കല്യാണപ്പടമെടുക്കുമ്പോൾ ഭാവാഭിനയം സൂക്ഷിക്കുക...

HIGHLIGHTS
  • കാത്തിരുന്നു മടുത്തതുകൊണ്ടാവാം മാറ്റിവച്ച കല്യാണങ്ങളൊക്കെ നടത്തി തുടങ്ങി
  • വിവാഹ പൂർവ ഷൂട്ടിന് 10000 മുതൽ 50000 വരെ റേറ്റുണ്ടായിരുന്നത് കോവിഡ് കാലത്ത് കുറഞ്ഞു
business-boom-wedding-photography-video-shoot-life-save-the-date-trend
Representative Image. Photo Credit : vectorfusionart / Shutterstock.com
SHARE

ടൂറിസ്റ്റ് റിസോർട്ടിൽ മുറികളിൽ കാര്യമായി അതിഥികളില്ലെങ്കിലും രാവിലെ മുതൽ കാറുകൾ വരുന്നു. മേക്കപ്പിട്ട സുന്ദരിമാരും സുന്ദരൻമാരും പരിവാരങ്ങൾക്കൊപ്പം നടക്കുന്നു. മാറ്റിയിടാനുള്ള വസ്ത്രങ്ങളും കാറുകളിൽ നിന്ന് ഇറങ്ങി വരുന്നുണ്ട്. പ്രീ വെഡ്ഡിങ് ഷൂട്ട് ആണത്രേ. സാരി ഉടുത്തു കല്യാണപ്പെണ്ണ് നടന്നു വരുന്നതു കണ്ടാലറിയാം, സാരി പരിചയമില്ല. സർവ റിസോർട്ടുകൾക്കും ഫാഷൻ ഫൊട്ടോഗ്രഫർമാർക്കും കോവിഡ് കാലത്ത് ഇതൊരു അനുഗ്രഹമാണ്. മുറികളിൽ താമസിക്കാൻ ആളില്ലെങ്കിലും ഫോട്ടോഷൂട്ടിന് പെണ്ണും ചെക്കനും വരുന്നുണ്ട്. മേക്കപ്പുകാർക്കും കോളായി.

മണിക്കൂർ വച്ചാണ് വാടക. 6 മണിക്കൂർ നേരത്തേക്ക് 3000 രൂപയും ടാക്സും ഉദാഹരണം. ഡ്രസ് ചെയ്യാനായി ഒരു മുറിയും കിട്ടും. പലവിധ വേഷങ്ങൾ മാറി ധരിച്ച് ഷൂട്ടിങ് പുൽത്തകിടിയിലും സ്വിമ്മിങ് പൂളിലും പച്ചപ്പും സ്റ്റൈലുമുള്ള എല്ലായി‍ടത്തുമായി മുന്നേറുന്നു. വിശന്നാൽ വല്ലതും കഴിക്കണമല്ലോ...റസ്റ്ററന്റിനും ബിസിനസായി. 

കാത്തിരുന്നു മടുത്തതുകൊണ്ടാവാം മാറ്റിവച്ച കല്യാണങ്ങളൊക്കെ നടത്തി തുടങ്ങി. ഇനിയും കാത്തിരുന്നാൽ കല്യാണത്തിനു മുമ്പേ പെണ്ണും ചെക്കനും ഒളിച്ചോടിയാലോ എന്ന പേടിയുമുണ്ട്. കല്യാണംവിളി നേരിട്ടല്ലാതെ സോഷ്യൽ മീഡിയ വഴി ആയതിനാൽ പെണ്ണും ചെക്കനുമുള്ള ഒരു പോസ്റ്റർ വേണം. സേവ് ദ് ഡേറ്റ്! അങ്ങനെ കുറെ പടങ്ങളും ടീസർ വിഡിയോയും വേണം. നൂറു പേർ പങ്കെടുക്കുന്ന കല്യാണമായാലും ബിഗ് സ്ക്രീനിൽ ഈ പടങ്ങളും വിഡിയോയും പ്രദർശിപ്പിക്കേണ്ടതിനാൽ സർഗാത്മക ഫൊട്ടോഗ്രഫർമാർക്കും വിഡിയോക്കാർക്കുമെല്ലാം ഡിമാൻഡാണ്. ആദ്യം കാശുള്ളവരുടെ കളിയായിരുന്നെങ്കിൽ, കാലം പോകെ സാധാരണക്കാർക്കും കല്യാണത്തിന് ഇതൊന്നുമില്ലാതെ പറ്റില്ലെന്നായി.

business-boom-wedding-photography-video-shoot-life-save-the-date

പ്രീ വെഡ്ഡിങ് ഷൂട്ടിനു പുറമേ പോസ്റ്റ് വെഡ്ഡിങ് ഷൂട്ടുമുണ്ട്. അതിൽ പ്രേമമാണു വിഷയം. സിനിമ തോറ്റുപോകുന്ന തരം വിഷ്വൽസാണ്. സിനിമാ ഷൂട്ടിങ് ഇല്ലാതിരുന്നതിനാൽ നേരത്തേ കല്യാണ വർക്കിനെ അയ്യേ എന്നു കണ്ടിരുന്ന സിനിമറ്റോഗ്രഫർമാരും സ്റ്റിൽ ഫൊട്ടോഗ്രഫർമാരും ഇതിലേക്ക്  ഇറങ്ങിയിട്ടുണ്ട്. എല്ലാ പോക്കറ്റുകളിലും കാശ് വീഴുന്നതിനാൽ നല്ലകാര്യം! 

വിവാഹ പൂർവ ഷൂട്ടിന് 10000 മുതൽ 50000 വരെ റേറ്റുണ്ടായിരുന്നത് കോവിഡ് കാലത്ത് കുറഞ്ഞു.  മൽസരം കൂടിയിട്ടുമുണ്ട്. അതുകൊണ്ടെന്താ 30 സെക്കൻഡ് ടീസർ വിഡിയോ കണ്ടാൽ ഇതേതു മണിരത്നം പടം എന്നു തോന്നിപ്പോകും. എഡിറ്റിങ്ങിനും ഡിസൈനുമൊക്കെ പ്രത്യേകം സ്ഥാപനങ്ങളും പ്രഫഷനലുകളുമായിട്ടുണ്ട്. സംഭവിക്കുന്നതെല്ലാം നല്ലതിന്...

ഒടുവിലാൻ∙ ക്യൂ നിന്ന് ചെക്കനും പെണ്ണിനുമൊപ്പം വെറും കല്യാണപ്പടമെടുപ്പിനൊപ്പം കാൻഡിഡ് ഫൊട്ടോഗ്രഫറും വിഡിയോഗ്രഫറും കാണും. സർഗാത്മക പടങ്ങളെടുക്കുകയാണ് അവരുടെ ജോലി. ചുണ്ടിന്റെ കോണിലെ പുഞ്ചിരിയും കള്ളനോട്ടവുമെല്ലാം അതിൽ വരും. അതിനാൽ കല്യാണപ്പടമെടുക്കുമ്പോൾ ഭാവാഭിനയം സൂക്ഷിക്കുക. മനസ്സിലുള്ളതു പടത്തിൽ വരും.

English Summary : Business Boom - Wedding Photography Trends

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.