ജൂലൈ 22, 2022
പിപ്പ മാൻ. കാറോട്ട മത്സരങ്ങളിൽ താത്പര്യമുള്ളവർക്ക് വളരെ പരിചയവും മതിപ്പുമുള്ളൊരു പേരാണിത്. 2014ൽ, മുപ്പത്തിമൂന്നു ഡ്രൈവർമാർ മത്സരിച്ച 'ഇൻഡ്യാനാപോളിസ് 500' പന്തയത്തിൽ ഇരുപത്തിനാലാം സ്ഥാനമാണ് പിപ്പക്ക് ലഭിച്ചത്, പക്ഷേ മത്സരത്തിലെ ഒരേയൊരു പെൺഡ്രൈവർ പിപ്പയായിരുന്നു. ഒമ്പത് ആണുങ്ങളെയെങ്കിലും കടത്തിയോടിയെങ്കിലും മത്സരത്തിൽ പിപ്പയുടേത് വെറും 'ജെൻഡർ' പ്രതിനിധാനമായിരുന്നില്ല. ഇവരുടെ മറ്റൊരു പ്രതിനിധാനത്തിന്റെ വ്യാപ്‌തി ബഹിരാകാശത്തിലേക്ക് കടക്കുന്നെങ്കിൽ കടക്കട്ടെ. ഇവ രണ്ടിനുമിടയിൽ നമുക്ക് പിടിച്ചുനിൽക്കാം.
കീഴ്‌വഴക്കമനുസരിച്ച് താൻ ധരിക്കാറുണ്ടായിരുന്ന ചുവപ്പും മഞ്ഞയുമായ ഹെൽമറ്റിനു പകരം ഇളംചുവപ്പ് (പിങ്ക്) നിറമുള്ളൊരു ഹെൽമെറ്റായിരുന്നു പിപ്പ 2014-ലെ മത്സരത്തിന് തിരഞ്ഞെടുത്തത്, പ്രകൃതിയിൽ ചില ജീവികളിലെന്നതു പോലെ ഈ നിറംമാറ്റം ഒരു ജൈവ വിനിമയമായിരുന്നു.
പിപ്പ മത്സരിച്ചത് സൂസൻ ജി. കോമെൻ എന്ന പ്രശസ്‌ത സ്ഥാപനത്തിനു വേണ്ടിക്കൂടിയായിരുന്നു. അമേരിക്കയിൽ ഫെഡറൽ ഭരണകൂടത്തിനു പുറത്ത് സത്‌നാർബുദ ഗവേഷണത്തിനും ബോധവൽക്കരണത്തിനും വേണ്ടി ആദായലക്ഷ്യമില്ലാതെ ഏറ്റവും വലിയ സാമ്പത്തിക പിന്തുണ നൽകുന്ന സ്ഥാപനമായി സൂസൻ ജി. കോമെൻ മാധ്യമങ്ങളിൽ അറിയപ്പെടുന്നു. നിറങ്ങളുടെ പൊരുൾ ഇവിടെത്തുടങ്ങുന്നു.
"നിശ്ശബ്‌ദമായി വില്പന നടത്തുന്ന ആൾ" (silent salesperson) എന്നാണ് കേറ്റ് സ്‌മിത്ത് ഒരിടത്ത് നിറത്തെ വിശേഷിപ്പിച്ചത്. വൈകാരികതക്കപ്പുറത്ത്, കമ്പോളത്തിലെ പല തരം ഉത്പന്നങ്ങളും ബ്രാൻഡുകളും നമ്മെ നിറങ്ങളിലൂടെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് ഗ്രഹിച്ചൊരു നിരീക്ഷകയാണ് കേറ്റ്. ഈ പദവിയിൽ പല സ്ഥാപനങ്ങളുടെയും ഉപദേഷ്‌ടാവായ കേറ്റിന്റെ കുറിപ്പുകളിൽ ഞാൻ തിരക്കിയിരുന്നു, "എന്താണ് പിങ്ക്?" / കേറ്റ് നൽകിയ ഉത്തരം: ചുവപ്പിനും വെളുപ്പിനും ഇടയിൽ ലാഘവതയോടെയാണ് പിങ്ക് ജീവിക്കുന്നത് .പക്ഷേ, ഈ നിറം ചുവപ്പിന്റെ എല്ലാ അഭിനിവേശവും ഊർജ്ജവും എടുത്ത് വെളുപ്പിന്റെ വിശുദ്ധിയിലൂടെ മയപ്പെടുത്തുന്നു; നമ്മെ ആർദ്രതയിലും വാത്സല്യത്തിലും എത്തിക്കുന്നു.
