പന്താടപ്പെടുന്ന മനുഷ്യ ജീവിതങ്ങള്‍
Mail This Article
മനുഷ്യര്‍ നിര്‍ദയം അക്ഷരാര്‍ഥത്തില്‍തന്നെ പന്താടപ്പെടുന്നത് ഭൂമിയില്‍ മനുഷ്യവാസം തുടങ്ങിയ കാലം മുതല്‍ക്കേ നടന്നുവരുന്നതാണ്. അതിനാല്‍ ഇക്കഴിഞ്ഞ ഞായറാഴ്ച (ഓഗസ്റ്റ് 25) ഗാസയിലെ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ ആറ് ഇസ്രയേലികള്‍ വെടിയേറ്റു മരിച്ചകിടക്കുന്നതായി കണ്ടത് ആരെയും അല്‍ഭുതപ്പെടുത്തുകയുണ്ടായില്ല. അതേസമയം ഞെട്ടലുണ്ടാക്കാതിരുന്നുമില്ല.
ഇസ്രയേലിലെയും പലസ്തീന്‍കാര്‍ക്കിടയിലെയും തീവ്രവാദികള്‍ തമ്മിലുളള പോരാട്ടത്തില്‍ കരുക്കളാവുകയായിരുന്നു ഇവര്‍. പതിനൊന്നു മാസമായി ഹമാസിന്‍റ ബന്ദികളായിരുന്നു 23നും 40നും ഇടയ്ക്കു പ്രായമുളളവരും രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടുന്നവരുമായ ആറു പേരും. ആ കാലത്തി്നിടയില്‍ അവര്‍ അനുഭവിച്ചിരിക്കാനിടയുളള ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ ആര്‍ക്കും ഊഹിക്കാവുന്നതേയുളളൂ.
ഹമാസ് തീവ്രവാദികള്‍ അവരെ തലയ്ക്കു പിന്നില്‍നിന്നു വെടിവച്ചു കൊന്നതാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആരോപിച്ചത്. അടുത്തുതന്നെ മോചിതരാകാനിടയുണ്ടെന്നു കരുതപ്പെട്ടവരായിരുന്നു അവരില്‍ ചിലര്‍. അവരുടെ ദാരുണാന്ത്യം സ്വാഭാവികമായും ജനങ്ങളെ അസ്വസ്ഥരും രോഷാകുലരുമാക്കി.
തുടര്‍ന്നുണ്ടായ രണ്ടു ദിവസങ്ങളില്‍ രാജ്യത്തുടനീളം ജനങ്ങള്‍ ഇസ്രയേലിന്‍റെ വെളളയും നീലയും നിറങ്ങളിലുളള പതാകയുമായി തെരുവുകളില്‍ നിറഞ്ഞുനിന്നു. ഹമാസിന്‍റെ പിടിയില്‍ ഇപ്പോഴും അവശേഷിക്കുന്ന നൂറില്‍പ്പരം ബന്ദികളെ ഉടന്‍ മോചിപ്പിക്കാന്‍ നടപടിയെടുക്കമെന്നതായിരുന്നു അവര്‍ മുഴക്കിയ മുദ്രാവാക്യം.
അതിനുളള ഫലപ്രദമായ വഴികള്‍ ആരായാതെ ഗാസയിലെ യുദ്ധം നീട്ടിക്കൊണ്ടു പോകുന്ന നെതന്യാഹു രാജിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയുമുണ്ടായി. ചിലര്‍ ഒഴിഞ്ഞ ശവപ്പെട്ടികളുമായി പ്രധാനമന്ത്രിയുടെ വസതിക്കുമുന്നില്‍ ജാഥ നടത്തുകയും ചെയ്തു.
പക്ഷേ, ഹമാസിനെയും അതിന്‍റെ സംവിധാനങ്ങളും നിശ്ശേഷം നശിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കുകയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നെതന്യാഹു. കൂടുതല്‍ ബന്ദികളുട മരണമായിരിക്കും ഇതിന്‍റെ ഫലമെന്ന ഭയം പരക്കേ നിലനില്‍ക്കുന്നുവെങ്കിലും നെതന്യാഹു തിരഞ്ഞെടുത്ത പാതയില്‍നിന്ന് അത് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നില്ല.
ഇക്കാര്യത്തില്‍ അദ്ദേഹത്തേക്കാള്‍ കര്‍ക്കെശമായ നിലപാടു വച്ചുപുലര്‍ത്തുന്നവരും ഒരു വിധത്തിലുളള വിട്ടുവീഴ്ചയക്കും ഒത്തുതീര്‍പ്പിനും സമ്മതിക്കരുതെന്നു ശഠിക്കുന്നവരുമാണ് അദ്ദേഹം നയിക്കുന്ന ഭരണസഖ്യത്തിലെ തീവ്രവലതുപക്ഷ കക്ഷികളുടെ നേതാക്കള്‍. ധനമന്ത്രി ബെസാലേല്‍ സ്മോട്രിച്ച്, ദേശീയ സുരക്ഷാമന്ത്രി ഇറ്റാമാര്‍ ബെന്‍ഗ്വിര്‍ എന്നിവര്‍ പ്രത്യേകിച്ചും പരാമര്‍ശിക്കപ്പെടുന്നു.
മറുഭാഗത്തും നടന്നുവരുന്നത് മനുഷ്യജീവന്‍ കൊണ്ടുളള നിര്‍ദയമായ പന്താട്ടമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനു ഗാസയില്‍നിന്ന് തെക്കന്‍ ഇസ്രയേലിലേക്കു ഹമാസ് നടത്തിയ അഭൂതപൂര്‍വമായ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏതാണ്ട് 1200 പേരായിരുന്നു. 250 പേര്‍ ബന്ദികളായി.
പകവീട്ടലിന്‍റെ രൂപത്തിലും ഹമാസിനെ ഉന്മൂലനം ചെയ്യാനുളള സൈനിക നടപടി എന്ന പേരിലും ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതിനകം കൊല്ലപ്പെട്ടവരുടെ എണ്ണം 44,000 കടന്നു. അധികവും സ്ത്രീകളും കുട്ടികളുമാണ്. അവരുടെ വാസസ്ഥലങ്ങളും വിദ്യാലയങ്ങളും ആശുപത്രികളും തകര്‍ക്കപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ അംഗവിഹീനരായി. അവരെ സംബന്ധിച്ചിടത്തോളം ഭാവിയും ഇരുളടഞ്ഞതായി.
ഗാസയില്‍ വ്യോമാക്രമണം നടത്തുമ്പോള്‍ നിരപരാധികളായ ജനങ്ങള്‍ അതിനിരയാകുന്നത് ഒഴിവാക്കാനായി ആ സ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ ഉളളതെല്ലാം ആവുന്നത്ര ചുമന്ന് ആളുകള്‍ പരക്കം പായുന്നതിന്‍റെ ദയനീയ ദൃശ്യങ്ങള്‍ വേദനയോടെയല്ലാതെ ടിവിയില്‍ കണ്ടവരുണ്ടാവില്ല.
ഒരേ സ്ഥലത്തുതന്നെ ഒന്നിലധികം തവണ മാറിത്താമസിക്കേണ്ടിവന്നവരുണ്ട്. എന്നിട്ടും കുട്ടികളും സ്ത്രീകളും രോഗികളും ഉള്‍പ്പെടെയുളളവര്‍ കൊല്ലപ്പെട്ടത് പതിനായിരങ്ങളാണ്. അവരും പന്താടപ്പെടുകയായിരുന്നു.
പലസ്തീന്‍കാര്‍ക്കിടയില്‍ മാത്രമല്ല, ഇസ്രയേലിന്‍റെ ഭാഗത്തുപോലും എത്രയേറെ പേര്‍ കൊല്ലപ്പെടുന്നുവന്നത് നെതന്യാഹുവിനെ തരിമ്പും അസ്വസ്ഥനാക്കുന്നില്ലെന്നു തോന്നുന്നു. അദ്ദേഹത്തിന്‍റെ പ്രഖാപനങ്ങളും പ്രലസ്താവനകളും നല്‍കുന്ന സൂചനകള്‍ അങ്ങനെയാണ്.
ഇസ്രയേലി ബന്ദികളുടെ മരണത്തില്‍ അദ്ദേഹം ആദ്യമായി പരസ്യമായ ക്ഷമാപണം നടത്തിയതുതന്നെ ഓഗസ്റ്റ് 25നു ആറു ബന്ദികളുടെ ജഡങ്ങള്‍ ഒന്നിച്ചു കണ്ടെത്തിയതിനെ തുടര്‍ന്നാണെന്നു പറയപ്പെടുന്നു. അതുവരെ ജനങ്ങളോടു മാപ്പ്ചോദിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. പക്ഷേ, രാജ്യമൊട്ടുക്കും ജനരോഷംമൂലം ഇളകിമറിഞ്ഞത് നെതന്യാഹുവിനെയും പിടിച്ചുലച്ചു. ക്ഷമാപണം നടത്തുകയല്ലാതെ നിവൃത്തിയില്ലാതായി.
രണ്ടു ചോദ്യങ്ങളാണ് തുടക്കം മുതല്‍ക്കേ നെതന്യാഹുവിന്‍റെ മുന്നിലുളളത് - ബന്ദികളെ മോചിപ്പിക്കണമോ, അതല്ല ഹമാസിനെയും മറ്റു പലസ്തീന്‍ തീവ്രവാദികളെയും ഇനിയൊരിക്കലും തല പൊക്കാന്‍ കഴിയാത്ത വിധത്തില്‍ തുടച്ചു നീക്കണമോ? ഒരേസമയത്തുതന്നെ രണ്ടു ലക്ഷ്യവും നേടിയെടുക്കാനുളള തന്ത്രവുമായിട്ടായിരുന്നു നെതന്യാഹുവിന്‍റെ യുദ്ധത്തിന്‍റെ തടക്കം. പക്ഷേ, കാലക്രമത്തില്‍, ഹമാസിന്‍റെ ഉന്മൂലനത്തിനുവേണ്ടി ബന്ദികളുടെ മോചനം വഴിമാറിക്കൊടുക്കേണ്ടി വന്നു.
ഇസ്രയേലികളെ, പ്രത്യേകിച്ച് അവരുടെ സൈനികരെ പലസ്തീന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്നത് അപൂര്‍വമായിരുന്നില്ല. വലിയ വില (പണമല്ല) കൊടുത്താണ് അവരെ മോചിപ്പിച്ചുകൊണ്ടിരുന്നതും. ഉദാഹരണമായി ഗിലാദ് ഷലിത് എന്നൊരു യുവ ഇസ്രയേല്‍ സൈനികനെ 2006ല്‍ ഗാസ അതിര്‍ത്തിയില്‍ നിന്നുതന്നെ ഹമാസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോവുകയുണ്ടായി.
വിട്ടയച്ചത് അഞ്ചു വര്‍ഷവും നാലു മാസവും കഴിഞ്ഞാണ്. അതിനു പകരമായി ഇസ്രയേലി ജയിലുകളിലുളള ആയിരത്തിലേറെ പലസ്തീന്‍കാരെ വിട്ടയക്കേണ്ടി വന്നു. കൊലക്കുറ്റം ചുമത്തി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇന്നത്തെപ്പോലെ അന്നും ഇസ്രയേലിന്‍റെ ഭരണം നെതന്യാഹുവിന്‍റെ കൈകളിലായിരുന്നു.
