ADVERTISEMENT

ലോകത്തിന്‍റെ കിഴക്കന്‍ മേഖലയിലെ സ്വിറ്റ്സര്‍ലന്‍ഡ് എന്നു ലെബനനെ വിളിച്ചിരുന്ന ഒരു കാലമുണ്ടായിരിന്നു. ആ ചെറിയ (10,452 ചതുരശ്ര കിലോമീറ്റര്‍) രാജ്യത്തിന്‍റെ തലസ്ഥാനമായ ബെയ്റൂട്ട് അറബ് ലോകത്തെ പാരിസ് എന്നും അറിയപ്പെട്ടു. അതായത് വിശ്രമിക്കാനും സന്തോഷിക്കാനും സുഖിക്കാനും (ചുരുക്കത്തില്‍ അടിപൊളി ജീവിതം നയിക്കാനും) വഴി തേടുന്നവരുടെ ഇഷ്ടതാവളം. 

പേരുകേട്ട വാണിജ്യ കേന്ദ്രവുമായിരുന്നു. മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തു കിടക്കുന്ന ബെയ്റൂട്ടില്‍ ലഭ്യമല്ലാത്തതായി ഒന്നുമുണ്ടായിരുന്നില്ല. 

പക്ഷേ, ഇന്ന് അതൊന്നുമല്ല ബെയ്റൂട്ട്. ഒരു യുദ്ധക്കളം. ഭീതി ജനിപ്പിക്കുന്ന മൃതനഗരം. ഇറാനെ അനുകൂലിക്കുന്ന സായുധ സംഘടനായായ ഹിസ്ബുല്ലയും ഇസ്രയേലും തമ്മില്‍ പോരാടിക്കൊണ്ടിരിക്കുന്ന സ്ഥലം. ബോംബുകള്‍ വര്‍ഷിക്കപ്പെടുകയും മിസൈലുകള്‍ അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായുകയും ചെയ്യുന്നു. മരണത്തില്‍ നിന്നു രക്ഷപ്പെടാനായി ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യുന്നു. 

ഈ മാറ്റം എങ്ങനെയുണ്ടായി? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ ഓര്‍മകള്‍ ഒരു നൂറ്റാണ്ടിലേറെ പിന്നിലേക്ക് പോകുന്നു.  

ഒരു മിലീഷ അഥവാ സായുധ സംഘടനയെന്നതിനു പുറമെ ലെബനനിലെ ഒരു രാഷ്ട്രീയ കക്ഷി കൂടിയാണ് ഹിസ്ബുല്ല. അവരും ഇസ്രയേലും തമ്മില്‍ സൈനികമായി ഏറ്റുമുട്ടുന്നത് ഇതാദ്യവുമല്ല. അതിനുമുന്‍പ് ലെബനനിലെ  പലസ്തീന്‍ സംഘടനുകളുമായും ഇസ്രയേല്‍ ഏറ്റുമുട്ടിക്കൊണ്ടിരുന്നു. 

ഒന്നാം ലോകമഹായുദ്ധത്തിനു (1914-1918) മുന്‍പ് ലെബനന്‍ എന്നൊരു രാജ്യമേ ഉണ്ടായിരുന്നില്ല. ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന പ്രദേശം. ലെബനന്‍, സിറിയ, ഇറാഖ്, പലസ്തീന്‍ എന്നിവയെല്ലാം കൂടി ലെവന്‍റ് എന്നറിയപ്പെടുകയായിരുന്നു. ഇന്നും അങ്ങനെ വിളിക്കുന്നവരുണ്ട്. 

യുദ്ധത്തില്‍ ജര്‍മനിയോടൊപ്പം ചേര്‍ന്ന ഓട്ടോമന്മാര്‍ തോറ്റു. ജയിച്ചവര്‍ (മുഖ്യമായി ഫ്രാന്‍സും ബ്രിട്ടനും) ആ പ്രദേശം വെട്ടിമുറിച്ചു പങ്കിട്ടെടുത്തു. അങ്ങനെയുണ്ടായതാണ് ലെബനനും സിറിയയും ഇറാഖും ഇന്നത്തെ ഇസ്രയേലും അതിന്‍റെ അധിനിവേശത്തിലുളള പലസ്തീന്‍ പ്രദേശങ്ങളും മറ്റും. 

ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍ഗാമിയായ ലീഗ് ഓഫ് നാഷന്‍സിന്‍റെ അംഗീകാരത്തോടെ ഫ്രാന്‍സിന്‍റെയും ബ്രിട്ടന്‍റെയും ഭരണമായിരുന്നു ആ രാജ്യങ്ങളില്‍  തുടര്‍ന്നുളള കുറേ വര്‍ഷങ്ങളില്‍.  1943ല്‍ ലെബനന്‍ ഫ്രാന്‍സിന്‍റെ നിയന്ത്രണത്തില്‍നിന്നു സ്വതന്ത്രമായി. 

