യുദ്ധത്തില്‍നിന്ന് യുദ്ധത്തിലേക്ക്

HIGHLIGHTS
  • ലെബനില്‍ ഇസ്രയേലിന്‍റെ കരസേനാ നീക്കം
  • നേതാവിന്‍റെ വധത്തിനു പകരം വീട്ടുമെന്ന് ഹിസ്ബുല്ല
LEBANON-ISRAEL-PALESTINIAN-CONFLICT
ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ ഭാഗങ്ങൾ (Photo by AFP)
SHARE

ലെബനനിലെ ഹിസ്ബുല്ല സംഘടനയുടെ നേതാവ് (സെക്രട്ടറി ജനറല്‍) സയ്യിദ് ഹസ്സന്‍ നസ്രല്ല ഇസ്രയേലിന്‍റെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ വിജയാഹ്ളാദത്തിന്‍റെ കൊടുമുടിയില്‍ എത്തിനില്‍ക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. തലസ്ഥാനമായ ബെയ്റൂട്ട് ഉള്‍പ്പെടെ ലെബനന്‍റെ പല ഭാഗങ്ങളിലും വ്യാപകമായ തോതിലുളള കനത്ത ബോംബാക്രമണവും തുടര്‍ന്നുണ്ടായി. ഇസ്രയേല്‍ കരസേന ഇത്തവണ ആദ്യമായി ലെബനനിലേക്കു കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ മധ്യപൂര്‍ദേശത്തെ സ്ഥിതി മുമ്പെന്നേക്കാളും വിസ്ഫോടനാത്മകവും സങ്കീര്‍ണവുമായിത്തീര്‍ന്നു.  

പശ്ചിമേഷ്യയില്‍ മെഡിറ്ററേയന്‍ കടലിന്‍റെ പടിഞ്ഞാറന്‍ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു ചെറിയ അറബ് രാജ്യമാണ് ലെബനന്‍. ഹിസ്ബുല്ല അവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായും അതോടൊപ്പംതന്നെ ഒരു സായുധ സംഘടനയായും (മിലീഷ്യ) പ്രവര്‍ത്തിച്ചുവരുന്നു. അയല്‍രാജ്യമായ ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൊടിയ ശത്രുക്കളുടെ കൂട്ടത്തിലാണ് ഹിസ്ബുല്ലയും. 

Hassan-Nasrallah
ഹസൻ നസ്രല്ല (Photo by HASSAN AMMAR / AFP)

ഗാസയില്‍ ഇസ്രയേല്‍ നടത്തിവരുന്ന ആക്രമണത്തിനെതിരെ പലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെ മുഖ്യമായി സഹായിക്കുന്നത് ഹിസ്ബുല്ലയാണ്. അതിനുവേണ്ടി ലെബനനില്‍നിന്ന് ഒരു വര്‍ഷത്തോളമായി അവര്‍ ഇസ്രയേലിലേക്കു റോക്കറ്റ് ആക്രമണം നടത്തിവരികയായിരുന്നു. 

ഇസ്രയേലിന്‍റെ ഉത്തര മധ്യഭാഗത്ത് ആ രാജ്യത്തിന്‍റെ വാണിജ്യ തലസ്ഥാനമായ ടെല്‍അവീവ്വരെ എത്തിച്ചേരാന്‍ കഴിയുന്ന റോക്കറ്റുകളും മിസൈലുകളും ഹിസ്ബുല്ലയുടെ പക്കലുണ്ട്. പലതവണ അവര്‍ അവ ഉപയോഗിക്കുകയുമുണ്ടായി. ഇതുകാരണം ആയിരക്കണക്കിനു ജനങ്ങള്‍ക്കു വടക്കന്‍ ഇസ്രയേലില്‍നിന്നു രാജ്യത്തിന്‍റെ ഉള്‍ഭാഗങ്ങളിലേക്കു പലായനംചെയ്യേണ്ടിവന്നു. ഒട്ടേറെ പേര്‍ അയല്‍രാജ്യങ്ങളായ സിറിയയിലേക്കും ഇറാഖിലേക്കും രക്ഷപ്പെട്ടു. 