(എന്റെ മനസ്സിലെ പിങ്കും നിങ്ങളുടെ മനസ്സിലെ പിങ്കും ചുവപ്പിനും വെളുപ്പിനും ഇടയിൽ അങ്ങോട്ടുമിങ്ങോട്ടും സദാ നീങ്ങിക്കൊണ്ടിരിക്കുന്നത് ഞാൻ സങ്കല്പ്പിക്കുന്നു — ഓരോ വ്യത്യസ്‌ത സന്ദർഭത്തിലും.)
ഋതുഭേദങ്ങളുടെ നിറങ്ങൾ തിരളുന്ന കാൻവാസുകളുടെ ഒരു പരമ്പര ('Tones of Seasons') പ്രത്യേകിച്ചും ഒരു പ്രദർശനത്തിലൂടെ അവതരിപ്പിച്ച ചിത്രകാരിയാണ് വിദ്യ സുന്ദർ. വിദ്യയോട് ഞാൻ ചോദിച്ചു, "പിങ്ക് നിങ്ങൾക്കെന്താണ്?"
പിങ്കിനെക്കുറിച്ചുള്ളൊരു ചോദ്യം പോലും ആഹ്ളാദമാണെന്നറിയിക്കുന്ന മറുപടിയിൽ വിദ്യ പറഞ്ഞു, "റാണി പിങ്കാണ്" (സത്യത്തിൽ വിദ്യയുടെ ഒരു കാൻവാസ് തന്നെയാണിത്). സമൂഹമനസ്സിൽ ഈ നിറത്തെ ചൂഴുന്ന സുഖാനുഭൂതികളെല്ലാം ഈ ചിത്രകാരിയുടേതു കൂടിയാണ്. പെണ്മയുടെ പല പ്രതിനിധാനങ്ങൾക്കായി ഈ ഇളംചുവപ്പു രാശിയുടെ പല ചായാഭേദങ്ങളും ഇവർ ഉപയോഗിച്ചിട്ടുമുണ്ട്. പക്ഷേ, ഇവിടെയൊരു ജാഗ്രതയുണ്ട്; ഒരു താക്കീത്. "കൈകാര്യം ചെയ്യാൻ വളരെ പ്രയാസം" എന്നാണ് ഈ നിറത്തിന്റെ പ്രയോഗത്തെ വിദ്യ വിശേഷിപ്പിക്കുന്നത്: "ഇത് മധുരമാം വിധം മൃദുവാകാം, ചങ്കൂറ്റമാകാം, വെറും പകിട്ടുമാകാം."
(വാലൻറ്റൈൻ ദിനത്തിൽ, നിങ്ങൾ സമ്മാനിച്ച ഹൃദയദളപ്പതക്കം മാറിൽച്ചൂടി അത്താഴമേശക്കരികിൽ ഇരിക്കുന്ന കാമിനി; സ്‌തനാർബുദം ബാധിച്ച് മരണക്കിടക്കയിലായ ഭാര്യ. ഒരു നാട ഒരേ നിറത്തിലൂടെ എത്ര ദൂരം അളക്കണം!)