അതേസമയം ബ്രിട്ടന്‍റെ നിയന്ത്രണത്തിലായിരുന്ന പലസ്തീന്‍റെ കാര്യത്തില്‍ ജൂതരും അറബികളും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും ചോരച്ചൊരിച്ചലിനു കാരണമാവുകയും  ചെയ്തു. തര്‍ക്കവും യുദ്ധവും ഇനിയും തീര്‍ന്നിട്ടുമില്ല

മറ്റ് മിക്ക അറബ് രാജ്യങ്ങളില്‍ നിന്നുമുളള ലെബനന്‍റെ ഒരു പ്രത്യേകത, മുസ്ലിംകളല്ലാത്ത മതവിഭാഗക്കാരുടെയും വന്‍തോതിലുളള സാന്നിധ്യമാണ്. അറബ് രാജ്യങ്ങളുടെ സംഘടനയായ അറബ് ലീഗില്‍ ലെബനന്‍ അംഗമാണെങ്കിലും മറ്റ് അറബ് രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി ഇസ്ലാമിക രാഷ്ട്ര സംഘടനയില്‍ (ഒഐസി) അംഗമല്ല.  

സ്വാതന്ത്ര്യം നേടി എട്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഭരണഘടനയില്ല എന്നതാണ് ലെബനന്‍റെ മറ്റൊരു പ്രത്യേകത. വിവിധ വിഭാഗക്കാര്‍ തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട ഒരു അലിഖിത കരാറാണ് 1943 മുതല്‍ പ്രാബല്യത്തിലുളളത്. അതനുസരിച്ച് രാജ്യത്തിലെ അധികാരം പ്രമുഖ മതവിഭാഗങ്ങള്‍ പങ്കിട്ടെടുക്കുന്നു. ഓരോ ജനവിഭാഗത്തിനും അന്നു നിലവിലുണ്ടായിരുന്ന അംഗബലത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ അധികാര വിഭജനം. 

അതനുസരിച്ച് പ്രസിഡന്‍റ് സ്ഥാനം മാറൊണൈറ്റ് ക്രൈസ്തവര്‍ക്കുളളതാണ്. പാര്‍ട്ടി ഏതുമാവാം. ആ മേഖലയില്‍മാത്രം സ്വാധീനുളള ഒരു റോമന്‍ കത്തോലിക്കാ വിഭാഗമാണ് മാറൊണൈറ്റുകള്‍. പ്രധാനമന്ത്രി സുന്നി മുസ്ലിമും പാര്‍ലമെന്‍റ് സ്പീക്കര്‍ ഷിയ മുസ്ലിമും ഡപ്യൂട്ടി സ്പീക്കറും ഉപപ്രധാനമന്ത്രിയും ഗ്രീക്ക് ഓര്‍ത്തഡോക്സ് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ആളുകളുമായിരിക്കും. 

പലസ്തീന്‍ പ്രദേശത്തിന്മേലുളള അവകാശം സംബന്ധിച്ച്  ഇസ്രയേലുമായി പൊട്ടിപ്പുറപ്പെട്ട ആദ്യത്തെ യുദ്ധത്തില്‍ തന്നെ (1948)  ഈജിപ്ത്, സിറിയ, ജോര്‍ദ്ദാന്‍ എന്നീ  അയല്‍ രാജ്യങ്ങളോടൊപ്പം ലെബനനും പങ്കെടുക്കുകയുണ്ടായി. തര്‍ക്ക പരിഹാരം എന്ന നിലയില്‍ ആ പ്രദേശം അറബികള്‍ക്കും ജൂതര്‍ക്കുമിടയില്‍ വിഭജിക്കാനായിരുന്നു യുഎന്‍ പ്ളാന്‍.

പക്ഷേ, അതു നടപ്പിലാക്കാന്‍ ജൂതനേതാക്കള്‍ കാത്തുനിന്നില്ല. തങ്ങള്‍ക്കുവേണ്ടി നിര്‍ദേശിച്ച ഭാഗവും അതില്‍ക്കൂടുതലും അവര്‍ പിടിച്ചടയ്ക്കുകയും അവിടെ  ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിച്ചതായി 1948 മേയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. അറബ് അയല്‍രാജ്യങ്ങള്‍ അതിനെ എതിര്‍ത്തു. അങ്ങനെയുണ്ടതാണ് പത്തു മാസത്തോളം നീണ്ടുനിന്ന ഒന്നാം അറബ്-ഇസ്രയേല്‍ യുദ്ധം. ഒരു രാജ്യമെന്ന നിലയില്‍ ലെബനന്‍ ഇസ്രയേലുമായി ഏറ്റുമുട്ടുന്നത് അന്ന് ആദ്യവും അവസാനവുമായിരുന്നു.  