നസ്രല്ലയുടെ മരണത്തോടെ ഈ ആക്രമണം ഹിസ്ബുല്ല പഴയതുപോലെ തുടരുമോ? ഇല്ലെങ്കില്‍ ഇസ്രയേലിന് എതിരായ ഹമാസിന്‍റെ ചെറുത്തുനില്‍പ്പ് കുറയുകയും കാലക്രമത്തില്‍ അവസാനിക്കുകയും ചെയ്യുമോ? ഗാസ മുഴുവന്‍ ഇസ്രയേലിന്‍റെ അധീനത്തിലാവുകയായിരിക്കും അതിന്‍റെ ഫലം. ഹിസ്ബുല്ലയും ഇറാനും അതിന് അനുവദിക്കുമോ? ഇങ്ങനെ പല ചോദ്യങ്ങളും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. 

israel-iron-dome-iran
ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്ന ഇസ്രയേലിന്റെ അയൺ ഡോം സംവിധാനം. അഷ്കലോൺ നഗരത്തിൽനിന്നുള്ള ദൃശ്യം. (Photo: REUTERS/Amir Cohen)

നസ്രല്ലയ്ക്കു പുറമെ  മറ്റ് ഒട്ടേറെ പ്രമുഖ ഹിസ്ബുല്ല നേതാക്കളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇസ്രയേലിന്‍റെ നേരിട്ടോ അല്ലാതെയുളള ആക്രമണത്തിന്  ഇരയാവുകയുണ്ടായി. അവരില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പേര്‍ കൊല്ലപ്പെട്ടത് നസ്രല്ല വധിക്കപ്പെട്ട ദിവസത്തിന് (സെപ്ര്റ്റംബര്‍ 27, വെള്ളിയാഴ്ച) തൊട്ടുമുന്‍പുളള ദിവസങ്ങളിലായിരുന്നു. ബെയ്റൂട്ടിന്‍റെ പരിസരത്തുളള ഹിസ്ബുല്ല ആസ്ഥാനത്ത് ഭൂഗര്‍ഭ നിലയത്തിലിരിക്കുകയായിരുന്നു നസ്രല്ല. അപ്പോഴായിരുന്നു ആ കെട്ടിടത്തിനു നേരെയുളള ഇസ്രയേലിന്‍റെ ബോംബാക്രമണം. 

രണ്ടു മാസം മുന്‍പ് ഹമാസിന്‍റെ പ്രമുഖ നേതാവ് ഇസ്മായില്‍ ഹനിയ്യെ ഇറാന്‍റെ തലസ്ഥാനമായ ടെഹറാനില്‍ വധിക്കപ്പെട്ട സംഭവവുമായി ഇതു  താരതമ്യംചെയ്യപ്പെടുന്നു. പുതിയ ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാന്‍റെ സ്ഥാനാരോഹണത്തില്‍ സംബന്ധിക്കാന്‍ എത്തിയ അദ്ദേഹം താമസിക്കകയായിരുന്ന കെട്ടിടത്തില്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. 

ഹനിയ്യയെ വധിക്കാനായി ഇസ്രയേല്‍ ചാരന്മാര്‍ നേരത്തെതന്നെ ബോംബ് ഒളിപ്പിച്ചുവച്ചതാണെന്നായിരുന്നു. ആരോപണം. ഇസ്രയേല്‍ ആരോപണം നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തില്ല.  

ഇതിനെല്ലാം ഹിസ്ബുല്ല പകരം വീട്ടുകയോ പകരംവീട്ടാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യാതിരിക്കുമോ ? പകരം വീട്ടാതിരിക്കില്ലെന്ന് ഹിസ്ബുല്ലയുടെ ഏറ്റവും വലിയ സഹായിയായ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. 

