില്‍ കഴിയുമ്പോള്‍തന്നെ 2019 ജൂലൈയില്‍ നവല്‍നിയുടെ മുഖത്തും മറ്റും പെട്ടെന്നു തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. അധികൃതര്‍ പറഞ്ഞത് അലര്‍ജിയെന്നായിരുന്നു. ജയിലില്‍വച്ച് തന്‍റെനേരെ രാസപ്രയോഗമുണ്ടായി എന്നാണ് നവല്‍നി കുറ്റപ്പെടുത്തിയത്. 2018ല്‍ സൈബീരിയയിലെ ബാര്‍ണോല്‍ നഗരത്തില്‍ നവല്‍നിക്കു ഹസ്തദാനം ചെയ്യുന്നതിനിടയില്‍ ഒരാള്‍ അദ്ദേഹത്തിന്‍റെ മേല്‍ പച്ചനിറമുള്ള ഒരു ദ്രാവകം കുടഞ്ഞതതായും വാര്‍ത്തയുണ്ടായിരുന്നു. 

ജര്‍മനിയിലെ മാസങ്ങള്‍ നീണ്ടുനിന്ന ചികില്‍സയ്ക്കു ശേഷം നവല്‍നി 2022 ജനുവരിയില്‍ 17നു മോസ്ക്കോയില്‍ എത്തിയ ഉടന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അങ്ങനെയാണ് സംഭവിക്കുകയെന്നും റഷ്യയിലേക്കു മടങ്ങരുതെന്നും പലരും അദ്ദേഹത്തെ ഉപദേശിച്ചിരുന്നു. നവല്‍നി കേട്ടില്ല. 

നേരത്തെ  ഒരു കേസില്‍ അദ്ദേഹത്തെ ശിക്ഷിക്കുകയും അപ്പീലിനെ തുടര്‍ന്നു ശിക്ഷ നിര്‍ത്തിവയ്ക്കുകയും ജാമ്യം അനവദിക്കുകയും ചെയ്തിരുന്നു. ജര്‍മനിയിലേക്കു പോവുകവഴി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന പേരിലായിരുന്നു പുതിയ അറസ്റ്റ്. തീവ്രവാദം ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തപ്പെട്ട് 19 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു. അന്നുമുതല്‍ ഉത്തരധ്രുവ മേഖലയിലെ തടങ്കല്‍പ്പാളയത്തില്‍ കഴിയുകയായിരുന്നു. അവിടെവച്ചായിരുന്നു മരണം. 

പുടിനുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ധൈര്യപ്പെടുന്ന മറ്റൊരു നേതാവ് റഷ്യയില്‍ ഉണ്ടായിരുന്നില്ല. പുടിന്‍ "റഷ്യയുടെ ചോര കുടിക്കുന്നു" വെന്നു പറയുക പതിവായിരുന്ന നവല്‍നി പുടിനെയും അദ്ദേഹത്തിന്‍റെ യുനൈറ്റഡ് റഷ്യ പാര്‍ട്ടിയെയും "കള്ളന്മാരും തട്ടിപ്പുകാരും" എന്നാണ് വിശേഷിപ്പിച്ചിരുന്നത്.  

രണ്ടു ദശകങ്ങള്‍ക്കു മുന്‍പ് അഴിമതിക്കെതിരെ പോരാടിക്കൊണ്ടായിരുന്നു രാഷ്ട്രീയത്തിലെ മുന്‍നിരയിലേക്കുള്ള നവല്‍നിയുടെ രംഗപ്രവേശം. അഭിഭാഷകനായിരുന്നു. 2018ല്‍ റോസിയ ബുദുഷെഗോ (ഭാവിയിലെ റഷ്യ) എന്ന പാര്‍ട്ടിക്കു രൂപംനല്‍കുകയും യുവാക്കളെ അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു.  

പല തവണ അറസ്റ്റ് ചെയ്യപ്പെട്ട നവല്‍നി രണ്ടു തവണ ശിക്ഷിക്കപ്പെട്ടത് പണമിടപാടു കേസുകളിലായിരുന്നു. ശക്തനായിക്കൊണ്ടിരിക്കുന്ന തന്‍റെ എതിരാളിയെ നിശ്ശബ്ദനാക്കാനാക്കാന്‍ പുടിന്‍ അദ്ദേഹത്തെ കള്ളക്കേസുകളില്‍ കുടുക്കിയെന്നായിരുന്നു ആരോപണം. 

മറ്റു ചില ക്രിമിനല്‍ കേസുകളിലെ പ്രതികൂല വിധികാരണം 2018ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പുടിനെതിരെ മല്‍സരിക്കാന്‍ നവല്‍നിക്കു കഴിഞ്ഞില്ല. പുടിന്‍ ഏറ്റവുമൊടുവില്‍ പ്രസിഡന്‍റായത് ആ തിരഞ്ഞെടുപ്പിലൂടെയാണ്. വീണ്ടും അറസ്റ്റിലാവുകയും ദീര്‍ഘകാലത്തെ തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തതോടെ അടുത്ത മാസം മധ്യത്തില്‍ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അവസരവും നവല്‍നിക്കു നിഷേധിക്കപ്പെട്ടു. 