ആ യുദ്ധത്തിന്‍റെ ഫലമായിത്തന്നെ ജോര്‍ദ്ദാനില്‍നിന്ന് ആയിരക്കണക്കിനാളുകളെ അഭയാര്‍ഥികളായി ലെബനനു സ്വീകരിക്കേണ്ടിവന്നു. കാലക്രമത്തില്‍ ലെബനന്‍ പലസ്തീന്‍ അഭയാര്‍ഥികളുടെ മുഖ്യതാവളമായി. യാസ്സര്‍ അറഫാത്തിന്‍റെ നേതൃത്വത്തില്‍ രൂപംകൊണ്ട പിഎല്‍ഒ അഥവാ പലസ്തീന്‍ വിമോചന സംഘടനയുടെ ആസ്ഥാനമായി ബെയ്റൂട്ട്. 

പലസ്തീന്‍ അഭയാര്‍ഥികളുടെ പ്രവാഹം ലെബനന്‍റെ ജനസംഖ്യാ ഘടനയില്‍ മാറ്റം വരുത്തി. അതു പിന്നീട് 15 വര്‍ഷം (1975-1990) നീണ്ടുനിന്ന രക്തരൂഷിതമായ ആഭ്യന്തര യുദ്ധത്തിന് ഒരു കാരണമാവുകയും ചെയ്തു. ആ കൊച്ചുരാജ്യത്തിന്‍റെ സാമ്പത്തിക പ്രതാപം ആകപ്പാടെ അട്ടിമറിക്കപ്പെട്ടത് ആ യുദ്ധത്തിലായിരുന്നു. 

അതിനിടയില്‍തന്നെ ദക്ഷിണ ലെബനനില്‍ പലസ്തീന്‍ സായുധ സംഘടനകളും ഇസ്രയേല്‍ സൈന്യവും തമ്മില്‍ നിരന്തരമായി ഏറ്റുമുട്ടിക്കൊണ്ടുമിരുന്നു. അങ്ങനെ 1978ലും 1982ലുമായി രണ്ടുതവണ ഇസ്രയേല്‍ സൈന്യം അതിര്‍ത്തി കടന്ന് ലെബനന്‍റെ ഉള്ളിലേക്കു കയറി മുന്നേറി ലിത്താനി നദിവരെയത്തി. 1982ല്‍ പിന്നെയും മുന്നേറി ബെയറൂട്ട് വരെയെത്തുകയും ചെയ്തു. 

പിഎല്‍ ഒയുമായി തെറ്റിപ്പിരിഞ്ഞ, കൂടുതല്‍ തീവ്രസ്വഭാവമുളള അബു നിദാല്‍ ഗ്രൂപ്പ് എന്ന പലസ്തീന്‍ സായുധസംഘടന ബ്രിട്ടനിലെ ഇസ്രയേല്‍ അംബാസഡറെ വെടിവച്ചുകൊല്ലാന്‍ ലണ്ടനില്‍ നടത്തിയ വിഫല ശ്രമമായിരുന്നു 1982ലെ ആക്രമണത്തിന്‍റെ പശ്ചാത്തലം. പിഎല്‍ഒയും അറഫാത്തുമാണ് അതിന് ഉത്തരവാദിയെന്നു കുറ്റപ്പെടുത്തിയ ഇസ്രയേല്‍ അവര്‍ക്കെതിരെ ആഞ്ഞടിച്ചു.

പിഎല്‍ഒയ്ക്ക് അതിന്‍റെ പ്രവര്‍ത്തകരെ മുഴുവന്‍ ലെബനനില്‍നിന്ന് ഒഴിപ്പിച്ചുകൊണ്ടുപോകേണ്ടിവന്നു. പിഎല്‍ഒ ആസ്ഥാനം ബെയ്റൂട്ടില്‍നിന്ന് ഉത്തരാഫ്രിക്കയിലെ തുനീസ്യയിലുളള തുനീസിലേക്കു മാറ്റാനും അറഫാത്ത് നിര്‍ബന്ധിതനായി. 1991ല്‍ ബെയ്റൂട്ടിലേക്കു മടങ്ങുന്നതുവരെ തുനിസായിരുന്നു പിഎല്‍ഒയുടെ ആസ്ഥാനം.

മധ്യപൂര്‍വദേശത്തു ദൂരവ്യാപകമായ പരിവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ച മറ്റു ചില സംഭവങ്ങള്‍ക്കു കൂടി ഏതാണ്ട് ആ കാലഘട്ടത്തില്‍ ലോകം സാക്ഷ്യം വഹിക്കുകയുണ്ടായി. ഈജിപ്ത്-ഇസ്രയേല്‍ സമാധാന ഉടമ്പടിയും ഇറാനിലെ ഇസ്ലാമിക വിപ്ളവവുമായിരുന്നു ആ സംഭവങ്ങള്‍.

ഇസ്രയേലുമായുളള എല്ലാ സംഘര്‍ഷങ്ങളിലും അറബികള്‍ക്കിടയില്‍ മുന്നില്‍ നിന്നിരുന്ന ഈജിപ്ത് അതില്‍നിന്നെല്ലാം മാറി നില്‍ക്കാന്‍ തുടങ്ങിയതു പലസ്തീന്‍കാര്‍ക്കു വലിയൊരു തിരിച്ചടിയായി. അതേസമയം, പ്രബലമായ ഒരു രാജ്യമെന്ന നിലയിലുളള ഇറാന്‍റെ പിന്തുണ പലസ്തീന്‍കാര്‍ക്കു ലഭിക്കാന്‍ തുടങ്ങുകയും ചെയ്തു.

ഇനിയങ്ങോട്ട് ഇസ്രയേലിനു മുഖ്യമായി ഏറ്റുമുട്ടേണ്ടി വരിക പലസ്തീന്‍ സംഘടനളോടായിരിക്കില്ലെന്നും ഹിസ്ബുല്ലയോടായിരിക്കുമെന്നും വ്യക്തമാകാന്‍ അധികനാളുകള്‍ കഴിയേണ്ടിവന്നില്ല. ഇറാന്‍റെ സാന്നിധ്യം തങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭീഷണിയായി മാറുകയാണെന്നു ഇസ്രയേല്‍ തിരിച്ചറിയാന്‍ തുടങ്ങുകയും ചെയ്തു. 

ദക്ഷിണ ലെബനനില്‍ ഹിസ്ബുല്ലയും ഇസ്രയേല്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ഇസ്രയേലിന്‍റെ ഏകപക്ഷീയമായ പിന്മാറ്റത്തില്‍ കലാശിച്ചത് അതിനൊരു ഉദാഹരണമായിരുന്നു. ആറു വര്‍ഷത്തിനുശേഷം, ഇസ്രയേലിന്‍റെ അതിര്‍ത്തി കടന്ന് അകത്തു കയറിയ ഹിസ്ബുല്ല സംഘം മൂന്ന് ഇസ്രയേല്‍ സൈനികരെ വധിക്കുകയും രണ്ടു പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. 

ബന്ദികളെ രക്ഷപ്പെടുത്താനുളള  ശ്രമത്തിനിടയില്‍ അഞ്ച് ഇസ്രയേല്‍ ഭടന്മാര്‍കൂടി കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ യുദ്ധം 34 ദിവസം നീണ്ടുനിന്നു. അത് രണ്ടാം ലെബനന്‍ യുദ്ധം എന്നറിയപ്പെടുന്നു. ബന്ധനത്തിലായ തങ്ങളുടെ സൈനികരെ മോചിപ്പിക്കാനായി, ഇസ്രയേല്‍ ജയിലുകളിലുളള ഒട്ടേറെ ഹിസ്ബുല്ല തടവുകാരെ വിട്ടയയക്കാന്‍ ഇസ്രയേല്‍ നിര്‍ബന്ധിതമായി. 

ഇപ്പോള്‍ നടന്നുവരുന്ന യുദ്ധത്തെ മൂന്നാം ലെബനന്‍ യുദ്ധമെന്നു വിളിക്കുന്നു. പലസ്തീന്‍ തീവ്രവാദി സായുധ സംഘടനയായ ഹമാസ് ഒരു വര്‍ഷംമുന്‍പ് ഗാസയില്‍നിന്ന് ഇസ്രയേലിനെതിരെ നടത്തിയ മിന്നലാക്രമണത്തോടെ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്‍റെ തുടര്‍ച്ചയാണിത്. 

തെക്കന്‍ ലെബനനില്‍നിന്നുളള ഹിസ്ബുല്ലയുടെ റോക്കറ്റ്, മിസൈല്‍ ആക്രമണം കാരണം വടക്കന്‍ ഇസ്രയേലില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നു. ഈ ആക്രമണം നിര്‍ത്തണമെങ്കില്‍ ഗാസയില്‍ ഇസ്രയേല്‍  നടത്തിവരുന്ന സംഹാര താണ്ഡവം അവസാനിപ്പിക്കണമെന്ന് ഹിസ്ബുല്ല ആവശ്യപ്പെടുന്നു. ഇസ്രയേല്‍ അതിനു വിസമ്മതിക്കുന്നു. യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com