സിറിയയില്‍ ഇനിയെന്ത്
Mail This Article
സിറിയയിലെ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദ് (59) സ്ഥാനഭ്രഷ്ടനാവുകയും റഷ്യയില്‍ അഭയം പ്രാപിക്കുകയും ചെയ്തശേഷം രണ്ടാഴ്ച കഴിഞ്ഞു. സിറിയയെപ്പോലുളള രാജ്യങ്ങളില്‍ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ പോലും നീണ്ടുനില്‍ക്കുന്ന ചോരച്ചൊരിച്ചല്‍ ഉണ്ടാവാന്‍ വേറെ കാരണമൊന്നും സാധാരണ ഗതിയില്‍ ആവശ്യമായി വരാറില്ല. പക്ഷേ, ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാല്‍ സിറിയ ഇപ്പോള്‍ പൊതുവില്‍ ശാന്തമാണ്. ജനജീവിതം മിക്കവാറും സാധാരണപോലെ തുടര്‍ന്നു പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനുമായുളള താരതമ്യത്തിനൊന്നും പ്രസക്തിയില്ലാതായി.
എങ്കിലും സിറിയയുടെ ഭാവിയില്‍ ഉല്‍ക്കണ്ഠയുളളവരെല്ലാം, അപ്രതീക്ഷിതമായി സ്ഥിതിഗതികള്‍ കൈവിട്ടുപോകാതിരിക്കാനുളള സജീവമായ നയതന്ത്ര നീക്കങ്ങളില്‍ മുഴുകിയിരിക്കുകയാണ്. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമായ ജോര്‍ദാനില്‍ ആദ്യത്തെ ആഴ്ചതന്നെ അമേരിക്ക, ജോര്‍ദാന്‍, തുര്‍ക്കി, തുടങ്ങിയ രാജ്യങ്ങളുടെ വിദേശമന്ത്രിമാര്‍ തമ്മില്‍ തനിച്ചും കൂട്ടായും നടത്തിയ ചര്‍ച്ചകള്‍ ഇതിന് ഉദാഹരണമായിരുന്നു.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനാണ് ചര്‍ച്ചകള്‍ക്കു മുന്‍കൈയെടുത്തിരുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിന് അസ്സദിനെ അധികാരം വിട്ടൊഴിയാന്‍ ഇടയാക്കിയ വിമത സേനയിലെ ചില പ്രമുഖരുമായി നേരിട്ടോ അല്ലാതെയോ ബ്ളിങ്കന്‍ സമ്പര്‍ക്കം പുലര്‍ത്തിയതായും സൂചനകളുണ്ട്.
ഒരു മാസത്തിനകം അമേരിക്കയില്‍ ഭരണമാറ്റം നടക്കുന്നതോടെ ബ്ളിങ്കന്‍ യുഎസ് വിദേശമന്ത്രിയല്ലാതാകും. പക്ഷേ, സിറിയയുമായുളള അമേരിക്കയുടെ ബന്ധത്തിലോ ഇടപാടുകളിലോ മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. അതിനൊരു കാരണം സിറിയയുട പ്രശ്നം സിറിയയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നതാണ്. ഇസ്രയേലിന്‍റെയും പലസ്തീന്‍റെയും ഇറാന്‍റെയും കുര്‍ദുകളുടെയു പ്രശ്നങ്ങളുമായും അതു കെട്ടുപിണഞ്ഞുകിടക്കുന്നു.
എട്ടു പതിറ്റാണ്ടുകള്‍ക്കുമുന്‍പ് രൂപംകൊണ്ടതിനുശേഷം സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു ശ്വസിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത രാജ്യമാണ് സിറിയ. മിക്കപ്പോഴും പട്ടാളത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു. ഇപ്പോള്‍ രണ്ടാഴ്ച മുന്‍പ് അവസാനിച്ചത് അസ്സദുമാരുടെ അഞ്ചിലേറെ ദശകം നിണ്ടുനിന്ന കുടുംബാധിപത്യമാണ്. പട്ടാള മേധാവിയായിരുന്ന ഹാഫിസ് അല്‍ അസദിന്‍റെ 30 വര്‍ഷത്തെ ഭരണത്തിനു ശേഷ മുന്‍ നേത്ര ഡോക്ടറായിരുന്ന മകന്‍ ബഷാര്‍ അല്‍ അസദിന്‍റെ 24 വര്‍ഷത്തെ ഭരണം.
ഹാഫിസ് തന്‍റെ പിന്‍യാമിയായി കണ്ടുവയ്ക്കുകയും പരിശീലിപ്പിച്ചുകൊണ്ടുവരികയും ചെയ്തിരുന്ന മൂത്ത മകന്‍ ബാസില്‍ 1994ല്‍ 32ാം വയസ്സില്‍ കാറപകടത്തില്‍ മരിച്ചുപോയിരുന്നില്ലെങ്കില്‍ സിറിയയുടെ ഭാവി ഒരുപക്ഷേ മറ്റൊന്നായേനെ. ലണ്ടനില്‍ ഡോക്ടറായിരുന്ന ബഷാറിനെ പിതാവ് മടക്കിവിളിക്കുകയും പിന്‍ഗാമിയാക്കുകയും ചെയ്തു. ആ നിലയില്‍ തുടക്കത്തില്‍ ബഷാറിന്‍റെ നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തുകയുമുണ്ടായി.
പക്ഷേ, പ്രതീക്ഷകള്‍ ഒന്നൊന്നായി തകര്‍ന്നടിയാന്‍ നാളുകള്‍ ഏറെ വേണ്ടിവന്നില്ല. ജനാധിപത്യത്തിനു വേണ്ടിയുളള ജനങ്ങളുടെ ദാഹവുമായി അസദിന്‍റെ ഏകാധിപത്യ പ്രവണതകള്‍ പല തവണ ഏറ്റുമുട്ടകയും ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. 14 വര്‍ഷങ്ങള്‍ക്കിടയില്‍ ഏതാണ്ട് ആറു ലക്ഷം പേര്‍ക്ക് ഇങ്ങനെ ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്.
ഗവണ്‍മെന്‍റിനെതിരെ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരെ പാര്‍പ്പിക്കാനായി പല നിലകളിലുളള ഭുഗര്‍ഭ കരിങ്കല്‍ തുറുങ്കുകള്‍ പണിതു വച്ചിരുന്നു. അസദിന്‍റെ ഭരണം അവസാനിച്ചശേഷം ജനക്കൂട്ടങ്ങള്‍ ഈ ജയിലുകള്‍ ബലം പ്രയോഗിച്ചു തുറക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. പ്രാഥമിക സൗകര്യങ്ങള്‍പോലും ലഭ്യമല്ലാത്ത വിധത്തില്‍ അത്രയും ഹീനമായ വിധത്തിലാണ് തടവുകാരെ പാര്‍പ്പിച്ചിരുന്നതെന്നു ലോകം അറിഞ്ഞത് അപ്പോഴാണ്.
അറബ് വസന്തം എന്നു പില്‍ക്കാലത്ത് അറിയപ്പെട്ട 2010-2011ലെ അറബ് ജനകീയ മുന്നേറ്റത്തിന്‍റെ തുടര്‍ച്ചയായിരുന്നു വാസ്തവത്തില്‍ സിറിയയിലെ ആഭ്യന്തര കലാപം. ഉത്തരാഫ്രിക്കയിലെ തുനീസിയയിലായിരുന്നു അറബ് വസന്തത്തിന്‍റെ തുടക്കം. ജനമുന്നേറ്റത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ അവിടത്തെ പ്രസിഡന്‍റ് സൈനല്‍ ആബിദീന്‍ ബിന്‍ അലി ഏതാനും ആഴ്ചകള്‍ക്കകം നാടുവിട്ടോടി.
തുടര്‍ന്ന് 18 ദിവസങ്ങള്‍ക്കകം സമാനമായ സാഹചര്യത്തല്‍ ഈജിപ്തിലെ പ്രസിഡന്‍റ് ഹുസ്നി മുബാറക്കിനും അതേ അനുഭവം തന്നെയുണ്ടായി. അതേസമയം, സിറിയയിലും ലിബിയയിലുമുണ്ടായ പ്രതികരണം വ്യത്യസ്തവും മനുഷ്യത്വ രഹിതവുമായിരുന്നു. സര്‍വവിധ ഹീന മാര്‍ഗങ്ങളും ഉപയോഗിച്ച് എതിര്‍പ്പുകള്‍ അടിച്ചമര്‍ത്താനായിരുന്നു ബഷാര്‍ അസ്സദിന്‍റെയും കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെയും ശ്രമം. ഒടുവില്‍ ഏറ്റവും ക്രൂരമായ വിധത്തില്‍ ഗദ്ദാഫി കൊല്ലപ്പെടുകയും ചെയ്തു.
എതിരാളികളുടെ പിടിയിലായിപ്പോയിരുന്നുവങ്കില്‍ ബഷാറിന്‍റെ ഗതിയും വ്യത്യസ്തമാകുമായിരുന്നില്ല. പക്ഷേ, റഷ്യയുടെയും ഇറാന്‍റെയും സഹായം അദ്ദേഹത്തിന്‍റെ രക്ഷയ്ക്കെത്തി. അറബ് വസന്തത്തില്‍ ഒരു ബാഹ്യശക്തി ഇടപെടുന്നതുതന്നെ റഷ്യയും ഇറാനും സിറിയയ്ക്കു നല്‍കിയ സഹായത്തിലൂടെയായിരുന്നു. സിറിയന്‍ വിമതരെ സഹായിക്കാന്‍ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയും രംഗത്തിറങ്ങി. ഒടുവിലത് രണ്ടു വന്‍ശക്തികള്‍ തമ്മിലുള്ള നിഴല്‍യുദ്ധമായി മാറുകയും ചെയ്തു.
