ADVERTISEMENT

പലതരം ഇന്ത്യൻ നെഗളിപ്പുകളിൽ ഒന്നായിരിക്കുന്നു ലോക കോർപ്പറേറ്റ് കമ്പനികളുടെ ഇന്ത്യൻ മേധാവികളുടെ പെരുപ്പം. കണ്ടോടാ ഗൂഗിളിന്റെ മേധാവി, മൈക്രോസോഫ്റ്റിന്റെ മേധാവി... എല്ലാരും ഇന്ത്യൻ പ്രവാസികളാ... ഇന്ദ്ര നൂയി പെപ്സികോ മേധാവി ആവുന്നതിനും മുൻപേതന്നെ തുടങ്ങിയതാണ് ഈ ഷോവിനിസം.

 

സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് എങ്ങനെയെങ്കിലും വിദേശത്തു ചെന്നു പറ്റിയാൽ മതി എന്നു വിചാരിച്ചു നടക്കുന്നവരുണ്ട്. പഠിത്തം കഴിയുന്നതിനുമുന്നേ ശ്രമം തുടങ്ങും. പല കടമ്പകൾ കടന്ന്, സാധിക്കുമെങ്കിൽ മിടുക്കർ അമേരിക്കയിൽത്തന്നെ എത്തിപ്പെടുന്നു. പല പ്രഫഷനൽ കോഴ്സുകൾക്കും പഠിക്കുന്നവരുടെ ആത്യന്തിക ലക്ഷ്യം തന്നെ അക്കര പറ്റലാണ്. അതിനാൽ അവരിൽ കുറേപ്പേർ മേധാവിയായി മാറുന്നതു സ്വാഭാവികം.

 

സുന്ദർ പിച്ചൈ, സത്യ നാദെല്ല തുടങ്ങി കണക്കെടുത്താൽ ഒരുപാടു പേരുണ്ട്. തിരുവനന്തപുരത്തുകാരൻ രാജേഷും അത്തരമൊരു മേധാവിയാണ്. രാജ് എന്നേ പറയൂ, രാജേഷ് എന്നു മുഴുവൻ പേര്. മുൻ കേരള ഡിജിപി സി.സുബ്രഹ്മണ്യത്തിന്റെ മകൻ രാജ് സുബ്രഹ്മണ്യം ഫെഡെക്സിന്റെ പ്രസിഡന്റും സിഇഒയുമാണ്. 

 

ഐബിഎമ്മിന്റെ സിഇഒ അരവിന്ദ് കൃഷ്ണ, നൊവാർട്ടിസ് സിഇഒ വസന്ത് നരസിംഹൻ, ഡിലോയ്റ്റ് സിഇഒ പുനീത് രഞ്ജൻ, ടിഡി ബാങ്കിന്റെ പ്രസിഡന്റ് ഭരത് മസ്രാനി, ബെസ്റ്റ് ബൈ മേധാവി മൈക് മോഹൻ, ആൽബേർട്ട്സൺസ് മേധാവി വിവേക് ശങ്കരൻ... അങ്ങനെ ഏതാണ്ട് അറുപതോളം ഇന്ത്യക്കാർ മേധാവികളാണത്രെ. ഇവർ നയിക്കുന്ന ജീവനക്കാരുടെ എണ്ണം 36 ലക്ഷം, കമ്പനികളുടെ വരുമാനം ഒരു ലക്ഷം കോടി ഡോളർ (ട്രില്യൻ ഡോളർ) എന്നിങ്ങനെ പല കണക്കുകൾ കൂട്ടി വച്ചിട്ടുണ്ട് ഇന്ത്യാക്കാർ തന്നെ.

 

ഈ പ്രവാസികളെക്കൊണ്ടു നമുക്കു വല്ല ഗുണവുമുണ്ടോ? റിലയൻസ് ജിയോയിൽ 450 കോടി ഡോളർ (സുമാർ 35000 കോടി രൂപ) ഗൂഗിൾ നിക്ഷേപിക്കുമെന്നു സുന്ദർപിച്ചൈ പ്രഖ്യാപിച്ചതു പോലെ ‘ചില്ലറ’ ഗുണങ്ങളൊക്കെയുണ്ട്.

ഇവർക്കൊക്കെ എത്ര മില്യൺ ഡോളർ ശമ്പളം കിട്ടുന്നുവെന്നു കണ്ടുപിടിച്ച് (ഗൂഗിൾ ചെയ്താൽ കിട്ടും) അതു കോടി രൂപയിലാക്കി കണക്കുകൂട്ടി ദീർഘനിശ്വാസം വിടുന്നതു ഹോബിയാക്കിയ നാട്ടുകാരുണ്ട്. കോവിഡ് കാലത്ത് തുമ്മുന്നത് ആർക്കും ഇഷ്ടപ്പെടില്ലെങ്കിലും ദീർഘനിശ്വാസത്തിനു കുഴപ്പമില്ല. 

 

ഒടുവിലാൻ∙ മക്കിൻസിയുടെ ആദ്യ ഇന്ത്യൻ മേധാവിയായ രജത് ഗുപ്തയുടെ പേരിൽ അഭിമാന പുളകിതരായവർക്കൊക്കെ പുളകം പൂഴ്ത്തേണ്ടി വന്നു. ഗോൾഡ്മാൻ സാക്സിൽ വരാൻ പോകുന്ന വൻ നിക്ഷേപത്തെക്കുറിച്ചു രഹസ്യവിവരം ചോർത്തിക്കൊടുത്ത് ഇൻസൈഡർ ട്രേഡിങ് നടത്തിയതിന് എഫ്ബിഐ പിടികൂടി. കേസിൽ 2 കൊല്ലം ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ടുണ്ട്.

 

English Summary: Business Boom column written by P. Kishore; Indians who head global corporate giants.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com