സൂസൻ ജി. കോമെന്റെ അടയാള ചിഹ്നം (ലോഗോ) ശ്രദ്ധിക്കുക. ഒറ്റ നോട്ടത്തിൽ ഇതൊരു ആൾരൂപമാണെന്ന് ആർക്കും തിരിച്ചറിയാം – ചലനത്തിൽ ഏർപ്പെട്ടൊരു ആൾരൂപം. ശിരസ്സിനു പകരം ഒരു പൂരിത വൃത്തം.. അറ്റങ്ങൾ രണ്ടും എതിർവശങ്ങളിലേക്ക് പിണഞ്ഞു കിടക്കുന്നൊരു നാട അരക്കെട്ടോളമുള്ള ശരീരത്തിന്റെയും കാലുകളുടെയും വ്യത്യസ്‌ത വടിവുകളാകുന്നു. നാടയുടെ നിറം പിങ്ക്. ഒരു പക്ഷേ, ഇതിനകം ഈ ആഗോള ചിഹ്നം നിങ്ങൾ തിരിച്ചറിഞ്ഞിരിക്കും: ഇതല്ലേ സത്‌നാർബുദ നാട (breast cancer ribbon)!
പിങ്ക് നിറമുള്ള ഹെൽമെറ്റായിരുന്നു പിപ്പയുടെ വിളംബരം. ഒരു ലേലത്തിൽ ഈ ഹെൽമെറ്റ് വിൽക്കപ്പെടും; ലേലത്തിലൂടെ കിട്ടാവുന്ന ഏറ്റവും ഉയർന്ന തുക സൂസൻ ജി. കോമെന് മുതൽക്കൂട്ടാവും. പിപ്പ കൂട്ടിച്ചേർത്തു: ഞങ്ങൾ ഒരു പിങ്ക് പന്തയത്തിനു തന്നെ തയാറാവുകയാണ്.
ജൂലൈ 26, 2022
ഭൗമിക കല്പനകൾക്കപ്പുറത്ത് "പിങ്ക് ശക്തി" (Power of Pink) തികച്ചുമൊരു ശാസ്ത്രീയ വസ്‌തുതയായത് ബഹിരാകാശത്തായിരുന്നു. ഒരു തരം പിങ്ക് ചായമടിച്ച പ്രതലങ്ങളാണ് ചില സാങ്കേതിക ഉപാധികളുടെ പ്രവർത്തനം ഏറ്റവും കാര്യക്ഷമമാക്കുന്നതെന്ന് നാസയിലെ ഗവേഷകർ കണ്ടെത്തി. ഒരിക്കലും ഈ ശക്തി മറ്റിടങ്ങളിലെ സത്‌നാർബുദ നാടയുമായി നേരിട്ട് ബന്ധപ്പെടില്ല. പക്ഷേ, അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) വളരെയേറെ പരീക്ഷണങ്ങളിലൂടെ കടന്നു പോകുകയായിരുന്നു.
ഘനമില്ലായ്‌മ എന്ന അനുഭവം/അവസ്ഥ (സീറോ-ജി) ചലനപ്രവർത്തനങ്ങളിലെ നിയന്ത്രണം ദുഷ്ക്കരമാക്കുന്ന സാചര്യങ്ങളിലും ത്രിമാന അച്ചടി (3D Printing) സാധ്യമാക്കാമെന്ന കണ്ടെത്തൽ മാനുഷികതയുടെ ബഹിരാകാശ ഭാവിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ തന്നെ മാറ്റുന്നു. ത്രിമാന മുദ്രണം അച്ചടിയേ അല്ല. (ഭാഷാബോധം സർവത്ര ക്ഷയിച്ചുകൊണ്ടിരിക്കുന്നൊരു കാലഘട്ടത്തിൽ പുതിയ സാങ്കേതിക കലാപം ആവശ്യപ്പെടുന്ന കൃത്യ പദാവലി സൃഷ്‌ടിക്കാൻ കഴിവില്ലാത്തവരുടെ ശോചനീയമായ അവസ്തയെന്തെന്നറിയാൻ മലയാളം വിക്കിപീഡിയയിൽ ത്രിമാന അച്ചടിയെക്കുറിച്ചുള്ള പേജ് സന്ദർശിക്കുക.)
