ശനിയാഴ്ച (സെപറ്റംബര്‍ 21) ശ്രീലങ്ക പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുമ്പോള്‍ രണ്ടു വര്‍ഷം മുന്‍പ് ആ രാജ്യത്തിനു നേരിടേണ്ടിവന്ന ഭീതിജനകമായ അരാജകത്വത്തിന്‍റെ ഓര്‍മകള്‍ വീണ്ടും ഉയരാനിടയുണ്ട്. ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പ്രസിഡന്‍റ് ഗോടബയ രാജപക്സെ നാടുവിട്ടുപോയിക്കഴിഞ്ഞിരുന്നു. അതിനുശേഷവും ജനരോഷം ദിവസങ്ങളോളം തിളച്ചുമറിയുകയായിരുന്നു.
രാജിവയ്ക്കാന്‍ പോലും അദ്ദേഹം കാത്തുനിന്നിരുന്നില്ല. രാജിക്കത്ത് സിംഗപ്പൂരില്‍ നിന്നു സ്പീക്കര്‍ക്ക് ഇ-മെയില്‍ ചെയ്യുകയായിരുന്നു. ജീവന്‍തന്നെ അപകടത്തിലാണെന്നു ഭയന്നിരിക്കണം. പ്രസിഡന്‍റിന്‍റെ കൊട്ടാരം കൈയേറിയ ജനക്കൂട്ടം അവിടെ കാട്ടിക്കൂട്ടിയ വിക്രിയകള്‍ നല്‍കിയ സൂചനകളും അതായിരുന്നു.
മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ആ അരാജകത്വം ഇപ്പോള്‍ ശ്രീലങ്കയിലില്ല. എങ്കിലും അതിനു കാരണമായിരുന്ന സാമ്പത്തിക പ്രതിസന്ധിയും അതോടനുബന്ധിച്ച് ജനങ്ങ്ള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ചിരുന്ന അസംതൃപ്തിയും ഇനിയും കെട്ടടങ്ങിയിട്ടുമില്ല.
അതിനിടയിലാണ് രാജ്യത്തിന്‍റെ പുതിയ എക്സിക്യൂട്ടീവ് പ്രസിഡന്‍റിനെ കണ്ടെത്താനുളള ഈ തിരഞ്ഞെടുപ്പ്. ശ്രീലങ്കയില്‍ നിലവിലുളളത് പ്രസിഡന്‍ഷ്യല്‍ രീതിയിലുളള ഭരണമായതിനാല്‍ പ്രധാനമന്ത്രിക്കുളളതിനേക്കാള്‍ അധികാരം പ്രസിഡന്‍റിനാണ്.
ഒന്നേമുക്കാല്‍ കോടിയോളമാണ് വോട്ടര്‍മാര്‍. സ്ഥാനാര്‍ഥികള്‍ 38. കഴിഞ്ഞ തവണയും (2019ല്‍) അത്രയും പേരുണ്ടായിരുന്നു. ഇത്തവണ 39 പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഒരാള്‍ പിന്നീടു മരിച്ചു. അതിനാല്‍ കഴിഞ്ഞ തവണത്തെ റെക്കോഡ് ഇപ്പോഴും നിലനില്‍ക്കുന്നു. ഇത്രപേരുണ്ടായിട്ടും സ്ത്രീകളില്‍നിന്ന് ആരുമില്ല.
മുഖ്യ എതിരാളിയായ സജിത് പ്രേമദാസയ്ക്കു (സമാഗിജന ബാലവേഗായ) കിട്ടിയ 41.99 ശതമാനം വോട്ടിനെതിരെ 52.25 ശതമാനം വോട്ട് നേടിക്കൊണ്ടായിരുന്നു ഗോടബയ രാജപക്സെയുടെ (ശ്രീലങ്ക പൊതുജന പെരമുന) അന്നത്തെ വിജയം.
നാടുവിട്ടുപോയ ഗോടബയ ഒന്നര മാസത്തിനുശേഷം തിരിച്ചെത്തിയെങ്കിലും സ്വാഭാവികമായും ഇത്തവണ മല്‍സരിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ജ്യേഷ്ഠനും ശ്രീലങ്ക പൊതുജന പെരമുന സ്ഥാപകനുമായ മഹിന്ദ രാജപക്സെയും മല്‍സരിക്കുന്നില്ല. മുന്‍പ് ശ്രീലങ്കയുടെ പ്രസിഡന്‍റും പ്രധാനമന്ത്രിയുമായി പ്രവര്‍ത്തിച്ചിട്ടുളള ആളാണ് മഹിന്ദ.