ആഭ്യന്തര യുദ്ധത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ സിറിയയുടെ വലിയൊരു ഭാഗം അസദ് വിരുദ്ധര്‍ കൈക്കലാക്കിയിരുന്നു. കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍ അവര്‍ റഷ്യയുടെും ഇറാന്‍റെും സഹായത്തോടെ ശക്തമായി തിരിച്ചടിക്കുകയും നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ഭൂരിഭാഗവും തിരിച്ചുപിടിക്കുകയും ചെയ്തു. യുദ്ധം സ്തംഭനാവസ്ഥയിലാവുകയായിരുന്നു.
അതിനിടയില്‍തന്നെയാണ് അറബ് രാജ്യങ്ങള്‍ക്കിടയില്‍ സമാധാനപരമായ ഒത്തുതീര്‍പ്പിനുളള ശ്രമങ്ങള്‍ക്കു തുറക്കം കുറിക്കപ്പെട്ടതും. അറബ് രാഷ്ട്രങ്ങളുടെ സംഘടനയായ അറബ് ലീഗില്‍നിന്ന് ആഭ്യന്തര യുദ്ധത്തന്‍റെ തുടക്കത്തില്‍തന്നെ സിറിയ സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കപ്പെടുകയും സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന അറബ് ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ ബഷാര്‍ അല്‍ അസ്സദിന് അവസരം ലഭിക്കുകയും ചെയ്തു.
പക്ഷേ, യുദ്ധം വീണ്ടും രൂക്ഷമായ തോതില്‍ പൊട്ടിപ്പുറപ്പെടാന്‍ അധിക നാളുകള്‍ വേണ്ടിവന്നില്ല. സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ആലപ്പോ, പൊരിഞ്ഞ പോരാട്ടത്തിനു ശേഷം ഗവണ്‍മെന്‍റ് സൈന്യത്തിന്‍റെ പിടിയിലായി. മൂന്നാമത്തെ ഏറ്റവും വലിയ നഗരമായ ഹോമിന്‍റെ പതനവും ആസന്നമാണെന്നു കണ്ടതോടെതന്നെ തലസ്ഥാന നഗരം (ഡമസ്ക്കസ്) കുടുബസമേതം വിട്ടുപോകാന്‍ ബഷാര്‍ തീരുമാനിക്കുകയായിരുന്നുവത്രേ. ജിദ്ദ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഈ തീരുമാനം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചതില്‍ അല്‍ഭുതമുണ്ടായിരുന്നില്ല.
രാജ്യാന്തര തലത്തില്‍ സമൂലമായ ഒരു മാറ്റമാണ് ഇപ്പോള്‍ സംജാതമാകാന്‍ തുടങ്ങിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ബഷാറിനെ പുറത്താക്കിയ ഹയാത്ത് തഹ്രീര്‍ അല്‍ഷാം (എച്ച്ടിഎസ്) എന്ന വിമത സൈന്യത്തെയും അവരുടെ സംഘടനയെയും അമേരിക്ക ഇപ്പോള്‍ ഫലത്തില്‍ അംഗീകരിച്ച മട്ടാണ്.
നേരത്തെ ബഷാറിനെപ്പോലെ അവരെയും അമേരിക്ക ശത്രുപക്ഷത്തു കാണുകയായിരുന്നു. അവരുടെ തലവനായ അഹമദ് അല്‍ ഷറായെ ഭീകരപ്രവര്‍ത്തകനായി മുദ്രകുത്തുകയും പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പ്രതിഫലം പ്രഖ്യാപിക്കുകയുമുണ്ടായി. അതിപ്പോള്‍ അമേരിക്കപിന്‍വലിച്ചു.
മാത്രമല്ല, മധ്യപൂര്‍വദേശ കാര്യങ്ങള്‍ക്കുളള യുഎസ് അസിസ്റ്റന്‍റ് സ്റ്റേറ്റ് സെക്രട്ടറി ബാര്‍ബറ ലീഫ് ഡമസ്ക്കസില്‍ എത്തുകയും സിറിയയുടെ പുതിയ തലവനുമായി സംസാരിക്കുകയും ചെയ്തു. സിറിയയിലുളള റഷ്യന്‍ സൈനിക താവളങ്ങളുടെ ഭാവി, കുര്‍ദുകളുടെ കാര്യത്തിലുളള തര്‍ക്കം, സിറിയയിലെ ഗോലാന്‍ കുന്നുകളിലെ ഇസ്രയേല്‍ അധിനിവേശം, ഇറാനുമായുളള ബന്ധം തുടങ്ങിയ പ്രശ്നങ്ങളിലും ചര്‍ച്ചകള്‍ നടക്കാന്‍ കാലതാമസം ഉണ്ടാവാനിടയില്ല. ഇതിന്‍റെയെല്ലാം ആത്യന്തിക ഫലം എന്തായിരിക്കും എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.