ISRAEL-LEBANON-PALESTINIAN-CONFLICT
This picture shows projectiles above Jerusalem, on October 1, 2024. - Iran has launched a missile attack on Israel's commercial hub Tel Aviv, state media reported on October. (Photo by Menahem Kahana / AFP)

ഒരു ഭാഗത്ത് ഗാസയില്‍ ഹമാസുമായി യുദ്ധം ചെയ്യുന്ന ഇസ്രയേല്‍ മറ്റൊരു ഭാഗത്തു ലെബനനുമായുളള അതിര്‍ത്തിയില്‍ ഹിസ്ബുല്ലുയുമായും യുദ്ധത്തിലാണ്. നിയന്ത്രണം കൈവിട്ടുപോവുകയാണെങ്കില്‍ അതീവ ഗരുതരമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുന്നതായിരിക്കും ഈ യുദ്ധം. കാരണം, ഹിസ്ബുല്ലയുടെ പിന്നില്‍ ഇറാനുണ്ട്. ഇറാനും ഇസ്രയേലും തമ്മില്‍ നേരിട്ടുളള യുദ്ധമായിരിക്കും അതിന്‍റെ പരിണിതഫലം. 

ഇരു രാജ്യങ്ങളും മധ്യപൂര്‍വദേശത്തെ ഭേദപ്പെട്ട സൈനിക ശക്തികളാണ്. ഇസ്രയേലിന്‍റെ പക്കല്‍ ആണവായുധങ്ങള്‍ ഉളളതായി വിശ്വസിക്കപ്പെടുന്നു. ആണവ ബോംബ് നിര്‍മാണ സാങ്കതികവിദ്യ ഇറാന്‍ സ്വായത്തമാക്കിക്കഴിഞ്ഞുവെന്ന സംശയവും പല കേന്ദ്രങ്ങളിലുമുണ്ട്. 

എല്ലാ ശക്തിയും ഉപയോഗിച്ച് ഇവര്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുകാണെങ്കില്‍ അത് ലോകത്തെ പൊതുവിലും മധ്യപൂര്‍വദേശത്തെ പ്രത്യേകിച്ചും എങ്ങനെയെല്ലാമാണ് ബാധിക്കുകയെന്ന് ആര്‍ക്കും ഇപ്പോള്‍ പൂര്‍ണമായും ഊഹിക്കാന്‍ പോലും സാധ്യമല്ല. ഊഹിക്കാന്‍ കഴിയുന്നിടത്തോളം കാര്യങ്ങള്‍തന്നെ ഞെട്ടലുണ്ടാക്കുന്നു. 

ഹിസ്ബുല്ലയെ ചെറുക്കാനായി ഏതു നിമിഷവും ലെബനന്‍റെ അകത്തേക്കു കടക്കാന്‍ ഒരുങ്ങിയിരിക്കണമെന്നു ഇസ്രയേല്‍ കരസൈന്യത്തോട് അതിന്‍റെ തലവന്‍ ലെഫ്റ്റനന്‍റ് ജനറല്‍ ഹെര്‍സി ഹലേവി ആവശ്യപ്പെട്ടതായി നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ട്. 

LEBANON-ISRAEL-PALESTINIAN-HEZBOLLAH-CONFLICT
(Photo by Fadel ITANI / AFP)

ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗല്ലാന്‍റ് അടുത്തിടെ നടത്തിയ ചില പ്രസ്താവനകളും അത്തരമൊരു സൂചന നല്‍കുന്നു. ലെബനന്‍റെ അതിര്‍ത്തിക്കടുത്തു ഇസ്രയേല്‍ സൈനികര്‍ പരിശീലനം നടത്തിവരുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. 

യുഎന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനം ന്യൂയോര്‍ക്കില്‍ നടന്നുകൊണ്ടിരിക്കേ ലെബനനില്‍ വെടിനിര്‍ത്തലിനുവേണ്ടി അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഈ സംഭവവികാസം. ന്യൂയോര്‍ക്കില്‍തന്നെയുണ്ടായിരുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അവരുടെ ശ്രമങ്ങള്‍ തീര്‍ത്തും അവഗണിക്കുകയാണ് ചെയ്തത്. 

മാത്രമല്ല, ഹിസ്ബുല്ല തലവനെ വധിക്കാനുളള നടപടികളുമായി മുന്നോട്ടു പോവാന്‍ അദ്ദേഹംതന്നെ തന്‍റെ സൈന്യാധിപനു ഫോണിലൂടെ ഉത്തരവ്  നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മുന്‍പ് പല തവണ ഇസ്രയേല്‍ കരസൈന്യം ലെബനനില്‍ കയറി ആക്രമണം നടത്തിയിരുന്നുവെങ്കിലും ഇത്തവണ അത്തരമൊരു സാഹസത്തിന് ഇതുവരെ ധൈര്യപ്പെട്ടിരുന്നില്ല. ബോംബുകളും മിസൈലുകളും ഉപയോഗിച്ചുള്ള വ്യോമാക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. 

