പതിനാലു വര്‍ഷം മുന്‍പ് ലോകത്തെ പൊതുവില്‍ അമ്പരപ്പിച്ച ഒരു സംഭവത്തില്‍ നിന്നുണ്ടായ കേസ് നാടകീയമായ ഒട്ടേറെ വളവുതിരിവുകള്‍ക്കു ശേഷം ഏതാണ്ട് സ്വകാര്യമായി ഒത്തുതീര്‍ന്നു. അമേരിക്കയില്‍ വധശിക്ഷയോ നീണ്ടകാലത്തെ ജയില്‍ശിക്ഷയോ അനുഭവിക്കേണ്ടിവരുമെന്ന ഭീതിയില്‍ ദിവസങ്ങള്‍ തളളിനീക്കുകയായിരുന്നു അമ്പത്തിരണ്ടുകാരനായ ജൂലിയന്‍ അസാന്‍ജ് എന്ന ഓസ്ട്രേലിയക്കാരന്‍. പക്ഷേ, യുഎസ് അധികൃതരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ സ്വതന്ത്രനാവുകയും ഇക്കഴിഞ്ഞ ബുധനാഴ്ച (ജൂണ്‍ 26) നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.
വിക്കിലീക്സ് എന്ന ഇന്‍റര്‍നെറ്റ് ന്യൂസ് വെബ്സൈറ്റിന്‍റെ സഥാപകനും ചീഫ് എഡിറ്ററുമായിരുന്ന അസാന്‍ജ് പെട്ടെന്നു ലോകശ്രദ്ധയാകര്‍ഷിച്ചത് 2010ല്‍ അമേരിക്കയുടെ സൈനികവും നയതന്ത്രപരവുമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പതിനായിരക്കണക്കിനു രഹസ്യരേഖകള്‍ തന്‍റെ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു.
ഇറാഖിലെ യുഎസ് യുദ്ധകാലത്ത് അവിടെ യുഎസ് സൈനിക ഇന്‍റലിജന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചെല്‍സി മാന്നിങ് എന്ന ബ്രാഡ്ലി മാന്നിങ്ങാണ് ഈ രേഖകള്‍ അസാന്‍ജിനു ചോര്‍ത്തിക്കൊടുത്തിരുന്നത്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധം ഉള്‍പ്പെടെ അമേരിക്ക നടത്തിയ പല സൈനിക
പ്രവര്‍ത്തനങ്ങളും രാജ്യാന്തര നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും യുദ്ധക്കുറ്റങ്ങളുടെ വിഭാഗത്തില്‍ പെടുന്നവയാണെന്നും തെളിയിക്കുന്നതായിരുന്നു ആ രേഖകളില്‍ പലതും.
അതിന്‍റെ അടിസ്ഥാനത്തില്‍ ചാരവൃത്തി നിയമം ഉള്‍പ്പെടെയുളള വിവിധ നിയമങ്ങള്‍ പ്രകാരം 18 കുറ്റങ്ങളാണ് യുഎസ് നീതിന്യായ വകുപ്പ് അസാന്‍ജിന്‍റെ മേല്‍ ചുമത്തിയിരുന്നത്. മൊത്തം 175 വര്‍ഷം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കുമായിരുന്ന എല്ലാ കുറ്റങ്ങളും അസാന്‍ജ് നിഷേധിക്കുകയായിരുന്നു.
ബ്രിട്ടനില്‍ മറ്റൊരു കേസില്‍ ജയിലിലായിരുന്ന തന്നെ ബ്രിട്ടീഷ് അധികൃതര്‍ വിചാരണയ്ക്കുവേണ്ടി അമേരിക്കയ്ക്കു കൈമാറുന്നതു തടയാന്‍ അഞ്ചു
വര്‍ഷമാണ് അസാന്‍ജ് ബ്രിട്ടീഷ് കോടതികളില്‍ പോരാടിയത്. അതിനുമുന്‍പ് ബ്രിട്ടീഷ് പൊലീസ് തന്നെ അറസ്റ്റ് ചെയ്യുന്നതു തടയാന്‍ ഏഴു വര്‍ഷം ലണ്ടനിലെ ഇക്വഡോര്‍ എംബസ്സിയില്‍ അഭയം പ്രാപിക്കുകയും ചെയ്തു. (ജൂണ്‍ അഞ്ചിലെ വിദേശരംഗം ലേഖനം 'ജൂലിയന്‍ അസാന്‍ജിന്‍റെ തീരാത്ത നിയമയുദ്ധം' കാണുക).
താനൊരു ജേര്‍ണലിസ്റ്റാണെന്നും ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ അവരെ അറിയിക്കുകയെന്ന ദൗത്യം നിര്‍വഹിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും വാദിക്കുകയായിരുന്നു അസാന്‍ജ്. താന്‍ പ്രസിദ്ധീകരിച്ച രഹസ്യരേഖകള്‍ മോഷ്ടിച്ചതല്ലെന്നും തനിക്കു ചോര്‍ത്തിക്കിട്ടിയതാണെന്നും അസാന്‍ജ് ചൂണ്ടിക്കാണിക്കുകയുണ്ടായി.
അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും യുഎസ് ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ട്. ആ പരിഗണന തനിക്കു ലഭിക്കണമെന്നും അസാന്‍ജ് വാദിക്കുകയായിരുന്നു. അസാന്‍ജിനെ ബ്രിട്ടന്‍ അമേരിക്കയ്ക്കു കൈകമാറുകയും അവിടെ കേസിന്‍റെ വിചാരണ തുടങ്ങുകയും ചെയ്താല്‍ അതു സംബന്ധിച്ച നിയമയുദ്ധം അനിശ്ചിതമായി നീണ്ടുപോകാനുളള സാധ്യയുമുണ്ടായിരുന്നു.
ആ സാഹചര്യത്തിലാണ് കേസ് എങ്ങനെയെങ്കിലും ഒത്തുതീര്‍ക്കണമെന്ന ആശയം ഉയര്‍ന്നുവന്നത്. അമേരിക്കയിലെ കോടതിയില്‍ അസാന്‍ജ് സ്വയം ഹാജരാവുകയും ചുമത്തപ്പെട്ട 18 കുറ്റങ്ങളില്‍ ഒരെണ്ണം സമ്മതിക്കുകയു ചെയ്യുക, നിയമത്തില്‍ അതിനു നിശ്ചയിച്ചിട്ടുളള ശിക്ഷ ഏറ്റുവാങ്ങുക, ശിക്ഷാകാലാവധി അവസാനിക്കുന്നതോടെ സ്വതന്ത്രനാവുക-ഇതായിരുന്നു ഒത്തുതീര്‍പ്പ് ഫോര്‍മുല.
യുഎസ് രാജ്യസുരക്ഷാ സംബന്ധമായ രഹസ്യരേഖകള്‍ ചോര്‍ത്തിക്കിട്ടാനും പരസ്യമാക്കാനുമായി ഗൂഡാലോചനയിലേര്‍പ്പെട്ടുവെന്ന കുറ്റം ചെയ്തതായി അസാന്‍ജ് സമ്മതിക്കുകയെന്ന തീരുമാനത്തിലാണ് ഒടുവില്‍ ഇരുപക്ഷവും എത്തിച്ചേര്‍ന്നത്. പക്ഷേ അതിനുവേണ്ടി വാഷിങ്ടണിലോ ന്യൂയോര്‍ക്കിലോ കോടതിയില്‍ ഹാജരാകാന്‍ അസാന്‍ജ് സമ്മതിച്ചില്ല.
അമേരിക്കയുടെ നിയന്ത്രണത്തിലുളളതും യുഎസ് നിയമം നിലവിലുളളതും എന്നാല്‍ യുഎസ് വന്‍കരയില്‍നിന്നു 6000 കിലോമീറ്റര്‍ അകലെ ദക്ഷിണ ശാന്തസമുദ്രത്തില്‍ കിടക്കുന്നതുമായ നോര്‍ത്തേണ്‍ മരിയാന ദ്വീപാണ് തിരഞ്ഞടുത്തത്. അസാന്‍ജിന്‍റെ സ്വന്തം നാടായ ഓസ്ട്രേലിയയ്ക്കു വളരെ അടുത്തുമാണ് ഈ ചെറിയ ദ്വീപസമൂഹം.
ലണ്ടന്‍ ജയിലില്‍നിന്നു ജാമ്യത്തിലിറങ്ങിയ അസാന്‍ജ് ഒരു പ്രത്യേക വിമാനത്തില്‍ രഹസ്യമായി നോര്‍ത്തേണ്‍ മരിയാനയുടെ തലസ്ഥാനമായ സായ്പാനിലെത്തി. അവിടത്തെ ജഡ്ജിയുടെ മുന്നില്‍ ഹാജരാവുകയും നേരത്തെ പറഞ്ഞുവച്ചതുപോലുളള കുറ്റസമ്മതം നടത്തുകയും ചെയ്തു.
അതു സ്വീകരിച്ച ജഡ്ജി നിയമപ്രകാരമുളള അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചു. അത്രയും കാലം ലണ്ടനില്‍ ജയിലില്‍ കഴിഞ്ഞിരുന്നതിനാല്‍ ശിക്ഷ പൂര്‍ത്തിയായതായി ജഡ്ജി പ്രഖ്യാപിക്കുകയും അസാന്‍ജിനെ വിട്ടയക്കുകയും ചെയ്തു. ജൂലൈ മൂന്നിനു 53ാം വര്‍ഷത്തിലേക്കു കടക്കുന്ന അസാന്‍ജിനു കാലേക്കൂട്ടി ജന്മദിനാശംസ നേരാനും ജഡ്ജി മടിച്ചില്ല. അങ്ങനെ ശുഭപര്യവസായിയായ ഒരു നാടകത്തിന്‍റെ രൂപത്തില്‍ എല്ലാം അവസാനിച്ചു.