ജര്‍മനിയിലെ ചികില്‍സയ്ക്കുശേഷം മോസ്ക്കോയില്‍ തിരിച്ചെത്തിയ ഉടനെ നവല്‍നി അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ജനരോഷ പ്രകടനം അഭൂതപൂര്‍വമായിരുന്നു. റഷ്യയുടെ വിവിധ ഭാഗങ്ങളിലെ ഇരുനൂറിലധികം നഗരങ്ങളിലും പട്ടണങ്ങളിലുമായി ആയിരക്കണക്കിനാളുകള്‍, പ്രത്യേകിച്ച് യുവാക്കള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പുടിന്‍വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. പ്രകടനക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. നവല്‍നി എത്രമാത്രം ജനസമ്മതി നേടിക്കഴിഞ്ഞുവെന്നു വിളിച്ചുപറയുകയായിരുന്നു ആ സംഭവങ്ങള്‍. 

പുടിന്‍റെ ശത്രുത സമ്പാദിച്ചതിനെ തുടര്‍ന്നു ദുരൂഹ സാഹചര്യത്തില്‍ മരിച്ച വേറെയും ചിലര്‍ റഷ്യയുടെ സമീപകാല ചരിത്രത്തിലുണ്ട്. ഭരണരംഗത്തെ ഗുരുതരമായ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക 

പത്രപ്രവര്‍ത്തകന്‍ യൂറി ഷെക്കോചിഖിന്‍ 2003ല്‍ മരിച്ചതു വിഷബാധയേറ്റായിരുന്നു. അദ്ദേഹത്തിന്‍റെ സഹ പ്രവര്‍ത്തകയായിരുന്ന പ്രശസ്ത വനിതാ ജേര്‍ണലിസ്റ്റ് അന്ന പൊളിറ്റ്കോവ്സ്ക്കായയ്ക്ക് അതിന്‍റെ അടുത്ത വര്‍ഷം വിഷംതീണ്ടി. അന്നവര്‍ രക്ഷപ്പെട്ടുവെങ്കിലും മൂന്നു വര്‍ഷത്തിനുശേഷം മോസ്ക്കോയില്‍ വെടിയേറ്റു മരിച്ചു. 

വിഷബാധയേറ്റ മറ്റു രണ്ടുപേര്‍ രാഷ്ട്രീയക്കാരല്ല, മുന്‍ ചാരന്മാരായിരുന്നു. സംഭവം നടന്നത് റഷ്യയിലല്ല ബ്രിട്ടനിലുമാണ്. അവരില്‍ ഒരാളായിരുന്ന അലക്സാന്‍ഡര്‍ ലിറ്റ്വിനങ്കോ 2006ല്‍ റസ്റ്ററന്‍റില്‍ ചായ കഴിച്ചശേഷം പെട്ടെന്ന് 

അവശനാവുകയായിരുന്നു. ആന്തരികാവയവങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു മൂന്നാഴ്ചയോളം മരണവുമായി മല്ലിട്ടശേഷമായിരുന്നു അന്ത്യം. ചായയില്‍ ആണവ പ്രസരമുള്ള പോളോണിയം 210 എന്ന വിഷം കലര്‍ന്നിരുന്നതായി പിന്നീടു കണ്ടെത്തി. 

റഷ്യന്‍ സൈന്യത്തില്‍ ഇന്‍റലിജന്‍സ് വിഭാഗത്തിലെ  ഉന്നത ഉദ്യോഗസ്ഥനായിരുന്ന സെര്‍ഗായ് സ്ക്രിപലിനു നേരെ 2018ല്‍  പ്രയോഗിക്കപ്പെട്ടതു മാരകമായ നോവിച്ചോക്ക് എന്ന രാസവസ്തുവായിരുന്നു. ദക്ഷിണ ഇംഗ്ളണ്ടിലെ സോള്‍സ്ബറിയില്‍ ഒരു ഷോപ്പിങ് സെന്‍ററിനു സമീപമുള്ള ബെഞ്ചില്‍ അയാള്‍ മകളോടൊപ്പം കുഴഞ്ഞുവീണു കിടക്കുന്നതായാണ് കണ്ടത്. അയാളുടെ രക്തത്തില്‍ കലര്‍ന്നിരുന്ന അതേതരം വിഷമാണ് രണ്ടു വര്‍ഷത്തിനു ശേഷം നവല്‍നിയുടെ രക്തത്തിലും ജര്‍മനിയിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 

പുടിനുമായി പിണങ്ങി നാടുവിട്ടുപോയ വേറെയും ഒരു ഡസനോളം റഷ്യക്കാര്‍ ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയുണ്ടായി. അവരില്‍ ഒരാളായ കോടീശ്വരന്‍ ബോറിസ് ബെറസോവ്സ്കിയെ 2013ല്‍ ലണ്ടനു സമീപമുള്ള വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ഇത്തരം സംഭവങ്ങള്‍ പുടിന്‍റെ അറിവോടെയും അനുവാദത്തോടെയുമല്ലാതെ നടക്കാനിടയില്ലെന്നു കരുതുന്നതിനാലാണ് സംശയത്തിന്‍റെ സൂചിമുനകള്‍ അദ്ദേഹത്തിന്‍റെ നേരെതന്നെ തിരിയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com