നേര്‍ക്കുനേരെയല്ലാതെയുളള അത്തരം ആക്രമണത്തിന്‍റെ മറ്റൊരു ഉദാഹരണമായിരുന്നു ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ഇലക്ട്രോണിക്  പേജറുകളിലും വോക്കി ടോക്കികളിലുമുണ്ടായ സ്ഫോടനങ്ങള്‍. സന്ദേശങ്ങള്‍ കൈമാറാനായി ഹിസ്ബുല്ല പ്രവര്‍ത്തകര്‍ കൊണ്ടുനടന്നിരുന്ന ഈ ഉപകരണങ്ങള്‍ പല സ്ഥലങ്ങളിലായി ഒരേ സമയത്തു പൊട്ടിത്തെറിക്കുകയായിരുന്നു. 

Lebanon-israel-300901
തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ. ചിത്രം: REUTERS/Aziz Taher

ആ ഉപകരണങ്ങള്‍ ഹിസ്ബുല്ല ഇറക്കുമതി ചെയ്ത രാജ്യങ്ങളില്‍ വച്ചുതന്നെ ഇസ്രയേലി ചാരന്മാര്‍ അവയില്‍ ബോംബുകള്‍ തിരുകി വച്ചിരുന്നുവെന്നും റിമോട്ട് കണ്‍ട്രോള്‍ വഴി പ്രവര്‍ത്തിപ്പിക്കുകയായിരുന്നുവെന്നും അനുമാനിക്കപ്പെടുന്നു. ഇസ്രയേലാണ് ഇതു ചെയ്തതെന്ന് ഇറാനും ഹിസ്ബുല്ലയും കുറ്റപ്പെടുത്തിയെങ്കിലും ഇസ്രയേല്‍ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തില്ല. അത്തരം കാര്യങ്ങള്‍ ചെയ്യാനുളള ഇസ്രയേലി ചാരവിഭാഗത്തിന്‍റെ വൈദഗ്ധ്യം ആരും കുറച്ചു കാണുന്നുമില്ല. 

മെഡിറ്ററേനിയന്‍ കടലിനോടു ചേര്‍ന്നു കിടക്കുന്ന ഗാസയില്‍ ഇസ്രയേലും പലസ്തീന്‍ തീവ്രവാദി സായുധ സംഘടനയായ ഹമാസും തമ്മിലുളള ഘോരയുദ്ധം തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാവാന്‍ പോവുകയാണ്. 1200 പേരുടെ മരണത്തിനിടയാക്കുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തുകൊണ്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനു ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു തൊട്ടു പിന്നാലെയായിരുന്നു ഇസ്രയേലിന്‍റെ പ്രത്യാക്രമണം. 

ഇതുമൂലം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42600  കഴിഞ്ഞു. അധികവും സ്ത്രീകളും കുട്ടികളുംട ഉള്‍പ്പെടെയുളള നിരപരാധികള്‍. അവരുടെ പാര്‍പ്പിടങ്ങളും മറ്റു കെട്ടിടങ്ങളുമെല്ലാം തകര്‍ന്നു നിലംപൊത്തി.

വിജയോന്മാദത്തിലാണ് ഇസ്രയേല്‍. ഹിസ്ബുല്ല തലവന്‍ വധിക്കപ്പെട്ടതിനു തൊട്ടുപിന്നാലെ ലെബനന്‍റെ പല ഭാഗങ്ങളിലും അവര്‍ നടത്തിയ വ്യാപകമായ വ്യോമാക്രമണങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഏറ്റവും ഒടുവിലായി യെമനിലെ ഹൂത്തികളെയും ആക്രമിക്കാന്‍ തുടങ്ങിരിക്കുകയാണ്. ഇറാനെയും ഹിസ്ബുല്ലയെയും പോലെ ഗാസയിലെ യുദ്ധത്തില്‍ ഇസ്രയേലിനെതിരെ ഹമാസിനെ സഹായിച്ചുവരികയാണ് ഹൂത്തികള്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS