ADVERTISEMENT

ത്രീ പെര്‍സെന്‍റ് അഥവാ മൂന്നു ശതമാനം എന്നു പറഞ്ഞ് ആളുകള്‍ കളിയാക്കിയിരുന്ന പാര്‍ട്ടിയുടെ തലവന്‍ ഒടുവില്‍ ശ്രീലങ്കയുടെ പ്രസിഡന്‍റായത് ആരെയും അല്‍ഭുതപ്പെടുത്തുന്നുണ്ടാവില്ല. കാരണം വ്യക്തമാണ്. ഇന്ത്യയുടെ ഏതാണ്ട് അത്രതന്നെ കാലമായി (1948 മുതല്‍) സ്വതന്ത്ര രാജ്യമായി നിലനിന്നു വരുന്ന ശ്രീലങ്കയിലെ പരമ്പരാഗത രാഷ്ട്രീയ ശക്തികളിലുള്ള ജനങ്ങളുടെ വിശ്വാസം അത്രമാത്രം ഇടിഞ്ഞുനിലം പൊത്തിയിരുന്നു. 

ഇനിയുമൊരു പരീക്ഷണത്തിനു കൂടിയുളള ജനങ്ങളുടെ ധൈര്യമാവാം 56ാം വയസ്സില്‍ അനൂര കുമാര ദിസ്സനായകെയെ രാജ്യത്തിലെ പരമോന്ന അധികാര പദവിയായ എക്സിക്യൂട്ടീവ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്‍റും ഉള്‍പ്പെടെയുലളള ലോക നേതാക്കളുമായി ശ്രീലങ്കയ്ക്കു വേണ്ടി ഇനി ഇടപെടുന്നതും സംവദിക്കുന്നതും തൊഴിലാളി ദമ്പതികളുടെ മകന്‍ എന്ന നിലയില്‍ അഭിമാനം കൊള്ളുന്ന അദ്ദേഹമായിരിക്കം. ചുരുക്കത്തില്‍ എകെഡി എന്നറിയപ്പെടുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച (സെപ്റ്റംബര്‍ 21) നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തു മുന്‍നിരയിലുണ്ടായിരുന്നവരും അവരെ പിന്തുണച്ചവരുമെല്ലാം കൂടുതല്‍ പ്രശസ്തരും രാഷ്ട്രീയ രംഗത്തു താരമ്യേന കൂടുതല്‍ പരിചയസമ്പന്നരുമായിരുന്നു. ദിസ്സനായകെയാണെങ്കില്‍ രാജ്യത്തിനു പുറത്ത് മാത്രമല്ല, അകത്തും അധികമൊന്നും അറിയപ്പെട്ടിരുന്നില്ല‌. 2004ല്‍ ചന്ദ്രിക കുമാരതുംഗെ പ്രസിഡന്‍ായിരുന്ന കാലത്ത് അവരുടെ കൂട്ടമന്ത്രിസഭയില്‍ കൃഷിവകുപ്പിന്‍റെ ചുമതല വഹിച്ചിരുന്നുവെന്നു മാത്രം.  

കഴിഞ്ഞ തവണ (2019ല്‍) പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ ദിസ്സനായകെയ്ക്ക് കിട്ടിയത് മൂന്നാം സ്ഥാനമായിരുന്നു. അദ്ദേഹം നയിക്കുന്ന നാഷനല്‍ പീപ്പിള്‍സ് പവര്‍ സഖ്യത്തിനു രാജ്യമൊട്ടുക്കുംകൂടി കിട്ടിയ വോട്ട് മൂന്നു ശതമാനം. 2020ല്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ 225 അംഗ സഭയില്‍ കിട്ടിയത് തന്‍റേതടക്കം വെറും മൂന്നു സീറ്റ്. ത്രീ പെര്‍സന്‍റ് പാര്‍ട്ടിയെന്ന പേര് കിട്ടിയത് അങ്ങനെയായിരുന്നു. 

ശ്രീലങ്ക പൊതുജന പെരമുനയുടെ സ്ഥാനാര്‍ഥിയായ ഗോടബയ രാജപക്സെയായിരുന്നു 52.25 ശതമാനം വോട്ടുകളോടെ അന്നു മുന്നില്‍. 41.99 ശതമാനം വോട്ടുകളോട രണ്ടാം സ്ഥാനത്തെത്തിയത് പ്രതിപക്ഷ നേതാവും സമാഗിജന ബാലവേഗായ പാര്‍ട്ടി തലവനുമായ സജിത് പ്രേമദാസ.  

എന്നാല്‍ ഇത്തവണ വോട്ടെണ്ണിയപ്പോള്‍ കണ്ടത് ജയിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം അഥവാ 50 ശതമാനത്തിലേറെ വോട്ടുകള്‍ ആര്‍ക്കും ഇല്ലെന്നാണ്. ദിസ്സനായകെയെക്കു 42.3 ശതമാനവും പ്രേമദാസയ്ക്കു 32.7 ശതമാനവും മാത്രം. ആറു തവണ പ്രധാനമന്ത്രിയായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായ ആക്ടിങ് പ്രസിഡന്‍റ് റനില്‍ വിക്രസിംഗെയ്ക്കു കിട്ടിയത് വെറും 17.27 ശതമാനം. 