സാങ്കേതികമെന്നതിലുപരി ആലങ്കാരികമായ ഭാഷയിൽ ഞാൻ പറയട്ടെ: പല തരം ദ്രവ്യങ്ങൾ ഉരുക്കിയും വിളക്കിച്ചേർത്തും ഒരു ഉപരിതലത്തിനു മേൽ മറ്റൊരു ഉപരിതലമായി ആകൃതികളും ഘടനകളും മാതൃകകളും സൃഷ്ടിക്കാൻ ഉതകുന്നൊരു സാങ്കേതികവിദ്യയാണ് ത്രിമാന മുദ്രണം. ഈ വിദ്യയിലൂടെ പല തരം വസ്തുക്കൾ നിർമ്മിക്കാം — തീർച്ചയായും വളരെ വിശേഷപ്പെട്ടൊരു സ്‌തനാർബുദ നാട!
അഞ്ചു വർഷം മുൻപ് (ജൂലൈ 26, 2017) ഒരു പ്രഖ്യാപനമുണ്ടായി: സീറോ-ജി ത്രിമാന മുദ്രണം രൂപപ്പെടുത്തിയൊരു പിങ്ക് നാടയുടെ ലേലത്തിലൂടെ ഒരു പന്തയക്കാറോട്ടക്കാരിയുടെ വ്യക്‌തിപരമായ ദൗത്യം സ്‌തനാർബുദ ബോധവൽക്കരണത്തെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെയും യോജിപ്പിക്കും. ഈ പിങ്ക് നാട ഭൂമിയിൽ എത്തും; സൂസൻ ജി. കോമൻ ഫൗണ്ടേഷൻ പ്രയോജനപ്പെടുത്തുന്നതിനായി ലേലം ചെയ്യപ്പെടും.
പിപ്പ മാൻ തന്നെയാണ് മേൽപ്പറഞ്ഞ കാറോട്ടക്കാരി. ഭൂഗുരുത്വം ഇല്ലാത്തത്രയും അകലത്തിൽ 3-ഡി യന്ത്രക്രമീകരണം പ്രാവർത്തികമാക്കാൻ നാസക്ക് കഴിഞ്ഞത് മേഡ് ഇൻ സ്പേസ് എന്ന സ്ഥാപനവുമായുള്ള സഖ്യത്തിലൂടെയാണ്. പിപ്പ ഈ സ്ഥാപനവുമായും ബന്ധപ്പെട്ടിരുന്നു.
മേഡ് ഇൻ സ്പേസിന്റെ തലപ്പത്തുള്ള ആൻഡ്രൂ റഷ് പറഞ്ഞു: "സൂസൻ ജി. കോമെന് പിന്തുണ നൽകാൻ പിപ്പ മത്സരവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ലേലം ചെയ്യുന്നു എന്നറിഞ്ഞതിന് ശേഷം, ഞങ്ങളുടെ ചില എഞ്ചിനീയർമാർ ഭ്രമണപഥത്തിൽ ഒരു പിങ്ക് റിബൺ നിർമ്മിക്കാനുള്ള ആശയം അവതരിപ്പിച്ചു. സ്ത്രീകൾക്കും സ്ത്രീകളുടെ ആരോഗ്യത്തിനും വേണ്ടി വളരെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടൊരു സംഘടനയെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സവിശേഷമായ മാർഗമാണിതെന്ന് ഞങ്ങൾക്ക് തോന്നി."
