ADVERTISEMENT

ചുറുചുറുക്കിന്‍റെ പര്യായമാണ് നാല്‍പത്തിമൂന്നുകാരനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി  സുനക്. ആ പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജന്‍. ഏഷ്യന്‍ വംശജരില്‍തന്നെ അത്തരമൊരു പദവി മുന്‍പ് ആര്‍ക്കും ലഭിച്ചിട്ടില്ല. 

സുനക് അധികാരം ഏറ്റെടുത്തിട്ട് ഒന്നര വര്‍ഷം ആകുന്നതേയുളളൂ. അടുത്തു തന്നെ നടക്കാനിടയുളള പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ കക്ഷി (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി) ജയിക്കുകയാണെങ്കില്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷംകൂടി അദ്ദേഹത്തിനു തുടരാനാവും. 

പക്ഷേ, സ്ഥിതിഗതികള്‍ ഇപ്പോള്‍ സുനകിന് ഒട്ടും അനുകൂലമല്ല. നീണ്ട 14 വര്‍ഷത്തിനു ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെടാന്‍ പോവുന്നുവെന്നാണ് വ്യക്തമായ സൂചനകള്‍. അതിനര്‍ഥം ബ്രിട്ടനില്‍ ഏറ്റവും കുറഞ്ഞകാലം ഭരിച്ചവരുടെ പട്ടികയിലായിരിക്കും സുനക് എന്നാണ്.  

സുനകിന്‍റെ മുന്‍ഗാമിയായിരുന്ന ലിസ് ട്രുസ് പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നത് വെറും 44 ദിവസമായിരുന്നു. അതിലും കുറഞ്ഞകാലം ഭരിച്ചവര്‍ ബ്രിട്ടീഷ് ചരിത്രത്തില്‍ ആരുമില്ല. ലിസ് ട്രുസ് സ്ഥാനമൊഴിയുകയും സുനക് പാര്‍ട്ടിയുടെ നേതാവും പ്രധാനമന്ത്രിയും ആവുകയും ചെയ്തത് തികച്ചും വ്യത്യസ്തമായ സാഹചര്യത്തിലായിരുന്നുവെന്നുമാത്രം. 

ടോറികള്‍ എന്നും വിളിക്കപ്പെടുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പിന്നിലാണെന്നാണ് കഴിഞ്ഞ ചില മാസങ്ങളിലെ അഭിപ്രായ സര്‍വേകളില്‍ മിക്കതും ചൂണ്ടിക്കാട്ടിയിരുന്നത്. അതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടായിരുന്നുവെങ്കില്‍, ഇക്കഴിഞ്ഞ മേയ് രണ്ടിനു നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതോടെ സംശയങ്ങളെല്ലാം തീരുകയും ചെയ്തു.   

ഇംഗ്ളണ്ടിലെയും വെയില്‍സിലെയും 107 പ്രാദേശിക കൗണ്‍സിലുകളിലെ 2600 കൗണ്‍ലസിലര്‍മാരെയും 11 മേയര്‍മാരെയും 37 പൊലീസ്-ക്രൈം കമ്മിഷണര്‍മാരെയുമാണ് തിരഞ്ഞെടുക്കേണ്ടിയിരുന്നത്. വടക്കു പടിഞ്ഞാറന്‍ ഇംഗ്ളണ്ടിലെ ബ്ളാക്ക്പൂള്‍ സൗത്ത് നിയോജക മണ്ഡലത്തില്‍നിന്നു പാര്‍ലമെന്‍റിലേക്കുളള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. 

കൗണ്‍സിലുകളില്‍ തങ്ങള്‍ക്കുണ്ടായിരുന്ന ആയിരത്തോളം സീറ്റുകളില്‍ പകുതിയും (989ല്‍ 474) കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു നഷ്ടപ്പെടുകയാണ ചെയ്തത്. കിട്ടിയത് വെറും 515. ലേബര്‍ പാര്‍ട്ടി 1158 സീറ്റുകളോടെ ഒന്നാം സ്ഥാനത്തെത്തി. ദേശീയ തലത്തില്‍ മൂന്നാം സ്ഥാനം മാത്രമുളള ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി 522 സീറ്റുകളോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ടോറികള്‍ക്കു കിട്ടിയത് വെറും മൂന്നാം സ്ഥാനം. 