രണ്ടു വര്‍ഷം മുന്‍പ് ജനകീയ പ്രക്ഷോഭത്തില്‍ രാജ്യം ഇളകിമറിഞ്ഞു കൊണ്ടിരുന്ന കാലത്ത് ഗോടബയ പ്രസിഡന്‍റായിരുന്നപ്പോഴും പ്രധാനമന്ത്രിക്കസേരയില്‍ ഉണ്ടായിരുന്നതു മഹിന്ദയായിരുന്നു. അവരെല്ലാം കൂടി കുടുംബത്തിലെ ഏറ്റവും ഇളയവനും മഹിന്ദയുടെ മൂത്ത മകനുമായ മുപ്പത്തെട്ടുകാരന്‍ നമലിനെയാണ് ശ്രീലങ്ക പൊതുജന പെരമുനയുടെ ഇത്തവണത്തെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരിക്കുന്നത്. പാര്‍ലമെന്‍റ് അംഗമാണ്.
മുന്‍നിരയിലുളള മറ്റു മൂന്നു സ്ഥാനാര്‍ഥികളല്‍ രാജ്യത്തിനു പുറത്ത് ഏറ്റവും അറിയപ്പെടുന്ന നേതാവാണ് 2022 ജൂലൈ മുതല്‍ പ്രസിഡന്‍റ് പദം വഹിച്ചുവരുന്ന റനില്‍ വിക്രമസിംഗെ (75). ശീലങ്കയിലെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയകക്ഷിയായ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ (യുഎന്‍പി) തലവനായ അദ്ദേഹം ഇത്തവണ മല്‍സരിക്കുന്നതു പക്ഷേ, സ്വതന്ത്രനായിട്ടാണ്.
എല്ലാ കക്ഷിക്കാരുടെയും സഹായം തേടുകയാണ് വിക്രമസിംഗെ. സാമ്പത്തിക പ്രശ്നങ്ങള്‍ക്കൊന്നും കാര്യമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും രാജ്യം അരാജകത്വത്തിന്‍റെ ചുഴിയില്‍ മുങ്ങിപ്പോകുന്നതു തടയാന്‍ തനിക്കായെന്നത് അദ്ദേഹം ഉയര്‍ത്തിക്കാണിക്കുന്നു. അതു മനസ്സിലാക്കുന്ന ജനങ്ങള്‍ കക്ഷിഭേദമന്യേ തന്‍റെ പിന്നില്‍ അണിനിരക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.
മുന്‍പ് ആറു തവണ പ്രധാനമന്ത്രിയായിരുന്നു റനില്‍. രണ്ടു തവണ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചുവെങ്കിലും തോറ്റു. പക്ഷേ, 2022ല്‍ പ്രസിഡന്‍റ് ഗോടബയ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായതോടെ ആ ഒഴിവ് നികത്തേണ്ടതു രാജ്യത്തിന് ആവശ്യമായി.
വിക്രമസിംഗെയാണ് അതിനുവേണ്ടി മുന്നോട്ടുവന്നത്. പാര്‍ലമെന്‍റില്‍ വന്‍ഭൂരിപക്ഷമുണ്ടായിരുന്ന രാജപക്സെമാരുടെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുന അദ്ദേഹത്തിനു പിന്തുണ നല്‍കിയതോടെ വിക്രമസിംഗെ ആദ്യമായി പ്രസിഡന്‍റാവുകയും ചെയ്തു. ഗോടബയയുടെ അവശേഷിക്കുന്ന കാലത്തേക്കു മാത്രമാണിത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിയായിട്ടും പാര്‍ലമെന്‍റില്‍ യുഎന്‍പിക്കുണ്ടായത് ഒറ്റ അംഗമാണ്. അതു മറ്റാരുമല്ല, അദ്ദേഹം തന്നെ.
കഴിഞ്ഞ തവണ (2019ല്‍) ഗോടബയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 41.99 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയിരുന്ന സജിത് പ്രേമദാസ (സമാഗിജന ബാലവേഗായ) ഇത്തവണയും മല്‍സരരംഗത്തു മുന്‍ നിരയിലുളളവരില്‍ ഉള്‍പ്പെടുന്നു. പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവാണ്.
രണ്ടു തവണ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുകയും അധികാരത്തിലിരിക്കേ 1993ലെ മേയ് ദിനത്തില്‍ തമിഴ് പുലികളുടെ (എല്‍ടിടിഇ) ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുയും ചെയ്ത രണസിംഗെ പ്രേമദാസയുടെ മകനാണ് സജിത് (57).