ശ്രീലങ്കയിലെ ഏറ്റവും പഴക്കം ചെന്ന കക്ഷിയായ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ (യുഎന്‍പി) നേതാവായ വിക്രമസിംഗെ സ്വതന്ത്രനായി മല്‍സരിച്ചതുതന്നെ കക്ഷിഭേദമന്യേ ജനങ്ങള്‍ തന്നെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ, ഫലമുണ്ടായില്ല. പ്രസിഡന്‍റും പ്രധാനമന്ത്രിയുമായിരുന്ന മഹിന്ദ രാജപക്സെയുടെ മൂത്തമകനും മുന്‍ധനമന്ത്രിയുമായ നമലും മല്‍സരിച്ചുവെങ്കിലും നേടാനായത് വെറും നാലു ശതമാനം വോട്ടുകള്‍.

ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ വോട്ടെണ്ണല്‍ നടത്തേണ്ടിവന്നതു രണ്ടു ഘട്ടങ്ങളായിട്ടാണ്. കാരണം ആര്‍ക്കും 50 ശതമാനത്തിലധികം വോട്ടുകള്‍ കിട്ടാതിരുന്നതുതന്നെ. ഫ്രാന്‍സിലും മറ്റും പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ഏറ്റവും മുന്നിലെത്തുന്ന രണ്ടു പേര്‍ തമ്മില്‍ ഒന്നു രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും മല്‍സരിക്കുകയാണ് പതിവ്. അങ്ങനെ രണ്ടിലൊരാള്‍ തിരഞ്ഞെടുക്കപ്പെടുന്നു. 

എന്നാല്‍ ശ്രീലങ്കയിലെ രീതി വ്യത്യസ്തമാണ്. രണ്ടാമതൊരു വോട്ടെടുപ്പ് നടത്താതെയും വീണ്ടുമൊരു വോട്ടെണ്ണല്‍ നടത്തിയും പ്രശ്നം പരിഹരിക്കുന്നു. മുന്‍പൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നുമാത്രം.

ബാലറ്റ് പേപ്പറില്‍ മൂന്നു സ്ഥാനാര്‍ഥികള്‍ക്കുവരെ മുന്‍ഗണനാ ക്രമത്തില്‍ (പ്രിഫറന്‍ഷ്യന്‍ രീതിയില്‍) വോട്ട് അടയാളപ്പെടുത്താന്‍ സൗകര്യമുണ്ട്. ഏറ്റവുമധികം വോട്ടുകള്‍ കിട്ടുന്ന രണ്ടു സ്ഥാനാര്‍ഥികളുടെ വോട്ടുകളോടൊപ്പം മറ്റുളളവരുടെ പ്രിഫറന്‍ഷ്യല്‍ വോട്ടുകളും ചേര്‍ക്കുന്നു. 

അതനുസരിച്ച് ദിസ്സനായകെയ്ക്ക്  പ്രേമദാസയേക്കാള്‍ 12 ലക്ഷം വോട്ടുകള്‍ അധികമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അറിയിപ്പ്. ആദ്യവോട്ടെണ്ണല്‍ കഴിഞ്ഞ ഉടന്‍തന്നെ പ്രേമദാസ പരാജയം സമ്മതിക്കുകയും ദിസ്സനായകെയെ അനുമോദനം അറിയിക്കുകയു ചെയ്തു. 

എന്നാല്‍, വിക്രമസിംഗെ അതിനു തയാറായത് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക വിജ്ഞാപനം വന്ന ശേഷം മാത്രമാണ്. ഫലം അത്രയും അവിശ്വസനീയമായി അദ്ദേഹത്തിനു തോന്നിയിരിക്കണം. കാരണം, 2022 ജൂലൈയില്‍ രാജപക്സെമാരുടെ ദുര്‍ഭരണത്തിന് എതിരെ രാജ്യം ഇളകി മറിയുകയും പ്രസിഡന്‍റ് ഗോടബയ രാജപക്സെ നാടുവിട്ട് ഓടിപ്പോവുകയും ചെയ്തപ്പോള്‍ ആക്ടിങ് പ്രസിഡന്‍റ് എന്ന നിലയില്‍ ഭരണം ഏറ്റെടുക്കുകയും രാജ്യത്തു ക്രമസമാധാനം ഏറെക്കുറേ പുനഃഥാപിക്കുകയും ചെയ്തത് അദ്ദേഹമായിരുന്നു. 

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കുളള പരിഹാരമെന്ന നിലയില്‍ രാജ്യാന്തര നാണ്യനിധിയില്‍നിന്നു (ഐഎംഎഫ്) വന്‍തുകയുടെ സഹായ പാക്കേജ് അദ്ദേഹം തരപ്പെടുത്തിയെടുക്കുകയും ചെയ്തു. അതേസമയം, ഐഎംഎഫ് നിര്‍ദേശിച്ച കര്‍ശനമായ ചെലവു ചുരുക്കലിനു വഴങ്ങേണ്ടിവന്നത് ജനങ്ങള്‍ക്കിടയില്‍ വിക്രമസിംഗെയ്ക്കെതിരെ അസംതൃപ്തി വളരാന്‍ കാരണമാവുകയുമുണ്ടായി. 

കുഴപ്പങ്ങള്‍ക്കെല്ലാം ഉത്തരവാദികളായി ആരോപിക്കപ്പെട്ട രാജപക്സെമാര്‍ക്കെതിരെ വിക്രമസിംഗെ ഉചിതമായ നടപടികള്‍ എടുത്തില്ലെന്നതും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രതിഛായയെ സാരമായി ബാധിച്ചിരിക്കണം. ചുരുക്കത്തില്‍ ശ്രീലങ്കയിലെ പരമ്പരാഗത രാഷ്ട്രീയ സാംസ്ക്കാരിക ഭൂമികയിലുണ്ടായ ഒരു ഭൂകമ്പമായി ഈ തിരഞ്ഞെടുപ്പ് ഫലം. 

 

ദിസ്സനായകെയുടെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന നാഷനല്‍ പീപ്പിള്‍സ് പവര്‍ സഖ്യത്തിന്‍റെയും അതിനു നേതൃത്വം നല്‍കുന്ന ജനത വിമുക്തി പെരമുനയുടെയും (ജെവിപി) വിജയം അങ്ങനെ വിശേഷിപ്പിക്കപ്പെടുന്നു. ദിസ്സനായകെയാണ് ജെവിപിയുടെ നായകന്‍.

മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപം കൊള്ളുകയും മാവോയിസ്റ്റ് രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തതായിരുന്നു ജെവിപി. ക്യൂബന്‍ വിപ്ലവ നേതാവായിരുന്ന ചെ ഗുവേരയായിരുന്നു അവരുടെ മാതൃകാപുരുഷന്‍. 

സ്ഥാപക നേതാവായ രോഹണ വിജയവീരയുടെ നേതൃത്വത്തില്‍ അഴിമതിക്കും ധൂര്‍ത്തിനും ചൂഷണത്തിനും എതിരെ പോരാടുന്നതിനിടയില്‍ അവര്‍ ആദ്യഘട്ടത്തില്‍ രണ്ടു തവണ (1971ലും 1987-1989ലും) ഭീകരവും വ്യാപകവുമായ അക്രമങ്ങള്‍ അഴിച്ചുവിടുകയുമുണ്ടായി. ഭരണം പിടിച്ചടയ്ക്കുകയായിരുന്നു ലക്ഷ്യം. അതിനു തുടക്കമിട്ടത് പൊലീസ് സ്റ്റ്രേഷനുകള്‍ ആക്രമിച്ചുകൊണ്ടും. 

അത്രയും രൂക്ഷമായ വിധത്തിലും തോതിലും ഗവണ്‍മെന്‍റ് (ആദ്യം പ്രധാനമന്ത്രി സിരിമാവോ ബണ്ടാരനായകെയും പിന്നീട് പ്രസിഡന്‍റ് ജൂനിയസ് ജയവര്‍ധനെയും പ്രസിഡന്‍റ് രണസിംഗെ പ്രേമദാസയും) അവര്‍ക്കെതിരെ തിരിച്ചടിച്ചു. ഇരുപക്ഷങ്ങളിലുമായി ആയിരങ്ങള്‍ കൊല്ലപ്പെട്ടു. രോഹണ വിജയവീരയുടെ അന്ത്യവും അങ്ങനെയായിരുന്നു.

ദിസ്സനായകെയുടെ കക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പവര്‍ സഖ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായ ഒരു പരീക്ഷയിലാണ് ഇപ്പോള്‍ വിജയം നേടിയിരിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ രീതിയിലുളള ഭരണമായതിനാല്‍ പ്രധാനമന്ത്രിക്കല്ല, പ്രസിഡന്‍റിനാണ് കൂടുതല്‍ അധികാരം. എങ്കിലും ഭരണം സുഗമമാകണമെങ്കില്‍ പ്രസിഡന്‍റിനു പാര്‍ലമെന്‍റിന്‍റെ പിന്തുണയുണ്ടായിരിക്കണം.

പ്രസിഡന്‍റിന്‍റെ കക്ഷിക്കു 225 അംഗ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമില്ലെന്നു മാത്രമല്ല, മൂന്നു സീറ്റുകളേയുളളൂ. അതു വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനുവേണ്ടി പുതിയ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. പ്രസിഡന്‍റായാല്‍ 45 ദിവസത്തിനകം പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് നടത്തുമെന്നു നേരത്തെതന്നെ ദിസ്സനായകെ പ്രഖ്യാപിച്ചിട്ടുമുണ്ട്. സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പ് മല്‍സരംകൂടി ഇനിയും കാണാനിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com