പതിനൊനൊന്നു നഗരങ്ങളിലെ മേയര്‍ സ്ഥാനങ്ങളില്‍ ഒരെണ്ണം മാത്രമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു കിട്ടിയത്. ബാക്കി പത്തും ലേബര്‍ പാര്‍ട്ടി പിടിച്ചെടുത്തു. അവരില്‍തന്നെ പലരും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അവരില്‍ ഒരാളായ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഇതു മൂന്നാം തവണയും. പാക്കിസ്ഥാന്‍ വംശജനായ ഇദ്ദേഹം മുന്‍പ് ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്‍റ് അംഗമായിരുന്നു. 

സാദിഖ് ഖാനു മുന്‍പ് ലണ്ടന്‍ മേയര്‍ പദവി രണ്ടു തവണ വഹിച്ചിരുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരു പ്രമുഖനാണ്-പില്‍ക്കാലത്ത് വിദേശമന്ത്രിയും ഒടുവില്‍ പ്രധാനമന്ത്രിയുമായ ബോറിസ് ജോണ്‍സന്‍. രാജ്യതലസ്ഥാനത്തിന്‍റെ ഭരണം ഇത്തവണയും തിരിച്ചുപിടിക്കാന്‍ കഴിയാതെ പോയത് കണ്‍ര്‍വേറ്റീവ് പാര്‍ട്ടിക്കു വലിയ ക്ഷീണമായി.  

ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ബര്‍മിങ്ഹാം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വെസ്റ്റ്  മിഡ്ലന്‍ഡ്സിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനായ മേയറും മൂന്നാം തവണ മല്‍സരിക്കുകയായിരുന്നു. പക്ഷേ, ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയോടു തോറ്റു. 

ഇതിന്‍റെ തൊട്ടുപിന്നാലെ, സുനകിന്‍റെ നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരു എംപി രാജിവയക്കുകയും ലേബര്‍ പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. രണ്ടാഴ്ച മുന്‍പ് മറ്റൊരു എംപിയും ഇങ്ങനെ ചെയ്തിരുന്നു.

സുനകിനു ജനങ്ങളുടെ വിശ്വാസവും സ്വന്തം പാര്‍ട്ടിയുടെ മേലുളള നിയന്ത്രണവും നഷ്ടപ്പെട്ടുവെന്നാണ് ഇതെല്ലാം കാണിക്കുന്നതെന്നു ചൂണ്ടിക്കാട്ടുകയാണ് പ്രതിപക്ഷം, പ്രത്യേകിച്ച് ലേബര്‍ പാര്‍ട്ടി. അദ്ദേഹം രാജിവയ്ക്കണമെന്നും ഉടന്‍തന്നെ പാര്‍ലമെന്‍റ്  തിരഞ്ഞെടുപ്പ് നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നുമുണ്ട്. എന്നാല്‍, ആരും ആവശ്യപ്പെടാതെതന്നെ അധികം താമസിയാതെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണെന്നു കരുതുന്നവരുമുണ്ട്. 

നിലവിലുള്ള പാര്‍ലമെന്‍റ് അഥവാ പാര്‍ലമെന്‍റിന്‍റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സിന്‍റെ (പൊതുജനസഭ) അഞ്ചുവര്‍ഷക്കാലാവധി അടുത്ത ജനുവരിയോടെ അവസാനിക്കുകയാണ്. പുതിയ 650 അംഗ സഭയിലേക്കുളള തിരഞ്ഞെടുപ്പ് അതിനു മുന്‍പ് നടന്നിരിക്കണം. ഈ വര്‍ഷം രണ്ടാം പകുതിയില്‍ അതുണ്ടാകുമെന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ സുനക് പറയുകയുമുണ്ടായി. ജൂലൈക്കുശേഷം ഏതുദിവസവും വോട്ടെടുപ്പ് നടന്നേക്കാമെന്നര്‍ഥം.

തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാനുളള അധികാരം പ്രധാനമന്ത്രിക്കുളളതാണ്. അതിനാല്‍ അദ്ദേഹത്തിന്‍റെ പ്രഖ്യാപനത്തിനുവേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും. 

മറ്റു വിധത്തിലുളള സൂചനകള്‍ എന്തുതന്നെയായാലും കഴിഞ്ഞ തവണ (2019) സംഭവിച്ചതുപോലെ ഈ തിരഞ്ഞെടുപ്പിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന അവകാശ വാദത്തിന് ഇതുവരെ സുനക് തയാറായിട്ടില്ല. മാത്രമല്ല, ആര്‍ക്കും ഭൂരിപക്ഷം കിട്ടാനിടയില്ലെന്നും ത്രിശങ്കു സഭയാണുണ്ടാവുകയെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. 

ഏറ്റവും വലിയ കക്ഷി സര്‍ കീര്‍ സ്റ്റാര്‍മര്‍ നയിക്കുന്ന ലേബര്‍ പാര്‍ട്ടിയായിരിക്കുമെന്നു പറയാനും സുനക് മടിക്കുകയുണ്ടായില്ല. അതേസമയം, ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിലവില്‍ വരുന്ന കൂട്ടുഗവണ്‍മെന്‍റ് നാടിന് ഒരു വലിയ ശാപമായിരിക്കുമെന്ന് അദ്ദേഹം വോട്ടര്‍മാര്‍ക്കു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. 

ആവശ്യമായി വരികയാണെങ്കില്‍ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി, സ്കോട്ടിഷ് നാഷനലിസ്റ്റ് പാര്‍ട്ടി എന്നിവയുമായിട്ടായിരിക്കും ലേബര്‍ പാര്‍ട്ടി സഖ്യമുണ്ടാക്കുകയെന്നു കരുതപ്പെടുന്നു. എന്നാല്‍ അതിന്‍റെ ആവശ്യമില്ലെന്നും തനിച്ച് തന്നെ വന്‍ ഭൂരിപക്ഷത്തോടെ ഭരണം ഏറ്റെടുക്കാന്‍ തങ്ങള്‍ക്കാവുമെന്നും അവകാശപ്പെടുകയാണ് മൂന്നു വര്‍ഷമായി ലേബര്‍ പാര്‍ട്ടിയെ നയിക്കുന്ന കീര്‍ സ്റ്റാര്‍മര്‍ (61). അദ്ദേഹം പ്രധാനമന്ത്രിയാവുകയാണെങ്കില്‍ 14 വര്‍ഷത്തിനുശേഷംആദ്യമായിട്ടായിരിക്കും ബ്രിട്ടന്‍റെ ഭരണം ലേബര്‍ പാര്‍ട്ടിയുടെ കൈകളില്‍ തിരിച്ചെത്തുന്നത്. 

ഇതുപോലുളള സാഹചര്യത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നേതൃമാറ്റത്തിനു വേണ്ടിയുളള മുറവിളി ഉയരുക സ്വാഭാവികമാണ്. എന്നാല്‍ ഇത്തവണ ഇതുവരെ ആരും അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല. അടുത്തുതന്നെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ അതിന്‍റെ ആവശ്യമില്ലെന്നും അതുകൊണ്ട് പ്രയോജനം ഉണ്ടാവില്ലെന്നുമുളള നിലപാടിലാണ് പാര്‍ട്ടിയിലെ പല പ്രമുഖരും. സുനകിനെ കഠിനമായി വിമര്‍ശിച്ചുകൊണ്ടിരുന്ന മുന്‍ ആഭ്യന്തരമന്ത്രിയും ഇന്ത്യന്‍ വംശജയുമായ സുവല്ല ബ്രേവര്‍മാനും അവരില്‍ ഉള്‍പ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com