സജിതും മുന്‍നിരയിലെ മറ്റൊരു സ്ഥാനാര്‍ഥിയായ അനൂര കുമാര ദിസ്സനായകെയും (നാഷനല്‍ പീപ്പിള്‍സ് പവര്‍ സഖ്യം) രണ്ടേകാല്‍ കോടിയിലേറെ വരുന്ന ജനങ്ങള്‍ക്കു വാഗ്ദാനം ചെയ്യുന്നത് ഒരു പുതിയ ശ്രീലങ്കയാണ്. രാജപക്സെമാരുടെ ഭരണത്തിന്‍റെ അവസാന ഘട്ടത്തില്‍ അനുഭവിക്കേണ്ടി വന്നതു പോലുളള അനിയന്ത്രിതമായ നാണ്യപ്പെരുപ്പവും വിലക്കയറ്റവും അവശ്യസാധനങ്ങളുടെ കടുത്ത ദാരിദ്ര്യവും പവര്‍കട്ടുമെല്ലാം തങ്ങള്‍ പഴങ്കഥയാക്കി മാറ്റുമെന്ന് അവര്‍ ഉറപ്പു നല്‍കുന്നു.
രണ്ടു വര്‍ഷം മുന്‍പുണ്ടായ അരാജകത്വകത്തിനു കാരണക്കാരായവരെ നിയമത്തിന്‍റെ മുന്‍പാകെ കൊണ്ടുവരുമെന്ന വാഗ്ദാനം വിക്രമസിംഗെ ഗവണ്‍മെന്‍റ് പാലിച്ചില്ലെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. രാജപക്സെമാരുടെ ഭരണകാലത്തെ അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം, മറ്റു വിധത്തിലുളള അതിക്രങ്ങള്‍ എന്നിവയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്ന ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്.
ഇടതുപക്ഷക്കാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന നാഷനല്‍ പീപ്പിള്‍സ് പവര്‍ സഖ്യത്തിന്‍റെയും അതിന്‍റെ തലവനായ അനൂര കുമാര ദിസ്സനായകെയുടെയും സജീവ സാന്നിധ്യം പ്രത്യേകിച്ചും ശ്രീലങ്കയിലുടനീളം വളരെ കൗതുകത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.
മൂന്നര ദശകങ്ങള്‍ക്കു മുന്‍പ് (1988-1989) മാവോയിസ്റ്റ് രീതിയിലുളള സായുധ കലാപത്തിലൂടെ ദക്ഷിണ ശ്രീലങ്കയെ മുഴുവന്‍ വിറകൊളളിച്ച ജനത വിമുക്തി പെരമുനയാണ് ഈ സഖ്യത്തിന്‍റെ നായക സ്ഥാനത്ത്. അതിന്‍റെ തലവനായ അനൂരയ്ക്കു (55) കഴിഞ്ഞ തവണ (2019ല്‍) പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ കിട്ടിയത് മൂന്നാം സ്ഥാനമായിരുന്നു. കിട്ടിയ വോട്ടു മൂന്നു ശതമാനവും.
തുടര്‍ന്നു നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ 225 അംഗസഭയില്‍ വെറും മൂന്നു സീറ്റ് കൊണ്ടു തൃപ്തിപ്പെടേണ്ടിയും വന്നു. അങ്ങനെ ത്രീ പെര്‍സെന്‍റ് എന്ന പേരും കിട്ടി. എങ്കിലും കഴിഞ്ഞ ചില വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് യൂവാക്കള്‍ക്കിടയില്‍ തങ്ങളുടെ സ്വാധീനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ദിസ്സനായകെയ്ക്കു കഴിഞ്ഞു. പരമ്പരാഗത രാഷ്ട്രീയ കക്ഷികളുടെ പ്രതിഛായയ്ക്കു പൊതുവിലുണ്ടായ ഇടിച്ചലാണ് ഇതിനു കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
കഴിഞ്ഞ ചില ആഴ്ചകള്‍ക്കിടയിലുണ്ടായ അഭിപ്രായ വോട്ടുകളില്‍ മിക്കതും പ്രവചിച്ചത് ഒന്നുകില്‍ സജിത് പ്രേമദാസയോ അല്ലെങ്കില്‍ അനൂര കുമാര ദിസ്സനായകെയോ ജ്യിക്കുമെന്നാണ്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതൊരു പുതിയ ശ്രീലങ്കയുടെ തുടക്കമായിരിക്കും.