അസാന്‍ജിന്‍റെ മോചനം ഓസ്ട്രേലിയയുടെ നയതന്ത്ര വിജയമായും എണ്ണപ്പെടുന്നു. കേസ് തുടങ്ങിയ കാലത്ത് ഓസ്ട്രേലിയയില്‍ അധികമാരും അസാന്‍ജിനോടു മമതയോ അനുകമ്പയോ പ്രകടിപ്പിച്ചിരുന്നില്ല. ഓസ്ട്രേലിയയുമായി സൗഹൃദവും സൈനിക സഖ്യവുമുളള അമേരിക്കയുടെ സൈനിക രഹസ്യങ്ങള്‍ പുറത്താക്കാനും അങ്ങനെ അവര്‍ക്കു നഷ്ടവും മാനക്കേടുമുണ്ടാക്കാനും തങ്ങളില്‍ ഒരാള്‍തന്നെ മുതിര്‍ന്നതിലുളള കടുത്ത അതൃപ്തിയായിരുന്നു പലര്‍ക്കും.
എങ്കിലും കാലക്രമത്തില്‍ ബ്രിട്ടീഷ് ജയിലിലെ കുടുസ്സുമുറിയിലുളള ക്ളിശ്ട ജീവിതവും ഇക്വഡോര്‍ എംബസ്സിയിലെ ഒട്ടും സുഖകരമല്ലാത്ത താമസവും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ പലരുടെയും മനം മാറി. രണ്ടു വര്‍ഷമായി ഓസ്ട്രേലിയയില്‍ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി ആന്‍ണി ആല്‍ബനീസിന്‍റെ ലേബര്‍ പാര്‍ട്ടി ഗവണ്‍മെന്‍റ് അസാന്‍ജിന്‍റെ മോചനത്തിനു പ്രത്യേക പ്രാധാന്യം കല്‍പ്പിക്കാന്‍ തുടങ്ങി. യുഎസ് സന്ദര്‍ശനവേളയില്‍ പ്രസിഡന്‍റ് ജോ ബൈഡനോടു പോലും ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തി.
വാഷ്ങ്ടണിലും ലണ്ടനിലും ഇപ്പോള്‍ ഓസ്ട്രേലിയയുടെ സ്ഥാനപതിമാരായി സേവനം ചെയ്യുന്ന്ത് രണ്ടു മുന്‍പ്രധാനമന്ത്രിമാരാണ് - യഥാക്രമം കെവിന്‍ റഡ്ഡും സ്റ്റീഫന്‍ സ്മിത്തും. അസാന്‍ജിനുവേണ്ടി നയതന്ത്രതലത്തില്‍ ചരടുവലി നടത്തിയവരില്‍ അവരും ഉള്‍പ്പെടുന്നു. ഏറ്റവുമൊടുവില്‍ ലണ്ടനില്‍നിന്നു നോര്‍ത്തേണ്‍ മരിയാനയിലേക്കുളള അസാന്‍ജിന്‍റെ വിമാനയാത്രയില്‍ സ്മിത്തും ഒപ്പുമുണ്ടായിരുന്നു.
കേസ് തീര്‍ന്നതില്‍ സന്തോഷിക്കുന്നവരോടൊപ്പം തന്നെ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കുന്നവരുമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവയെ ബാധിക്കുന്നതാണ് കേസ്. താനൊരു ജേണലിസ്റ്റാണെന്നും ഭരണകൂടങ്ങള്‍ മൂടിവയ്ക്കുന്നതും ജനങ്ങള്‍ അറിഞ്ഞിരിക്കണമെന്നു കരുതുന്നതുമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ജേണലിസ്റ്റ് എന്ന നിലയിലുളള തന്‍റെ ദൗത്യമാണെന്നുമായിരുന്നു അസാന്‍ജിന്‍റെ വാദം.
അതനുസരിച്ച് യുഎസ് ഭരണഘടന വാഗ്ദാനം ചെയ്യുന്ന നിയമപരമായ സംരക്ഷണത്തിനൂ താന്‍ അര്‍ഹനാണെന്നും വാദിക്കുകയായിരുന്നു. ചാരവൃത്തി സംബന്ധമായ നിയമം ലംഘിച്ചുവെന്ന കുറ്റം സമ്മതിക്കുക വഴി അസാന്‍ജ് തന്നെ ആ വാദം തളളിക്കളഞ്ഞിരിക്കുകയാണെന്നു വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. ഭാവിയിലുണ്ടാകുന്ന സമാനമായ കേസുകളെയെല്ലാം ഇതു ബാധിച്ചേക്കാമെന്ന ഭയവും അവര്‍ക്കുണ്ട്.