ആ വിധത്തില്‍ വീണ്ടം നാണം കെടുന്നത് ഒഴിവാക്കാനുളള വ്യഗ്രത കൊണ്ടുമാവാം ഇത്തവണ തുടക്കം മുതല്‍ക്കേ നെതന്യാഹു മുന്‍ഗണന നല്‍കിയത് ബന്ദികളുടെ മോചനത്തിനല്ല, ഹമാസിനെ ഉന്മുലനം ചെയ്യന്നതിനാണ്. ഏതാനും ചില ബന്ദികളെ ഇസ്രയേല്‍ സേന മോചിപ്പിക്കുകയുണ്ടായി. അതേസമയം ചിലര്‍ അത്തരം ശ്രമങ്ങള്‍ക്കിടയില്‍ കൊല്ലപ്പെടുകും ചെയ്തു. ജീവനോടെ അവശേഷിക്കുന്നതായി പ്പോള്‍ കണക്കാക്കപ്പെടുന്നത് ഏതാണ്ടു പകുതി പേരാണ്.
യുദ്ധം മൂലം ഗാസയില്‍ ജനങ്ങള്‍ പട്ടിയിണിലാവുകയും ഔഷധങ്ങള്‍ പോലുളള മറ്റ് അവശ്യ സാധനങ്ങള്‍ ലഭ്യമാകാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒരാഴ്ചത്തേക്ക് ഇരുകൂട്ടരും വെടിനിര്‍ത്തുകയുണ്ടായി. അതിനുവേണ്ടി അവര്‍ നേരിട്ടല്ലാതെ ഈജിപ്തും ഖത്തറും മുഖേന നടത്തിയ ചര്‍ച്ചകള്‍ വിജയം കാണുകയായിരുന്നു.
അതിന്‍റെ ഫലമായി ഏതാനും ഇസ്രയേലി ബന്ദികള്‍ക്കും ഒട്ടേറെ പലസ്തീന്‍ തടവുകാര്‍ക്കും മോചനം ലഭിച്ചു. പക്ഷേ, വെടിനിര്‍ത്തല്‍ തുടരാനും കുറേ പേര്‍ക്കു കൂടി മോചനം ലഭിക്കുന്നതിനു സാഹചര്യമുണ്ടാക്കാനുമുളള ശ്രമങ്ങള്‍ പിന്നീടു വിജയിച്ചില്ല. വെടിനിര്‍ത്തല്‍ തുടര്‍ന്നാല്‍ ഹമാസ് പ്രവര്‍ത്തകര്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ തിരിച്ചെത്തുകയും പുനഃസംഘടിക്കുകയും ചെയ്യുമെന്ന പേരില്‍ ഇസ്രയേല്‍ അതിനു വിസമ്മതിക്കുകയായിരുന്നു.
വെടിനിര്‍ത്തലിനും സമാന്തരമായി ബന്ദികളുടെ മോചനത്തിനുമുളള ചര്‍ച്ചകള്‍ കൈറോയിലും (ഈജിപ്ത്) ദോഹയിലുമായി (ഖത്തര്‍) നടന്നു കൊണ്ടിരിക്കേയാണ് അതിനെ അട്ടിമറിക്കുമായിരുന്ന ഒരു സംഭവം മറ്റൊരിടത്തു നടന്നതും.
ഹമാസിനുവേണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കുകയായിരുന്ന അവരുടെ നേതാവ് ഇസ്മായില്‍ ഹനിയ്യ ജൂലൈ അവസാനത്തില്‍ ഇറാന്‍റെ തലസ്ഥാനമായ ടെഹറാനില്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഹമാസ് അനുകൂലികളായ ഇറാന്‍റെ പുതിയ പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണത്തില്‍ സംബന്ധിക്കാന്‍ അവിടെ എത്തിയതായിരുന്നു അദ്ദേഹം.
ഹനിയ്യ താമസിച്ചിരുന്ന വീട്ടിലായിരുന്നു സ്ഫോടനം. അതിന്‍റെ പിന്നില്‍ ഇസ്രയേലാണെന്ന് ആരോപിക്കപ്പെട്ടുവെങ്കിലും ഇസ്രയേല്‍ അതു നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തില്ല. ഭാഗ്യവശാല്‍ ചര്‍ച്ചകള്‍ സ്തംഭനത്തിലായില്ല. ഹമാസിന്‍റെ പുതിയ നേതാവായ യഹ്യ സന്‍വാറുമായി ചര്‍ച്ചകള്‍ തുടര്‍ന്നുവരുന്നു.