ഐടിയിലും നമ്മൾ എന്താ നന്നാവാത്തെ?
Mail This Article
അമേരിക്കൻ സായിപ്പിനെ എയർപോർട്ടിൽ നിന്നു സ്വീകരിച്ച് നേരേ ഐടി പാർക്കിലെ ഓഫിസിൽ എത്തിച്ച് ചുറ്റിലുമുള്ള പച്ചപ്പ് കാണിക്കുകയാണു കമ്പനി സിഇഒ. മുംബൈയിലും ബെംഗളൂരുവിലും പോലെ മണിക്കൂറുകൾ വഴിയിൽ ട്രാഫിക് ബ്ളോക്കിൽ കുടുങ്ങിയില്ല. കാൽ മണിക്കൂർ കൊണ്ട് പാർക്കിലെത്തി. റോഡിലെല്ലാം പശുക്കൾ കാണുമെന്നാണ് ഇന്ത്യയെക്കുറിച്ചു സായിപ്പ് കേട്ടിരുന്നത്. ഇവിടെ വഴിയിലെങ്ങും പശു ഇല്ല, പക്ഷേ പട്ടികളുണ്ട്, എങ്കിലും സാരമില്ല.
നെറ്റിപ്പട്ടം കെട്ടിയ ആനയും ചെണ്ട മേളവുമായി സായിപ്പിനെ ആനയിച്ചു. ഓഫിസിൽ കൊണ്ടിരുത്തി സിഇഒ അബദ്ധത്തിൽ താഴോട്ടൊന്നു നോക്കുമ്പോൾ ഞെട്ടി. താഴെ ദേണ്ട് 4 എരുമകൾ! ഐടി പാർക്കിനോടു ചേർന്ന് ഇനിയും ഡവലപ് ചെയ്യാത്ത കാട് പിടിച്ച സ്ഥലത്ത് മേയുകയാണ് ആരുടേയോ അരുമകളായ എരുമകൾ. സിഇഒ ഓഫിസ് ജനാലയ്ക്കലെ വെനീഷ്യൻ ബ്ളൈന്റ് വേഗം താഴേക്കിട്ടു കാഴ്ച മൂടി...
നമ്മുടെ ഐടിയുടെ മൊത്തം കാര്യം ഇങ്ങനെയാണ്. എവിടെയോ പത്ത് പൈസയുടെ... പോരാ 90 പൈസയുടെ തന്നെ കുറവുണ്ട്. കേരളത്തിലെല്ലാം കൂടി ഐടി ജോലിക്കാർ ഒന്നേമുക്കാൽ ലക്ഷമേ വരൂ. ഇന്ത്യയിലാകെ 45 ലക്ഷം പേർക്ക് തൊഴിലുള്ളതാണ്. ബംഗളൂരുവിൽ മാത്രം 19 ലക്ഷം പേർ! മാത്രമോ ഇന്ത്യയിലെ ഐടി ടെക്കികളിൽ ഏതാണ്ട് 15% മലയാളികളാണ്. മറ്റു നാടുകളിലാണു ജോലിയെന്നു മാത്രം!
ഇന്ത്യയുടെ ആകെ ഐടി കയറ്റുമതി 24500 കോടി ഡോളർ (20 ലക്ഷം കോടി രൂപ) കേരളത്തിന്റേത് 17500 കോടി രൂപ. വെറും 1.1%. ഇന്ത്യയുടെ ജനസംഖ്യയുടെ രണ്ടര ശതമാനം കേരളത്തിലുള്ളതിനാൽ അത്രയെങ്കിലും ഐടിയിലും വരണ്ടേ? ഇൻഫൊസിസ് തിരുവനന്തപുരത്തു വന്നതിനു ശേഷമാണ് പുണെയിൽ പോയത്. പക്ഷേ പുണെയിൽ ഐടി എത്ര വളർന്നു! ഇനി ബെംഗളൂരു കളിഞ്ഞാൽ നവി മുംബൈ വലിയ ഐടി ഹബ് ആവാൻ പോവുകയാണത്രെ.
ഹൈദരാബാദിലെ ഗച്ചിബൗളി പണ്ട് വെറും പാറകൾ നിറഞ്ഞ കുറ്റിക്കാടായിരുന്നു. ഇന്ന് ഐടി പാർക്കുകളുടെ സിരാകേന്ദ്രം. ബെംഗളൂരുവിലെ വൈറ്റ് ഫീൽഡിൽ ഏതാനും സ്വകാര്യ ഐടി പാർക്കുകളിലെ അത്രയും എണ്ണം ടെക്കികൾ പോലുമില്ല കേരളം മുഴുവനെടുത്താലും. രാജ്യത്തെ ഏറ്റവും നല്ല സ്റ്റാർട്ടപ് അന്തരീക്ഷമെന്നും മറ്റും വീമ്പിളക്കുന്ന നമുക്ക് എവിടെയാണു കുഴപ്പം? ആർക്കും വ്യക്തതയില്ല.
ഇവിടെ വളരണമെങ്കിൽ കെട്ടിടമില്ല, ബെംഗളൂരുവിൽ വളരണമെങ്കിൽ അടുത്ത കെട്ടിടം എടുക്കുക അത്ര തന്നെ. ടാലന്റിന് ഇവിടെ നിൽക്കാൻ താൽപ്പര്യമില്ല. അതില്ല, ഇതില്ല... നമുക്കു യോഗമില്ല എന്നു പറയുന്നതാ ഭേദം.
ഒടുവിലാൻ∙ ഐടിക്ക് മന്ത്രിയുമില്ല! മുഖ്യമന്ത്രി ഉണ്ടല്ലോ? യ്യോ അങ്ങോട്ട് അടുക്കാൻ പോലും പറ്റില്ല. പയ്യാരം പറയാതെ മുണ്ടാണ്ടിരുന്നോണം.
Content Summary: Business Boom Column about IT hubs in India