ഇതിനു ശേഷം? ഒരു സാക്ഷാത്കാരത്തെക്കുറിച്ച് എനിക്കറിവില്ല. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന തലക്കെട്ടുകളോടെ പ്രത്യക്ഷപ്പെടുന്ന പല വാർത്തകളും 'ഫോളോ-അപ്' എന്ന അനുക്രമം ഇല്ലാതെ തിരോഭവിക്കുന്നത് മാധ്യമങ്ങളിൽ അസാധാരണമല്ലല്ലോ.
പക്ഷേ, എന്നെ സംബന്ധിച്ചേടത്തോളം പിപ്പ തൻറെ ഊര്‍ജ്ജസ്വലമായ ദൗത്യം പൂർത്തിയാക്കിക്കഴിഞ്ഞു: ആശയങ്ങൾ അന്തരീക്ഷത്തിലാക്കി, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി, ബന്ധങ്ങൾ സൃഷ്‌ടിച്ചു. ഈ ഉപക്രമത്തെ തുടർന്നുള്ള നിർവ്വഹണങ്ങൾ മറ്റുള്ളവരുടെ കർത്തവ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ഏറെ ഛായാപടങ്ങളിൽ പിപ്പയുടെ പന്തയവസ്ത്രം വെളുപ്പിൽ ചുവപ്പിൻറെ വകഭേദങ്ങളാണ് — വരകളായും അക്ഷരങ്ങളായും. സൂസൻ ജി. കോമെൻ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടതിനു ശേഷം പിപ്പ ഓടിച്ച വാഹനം ചുവപ്പിലും വെളുപ്പിലും അവരുടെ പിങ്ക് ഹെൽമറ്റിൻറെ ഒരു വിപുലനം പോലെയായത് സ്വാഭാവികമാണെന്ന് പറയാം. പക്ഷേ അതിനു മുൻപ് നടന്ന മത്സരങ്ങളിൽ പോലും പിപ്പയുടെ വെളുത്ത ഉടയാടയിൽ, മുന്നറിവ് തോന്നിപ്പിക്കും വിധം, ആഗോള സ്‌തനാർബുദ നാടയുടെ നിറവുമായി പൊരുത്തപ്പെടാവുന്ന ചില ചായപ്പൊടിപ്പുകൾ കാണാമായിരുന്നു. യാദൃച്ഛികതകളുടെ ലീല പരിചിതമല്ലാത്തവരെ ഈ തുടർച്ച ആശ്ചര്യപ്പെടുത്തും.
ജൂലൈ 27, 2022
ചോരയെ സൂര്യനു പരിചയപ്പെടുത്താൻ ഒരു കവിതയിൽ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇലകളുടെ പച്ച മുഴുവൻ പകൽവെട്ടത്തിനായി ഹൃദയങ്ങൾ പോലെ തുറന്നു കിടക്കുമ്പോൾ, ചോര വെളിച്ചത്തെ നേരിടുന്നതാകട്ടെ ചില പ്രത്യേക തരം മരണങ്ങളിലും വ്രണങ്ങളിലും മാത്രം. എന്തൊക്കെയോ കാണുന്ന കണ്ണുകൾ അടച്ചാൽ, ചോരയൊരു ഇരുട്ടറയിൽ — ഏതോ ഗുഹയിലെ നിഗൂഢമായൊരു നീരൊഴുക്ക് പോലെ… ഉടൽ ഒരു വലിയ രഹസ്യമാണെന്നത് പോലെ… ചില നിമിഷങ്ങളിലെ പ്രത്യക കാഴ്ച്ചപ്പാടിൽ ഇങ്ങനെയൊക്കെയാണ് ഞാൻ ചിന്തിച്ചത്.
പോർച്ചുഗൽ വീഞ്ഞിൻറെ കറകൾ (Port-wine stains) എന്ന പ്രത്യക്ഷതയുടെ ക്ളിനിക്കൽ പേര് ആയിടക്കാണ് ഞാൻ കേട്ടത്. പേര് മാത്രം കേട്ടാൽ പെട്ടെന്ന് മനസ്സിൽ തെളിയുക മേശവിരിയിൽ ഒരു അത്താഴ വിരുന്നിനു ശേഷമുള്ള അടയാളങ്ങളാവും. ചുവന്ന വീഞ്ഞ് ചിന്തിയത് പോലെ ചില കുട്ടികളുടെ മുഖത്ത് കാണാവുന്ന കലയാണത് — ജന്മനാലുള്ള അടയാളം. വർഷങ്ങൾക്കു മുൻപ് ഒരു നോർവീജിയൻ സ്ഥാപനത്തിൽ പ്രവർത്തിക്കുമ്പോൾ എൻെറ സുഹൃത്തും സഹപ്രവർത്തകയുമായിരുന്ന രാധയുടെ കുട്ടികളിലൊരാളുംടെ മുഖത്താണ് ആദ്യമായി ഞാനിത് കണ്ടത്.
ഞാൻ പറഞ്ഞു, "രാധാ, സൂര്യൻ ചുംബിച്ച കുട്ടിയാണിവൻ". Sunkist boy ('സൺകിസ്ററ്' എന്ന ബ്രാൻഡിൽ ഇറങ്ങുന്ന ഓറഞ്ചുനീര് ആ ദിവസങ്ങളിൽ വളരെ പ്രശസ്‌തമായിരുന്നു).
ഇപ്പോൾ അറിയാം: പിന്നിലെ ചോരക്കുഴലുകളെ വളരെ വളരെ ചുളുക്കിയാൽ മുഖചർമ്മത്തെ ബാധിക്കാത്ത രീതിയിൽ പോർട്ട്-വൈൻ കറകളെ മിക്കവാറുമെങ്കിലും അപ്രത്യക്ഷമാക്കാം. ഇതിനുള്ള ഉപാധി? ലേസർ. എന്താണ് ലേസർ? വെളിച്ചം വമിക്കുന്നൊരു പ്രതിഭാസം. ഇരുട്ടറയിലെ രഹസ്യമെന്ന പദവി ചോരക്ക് നഷ്‌ടപ്പെടുന്നു!
പോർട്ട്-വൈൻ കറകൾ ഉൾപ്പെടെ പല രോഗങ്ങളുടെ നിർണ്ണയത്തിലും ചികിത്സാവിധികളിലും ഉടലിന്നുള്ളിലേക്ക് വെളിച്ചം കടത്തുന്ന ഉപാധികൾ എത്ര അനിവാര്യമാണെന്ന് നേരിട്ടറിവുള്ള ഗവേഷകനാണ് ഡോ: ചാർളി ജെയ്‌ൻസ് (എക്സക്റ്റർ സർവ്വകലാശാല). വൈദ്യശാസ്ത്രത്തിലെ പല ചര്യകളുടെയും മർമ്മം വെളിച്ചമാണ്. തുല്യനിലയിൽ, ജ്യോതിശാസ്ത്രജ്ഞർ ചെയ്യുന്ന പല കാര്യങ്ങളുടെയും മർമ്മം വെളിച്ചമാണ് — വെളിച്ചം കണ്ടെത്തൽ, അപഗ്രഥിക്കൽ. ഉദാഹരണത്തിന്, വാതകങ്ങളുടെയോ ധൂളികളുടെയോ മേഘങ്ങളിൽ വെളിച്ചം ചിതറിക്കിടക്കുന്നതും വലിച്ചെടുക്കപ്പെടുന്നതും പുറന്തള്ളപ്പെടുന്നതുമെല്ലാം അവയിലെ ആന്തരിക ദ്രവ്യങ്ങളെയും അവസ്ഥകളെയും കുറിച്ചുള്ള അറിവ് നൽകുന്നു.
അളവിൽ എത്ര വലിയ വ്യത്യാസമുണ്ടെങ്കിലും, ബഹിരാകാശത്തിലൂടെയും മനുഷ്യശരീരത്തിലൂടെയും വെളിച്ചം കടന്നുപോകുമ്പോൾ സംഭവിക്കുന്ന പ്രക്രിയകൾ ഏറെ സാമ്യമുള്ളതാണ്. ഈ രണ്ട് മാധ്യമങ്ങളിലും വഴിയിൽ ഒരു തടസ്സം, ഒരു ക്രമഭംഗം, നിരീക്ഷണത്തിൽ പ്രത്യക്ഷത്തിലാവണം — എങ്ങനെയെങ്കിലും, എവിടെയെങ്കിലും.
സ്‌തനങ്ങളിലൂടെ സഞ്ചരിക്കുന്ന വെളിച്ചം എപ്പോളാകും ഒരു തടസ്സം നേരിടുക? ഊഹിക്കാം. അർബുദം സ്തനങ്ങളിൽ ചെറിയ ചെറിയ കാൽസ്യം നിക്ഷേപങ്ങൾ സൃഷ്ടിക്കും. കോശക്കൂട്ടത്തിലൂടെ കടന്നുപോകുന്ന വെളിച്ചത്തിൻറെ തരംഗദൈർഘ്യത്തിൽ ഈ നിക്ഷേപങ്ങൾ ഉണ്ടാക്കുന്ന മാറ്റം (സങ്കേതികമായി 'ഷിഫ്റ്റ്') നിരീക്ഷകരുടെ ദൃഷ്ടിയിൽ പെടും. നിർണയം!
നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും രൂപീകരണം കൃത്യമായി മനസ്സിലാക്കാൻ ജ്യോതിശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്ത കംപ്യൂറ്റർ കോഡുകൾ തന്നെ സ്‌തനങ്ങളിലെ ആപൽക്കരമായ നിക്ഷേപം തിരിച്ചറിയാനും ഉപയോഗിക്കാമെന്ന് എക്സക്റ്റർ സർവ്വകലാശാലയിലെ ഗവേഷക സംഘം കണ്ടെത്തിയത് വൈദ്യശാസ്ത്രത്തിലെ ഒരു കലാപമാണ്.
ബഹിരാകാശത്തുനിന്നുള്ള വിശിഷ്ട സമ്മാനങ്ങളുടെ ലേലം ഇല്ലാതെത്തന്നെ കൂടുതൽക്കൂടുതൽ സ്‌തനാർബുദ രോഗികളെ സംരക്ഷിക്കാൻ ബുദ്ധിയും പ്രതിബദ്ധതയുമുള്ള ചില ശാസ്ത്രജ്ഞമാർക്ക് കഴിയുമെന്ന് ഇപ്പോൾ നമുക്കുറപ്പുണ്ട്. പിപ്പ തുടങ്ങിവെച്ച ആശയവും പ്രചാരണവും ഇവരിലൂടെ തുടരാം. അർബുദം ബാധിച്ച ശരീരങ്ങൾ ഓരോരോ ചികിത്സാരീതികളോട് എങ്ങനെ പ്രതികരിക്കുന്നവെന്ന വിവരവ്യവസ്ഥയെ ആധാരമാക്കിയുള്ള ത്രിമാന മാതൃകകളും രൂപീകരണങ്ങളും ഭൗമികമായിത്തന്നെ സാധ്യം.
ഞാൻ എൻറെ കവിത വീണ്ടും സന്ദർശിക്കുന്നു. ഇപ്പോൾ ചോരയെയും വെളിച്ചത്തെയും അനോന്യം പരിചയപ്പെടുത്തുമ്പോൾ സംഭവിക്കുന്നത് തികച്ചും വിഭിന്നമായ രണ്ടു വിജ്ഞാനശാഖകൾക്കിടയിലെ ഹസ്‌തദാനമാണ്.