രമണീയം പഴയ പരസ്യ കാലം

business-boom-column-about-advertisement
Representative image. Photo Credits: Jacob Lund/ Shutterstock.com
SHARE

ഒരു തലമുറ മുമ്പ്...സർവ കൂട്ടുകാരും ഡോക്ടറും എൻജിനീയറുമാവാൻ പഠിപ്പിസ്റ്റുകളായി നടക്കുന്ന കാലത്ത് ഒരു പയ്യൻ പരസ്യ ഏജൻസിയിലെ ജോലി സ്വപ്നം കണ്ടു നടന്നിരുന്നു. ഇംഗ്ളീഷ് അക്ഷരങ്ങൾ പല രൂപത്തിൽ എഴുതുന്നതു പോലും പരിശീലിച്ചു. അക്കാലത്ത് പരസ്യ ജോലിക്ക് ‘ലറ്റർ റൈറ്റിംഗ്’ പ്രധാനമായിരുന്നു. വീട്ടിലാകെ പരസ്യലോകത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ, മാസികകൾ, പരസ്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ...

ബജാജ് സ്കൂട്ടർ ഹരമായിരുന്ന, ഹമാര ബജാജ് എന്ന ടാഗ് ലൈനിന് പുന്നാര ബജാജ് എന്നു മലയാളം തർജമ ഉണ്ടായ എൺപതുകൾ. പയ്യൻ പിന്നീട് ചെന്നൈയിൽ പോയി ആർകെ സ്വാമി ഏജൻസിയിൽ ജോലിക്കു കയറി. കോപ്പി റൈറ്റർ. മിടുക്കനായി വളർന്നപ്പോൾ സ്വന്തം പരസ്യ ഏജൻസിയുണ്ടാക്കി വളർന്നു പ്രശസ്തനായി.

ഇക്കഥ ഇന്നൊരു നൊസ്റ്റാൾജിയ മാത്രമാണ്. ഇങ്ങനെയുള്ള പയ്യൻമാരോ പെൺകുട്ടികളോ ഇന്നുണ്ടോ!. ഇവിടെ പരസ്യ ഏജൻസികൾ ആളെ കിട്ടാൻ നോക്കുമ്പോൾ കോപ്പി എഴുതാൻ അറിയുന്നവരില്ല, ഭാഷ പോലും അറിയില്ല. കമ്പനികളെക്കുറിച്ചും, ബ്രാൻഡുകളെക്കുറിച്ചും ബോധമില്ല, മാർക്കറ്റിംഗ് കേട്ടിട്ടില്ല. ടിജി എന്ന ടാർജറ്റ് ഗ്രൂപ്പ് ഏതെന്ന് അറിയില്ല. ഇതൊക്കെ അറിയാവുന്ന പിള്ളേരുണ്ടെങ്കിൽ അവർ കേരളം വിട്ടിരിക്കും. ബെംഗളൂരുവിലോ, ഡൽഹിയിലോ...നാട്ടിൽ നിന്നാൽ ഗുണം പിടിക്കില്ലെന്ന വിചാരം യുവതലമുറയിൽ പടർന്നിരിക്കുന്നു.

കോപ്പി റൈറ്റിംഗ് മാറി കണ്ടന്റ് റൈറ്റിംഗ് ആയി. സകല പിള്ളേർക്കും വേണ്ടത് യൂ ട്യൂബിലോ, ഡിജിറ്റൽ മീഡിയയിലോ കണ്ടന്റ് അവതരണമാണ്. ഉള്ളടക്കം ഉണ്ടാക്കലാണ്. മുഖം കാണിക്കാൻ പറ്റുന്നതും പെട്ടെന്ന് പ്രശസ്തി കിട്ടുന്നതും വേണം. വ്ളോഗർ, യൂ ട്യൂബർ...! കണ്ടന്റ് എന്ന പേരിൽ എന്തു ചവറും കാണാൻ ആളുമുണ്ടെങ്കിൽ പിന്നെന്താ പ്രശ്നം?

പത്രങ്ങളിലും ദൂരദർശനിലും കണ്ട മനോഹരമായ പരസ്യങ്ങൾ ഇന്നത്തെ അങ്കിൾമാരുടേയും ആന്റിമാരുടേയും കൗമാര ഓർമ്മ മാത്രമായി. വാഷിംഗ് പൗഡർ നിർമ, ഐ ലവ് യൂ രസ്ന, കോംപ്ളാൻ ബോയ്, അമുൽ ചോക്‌ലേറ്റ്സ്, പരസ്യങ്ങളുടെ ടാഗ് ലൈനുകൾ അവരുടെ ഓർമ്മകളിലുണ്ട്. ആ കാലത്ത് ജീവിക്കുന്ന ഐതിഹ്യമായി മാറിയ പ്രതിഭകൾ ഓരോരുത്തരായി അസ്തമിക്കുന്നു. അമുൽ കുട്ടിയെ സൃഷ്ടിച്ച സിൽവസ്റ്റർ ഡകൂണ അതിലെ അവസാനത്തെ കണ്ണികളിലൊരാൾ മാത്രം.

ഡിജിറ്റൽ മീഡിയയിൽ ദിവസം പലതവണ കണ്ടന്റ് മാറ്റിക്കൊണ്ടിരിക്കണം. പരാതികൾ വന്നുകൊണ്ടിരിക്കും. വേറേ പണിയില്ലാത്ത ആർക്കും കമന്റ് ആർക്കും ഇടാമല്ലോ. ഐഡിയേഷൻ, സ്ട്രാറ്റജി, കണ്ടന്റ്, ക്രിയേറ്റീവ്, മീഡിയ പ്ളാനിംഗ്...എല്ലാം വേണം. എങ്കിലും ശനിയും ഞായറും വേണ്ട, കാംപെയിൻ തിങ്കൾ രാവിലെ തുടങ്ങണം...!

ഒടുവിലാൻ∙പരസ്യ ചിത്രത്തിന് ക്ളയന്റ് ചോദിക്കുമത്രെ– ഏത് ഫോണിലാ ഷൂട്ട്!!?? വിഡിയോ ക്യാമറ വേണ്ട, ഫോണിൽ മതി.!!

Content Summary : Business boom column about advertisement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA