തമിഴ്നാടിന് കടം 5 ലക്ഷം കോടി; ത്യാഗരാജനറിയാം എന്തു വേണമെന്ന്

HIGHLIGHTS
  • സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ ഡിഎംകെയുടെ 2 വാഗ്ദാനങ്ങൾ നടപ്പാക്കി
  • തമിഴ്നാടിന് കടം 5 ലക്ഷം കോടി. കേരളത്തിന്റെ കടം 2 ലക്ഷം കോടിക്കടുത്തും
business-boom-column-government-of-tamil-nadu-dr-palanivel-thiaga-rajan-profile
Tamil Nadu Finance Minister Dr Palanivel Thiaga Rajan. Photo Credit: Official Website
SHARE

സമ്പദ് വ്യവസ്ഥയുടെ കാര്യം വരുമ്പോൾ കേരളത്തിനു തമിഴ്നാട്ടിലേക്കു നോക്കി നെടുവീർപ്പിടാനേ കഴിയൂ. തമിഴ്നാട്ടുകാരെക്കാൾ എന്തോ ‘പ്രബുദ്ധത’ ഉള്ളവരാണെന്നാണല്ലോ നമ്മുടെ മിഥ്യാധാരണ. ഇന്ത്യ സ്വതന്ത്രമായി പഞ്ചവൽസരപദ്ധതികൾ നടപ്പിൽ വരുന്ന കാലത്ത് ഭൂരിഭാഗം വൻ പദ്ധതികളും തമിഴ് ആമ്പിളൈകൾ കൊണ്ടു പോയി. 

ഇന്ത്യയിലെ നാലു മെട്രോ നഗരങ്ങളിലൊന്നായി മാറി മദ്രാസ്. ലോകത്ത് ഏതു രാജ്യത്ത് പോയി കുടിയേറാം എന്ന് നമ്മൾ മലയാളികളെ പോലെ തമിഴർ ചിന്തിക്കുന്നില്ല. അവർക്ക് സ്വന്തം ഊരാണ് ജീവൻ.

തമിഴ്നാടിന്റെ പുതിയ ധനമന്ത്രിയുടെ യോഗ്യതകൾ കണ്ടോ! പളനിവേൽ ത്യാഗരാജൻ എന്ന പിടിആർ. 55 വയസ്സ്. തിരുച്ചിറപ്പള്ളി എൻഐടിയിൽനിന്ന് എൻജിനീയറിങ്. അമേരിക്കയിലെ എംഐടിയിൽനിന്ന് എംബിഎ, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ്. 2008ലെ ലോകസാമ്പത്തികത്തകർച്ചയിൽ പൂട്ടിപ്പോയ ലീമാൻ ബ്രദേഴ്സിൽ കാപ്പിറ്റൽ മാർക്കറ്റ്സ് മേധാവി, സിംഗപ്പൂരിലെ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ ഫിനാൻഷ്യൽ മാർക്കറ്റ്സ് മാനേജിങ് ഡയറക്ടർ. 

അച്ഛൻ പി.ടി.ആർ. പളനിവേൽ രാജൻ മുൻപ് ഡിഎംകെ മന്ത്രിയായിരുന്നു. അപ്പൂപ്പൻ പി.ടി.രാജൻ മുപ്പതുകളിൽ മദ്രാസ് പ്രസിഡൻസി മുഖ്യമന്ത്രിയായിരുന്നു. ത്യാഗരാജൻ സിംഗപ്പുരിൽ നിന്നു 2015ൽ തിരിച്ചെത്തി 2016ൽ മൽസരിച്ചു ജയിച്ച് എംഎൽഎ. ഏൽപ്പിച്ച കാര്യം നടത്തിയിരിക്കും. ആറു മാസം കൂടുമ്പോൾ മണ്ഡലമായ മധുര സെൻട്രലിൽ എന്തൊക്കെ ചെയ്തുവെന്ന് സ്വയം റിപ്പോർട്ട് ഇറക്കുമായിരുന്നു. അർധവാർഷിക അപ്രൈസൽ പോലെ.

സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ ഡിഎംകെയുടെ 2 വാഗ്ദാനങ്ങൾ നടപ്പാക്കി. സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യം. ഓരോ റേഷൻ കാർഡ് കുടുംബത്തിനും 4000 രൂപ വീതം. 

സൗജന്യങ്ങൾ വാരിക്കോരി കൊടുത്ത് കടം കൂട്ടുന്നതാണോ മിടുക്ക്? അതിന് എടുത്താൽ പൊങ്ങാത്ത യോഗ്യതകളുള്ള ധനമന്ത്രി വേണോ? പനീർസെൽവം പോരേ?

തമിഴ്നാടിന് കടം 5 ലക്ഷം കോടി. കേരളത്തിന്റെ കടം 2 ലക്ഷം കോടിക്കടുത്തും. പക്ഷേ അവരുടെ ആഭ്യന്തര വരുമാനം നമ്മുടേതിന്റെ ഇരട്ടിയിലേറെ. 20 ലക്ഷം കോടിക്കടുത്ത്. ഇന്ത്യയിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ രണ്ടാം സ്ഥാനം! 

ത്യാഗരാജനറിയാം എന്തു വേണമെന്ന്.

ഒടുവിലാൻ∙ തമിഴർക്ക് സിനിമാക്കാരോടുള്ള പൂതി തീർന്നു. അതു മനസ്സിലാക്കി രജനീകാന്ത് രാഷ്ട്രീയം വിട്ടു. കമൽഹാസനും ശ്രീപ്രിയ പോലുള്ള താരങ്ങളും തോറ്റു തുന്നംപാടി.

English Summary : Business Boom - Government of Tamil Nadu Finance Minister Dr Palanivel Thiaga Rajan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.